24 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 4, 2024
July 20, 2024
July 11, 2024
July 7, 2024
May 4, 2024
May 2, 2024
May 2, 2024
April 30, 2024
April 29, 2024

വെടിനിര്‍ത്തല്‍; 50 ബന്ദികളെ ഹമാസ് വിട്ടയക്കും, അംഗീകരിച്ച് ഇസ്രയേല്‍, ഹമാസ്

Janayugom Webdesk
കെയ്റോ
November 22, 2023 3:02 pm

ഹമാസ്-ഇസ്രയേല്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ അംഗീകരിച്ചു. നാലു ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന 50 ബന്ദികളെ ഹമാസ് വിട്ടയക്കും. ഇസ്രയേല്‍ 150 പലസ്തീനികളെയും മോചിപ്പിക്കും.  കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. യുദ്ധ കാബിനറ്റ് രാത്രി മുഴുവന്‍ നീണ്ട യോഗത്തിന് ശേഷമാണ് കരാറിന് അംഗീകാരം നല്‍കിയത്. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും ശരിയായ നടപടിയാണെന്ന് നെതന്യാഹു പറഞ്ഞു.
ഗാസയില്‍ ഇസ്രയേല്‍ ആരംഭിച്ച കരയുദ്ധവും വ്യോമാക്രമണവും താല്‍ക്കാലികമായി നിര്‍ത്തും. ഗാസ മുനമ്പിലെ എല്ലാ മേഖലകളിലും മാനുഷിക സഹായവും വൈദ്യസഹായവും ഇന്ധന സഹായവും അനുവദിക്കും. ആറ് മണിക്കൂര്‍ ഡ്രോണുകള്‍ പറത്തില്ലെന്നും ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം പലസ്തീനികളെ കുടിയിറക്കപ്പെട്ട വടക്കന്‍ ഗാസയിലെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

തട്ടിക്കൊണ്ടുപോയ എല്ലാവരെയും തിരികെ കൊണ്ടുവരാനും ഹമാസിനെ ഇല്ലാതാക്കാനും യുദ്ധം തുടരുമെന്നും ഇസ്രയേല്‍ പ്രസ്താവനയില്‍ പറയുന്നു. സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ അടക്കം കാബിനറ്റിലെ ഒരു വിഭാഗം വെടിനിര്‍ത്തലിനെ എതിര്‍ത്തിരുന്നു. ഹമാസിനെ തകര്‍ക്കാനുള്ള യുദ്ധത്തിന് അന്ത്യം കുറിക്കില്ലെന്ന ഉറപ്പ് താന്‍ നേടിയെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറ‍ഞ്ഞു. വെടിനിര്‍ത്തല്‍ യുദ്ധത്തിന്റെ അവസാനമല്ല സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസും അറിയിച്ചു.
ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും സൈനികര്‍ ഉള്‍പ്പെടെ 240 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 47 ദിവസങ്ങളായി ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ സ്ത്രീകളും കുട്ടികളുമടക്കം 14,100 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസ മുനമ്പിലെ കെട്ടിടങ്ങളില്‍ ഏറിയ പങ്കും മണ്ണടിഞ്ഞു. ആശുപത്രികളുടെയും അഭയാര്‍ത്ഥി ക്യാമ്പുകളുടെയും പ്രവര്‍ത്തനങ്ങളും തടസപ്പെട്ട നിലയിലായിരുന്നു. വെടിനിര്‍ത്തല്‍ ആവശ്യവുമായി ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ളവരുര്‍ നടത്തിയ അഭ്യര്‍ത്ഥനകളും നേരത്തെ ഇസ്രയേല്‍ തള്ളിയിരുന്നു.

മോചനം രണ്ട് ഘട്ടം

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം രണ്ടു ഘട്ടങ്ങളിലായാണ് മോചനം. ആദ്യഘട്ടമായി ഇന്ന് ഹമാസ് വിട്ടയക്കുന്ന 50 പേരില്‍ വിദേശികളും ഇസ്രയേലികളും ഉള്‍പ്പെടും. കരാര്‍ ആരംഭിച്ച് 48 മണിക്കൂറിനുള്ളില്‍ ആദ്യ സംഘത്തെ മോചിപ്പിക്കണം. പകരം ഇസ്രയേല്‍ തങ്ങളുടെ ജയിലുകളില്‍ കഴിയുന്ന 150 പലസ്തീന്‍ സ്ത്രീകളെയും 19 വയസിന് താഴെയുള്ളവരെയും മോചിപ്പിക്കും.
രണ്ടാം ഘട്ടത്തില്‍ 50 ബന്ദികളെ കൂടി തിരിച്ചയച്ചാല്‍ 150 തടവുകാരെ കൂടി ഇസ്രയേല്‍ മോചിപ്പിക്കും. ജയിലുകളില്‍നിന്ന് വിട്ടയക്കുന്നതിനായി 300 പലസ്തീന്‍ പൗരന്മാരുടെ പട്ടിക ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്. ഹമാസ് വിട്ടയക്കുന്ന ഓരോ 10 അധിക ബന്ദികള്‍ക്കും പകരം ഒരു ദിവസം വീതം അധിക വെടിനിര്‍ത്തല്‍ നല്‍കാമെന്നും ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. ഡസന്‍ കണക്കിന് ബന്ദികള്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു.

മധ്യസ്ഥരായി ഖത്തര്‍, ഈജിപ്ത്

ഒടുവില്‍ വെടിനിര്‍ത്തല്‍ കരാറിലേക്ക് നയിച്ചത് ഖത്തര്‍, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമം. യുദ്ധം ആരംഭിച്ചതിന് പിന്നാലെ തന്നെ വെടിനിര്‍ത്തല്‍ ശ്രമവുമായി ഖത്തര്‍ മുന്നോട്ടുവന്നെങ്കിലും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിടിവാശിയും കരയുദ്ധം ആരംഭിച്ചതും കരാര്‍ വൈകിക്കുകയായിരുന്നു.

പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി തന്നെയാണ് ഖത്തര്‍ സംഘത്തിന് നേതൃത്വം നല്‍കിയത്. ഇന്റലിജന്‍സ് മേധാവി അബ്ബാസ് കമാലിന്റെ നേതൃത്വത്തില്‍ ഈജിപ്തും പ്രധാന പങ്കുവഹിച്ചു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍, സിഐഎ മേധാവി വില്യം ബേണ്‍സ്, ഇസ്രയേലിനെ പ്രതിനിധീകരിച്ച് മന്ത്രി റോണ്‍ ഡെര്‍മര്‍, മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയ, ദേശീയ സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാന്‍ സാച്ചി ഹനേഗ്ബി തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. നേരത്തെ ഖത്തറിന്റെ ഇടപെടലില്‍ ഇസ്രയേല്‍-യുഎസ് ഇരട്ട പൗരത്വമുള്ള രണ്ട് ബന്ദികളെ മോചിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Tem­po­rary cease­fire in Pales­tine; Pris­on­ers will be released

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.