23 December 2024, Monday
KSFE Galaxy Chits Banner 2

സമവായശ്രമത്തില്‍ പതിയിരിക്കുന്നത് ചരിത്ര നിഷേധം

Janayugom Webdesk
June 4, 2022 5:00 am

ഗ്യാൻവാപി പള്ളിവിവാദത്തിൽ തീവ്രഹിന്ദുത്വ സംഘടനകളുടെ നിഷേധാത്മകവും അക്രമാസക്തവുമായ നിലപാടുകളെതള്ളി രാഷ്ട്രീയ സ്വയംസേവക് സർസംഘ്ചാലക് മോഹൻ ഭാഗവത് നടത്തിയ പ്രസ്താവനക്ക് മാധ്യമലോകം വലിയ പ്രധാന്യമാണ് കല്പിച്ചുനൽകിയത്. ‘ഗ്യാൻവാപി പള്ളിക്ക് മാറ്റാനാവാത്ത ഒരു ചരിത്രമുണ്ട്. ഭൂതകാലം സൃഷ്ടിച്ചത്, ഇന്നത്തെ ഹിന്ദുവോ മുസ്‌ലിമോ അല്ല. മുസ്‌ലിം ആക്രമണകാരികൾ ഇന്ത്യയിലേക്ക് കടന്നുവന്നപ്പോൾ അവർ സ്വാതന്ത്ര്യകാംക്ഷികളായ ജനങ്ങളുടെ ആത്മവീര്യം തകർക്കാൻ ആയിരക്കണക്കിന് ആരാധനാലയങ്ങൾ തകർത്തു. അവയിൽ പൂജനീയങ്ങളായ നിരവധി ഹൈന്ദവ ക്ഷേത്രങ്ങളും ഉൾപ്പെട്ടിരുന്നു. അതുസംബന്ധിച്ച് കാലാകാലങ്ങളിൽ പല വിവാദങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഹിന്ദുക്കൾ മുസ്‌ലിങ്ങൾക്ക് എതിരല്ല. എന്നാൽ തങ്ങളുടെ ആരാധനാലയങ്ങൾ പുനഃസ്ഥാപിക്കണമെന്ന് പല ഹിന്ദുക്കളും ആഗ്രഹിക്കുന്നു. രാമജന്മഭൂമി പ്രക്ഷോഭത്തിന് ശേഷം അത്തരത്തിലുള്ള യാതൊരു പ്രസ്ഥാനത്തിലും ആർഎസ്എസിന് താല്പര്യമില്ല. എല്ലാ മോസ്കുകൾക്കുമടിയിൽ എന്തിന് ശിവലിംഗം തിരയണം? ഇന്ത്യ ഒരു ആരാധനാ രീതിയിലോ ഒരു ഭാഷയിലോ വിശ്വസിക്കുന്നില്ല. നാം ഒരേ പൂർവികരുടെ പിന്മുറക്കാരാണ്.’ ഇങ്ങനെ പോകുന്നു നാഗ്പുരിൽ നടന്ന ഒരു ആർഎസ്എസ് പരിശീലനപരിപാടിയുടെ അന്ത്യത്തിൽ ഭാഗവത് നടത്തിയ സമാപന പ്രസംഗത്തിന്റെ ഉള്ളടക്കം.

ആർഎസ്എസിനെയും അതിന്റെ മേധാവികളെയും അവരുടെ കാഴ്ചപ്പാടുകളെയും നന്നായി അറിയാവുന്ന ആരിലും കൗതുകം ഉണർത്തുന്ന വാക്കുകളാണ് അവ. അമിത്ഷായുടെ ഹിന്ദിവാദത്തെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസ്താവനയെ അനുസ്മരിപ്പിക്കുന്ന ചുവടുമാറ്റമായാണ് രാഷ്ടീയവൃത്തങ്ങൾ ഭാഗവതിന്റെ പ്രസ്താവനയെ വിലയിരുത്തുന്നത്. ഭാഷാവിവാദത്തിൽ പ്രധാനമന്ത്രിയും ഗ്യാൻവാപി വിവാദത്തിൽ സർസംഘ്ചാലകും സ്വീകരിച്ചിരിക്കുന്ന അനുരഞ്ജനത്തിന്റെയും സമവായത്തിന്റെയും സമീപനം രാജ്യത്ത് ഉയർന്നുവന്നിരിക്കുന്ന സംഘർഷനിര്‍ഭരമായ അന്തരീക്ഷത്തെ തണുപ്പിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയതാണ്. എന്നാൽ അത്തരം വിവാദങ്ങളുടെ അടിത്തറയായി വർത്തിക്കുന്ന ചരിത്രവ്യാഖ്യാനത്തെ വസ്തുതകളുടെയും യാഥാർത്ഥ്യങ്ങളുടെയും അടിസ്ഥാനത്തിൽ തിരുത്താൻ യാതൊരു ശ്രമവും നടത്തിയതായി ഇരുപ്രസ്താവനകളിലും കാണാനില്ല. രാജ്യത്തിന്റെ ഭാഷാവൈവിധ്യത്തെപ്പറ്റി പറഞ്ഞ പ്രധാനമന്ത്രി സാംസ്കാരിക പൈതൃകത്തെപ്പറ്റിയും; മത, ആരാധാനാ വൈവിധ്യങ്ങളെപ്പറ്റി പറയുന്ന സർസംഘ്ചാലക് പൊതു പൈതൃകത്തെപ്പറ്റിയും നടത്തുന്ന പരാമർശങ്ങൾ യഥാർത്ഥത്തിൽ ചരിത്രത്തിന്റെ നിഷേധവും അതിന്റെ ദുർവ്യാഖ്യാനവുമാണ്.


