26 December 2024, Thursday
KSFE Galaxy Chits Banner 2

മാധ്യമ പ്രക്ഷേപണ വിലക്ക് ജനാധിപത്യ വിരുദ്ധം

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
February 13, 2022 5:03 am

മീഡിയാ വൺ വാർത്താ ചാനലിനെ ഒരിക്കൽക്കൂടി കേന്ദ്ര സർക്കാർ വിലക്കി. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റൂൾസ് ലംഘിച്ചു എന്ന പേരിൽ ഈ വാർത്താ ചാനലിനെ 2020 ൽ വിലക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന സമരത്തിന്റെ വാർത്തകൾ പ്രക്ഷേപണം ചെയ്യുകയും ആർഎസ്എസിന്റെ പേരുകൂടി ചേർത്ത് അപവാദം പ്രചരിപ്പിച്ചു എന്നുമായിരുന്നു അന്നത്തെ കേസ്.

രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന ചില വിവരങ്ങൾ ചാനലിനെതിരെ ലഭിച്ചിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തി അക്രഡിറ്റേഷൻ നിരസിച്ചത്. കേന്ദ്ര മന്ത്രാലയത്തിന്റെ നടപടി രണ്ടു ദിവസത്തേക്ക് സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വാർത്താ-പ്രക്ഷേപണ മന്ത്രാലയം നൽകിയ തെളിവുകൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിലക്ക് നീക്കുവാൻ മുതിർന്നില്ലയെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അപ്പീൽ നൽകുന്നതിനുള്ള ഇടവേളപോലും നൽകാനാവില്ലെന്നുകൂടി ബഹുമാനപ്പെട്ട നീതിപീഠം വ്യക്തമാക്കി.

 


ഇതുകൂടി വായിക്കൂ: മുഖംമൂടിയിട്ട മാധ്യമമാരണം


 

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) ഉറപ്പു നൽകുന്ന ആറു സ്വാതന്ത്ര്യങ്ങളിൽ ഒന്നാമത്തേതാണ് അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള ഇന്ത്യൻ പൗരന്റെ സ്വാതന്ത്ര്യം. എന്നാൽ ന്യായമായ നിയന്ത്രണങ്ങൾ ചുമത്തുന്നതിന് ഭരണകൂടത്തിന് അവകാശമുണ്ടെന്നുള്ളതും ഭരണഘടന ചൂണ്ടിക്കാണിക്കുന്നുണ്ട്. ഐക്യത്തിനും പരമാധികാരത്തിനും അപകടം വരുത്തുന്നതോ ആഭ്യന്തര സുരക്ഷിതത്വത്തിന് അപകടം വരുത്തുന്നതോ ആയ വിഷയങ്ങളിൽ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നിയമനിർമ്മാണം നടത്തുന്നതിന് ഭരണകൂടത്തിന് അവകാശമുണ്ട്. നിയന്ത്രണം ന്യായമായിരുന്നു എന്നും അത് രാജ്യസുരക്ഷയ്ക്ക് ആവശ്യമായിരുന്നു എന്നും ബോധ്യപ്പെടുന്നത് സർക്കാരിന്റെ അല്ലെങ്കിൽ ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും പൊതുതാൽപ്പര്യം എന്നുമാത്രം പറഞ്ഞതുകൊണ്ടായില്ലെന്നും സുപ്രീം കോടതി നിരവധി കേസുകളിൽക്കൂടി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ മീഡിയാവൺ ചാനൽ ഏത് വാർത്താപ്രക്ഷേപണത്തിൽക്കൂടിയാണ് രാജ്യദ്രോഹ പ്രവൃത്തി നടത്തിയത് എന്ന് സർക്കാർ വ്യക്തമാക്കണം. സർക്കാരിനെ വിമർശിക്കുന്ന ആരെയും രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടയ്ക്കുന്ന മോഡി ഭരണത്തിൽ കേന്ദ്ര സർക്കാർ പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണോ എന്ന് അറിയുവാനുള്ള അവകാശം ഇവിടുത്തെ ജനങ്ങൾക്കുണ്ട്. പൊലീസ് കസ്റ്റഡിയിൽ കൊലചെയ്യപ്പെട്ട സാത്വികനായ ഫാ. സ്റ്റാൻസ്വാമിയും ജാമ്യം നേടി പുറത്തിറങ്ങിയ വരവരറാവു, സുധ ഭരദ്വാജ് തുടങ്ങിയവരെയും രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ജയിലിൽ അടച്ചിരുന്നത്. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് മനുഷ്യാവകാശ പ്രവർത്തകരും മാധ്യമ പ്രവർത്തകരും സാമൂഹ്യ‑സാംസ്കാരിക പ്രവർത്തകരും രാജ്യദ്രോഹക്കുറ്റം ചുമത്തി യുഎപിഎ കരിനിയമങ്ങളിൽ കുരുക്കിയും കുടുക്കിയും ജയിലുകളിൽ കിടക്കുന്നുണ്ട്. വിചാരണ തടവുകാരായി കഴിയുന്ന അവർക്കുവേണ്ടി ശബ്ദമുയത്താൻ പോലും ഇന്ന് മറ്റുള്ളവർ ഭയക്കുന്നു.

