27 July 2024, Saturday
KSFE Galaxy Chits Banner 2

ഉടൽ മണ്ണുക്കും ഉയിർ തമിഴുക്കും; തലയുയര്‍ത്തി നില്‍ക്കുന്ന തമിഴ് സിനിമാ രാഷ്ട്രീയം

അരുണിമ എസ്
July 7, 2023 7:45 am

‘നമ്മ മാമന്നനാ’ ?! എന്ന മാമന്നന്‍ സിനിമയിലെ സുന്ദരത്തിന്റെ ചിരി കലര്‍ന്ന ആ ചോദ്യത്തിലുണ്ട്, താഴെത്തട്ടിലാക്കപ്പെട്ട മനുഷ്യരോടുള്ള മേലെത്തട്ടിലുള്ളവരുടെ മനോഭാവം. ആ മനോഭാവത്തെ ഉടച്ചു വാര്‍ക്കുകയാണ് തമിഴ് സിനിമ ഇന്ന്. അതിനു തെളിവാണ് തേവർകൾ വിളിച്ചാൽ ഓടിയെത്തി മുണ്ടുകുത്തഴിച്ച് കല്പന പ്രതീക്ഷിച്ച് നിന്നിരുന്ന ‘ഉടൽ മണ്ണുക്ക് ഉടൽ ചിന്ന അയ്യാവുക്ക്’ എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന വടിവേലുവിന്റെ ഇസക്കിയില്‍ നിന്നും, ‘ഇത് എന്‍ പുള്ളെ അതിവീരന്‍ ഉരുവാക്കിയ മാമന്നന്‍’ എന്ന് മുഖ്യമന്ത്രിയെ നോക്കി അഭിമാനത്തോടെ പറയുന്ന ‘ഉടൽ മണ്ണുക്കും ഉയിർ തമിഴുക്കും’ എന്നുറച്ച് വിശ്വസിക്കുന്ന വടിവേലുവിന്റെ മാമന്നനിലേക്കുള്ള മാറ്റം. പച്ചയായ ജീവിതങ്ങളെ നിറം വാരി പൂശി വെളുപ്പിക്കാതെ ഓർഗാനിക് അനുഭവമാക്കി മാറ്റാൻ കഴിയുന്നുണ്ടെന്നതാണ് 21-ാം നൂറ്റാണ്ടിലെ തമിഴ് സിനിമകളുടെ നേട്ടം. അവിടം കൊണ്ടും തീരുന്നില്ല; ആണ്‍ മേല്‍ക്കോയ്മകളെ പൊളിച്ചെഴുതുന്ന, വ്യക്തിത്വമുള്ള, അതിശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ കാര്യത്തിലും ഒരുപടി മുന്നിലാണ് തമിഴ്‌ സിനിമ ഇപ്പോള്‍. 

