21 December 2024, Saturday
KSFE Galaxy Chits Banner 2

ത്രിപുര: ജനാധിപത്യത്തെ ഭയക്കുന്ന ബിജെപി

Janayugom Webdesk
November 27, 2021 5:00 am

ത്രിപുരയെന്ന കൊച്ചു സംസ്ഥാനത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നവംബര്‍ 25ന് നടന്നു. വോട്ടെണ്ണല്‍ 28 ഞായറാഴ്ചയാണ് നടക്കുക. സമാധാനപരമായി നടക്കേണ്ടിയിരുന്ന ജനാധിപത്യ പ്രക്രിയ അധികാര ദുര്‍വിനിയോഗത്തിന്റെയും ഗുണ്ടായിസത്തിന്റെയും ഫലമായി അട്ടിമറിക്കപ്പെട്ടതിന്റെ പേരിലാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് രാജ്യ ശ്രദ്ധയാകര്‍ഷിച്ചതും ദേശീയ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തകളായതും. തെരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നതെന്നും എവിടെയും വോട്ടിങ് യന്ത്രത്തെ കുറിച്ചുപോലും പരാതിയുണ്ടായില്ലെന്നുമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്. 81.54 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ രാവിലെ ഏഴ് മണിക്ക് വോട്ട് ആരംഭിച്ച് അധികനേരം ആകുന്നതിന് മുമ്പ് തന്നെ വ്യാപക ക്രമക്കേടുകളും അക്രമങ്ങളും ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായെന്നാണ് ബിജെപി ഇതര കക്ഷികളെല്ലാം ആരോപിച്ചത്. ബൂത്തിനകത്ത് യഥാര്‍ത്ഥ വോട്ടര്‍ നില്ക്കുമ്പോള്‍ പുറത്തുനിന്നെത്തിയ പ്രവര്‍ത്തകന്‍ യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. വോട്ടെടുപ്പ് കേന്ദ്രത്തിലേയ്ക്ക് പുറപ്പെട്ട വോട്ടെടുപ്പ് ഏജന്റുമാരെയും സ്ഥാനാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്ന വിവരങ്ങളും പുറത്തുവരികയുണ്ടായി. ഒക്ടോബര്‍ 22 വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നിന് മുമ്പ് തന്നെ സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് സംഘപരിവാര്‍ ശക്തികള്‍ ബിജെപി സര്‍ക്കാരിന്റെ ഒത്താശയോടെ നടത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും നേരെ വ്യാപക അക്രമങ്ങളുണ്ടായി. ബംഗ്ലാദേശിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടത്തിയ പ്രകടനങ്ങളെല്ലാം അക്രമാസക്തമായി. പൊലീസാകട്ടെ നോക്കിനില്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമാകട്ടെ അട്ടിമറി ശ്രമങ്ങളും ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത് ഭീഷണിപ്പെടുത്തി തടഞ്ഞു. വധിക്കുമെന്നും യുഎപിഎ ചുമത്തി ജയിലിലിടുമെന്നുമൊക്കെ ഭീഷണിപ്പെടുത്തിയാണ് പിന്തിരിപ്പിക്കുന്നതിന് ശ്രമങ്ങളുണ്ടായത്. വെല്ലുവിളികളെ വകവയ്ക്കാതെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരെ പിന്നീട് ഭീഷണിപ്പെടുത്തിയും വ്യാജകാരണങ്ങള്‍ ഉന്നയിച്ച് പത്രിക തള്ളിയും വോട്ടെടുപ്പിന് മുമ്പ് തന്നെ മൂന്നിലൊന്ന് സ്ഥാനങ്ങളില്‍ ബിജെപി ജയിച്ചതായി പ്രഖ്യാപിച്ചു. ആകെയുള്ള 334ല്‍ 112 സീറ്റുകളിലാണ് ഇത്തരത്തില്‍ ബിജെപി എതിരില്ലാതെ ജയിച്ചതായി പ്രഖ്യാപിച്ചത്. അവശേഷിച്ച 222 സീറ്റുകളിലേയ്ക്കാണ് നവംബര്‍ 25 ന് തെരഞ്ഞെടുപ്പ് നടന്നത്.