 


ഇതുകൂടി വായിക്കൂ: മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ അസാധാരണ നടപടി


 

രാഷ്ട്രപിതാവ് മഹാത്മജിയെ വെടിവച്ചു കൊന്നയാളുടെ രാഷ്ട്രീയബന്ധം ലോകം മുഴുവൻ അറിയാവുന്നതാണ്. വിധി വൈപരീത്യമെന്നു പറയട്ടെ അയാളുടെ പ്രതിമ സ്ഥാപിക്കുകയും അയാളെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടി 1980 ൽ പേരുമാറി പുതിയ പാർട്ടിയായി രൂപീകരിക്കപ്പെടുന്ന സമയത്ത് അംഗീകരിച്ചത് ഗാന്ധിയൻ സോഷ്യലിസമാണ് തങ്ങളുടെ നയം എന്നാണ്.

വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്ത ഒരു ജനതയെ സ്വാധീനിക്കുന്നതിനു വേണ്ടി എന്തു നുണ പ്രചരണവും നടത്തുന്നവരാണ് കേന്ദ്ര ഗവൺമെന്റിനെ നിയന്ത്രിക്കുന്നവർ. ആർഎസ്എസ് എന്നത് ഇന്ത്യയിലെ അർധ ഫാസിസ്റ്റ് സൈന്യമാണ്. ആ സൈന്യത്തിന്റെ പ്രധാന തലവന്മാരാണ് രാജ്യഭരണം നടത്തുന്നവർ. അവർക്ക് മുസോളിനിയും ഹിറ്റ്ലറും ഗോൾവാള്‍ക്കറും ആദരണീയരും വഴികാട്ടികളുമാണ്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിലെ അവരുടെ രാഷ്ട്രീയ മുഖമാണ് ബിജെപി. അവർ പടുത്തുയർത്തിയ അവരുടെ ആധുനിക ദേശീയ മുഖമാണ് ടെലി പ്രോംപ്ടറുടെ സഹായത്താൽ ജനങ്ങളെ വല്ലപ്പോഴും അഭിമുഖീകരിക്കുന്ന നരേന്ദ്രമോഡിയെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടേത്. സൂക്ഷ്മ നിരീക്ഷണത്തിൽ ഇതിന്റെയെല്ലാം റിമോട്ട് കൺട്രോൾ നാഗ്പുരിലെ ഹെഡ്ക്വാർട്ടേഴ്സ് ആണെന്ന് നമുക്ക് മനസിലാക്കാൻ കഴിയും. അമേരിക്കയുടെ ഏകധ്രുവ ലോകമെന്ന സ്വപ്നം പോലെ നാട്ടുരാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്ത്യയെ ഏകശിലാ ഫലകമാക്കാനുള്ള സംഘപരിവാർ ശക്തികളുടെ ശ്രമം ഇന്ത്യയെന്ന ബഹുസ്വരതാ രാഷ്ട്രത്തിന്റെ വൈവിധ്യത്തിന്റെ മനോഹാരിതയിൽ കോർത്തിണക്കിയ സംസ്കാരത്തിന്റെ അസ്തിത്വത്തെയാണ് ഇല്ലാതാക്കുന്നത്.

