19 December 2024, Thursday
KSFE Galaxy Chits Banner 2

തായ്‌വാന്‍: കൊമ്പുകോര്‍ക്കുന്ന ചെെനയും യുഎസും

രമേശ് ബാബു
മാറ്റൊലി
August 13, 2022 5:15 am

ചെെനയ്ക്ക് താഴെ കേരളത്തോളം മാത്രം വിസ്തൃതിയുള്ള തായ്‌വാന്‍ എന്ന ഒരു ചെറുദ്വീപിന്റെ പേരില്‍ അമേരിക്കയും ചെെനയും കൊമ്പുകോര്‍ത്തു നില്‍ക്കുന്നത് ലോകത്തെ വീണ്ടും ആശങ്കകളിലാഴ്ത്തുകയാണ്. കോവിഡിനെ ഒരുവിധം അതിജീവിച്ച് ലോകരാഷ്ട്രങ്ങളിലെ ജനത ജീവിതത്തെ സാധാരണഗതിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റഷ്യ‑ഉക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ കെടുതികളും ദുരനുഭവങ്ങളും ലോകരാജ്യങ്ങള്‍ പല അളവില്‍ അനുഭവിക്കുന്നു. അതിനിടയിലാണ് തായ്‌വാനെ ചൊല്ലി രണ്ട് വന്‍ശക്തികള്‍ ഇടയുന്നത്. ലോകം ഇന്നൊരു ആഗോള ഗ്രാമമായതിനാല്‍ ഇരുമ്പുമറയ്ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ പോലും പ്രത്യക്ഷമായോ പരോക്ഷമായോ അതിന്റെ പ്രതിഫലനങ്ങള്‍ പ്രത്യക്ഷമാക്കും.
അമേരിക്കന്‍ പ്രതിനിധി സഭാസ്പീക്കര്‍ നാന്‍സി പെലൊസി തായ്‌വാനില്‍ പറന്നിറങ്ങിയതാണ് പുതിയ പ്രകോപനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. തീകൊണ്ട് കളിക്കരുത് എന്നാണ് ചെെന അമേരിക്കയെ താക്കീത് ചെയ്തത്. ‘തായ്‌വാനുള്ള അമേരിക്കന്‍ പിന്തുണ എന്നത്തെക്കാളും നിര്‍ണായകമാണ്. ലോകമിന്ന് ജനാധിപത്യത്തിനും ഏകാധിപത്യത്തിനുമിടയിലാണ് തായ്‌വാനിലുള്‍പ്പെടെ ലോകത്തെവിടെയും ജനാധിപത്യം സംരക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്’ എന്ന് പ്രസ്താവിച്ച പെലൊസി തായ്‌വാന്റെ പരമോന്നത ദേശീയ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് പ്രൊപിഷ്യഡ് ക്ലൗഡ്സ് സ്വീകരിച്ച ശേഷമാണ് സ്ഥലം വിട്ടത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഗൂഢ അജണ്ടകളുമായി തായ്‌വാനിലെത്തിയ പെലൊസി മടങ്ങിയതിനു പിന്നാലെ അതിന്റെ പ്രതികൂല പ്രതിഫലനങ്ങള്‍ മേഖലയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.


ഇതുകൂടി വായിക്കൂ: തായ്‌വാന്‍ മേഖലയിലെ യുഎസ് പ്രകോപനം


പെലൊസിയുടെ സന്ദര്‍ശനത്തിലുള്ള രോഷം പ്രകടിപ്പിക്കാന്‍ ചെെന തായ്‌വാനു ചുറ്റും സെെനികാഭ്യാസം ശക്തിപ്പെടുത്തി. തായ്‌വാനില്‍ നിന്നുള്ള പഴം, മത്സ്യ ഇറക്കുമതി ചെെന നിര്‍ത്തി. തായ്‌വാനിലേക്കുള്ള പ്രകൃതിദത്ത മണല്‍ കയറ്റുമതിയും അവസാനിപ്പിച്ചു. തായ്‌വാന്‍ കടലിടുക്കില്‍ ചെെന തൊടുത്തുവിട്ട ബാലിസ്റ്റിക് മിസെെലുകള്‍ തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പതിച്ചുവെന്ന് ജപ്പാന്‍ സംശയമുയര്‍ത്തിയിരിക്കുകയാണ്. തായ്‌വാനിലെ വിമാനസര്‍വീസുകള്‍ തടസപ്പെട്ടു. മാത്രമല്ല തായ്‌വാന്റെ ആകാശപാതയിലൂടെയുള്ള അന്താരാഷ്ട്ര സര്‍വീസുകളും തടസപ്പെട്ടിട്ടുണ്ട്. ചെെനീസ് സെെനികാഭ്യാസം തായ്‌വാന്‍ കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെയും ബാധിച്ചിരിക്കുകയാണ്. യൂറോപ്യന്‍ വിപണിയിലേക്കുള്ള പല കപ്പലുകളുടെ സഞ്ചാരവും ഇതോടെ മുടങ്ങിയത് വാണിജ്യത്തെ തകിടംമറിക്കും. ഇതിനെ ജി ഏഴ്‍ രാഷ്ട്രങ്ങള്‍ അപലപിച്ചു. തായ്‌വാന്‍ പ്രതിസന്ധി വന്‍ശക്തി രാഷ്ട്രങ്ങള്‍ക്കിടയില്‍ തുറന്ന സംഘര്‍ഷത്തിന് കാരണമാകുമെന്ന് ആസിയാന്‍ രാഷ്ട്രങ്ങളും മുന്നറിയിപ്പ് നല്കുന്നു. മേഖലയില്‍ സംഘര്‍ഷം മുറുകുംതോറും അതിന്റെ അനുരണനങ്ങള്‍ അവിടം കൊണ്ടുമാത്രം ഒതുങ്ങില്ല. അത് ആഗോള പ്രതിസന്ധികള്‍ക്കുതന്നെ കാരണമാകും.


