23 December 2024, Monday
KSFE Galaxy Chits Banner 2

കുതിക്കുന്ന കാർഷിക രംഗവും കിതയ്ക്കുന്ന ഇന്ത്യയിലെ കര്‍ഷകനും

ഡോ. പി ഇന്ദിരാ ദേവി
(പ്രൊഫസർ ആന്റ് ഡയറക്ടർ ഓഫ് റിസർച്ച് (റിട്ട). കേരള കാർഷിക സർവകലാശാല)
March 5, 2022 6:30 am

കോവിഡ് മഹാമാരിയുടെ തിക്തഫലങ്ങൾ ഏറ്റവും പരിമിതമായി മാത്രം അനുഭവപ്പെട്ടത് കാര്‍ഷികരംഗത്തായിരുന്നുവെന്നും കാർഷിക രംഗം 3.9 ശതമാനം (21–22) എന്ന നിലയിൽ വളർച്ചാനിരക്കിലാണെന്നും കേന്ദ്ര ബജറ്റ് അഭിമാനിക്കുന്നുണ്ട്. 20–21 വർഷത്തിൽ 3.6 ശതമാനം ആയിരുന്നു വളർച്ചനിരക്ക്. കാർഷികോല്പാദനത്തിലുണ്ടായ പുരോഗതി കർഷക കുടുംബങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും പൂർണമായി സഹായകരമായിട്ടില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കർഷക കുടുംബങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയും കുടുംബവരുമാനം പരിതാപകരമാവുകയും ചെയ്യുകയാണ്. 86 ശതമാനം വരുന്ന ചെറുകിട, പരിമിത കർഷന്റെ പ്രധാന വരുമാന സ്രോതസ് കൃഷിയല്ല, കൂലിയിനത്തിലുള്ളതാണ്. ഇന്ത്യ ഒരു കാർഷിക രാജ്യമാണെന്നും നമ്മുടെ ഗ്രാമീണ ജീവിതത്തിന്റെ നട്ടെല്ല് കാർഷിക രംഗമെന്നും ആവർത്തിക്കുമ്പോൾ മേഖലയുടെ പുരോഗതിക്കായുള്ള പദ്ധതികൾ കർഷക ക്ഷേമം കൂടി ഉറപ്പാക്കുന്നതാകണം. കാര്‍ഷികാഭിവൃദ്ധി കേന്ദ്രീകരിച്ചുകൊണ്ടുള്ള കാർഷിക വികസനം കര്‍ഷകനില്ലാത്ത കൃഷിയിലേക്കുള്ള മാറ്റമാണ് സൂചിപ്പിക്കുന്നത്. വ്യവസായ‑വാണിജ്യാനുകൂല അന്തരീക്ഷവും ജീവിതം ലളിതമാക്കുന്ന സമീപനവും ഉയർത്തിപ്പിടിക്കുമ്പോൾ ഓർമ്മിക്കേണ്ട കാര്യം കാര്‍ഷികാനുകൂല സാഹചര്യമില്ലെങ്കിൽ മറ്റൊന്നും സാധ്യമല്ല എന്നതാണ്. കേന്ദ്ര സർക്കാർ സ്ഥാപനമായ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ നടത്തുന്ന ഏറ്റവും പുതിയ കാർഷിക കുടുംബ സർവേ ഫലങ്ങൾ പുറത്തിറക്കിയത് 2021 സെപ്റ്റംബർ മാസത്തിലായിരുന്നു. 