14 April 2024, Sunday

ചിത്രീകരണം പൂർത്തിയാക്കിയ സിനിമ പ്രേക്ഷകർക്ക് മുമ്പിലെത്തിക്കാൻ സംവിധായകൻ നടത്തിയത് പത്തു വർഷക്കാലത്തെ നിയമ പോരാട്ടം

കെ കെ ജയേഷ്
കോഴിക്കോട്:
April 11, 2022 6:44 pm

ചിത്രീകരണം പൂർത്തിയാക്കിയ തന്റെ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ഒരു സംവിധായകൻ നടത്തിയത് നീണ്ട പത്തുവർഷക്കാലത്തെ പോരാട്ടം. നിയമക്കുരുക്കിൽ അകപ്പെട്ട് റിലീസിംഗ് തടയപ്പെട്ട ടി ദീപേഷിന്റെ അക്വേറിയം ഒടുവിൽ ഒടിടി വഴി കഴിഞ്ഞ ദിവസം പ്രേക്ഷകർക്ക് മുന്നിലെത്തി. ഏറെ പ്രയാസങ്ങൾ സഹിച്ച് പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ. എൽസിറ്റ, ജസീന്ത എന്നീ രണ്ട് കന്യാസ്ത്രീകളുടെ ജീവിതത്തിലൂടെ മതങ്ങൾക്കുള്ളിലെ നന്മ — തിന്മകളും സ്ത്രീ വിരുദ്ധതയെല്ലാം തുറന്നു കാട്ടാനുള്ള ശ്രമമാണ് അക്വേറിയം എന്ന സിനിമ. സഭയ്ക്കകത്ത് കന്യാസ്ത്രീകൾക്ക് എന്ത് മൂല്യമാണ് കൽപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് എന്ന കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നതെന്നും സംവിധായകൻ പറഞ്ഞു.
‘വിശുദ്ധ കുർബാന അർപ്പിക്കാൻ.. കുമ്പസാരം കേൾക്കാൻ.. കന്യാസ്ത്രീകൾക്ക് അവകാശമുണ്ടോ. . ഒപ്പീസുപോലും വേറെ. . അച്ഛൻമാരുടെ നില എന്നും ഭദ്രം. . നമ്മുടേതോ. . ’ എൽസിറ്റയോടുള്ള ജസീന്തയുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങളിലൂടെ കോൺവെന്റുകളിലെ വേർതിരിവുകളെ ചൂണ്ടിക്കാണിക്കുകയാണ് ചിത്രം. തീർത്തും പീഡിതരുടെ പക്ഷത്തു നിൽക്കുന്ന സ്ത്രീപക്ഷ സിനിമയായ അക്വേറിയം ഒരുക്കിയതിന് യേശുക്രിസ്തു അനുഭവിച്ചതുപോലുള്ള പീഡനങ്ങളാണ് തനിക്കും നേരിടേണ്ടിവന്നതെന്ന് ദീപേഷ് പറയുന്നു.
നിയമപോരാട്ടത്തിൽ പരാജയപ്പെട്ട് നിശബ്ദമാക്കപ്പെട്ട പിതാവിനും പുത്രനും എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് അക്വേറിയവും ഒരുക്കിയത്. മതവികാരം വ്രണപ്പെടുത്തുമെന്നും നാട്ടിൽ കലാപമുണ്ടാക്കുമെന്നുമുള്ള പരാതികളെത്തുടർന്ന് സെൻസർ ബോർഡ് അംഗീകാരം ലഭിക്കാതെ പിതാവിനും പുത്രനും അസ്തമിച്ചു. ഇതിന് തുടർച്ചയായെത്തിയ അക്വേറിയത്തിന് സെൻസർ ബോർഡ് ട്രിബ്യൂണലിനെ സമീപിച്ചതിനെത്തുടർന്നാണ് പ്രദർശനാനുമതി ലഭിച്ചത്. കഴിഞ്ഞ വർഷം ഒടിടി വഴി റിലീസ് ചെയ്യാനിരുന്നപ്പോൾ അക്വേറിയത്തെ പിതാവിനും പുത്രനും എന്ന സിനിമ പേരു മാറ്റിയതാണെന്ന പ്രചരണത്തോടെ നേരിടുകയായിരുന്നു ഒരു വിഭാഗം. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് ചിത്രമെന്ന് കാണിച്ച് വോയിസ് ഓഫ് നൺസ് എന്ന കൂട്ടായ്മ കോടതിയെ സമീപിച്ചു. പത്ത് ദിവസത്തെ സ്റ്റേ ഒരു വർഷത്തോളം നീണ്ടുപോവുകയായിരുന്നു. ഈ മാസം ചിത്രം റിലീസ് ചെയ്യാനിരിക്കെ ചില സംഘടനകൾ വീണ്ടും ഹർജി നൽകിയെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു. സിനിമ കലാരൂപവും അഭിപ്രായ പ്രകടനത്തിനുള്ള മാധ്യമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഹർജി തള്ളിയത്.
തന്നെ സംബന്ധിച്ചിടത്തോളം സിനിമ ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് സംവിധായകൻ ടി ദീപേഷ് വ്യക്തമാക്കുന്നു. ദൈവവും മതനേതാക്കളും രണ്ടാണ്. മതനേതാക്കൾ ചെയ്ത തെറ്റ് ദൈവത്തിന് മുകളിൽ ചാരേണ്ടതില്ല. എന്നാൽ മതനേതാക്കളെ ദൈവമായി കാണണമെന്ന് പറയുന്നവർ അവർ ചെയ്യുന്ന കൊള്ളരുതായ്മകളെ എതിർക്കരുതെന്ന സന്ദേശമാണ് നൽകുന്നത്. അക്വേറിയത്തിന്റെ നിരവധി സീനുകളാണ് കട്ട് ചെയ്തുപോയത്. പതിനാറ് മിനുട്ട് രംഗങ്ങൾ മുറിച്ചുമാറ്റപ്പെട്ടപ്പോൾ സിനിമയുടെ ഒഴുക്കിനെ അത് ബാധിച്ചിട്ടുണ്ട്. എങ്കിലും സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു.
എസ് എഫ് ഐ നേതാവായിരുന്ന കെ വി സുധീഷിനെ ആർഎസ്എസുകാർ അതിക്രൂരമായി കൊലപ്പെടുത്തിയപ്പോൾ അതുകണ്ട ഒന്നാം സാക്ഷിയായിരുന്നു ദീപേഷ്. പതിനാറ് വയസ്സുമാത്രമുണ്ടായിരുന്ന തന്റെ മുന്നിൽ വെച്ചായിരുന്നു സുധീഷിനെ മുപ്പത്തേഴ് വെട്ടുവെട്ടി കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറയുന്നു. തുടർന്ന് സാക്ഷി പറയുന്നതിൽ നിന്നും മാറ്റി നിർത്തുന്നതിന് കള്ളക്കേസിൽ കുടുക്കിയതിനാൽ 140 ദിവസത്തോളം ഒളിവിൽ കഴിയേണ്ടിവന്നു. സത്യത്തിനൊപ്പം നിൽക്കുമ്പോൾ വേട്ടയാടലുകൾ ഉണ്ടാവും. പക്ഷെ അതിലൊന്നും തനിക്ക് ഭയമില്ലെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. സ്വനം, നഖരം, കറുപ്പ്, അങ്കുരം തുടങ്ങി സംസ്ഥാന‑ദേശീയ അംഗീകാരങ്ങൾ ലഭിച്ച നിരവധി ചിത്രങ്ങൾ ഒരുക്കിയ ദീപേഷിന്റെ പുതിയ ചിത്രം ഷെറിക്കൊപ്പം ചേർന്നൊരുക്കിയ അവനോവിലോന ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.