ഇതുകൂടി വായിക്കാം;  അപകടത്തിലാകുന്ന ജനാധിപത്യം


തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിലും വ്യാപക എതിര്‍പ്പുകളാണ് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ക്ക് നേരിടേണ്ടിവന്നത്. ഇടതുപാര്‍ട്ടികളും ടിഎംസി ഉള്‍പ്പെടെയുള്ള കക്ഷികളും അക്രമത്തിനെതിരെ രംഗത്തുവന്നുവെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ പൊലീസിന്റെയോ ഭാഗത്തുനിന്ന് നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികളൊന്നുമുണ്ടായില്ല. അതേതുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. അതിന്റെ ഫലമായി കേന്ദ്രസേനയെ നിയോഗിക്കണമെന്ന നിര്‍ദ്ദേശമുണ്ടായെങ്കിലും ആവശ്യമായ സേനയെ സംസ്ഥാനത്തേക്ക് അയക്കുന്നതിന് കേന്ദ്രവും സന്നദ്ധമായില്ല. ഈ പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ് നടന്നത്. അതുകൊണ്ടുതന്നെ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്ന് ഇടതുപക്ഷവും ടിഎംസി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും വ്യക്തമാക്കി. അതിന് ഉപോത്ബലകമായ വിവിധ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമീപകാലത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേരിട്ടതുപോലുള്ള പരാജയങ്ങള്‍ ത്രിപുരയിലും ആവര്‍ത്തിക്കുന്നത് നാണക്കേടുണ്ടാക്കുമെന്ന് ബിജെപിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് ത്രിപുരയില്‍ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് വിജയം നേടുന്നതിനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തിയത്. മെയ് മാസത്തില്‍ ഉത്തര്‍പ്രദേശില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥത്തില്‍ ബിജെപിക്ക് തിരിച്ചടിയാണ് നേരിട്ടത്. 3050 ജില്ലാ പഞ്ചായത്തു വാര്‍ഡുകളില്‍ സമാജ്വാദി പാര്‍ട്ടി 760, ബിജെപി 719, ബിഎസ്പി 381, കോണ്‍ഗ്രസ് 76, മറ്റുള്ളവര്‍ 1,114 സീറ്റുകള്‍ വീതം നേടിയെന്നാണ് മെയ് ആദ്യവാരം വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഘട്ടത്തില്‍ പുറത്തുവന്ന കണക്കുകള്‍. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മാറ്റിവച്ച ത്രിതല അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പുകള്‍ ജൂലൈ മാസത്തില്‍ നടന്നപ്പോള്‍ ബിജെപി ജയിക്കുന്ന വിചിത്രമായ കാഴ്ചയും നാം കണ്ടതാണ്. ഇവിടെയും പല സ്ഥാനങ്ങളിലും എതിരാളികളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാന്‍ അനുവദിക്കാത്ത സ്ഥിതിയുണ്ടായി. അങ്ങനെയാണ് തദ്ദേശ പ്രതിനിധികളുടെ എണ്ണത്തില്‍ കുറവുള്ള ബിജെപി അധ്യക്ഷ സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. ജനാധിപത്യത്തെ കൊലചെയ്യുന്ന അതേ സമീപനങ്ങള്‍ ആവര്‍ത്തിക്കുകയാണ് ത്രിപുരയിലെ പ്രാദേശിക തെരഞ്ഞെടുപ്പിലും ബിജെപി ചെയ്യുന്നത്. അധികാരത്തിന്റെ തണലിലും അഹങ്കാരത്തിലും ഒരിക്കല്‍കൂടി ജനാധിപത്യം തോല്പിക്കപ്പെടുന്ന കാഴ്ചയാണ് ത്രിപുരയില്‍ നിന്നുണ്ടായിരിക്കുന്നത്.

 

You may also like this video;

<iframe width=“1237” height=“696” src=“https://www.youtube.com/embed/TeHEMiiskj8” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.