2018–19 വർഷത്തെ സ്ഥിതിയാണിതിൽ പ്രതിപാദിച്ചിരിക്കുന്നത്. 2014 ൽ പ്രസിദ്ധീകരിച്ച ഇതിനു മുന്‍പുള്ളത് 12–13 വര്‍ഷങ്ങളിലെ സ്ഥിതി സൂചിപ്പിക്കുന്നു. കര്‍ഷകകുടുംബങ്ങളുടെ വരുമാനം, കാർഷിക പ്രവർത്തനങ്ങൾ, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിച്ച ആധികാരികവും സമഗ്രവുമായ സ്ഥിതിവിവരക്കണക്കുകളാണിത്. ഭാരതത്തിലെ 17.24 കോടി കുടുംബങ്ങളിൽ 54 ശതമാനവും (9.3 കോടി) കാർഷികകുടുംബം എന്ന നിർവചനത്തിൽപ്പെടുന്നു. കാർഷിക ഉല്പാദനത്തിൽ നിന്നും വരുമാനം ലഭിക്കുകയും ഒരു അംഗമെങ്കിലും കാർഷിക ഉല്പാദനരംഗത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന കുടുംബത്തെയാണ് കാർഷിക കുടുംബം എന്ന് നിർവചിക്കുന്നത്. ഇന്ത്യയിലെ കാര്‍ഷികകുടുംബങ്ങളുടെ എണ്ണം ഈ കാലയളവിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2012–13ൽ 14.5 കോടി കാര്‍ഷികകുടുംബങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ 9.3 കോടിയായി പരിമിതപ്പെട്ടു. ശതമാനക്കണക്കിൽ 57.8 ൽ നിന്നും 54 എന്ന നിലയിലായി. കാർഷിക രംഗത്തുനിന്നുള്ള ഈ പിന്മാറ്റം അപ്രതീക്ഷിതമല്ല എന്ന് നമുക്കറിയാം. ഭൂരിഭാഗം കർഷകരും കാർഷിക രംഗത്തുനിന്നും പിന്മാറാൻ ആഗ്രഹിക്കുന്നു എന്നത് 2006 ലെ മറ്റൊരു സർവേഫലം സൂചിപ്പിച്ചിരുന്നു. കാർഷിക വളർച്ചനിരക്കിൽ അഭിമാനിക്കുന്ന നാം കാർഷിക രംഗത്തുനിന്നുമുള്ള ഈ കൊഴിഞ്ഞുപോക്കിന്റെ കാരണം വിശകലനം ചെയ്യേണ്ടതുണ്ട്. കർഷകരുടെ വരുമാനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യം അടിവരയിട്ടുകൊണ്ട് അത് ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടപെടലുകൾ നടത്തിവരുന്നതായി അവകാശപ്പെടുമ്പോൾ ഒരു ശരാശരി കര്‍ഷക കുടുംബത്തിന്റെ പ്രതിമാസ വരുമാനം 10,218 രൂപ മാത്രമാണ് എന്ന് സർവേ റിപ്പോർട്ട് ചെയ്യുന്നു.