ഇതുകൂടി വായിക്കൂ: സെെനികാഭ്യാസം പ്രഖ്യാപിച്ച് തായ്‍വാന്‍


ചരിത്രത്തില്‍ തായ്‌വാനും ചെെനയും തമ്മിലുള്ള തര്‍ക്കത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. 1949 ഒക്ടോബറില്‍ നടന്ന വിപ്ലവ വിജയത്തെ തുടര്‍ന്ന് മാവോ സേതുങ്, ജനകീയ ചെെനയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ്ഷെക് തന്റെ സെെന്യത്തോടൊപ്പം തായ്‌വാന്‍ ദ്വീപിലേക്ക് പലായനം ചെയ്തു. അദ്ദേഹം തായ്‌പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു. തായ്‌വാനാണ് യഥാര്‍ത്ഥ ചെെന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്മ്യൂണിസ്റ്റ് വിരുദ്ധരായ രാജ്യങ്ങള്‍ ഇത് അംഗീകരിച്ചുകൊടുക്കുകയും ചെയ്തു. അമേരിക്കയും ബ്രിട്ടനും ആയിരുന്നു ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. തായ്‌വാന്റെ റിപ്പബ്ലിക് ഓഫ് ചെെന എന്ന നാമം ഇന്നും തുടരുന്നെങ്കിലും ഒരു രാജ്യമായി യുഎന്‍ അംഗീകരിച്ചിട്ടില്ല. തായ്‌വാന്‍ തങ്ങളുടേതാണെന്ന് ചെെന പ്രഖ്യാപിക്കുന്നതിനുള്ള കാരണവും ഇതാണ്. അമേരിക്കയും ഇത് ഏറെക്കുറെ അംഗീകരിച്ചതുപോലെയായിരുന്നു. ഹോങ്കോങ്ങിനെ ഏറ്റെടുത്തതുപോലെ ഒരു രാഷ്ട്രം രണ്ട് വ്യവസ്ഥ എന്ന തന്ത്രത്തിലൂടെ തായ്‌വാനെ ഏറ്റെടുക്കാനുള്ള ചെെനയുടെ ശ്രമത്തെ തായ്‌വാന്‍ പരാജയപ്പെടുത്തിയിരുന്നു. അപ്പോഴും തായ്‌വാന്റെ സാമ്പത്തിക മേഖല ചെെനയെ ആശ്രയിച്ചാണിരിക്കുന്നത് എന്നതാണ് വിരോധാഭാസം. അതേസമയം തായ്‌വാനെ ഒരു രാജ്യമായി അംഗീകരിക്കാത്ത അമേരിക്ക അവിടെ നടത്തുന്ന ഇടപെടലുകള്‍ സ്ഥിതിയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു.