തമിഴ് സിനിമയിലെ രാഷ്ട്രീയമാറ്റത്തിന്റെ പേര് നോക്കിയാല്‍ ‘ഞാനും നീയും ദൈവമാണെ‘ന്ന് പറഞ്ഞ് വച്ച അന്‍പേ ശിവവും, മനുഷ്യത്വത്തെക്കാള്‍ വലിയ സ്നേഹമില്ലെന്ന് പറഞ്ഞ ജിപ്സിയും ഒറ്റ നോട്ടത്തില്‍ ചൂണ്ടിക്കാണിക്കാം. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാരതിരാജയും ബാലു മഹേന്ദ്രയുമൊക്കെ വാ പൊത്തി നില്ക്കുന്ന പരിപാടി വിട്ടെങ്കിലും അതിരുകള്‍ക്കപ്പുറത്തേക്ക് ആ ബോധ്യം ഊട്ടിയുറപ്പിച്ചത് ‘സുബ്രഹ്മണ്യപുരം’ മുതലാണ്. പറഞ്ഞു തുടങ്ങിയാല്‍ സമൂഹത്തിന്റെ ലിഖിത നിയമങ്ങളെ ചോദ്യം ചെയ്യുന്ന, അലിഖിത നിയമങ്ങളെ പൊളിച്ചെഴുതുന്ന നിരവധി സിനിമകളുടെ പേര് നിരത്തേണ്ടി വരും. തൊട്ടാല്‍ പൊള്ളിയടരുന്ന ജാതിരാഷ്ട്രീയമുള്ള നാട്ടില്‍ അതിനെക്കുറിച്ച് വ്യക്തമായി അഭിപ്രായം പറയാന്‍ വെട്രിമാരന്‍ തലയുയര്‍ത്തിയതോടെ തമിഴകത്തിന്റെ നെഞ്ചില്‍ ഒളിച്ചിരിക്കുന്ന ജാതി വേര്‍തിരിവ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമായി. അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനതയുടെ ശബ്ദമാകാന്‍ പാ രഞ്ജിത്ത് കൂടി എത്തിയതോടെ ഭാഷകള്‍ കടന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്നു. “അഴുക്കാ കറുപ്പാ എന്നവോ എനക്കത് തെരിയലേ .… നീയും വേറെ നാനും വേറെ അമ്മ അപ്പ സൊല്ലിട്ടാങ്കെ” എന്ന് ചൂണ്ടിക്കാണിച്ച മാരി സെല്‍വരാജ് തമിഴകത്തിന്റെ നെഞ്ചിലെ മുറിവിന് മരുന്നുമായാണ് തന്റെ സിനിമകളെ അവതരിപ്പിച്ചത്. എന്റെ രാഷ്ട്രീയമെന്തെന്ന് മനസിലാക്കാന്‍ എന്റെ സിനിമകള്‍ കാണാന്‍ മാരി സെല്‍വരാജ് പറഞ്ഞപ്പോള്‍, എന്റെ സിനിമകളിലൂടെ ഞാന്‍ ദളിത് രാഷ്ട്രീയം സംസാരിച്ച് കൊണ്ടേയിരിക്കുമെന്ന് പാ രഞ്ജിത്തും യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമകള്‍ ചെയ്യാനാണ് എനിക്കിഷ്ടമെന്ന് വെട്രിമാരനും ജീവിതത്തിലൊന്നും ശരിയുമല്ല തെറ്റുമല്ല എന്ന് ത്യാഗരാജൻ കുമാരരാജയും ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു. 

ജാതി, ജാതി, ജാതി എന്നാവര്‍ത്തിച്ച് പറയുകയല്ല തമിഴ് സിനിമ ചെയ്യുന്നത്, മറിച്ച് തേവര് പൊണ്ണ്ക്ക് അന്ത പയ്യനാ? എന്ന് ആയുധം മുറുകെ പിടിച്ചു ചോദിക്കുന്ന മനുഷ്യരുടെ വീടുകളിലേക്ക് കടന്നു ചെല്ലുകയാണ്. മറുത്തൊരക്ഷരം പറയാന്‍ തോന്നിക്കാത്ത വിധം അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യരോട് നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെയാണെന്നും ഡോ. ബി ആര്‍ അംബേദ്കറും തന്തൈ പെരിയാറും ഒക്കെ ജീവിച്ചിരുന്ന മണ്ണാണിതെന്നും അവര്‍ പോരാടി നേടിയത് തങ്ങള്‍ക്ക് കൂടി വേണ്ടിയാണെന്ന് തിരിച്ചറിയാനും ഉറക്കെ പറയാനും പ്രേരിപ്പിക്കുകയാണ് സിനിമകള്‍.
ജാതിയും സിനിമയും മാത്രമല്ല മാരി സെല്‍വരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങളുമായി സഹവസിക്കുന്ന മൃഗങ്ങളുമായും സമൂഹം കൂട്ടിച്ചേര്‍ത്ത് വിലയിരുത്താന്‍ തുടങ്ങുമെന്ന വസ്തുതയും സിനിമകളിലൂടെ കാണിച്ചു തരുന്നുണ്ട്. അത്തരത്തില്‍ സമൂഹത്തിലെ താഴെക്കിടയിലേതെന്ന് മുദ്രകുത്തപ്പെട്ട മൃഗങ്ങളെയും തന്റെ രാഷ്ട്രീയവുമായി ചേര്‍ത്ത് സംസാരിക്കുന്നതില്‍ ഈ സംവിധായകര്‍ വിജയിച്ചിട്ടുണ്ട്. പല ജീവികളെയും മനുഷ്യന്‍ തങ്ങളുടെ ‍ ആവശ്യങ്ങള്‍ക്കായി മെരുക്കിയെടുക്കുകയും അതിന്റെ പ്രയോജനം കൈപ്പറ്റുകയും ചെയ്ത ശേഷം പിന്നീട് അതിനെ അപമാനിക്കുകയാണ് പതിവ്. ഇതേ മനോഭാവമാണ് മേലാളരെന്ന അഹന്ത സൂക്ഷിക്കുന്ന മനുഷ്യര്‍ കൂടെയുള്ളവരോടും ചെയ്യുന്നത്. 