ഇതുകൂടി വായിക്കാം; ഗ്യാൻവാപി ഉയർത്തുന്ന ചോദ്യങ്ങൾ


ആ വ്യാഖ്യാനം യഥാർത്ഥത്തിൽ ഭാഷാവിവാദത്തെയും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വശക്തികൾ ഉയർത്തുന്ന വിവാദങ്ങളെയും സാധൂകരിക്കാൻ ലക്ഷ്യം വച്ചുള്ളവയാണ്. ആർഎസ്എസ് ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക ദേശീയതയും പൊതുപൈതൃകവും ചരിത്രയാഥാർത്ഥ്യങ്ങൾക്കു നിരക്കുന്നതല്ലെന്ന് ഇന്ത്യയെ സംബന്ധിക്കുന്ന നരവംശശാസ്ത്ര പഠനങ്ങളും ശാസ്ത്രീയ ചരിത്രപഠനങ്ങളും സ്ഥാപിക്കുന്നുണ്ട്. (തീവ്ര ഹിന്ദുത്വവാദ ചരിത്രത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള ആര്യവംശജർ മുതൽ ഘട്ടംഘട്ടമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അതിക്രമിച്ചുകടന്ന് ഇവിടെ വാസമുറപ്പിച്ച വ്യത്യസ്ത വംശങ്ങളില്‍പ്പെട്ട ഇസ്‌ലാം മതവിശ്വാസികൾ വരെ അധിനിവേശ‑കുടിയേറ്റ പരമ്പരകളെ, ഹിന്ദുത്വ ചരിത്രവ്യാഖ്യാനം കൗശലപൂർവ്വം നിഷേധിക്കുന്നു.) അതാവട്ടെ ആധുനിക ഇന്ത്യൻ രാഷ്ട്രത്തിന് അടിത്തറപാകിയ കോളനിവിരുദ്ധ പോരാട്ടം, ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം, ഭരണഘടന എന്നിവയുടെ ബോധപൂർവമായ നിഷേധമാണ്. ഭാഷാവിവാദവും ഗ്യാൻവാപിയടക്കം ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവ സംബന്ധിച്ച വിവാദങ്ങളും തൽക്കാലത്തേക്ക് അടക്കിനിർത്തുക ഭരണകൂടത്തിന്റെ സുഗമമായ നിലനില്പിനും മുന്നോട്ടുപോക്കിനും അനിവാര്യമാണ്.

മതന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത അന്തരീക്ഷം ആഗോളതലത്തിൽ സംജാതമായിരിക്കുന്നു. മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം, കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ യുഎസ് സ്റ്റേറ്റ്ഡിപ്പാർട്ട്മെന്റ് രണ്ടുതവണ ഇക്കാര്യത്തിൽ ഇന്ത്യയെ പേരെടുത്തുപറഞ് വിമർശിക്കുകയുണ്ടായി. പൊതുതെരഞ്ഞെടുപ്പിനോട് അടുക്കുംതോറും കലുഷിതമായ ആഭ്യന്തര സാമുദായികാന്തരീക്ഷം ഉയർത്തുന്ന വെല്ലുവിളികളും ഭരണകക്ഷിക്ക് അവഗണിക്കാവുന്നതല്ല. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തികരംഗംകൂടി കണക്കിലെടുക്കുമ്പോൾ ഒരേസമയം നിരവധി മുന്നണികളിൽ പൊരുതേണ്ടിവരുന്ന അവസ്ഥയെക്കുറിച്ചുള്ള യാഥാർത്ഥ്യബോധവും ബിജെപി-സംഘ്പരിവാർ നേതൃത്വം തിരിച്ചറിയുന്നുണ്ടാവണം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.