ഇതുകൂടി വായിക്കൂ: തായ്‍വാനിലെ ഇടപെടല്‍ : ബെെ‍‍ഡന് ചെെനയുടെ മുന്നറിയിപ്പ്


25 വര്‍ഷങ്ങള്‍ക്ക് മുന്‍പും അമേരിക്കന്‍ സ്പീക്കര്‍ തായ്‌വാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അന്നും ചെെന അതൃപ്തിയറിയിച്ചിരുന്നെങ്കിലും ഇത്രയും വലിയ ശക്തിയായിരുന്നില്ല അവര്‍. 2022 ആകുമ്പോള്‍ ചെെന ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയാണ്. അമേരിക്ക ഒന്നാമനായും തുടരുന്നു. 2049ല്‍ ചെെനീസ് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ലോകശക്തിയാകാനാണ് ചെെന ലക്ഷ്യമിടുന്നതെന്ന് ലോക രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതിനു മുന്നോടിയായിട്ടാണ് പാര്‍ട്ടിയുടെ സമുന്നത നേതാവും പ്രസിഡന്റുമായ ഷി ജിന്‍ പിങ്ങിന് ഭരണത്തില്‍ മൂന്നാമൂഴവും മരണം വരെ പ്രസിഡന്റായി തുടരാനുള്ള അനുമതിയും നല്കാനുള്ള നീക്കമെന്നും നിരീക്ഷിക്കപ്പെടുന്നു. ലോകാധിപതിയാവാനുള്ള ചെെനയുടെ ശ്രമങ്ങള്‍ക്ക് തടയിടുകയാണ് അമേരിക്കയുടെ നിലവിലെ താല്പര്യമെന്ന് വ്യക്തം. ഇന്ത്യ, കംബോഡിയ, ലാവോസ് തുടങ്ങിയ അതിര്‍ത്തി രാഷ്ട്രങ്ങളില്‍ കടന്നുകയറ്റം നടത്തി ഏഷ്യന്‍ മേഖലയില്‍ അധീശത്വം കാട്ടാന്‍ ശ്രമിക്കുന്ന ചെെന ദക്ഷിണ ചെെന സമുദ്രത്തിലും ആധിപത്യ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ ജപ്പാന്റെ ഒക്കിനാവ ദ്വീപില്‍ അമേരിക്ക സെെനിക താവളം സജ്ജമാക്കിയിരിക്കുകയാണ്. ഒപ്പം നാറ്റോ രാഷ്ട്രങ്ങളുടെ സഖ്യവും അവര്‍ വിപുലപ്പെടുത്തുന്നു. ലോകക്രമത്തില്‍ തങ്ങള്‍ ശക്തമായിത്തന്നെ ഇടപെടുമെന്ന മുഷ്ക്കില്‍ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും അഫ്ഗാനില്‍ യുദ്ധം ചെയ്തെങ്കിലും ഒടുവില്‍ പരാജയപ്പെട്ട് പിന്‍വാങ്ങുകയായിരുന്നു. ഉക്രെയ്‌ന് ആയുധങ്ങള്‍ മാത്രം നല്കി റഷ്യയുമായി യുദ്ധത്തിലേക്ക് തള്ളിവിട്ട അമേരിക്കയുള്‍പ്പെടെയുള്ള നാറ്റോ രാഷ്ട്രങ്ങള്‍ വെടിനിര്‍ത്തലിനോ സമാധാനത്തിനോ ശ്രമിക്കാതെ ആ രാജ്യത്തെ കരുവാക്കുകയാണ്.


ഇതുകൂടി വായിക്കൂ: വീണ്ടും ഭീതി പരത്തി അമേരിക്ക


സ്വയംഭരണ പ്രദേശമായ തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്ന് ചെെന ശക്തമായി വാദിക്കുന്നു. ജനാധിപത്യപരമായ സ്വാതന്ത്ര്യം അനുഭവിക്കുന്ന എന്നാല്‍ ഒരു രാജ്യമായി അംഗീകരിക്കപ്പെടാത്ത തായ്‌വാനിലെ ജനത ചെെനീസ് മേല്‍ക്കോയ്മയെ വെറുക്കുന്നു. ഈ സാഹചര്യത്തില്‍ അമേരിക്ക എന്ത് പോംവഴിയാണ് മുന്നോട്ടുവയ്ക്കുന്നതെന്നും എന്ത് ഉപരോധമാണ് തീര്‍ക്കാന്‍ പോകുന്നതെന്നും വ്യക്തമാക്കാതെ വെറുതെ വന്ന് ചൊറിഞ്ഞിട്ട് പോകുകയാണ് ചെയ്തിരിക്കുന്നത്.
മേധാവിത്വത്തിന്റെയും അധീശത്വത്തിന്റെയും പേരില്‍ അമേരിക്കയെന്ന മുതലാളിത്ത രാഷ്ട്രവും ചെെനയും മുഖാമുഖം വരുന്നത് ലോകത്താകെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. സംഘര്‍ഷാവസ്ഥ ഇന്ത്യയെ ഏതുവിധത്തില്‍ ബാധിക്കുമെന്നതും ഒരു ചോദ്യമാണ്. അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഉള്‍പ്പെട്ട ‘ക്വാഡ്’ സഖ്യത്തില്‍ അംഗമായ ഇന്ത്യ പുതിയ സംഘര്‍ഷ സാഹചര്യത്തില്‍ ബലിയാടാകാതിരിക്കട്ടെയെന്ന് പ്രത്യാശിക്കാം.

മാറ്റൊലി

ചരിത്രം എപ്പോഴും അധികാരത്തിന്റെയും പണത്തിന്റെയും ലെെംഗികതയുടെയും കേളികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.