‘മോറഴകില്ലേലും ഏങ്കള് നേരറിവുള്ളോരാ മേനി കറുത്താലും ഏങ്കടെ ഉള്ളുവെളുത്തിട്ടാ..’ എന്ന അടിസ്ഥാന തൊഴിലാളി വർഗത്തിന്റെ വേദനകളെ കുറിക്കുന്ന നാടൻപാട്ടിന്റെ വരികള്‍ ആട്ടും ചവിട്ടും കൊണ്ട് തുപ്പിയ ചോരയുടെ നീറ്റലില്‍ നിന്ന് ഉയര്‍ന്നു വന്നതാകാം. ഉടല്‍ ഇരുണ്ടതാണെങ്കിലും ഉള്ള് കറുത്തിട്ടാണെന്ന് പാടേണ്ടി വരുന്ന അവസ്ഥയില്‍ തന്നെയുണ്ട് കാലമെത്ര മാറിയാലും രഹസ്യമായി കൂടെക്കൂടുന്ന പരോക്ഷ തീണ്ടാപ്പാടുകളുടെ അടയാളം. വെളുപ്പ് എന്നാല്‍ നല്ലതെന്നും കറുപ്പെത്ര മോശമെന്നും പറഞ്ഞുവച്ചിടത്താണ്
വരേണ്യവർഗ അധികാരവ്യവസ്ഥയുടെ വിജയം. അത് രണ്ട് നിറങ്ങള്‍ മാത്രമാണെന്ന് ബോധ്യമുള്ള സമൂഹം ഉയര്‍ന്നുവരുന്നുണ്ടെങ്കിലും “കാണുമ്പോഴേ അറിയാം, അവരതാണ്” എന്ന് പറയുന്ന തരത്തില്‍ നിന്ന് ഉയരാത്ത മനുഷ്യരിന്നും ഒരുപാടുണ്ട്. പുരോഗമനവും സാക്ഷരതയും ഉയര്‍ത്തിപ്പിടിക്കുമ്പോഴും മലയാള സിനിമ മനഃപൂര്‍വം ഒഴിവാക്കുന്ന മേഖലകളെ ശക്തമായി ഉയര്‍ത്തിപ്പിടിക്കാനും അവയെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനും കഴിയുന്നുവെന്നിടത്താണ് തമിഴിന്റെ വളര്‍ച്ച അറിയേണ്ടത്. സവര്‍ണക്കാഴ്ചകളെ നിറം ചേര്‍ത്ത് ഉയര്‍ത്തിക്കാണിക്കുന്ന സിനിമാലോകത്ത് നിറം മങ്ങിയ, ഇരിക്കുന്നതിന് പോലും വിലക്കുള്ള മനുഷ്യരുണ്ടെന്ന് ശക്തമായി പറയുന്ന തമിഴ് സിനിമ ഒരു പ്രതീക്ഷയാണ്. ഡോ. ബി ആര്‍ അംബേദ്കറിന്റെ ആശയങ്ങളാല്‍ ഇനിയും ഒരുപാട് പേരിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷ.

പിടിവള്ളി : ‘യാര്ക്കും കേക്കാത് .… എന്‍ക്കാതിൽ ഓളം നിക്കാത് .… ഊരെട്ടും പാര്‍ക്കാത് .… എൻ ഉള്ളം അച്ഛം ഏർക്കാത്’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.