15 November 2024, Friday
KSFE Galaxy Chits Banner 2

സിനിമാ മേഖലയ്ക്ക് ഭീഷണിയുയർത്തി തമിഴ് റോക്കേഴ്സ് വീണ്ടും

കെ കെ ജയേഷ്
കോഴിക്കോട്
August 11, 2023 6:57 pm

കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ മേഖലയ്ക്ക് ഭീഷണിയുയർത്തി തമിഴ് റോക്കേഴ്സ് രംഗത്ത്. രാജ്യവ്യാപകമായി വൻ കളക്ഷനോടെ മുന്നോട്ട് പോകുന്ന നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം ‘ജയിലർ’ സിനിമയുടെ വ്യാജപ്രിന്റാണ് റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് പുറത്തുവിട്ടത്. ടെലിഗ്രാമിലും മറ്റ് സോഷ്യൽ മീഡിയാ സൈറ്റുകളിലും സിനിമ ലഭ്യമായതോടെ ഇത് കളക്ഷനെ വലിയ തോതിൽ ബാധിക്കുമെന്ന് സിനിമാ പ്രവർത്തകരും തിയേറ്റർ ഉടമകളും വ്യക്തമാക്കുന്നു. മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖ നടൻമാർ നിർണായക അതിഥി വേഷങ്ങളിലെത്തിയ ചിത്രത്തിന് കേരളത്തിലും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. കേരളത്തിലെ ആദ്യ ദിന കളക്ഷൻ ആറ് കോടി പിന്നിട്ടുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. 

കോവിഡിന് ശേഷം തിയേറ്റർ നടത്തിപ്പ് വലിയ പ്രതിസന്ധിയിലായ സമയത്ത് ജയിലർ പോലെയുള്ള ഒരു ചിത്രം പ്രേക്ഷകരെ ആകർഷിക്കുകയും ആളുകളെ വൻതോതിൽ തിയേറ്ററുകളിലേക്കെത്തിക്കുമെന്നും ഉറപ്പായിരുന്നു. ചിത്രത്തിന് നല്ല അഭിപ്രായം ലഭിക്കുന്നതും ഗുണകരമാവുകയായിരുന്നു. 2018 എന്ന സിനിമയ്ക്ക് ശേഷം ഇപ്പോഴാണ് തിയേറ്ററുകളിലേക്ക് കൂടുതലായി ആളുകളെത്തുന്നതെന്ന് തിയേറ്റർ ഉടമകൾ വ്യക്തമാക്കുന്നത്. എന്നാൽ സിനിമയുടെ വ്യാജ പ്രിന്റ് ടെലിഗ്രാമിൽ ഉൾപ്പെടെ പ്രചരിക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് തിയേറ്റർ ഉടമകൾ. ചിത്രം തിയേറ്ററുകളിൽ എത്തി മണിക്കൂറുകൾക്കകം തന്നെ ചോർന്നതായാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. പൈറസി ജയിലർക്ക് മാത്രമല്ല സിനിമാ വ്യവസായത്തിന് തന്നെ തിരിച്ചടിയാകുമെന്നും ഇവർ വ്യക്തമാക്കുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നിർമ്മാതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വ്യാജ പ്രിന്റ് ചിത്രത്തിന്റെ നിർമ്മാതാക്കളെയും വിവിധ സംസ്ഥാനങ്ങളിൽ ചിത്രം വിതരണത്തിനെടുത്തവരെയും ആശങ്കപ്പെടുത്തുകയാണ്. സിനിമ റിലീസ് ചെയ്ത ദിവസം തന്നെ വിവിധ ടെലിഗ്രാം ചാനലുകളിൽ സിനിമ ഉടനെയെത്തുമെന്ന അറിയിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം ഓൺലൈനിലെത്തിയത്. 

പകർപ്പവകാശ ലംഘനത്തിലൂടെ സിനിമാ മേഖലയ്ക്ക് ഓരോ വർഷവും 20, 000 കോടിയുടെ നഷ്ടമാണുണ്ടാവുന്നതെന്നാണ് കണക്കാക്കുന്നത്. തിയേറ്ററിൽ നിന്നും സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നു വർഷം വരെ തടവും നിർമ്മാണ ചെലവിന്റെ അഞ്ചു ശതമാനം പിഴയുമാണ് ശിക്ഷ. ഇതുൾക്കൊള്ളുന്ന സിനിമാട്ടോഗ്രാഫി ഭേദഗതി ബിൽ രാജ്യസഭ അടുത്തിടെയാണ് പാസാക്കിയത്. എന്നാൽ നടപടികളെ വെല്ലുവിളിച്ചാണ് ഇപ്പോൾ തമിഴ് റോക്കേഴ്സ് ചിത്രത്തിന്റെ വ്യാജ പ്രിന്റ് പുറത്തുവിട്ടിരിക്കുന്നത്. ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ തിയേറ്ററുകൾ കേന്ദ്രീകരിച്ചാണ് വ്യാജ പതിപ്പുകൾ തയ്യാറാക്കുന്നത്. തമിഴ് റോക്കേഴ്സ് ഉൾപ്പെടെയുള്ളവർ ഐ പി അഡ്രസ് ഇടയ്ക്കിടെ മാറ്റുന്നതിനാൽ കണ്ടെത്തുന്നതും നടപടി സ്വീകരിക്കുന്നതിനും പ്രയാസം നേരിടുകയാണ്. റിലീസ് ചെയ്യുന്ന സിനിമകളുടെ വ്യാജ പ്രിന്റുകൾ ഇറക്കി കുപ്രസിദ്ധി നേടിയ വെബ് സൈറ്റാണ് തമിഴ് റോക്കേഴ്സ്.

പല തവണ ഇതിനെതിരെ നടപടികൾ ശക്തമാക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടിടി പ്ലാറ്റ് ഫോമുകൾ സജീവമാകുകയും പുതിയ സിനിമകൾ വളരെ വേഗം തന്നെ ഒടിടിയിൽ എത്താൻ തുടങ്ങുകയും ചെയ്തതോടെ തമിഴ് റോക്കേഴ്സിന്റെ പ്രവർത്തനങ്ങളും കുറഞ്ഞിരുന്നു. എന്നാൽ വൻ കളക്ഷൻ നേടുന്ന രജനി ചിത്രത്തിന്റെ വ്യാജ പ്രിന്റ് പുറത്തുവിട്ടുകൊണ്ട് തമിഴ് റോക്കേഴ്സ് വീണ്ടും സിനിമാ മേഖലയെ ഞെട്ടിക്കുകയാണ്. മലയാള ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ നേരത്തെ വ്യാപകമായി പുറത്തിറങ്ങിയിരുന്നെങ്കിലും സിനിമകൾ ഒടിടിയിൽ വേഗത്തിലെത്തുന്നതിനാൽ പ്രിന്റുകൾ പ്രചരിക്കുന്നത് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. അടുത്തിടെ ട്വിറ്ററിൽ പുതിയ സിനിമകളുടെ പതിപ്പുകൾ എത്തുന്നതും പതിവായിട്ടുണ്ട്. ഫ്ലാഷ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ എച്ച് ഡി പതിപ്പായിരുന്നു ട്വിറ്ററിൽ ചോർന്നത്.

Eng­lish Sum­ma­ry: Tamil rock­ers threat­en the film indus­try again

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.