 


ഇതുകൂടി വായിക്കൂ: ഫാസിസ്റ്റ് ഭരണവും ; മാധ്യമ സ്വാതന്ത്ര്യവും


 

എതിർ ശബ്ദത്തെ അടിച്ചമർത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. വിയോജിക്കാനുള്ള അവകാശത്തെ ജനാധിപത്യത്തിന്റെ ‘സുരക്ഷാ വാൽവ്’ ആയി പ്രഖ്യാപിച്ച ഉന്നത നീതിപീഠം ഇന്ത്യയുടെ അഭിമാനമാണ്. അങ്ങനെയുള്ള രാജ്യത്ത് കേന്ദ്ര ഗവൺമെന്റിനെ വിമര്‍ശിച്ചതിന്റെ പേരിൽ ഒരു വാർത്താ പ്രക്ഷേപണ ചാനലിനെ വിലക്കുന്നത് നീതീകരിക്കാൻ കഴിയുന്നതല്ല. തന്നെയുമല്ല ”വേൾഡ് പ്രസ് ഫ്രീഡം” ഇൻഡക്സിൽ 142-ാം സ്ഥാനത്ത് ഇപ്പോൾ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. 2019 ൽ 140-ാം റാങ്ക് ആയിരുന്നു. മോഡി സർക്കാർ അധികാരത്തിൽ വരുന്നതിനും മുൻപ് 131-ാം സ്ഥാനമായിരുന്നു. അതാണ് ഇപ്പോൾ 142 ൽ എത്തി നിൽക്കുന്നത്. മാധ്യമ പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യനിഷേധം, മാധ്യമ പ്രവർത്തകരുടെ വർധിച്ചുവരുന്ന അറസ്റ്റ് തുടങ്ങിയവയാണ് ഇന്ത്യയുടെ സൂചികയെ ഇത്രയും താഴ്ത്തിയത്.

ഹത്രാസ് കൂട്ട ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് പുറപ്പെട്ട മലയാളി റിപ്പോർട്ടർ സിദ്ധിഖ് കാപ്പന്റെ ഗതി നമുക്ക് അറിയാം. മീഡിയാ വൺ ചാനലിന്റെ പ്രക്ഷേപണം തടയുമ്പോൾ അതിന്റെ കാര്യകാരണങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാരിനുണ്ട്. രാജ്യദ്രോഹികളുടെ കയ്യിൽ ഈ ചാനൽ നിയന്ത്രിക്കുന്ന കമ്പനി അകപ്പെട്ടെങ്കിൽ അത് തെളിവുകൾ സഹിതം തുറന്ന് ജനങ്ങളോട് പറയാൻ സർക്കാർ തയാറാകണം.

മീഡിയാ വൺ ചാനലിന്റെ വാർത്താ പ്രക്ഷേപണങ്ങളിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഒന്നും കേരളത്തിലെ ജനങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ആ ചാനലിനെ ഒരു ദേശവിരുദ്ധ ചാനലായി മുദ്രകുത്തുന്നതും നീതിക്ക് നിരക്കുന്നതല്ല. അതുകൊണ്ടുതന്നെ നിരോധനത്തിന് ആധാരമായ വിഷയങ്ങൾ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെങ്കിൽ അത് ജനങ്ങളോട് തുറന്നു പറയാനും അതല്ല കേന്ദ്ര സർക്കാരിനോടുള്ള എതിർപ്പിന്റെ ശബ്ദമാണ് പ്രശ്നമെങ്കിൽ ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം പിൻവലിക്കാനും സർക്കാർ തയാറാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.