ഇതുകൂടി വായിക്കാം; കാര്‍ഷിക മേഖല: തുടരുന്ന അസ്വാസ്ഥ്യങ്ങള്‍


കോവിഡ് പ്രതിസന്ധി, വരുമാനത്തിൽ വീണ്ടും കുറവുണ്ടാക്കിയിട്ടുമുണ്ടാകും എന്നത് തീർച്ചയാണ്. 2012–13 ലെ 6,426 രൂപയിൽ നിന്നും ആറു വർഷത്തിനുശേഷം വരുമാനം 10,218 ആകുമ്പോൾ ഈ കാലയളവിൽ ഒരു സർക്കാർ ജീവനക്കാരന്റെ ഡിഎ വർധനയുമായി ഒന്ന് താരതമ്യം ചെയ്യുക. ഭാരതത്തിലെ കർഷകരിൽ 86 ശതമാനവും ചെറുകിട പരിമിത കർഷകരാണല്ലോ. ഇവരുടെ എണ്ണത്തിൽ വര്‍ധനയുണ്ടാകുന്നതിനൊപ്പം ശരാശരി ഭൂവിസ്തീർണം ശോഷിക്കുകയും ചെയ്യുന്നുണ്ട്. ചെറുകിട പരിമിത കര്‍ഷകകുടുംബങ്ങളുടെ ശരാശരി മാസ കുടുംബ വരുമാനം കേവലം 7,000 രൂപയ്ക്കടുത്തു മാത്രമാണിപ്പോൾ. 2012–13 ൽ 4,500 രൂപയോളമായിരുന്നത് നാമമാത്രമായി വർധിച്ചുവെന്നു തോന്നാമെങ്കിലും പണപ്പെരുപ്പ തോതുമായി തട്ടിച്ചുനോക്കുമ്പോൾ ഈ വർധന കുടുംബക്ഷേമത്തിനുതകുന്നില്ല എന്ന് കാണാം. സ്വാഭാവികമായും നമ്മുടെ കാർഷിക കുടുംബങ്ങളേറെയും കടക്കാരാണ് (50.2 ശതമാനം). ശരാശരി ഒരു കുടുംബത്തിന്റെ കടബാധ്യത 74,129 രൂപയാണ്. മുൻ സർവേ പ്രകാരം ഇത് 47,000 രൂപയായിരുന്നു. എന്നുമാത്രമല്ല 30 ശതമാനവും വായ്പയ്ക്കായി അനൗദ്യോഗിക സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ സാഹചര്യങ്ങൾക്കു കാതലായ മാറ്റം വന്നിട്ടില്ല എന്ന് കാണാം. ചെറുകിട പരിമിത കർഷകർ ഏറെയും അനൗദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കുകയും ഗാർഹിക ഉപഭോഗ ആവശ്യങ്ങൾക്കായി വായ്പ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. പരിമിതമായ കുടുംബവരുമാനം ഈ സ്ഥിതിയിലേക്കു അവരെ എത്തിക്കുമ്പോൾ, പക്ഷെ അതേകാരണങ്ങൾ കൊണ്ടുതന്നെ തിരിച്ചടവ്‌ അസാധ്യമായിത്തീരുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നു. അനൗദ്യോഗിക വായ്പാസംവിധാനങ്ങളുടെ കാണാച്ചരടുകൾ കർഷകരുടെ ജീവിതം വീണ്ടും ദുസ്സഹമാക്കുകയും അവരെ വിഷമവൃത്തത്തിലെത്തിക്കുകയും ചെയ്യുന്നു. ഔദ്യോഗിക ബാങ്കിങ് സംവിധാനത്തിലെ കിസാൻ ക്രെഡിറ്റ് കാർഡുപോലുള്ള കർഷക സൗഹൃദ പദ്ധതികളുടെ പുരോഗതിയാകട്ടെ ഒച്ചിന്റെ വേഗത്തിലും. വൻകിട കർഷകരുടെ വായ്പ പ്രധാനമായും ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നാണെന്ന് മാത്രമല്ല, കാര്‍ഷികോല്പാദനത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവെന്നും സർവേ സൂചിപ്പിക്കുന്നു. കര്‍ഷകരിൽ നിന്ന് തൊഴിലാളികളിലേക്കുള്ള മറ്റു വരുമാന സ്രോതസുകളെ സംബന്ധിച്ചുള്ള വിവരങ്ങളാണത്. 12–13ൽ കാർഷികകുടുംബവരുമാനത്തിന്റെ 48 ശതമാനവും കാർഷിക വിളകളിൽ നിന്നായിരുന്നു. ഇതിൽ40 ശതമാനവും കൂലിയിനത്തിലെന്നാണ് കണക്ക്. കാര്‍ഷി‍കോല്പാദനത്തിൽ നിന്നുള്ള വരുമാനത്തോത് പരിമിതപ്പെടുകയും (37 ശതമാനം), കൂലിയിനത്തിലുള്ള വരുമാനം പ്രധാന സ്രോതസാവുകയും ചെയ്തിരിക്കുന്നു. കർഷകൻ എന്ന നിലയിൽ നിന്നും കൂലിത്തൊഴിലാളി എന്ന നിലയിലേക്കുള്ള ഒരു മാറ്റം സംഭവിക്കുകയാണ്. ഇത് സാമൂഹികമായി ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്നതാണ്. ഗ്രാമീണ മേഖലയിലെ വനിതകളിൽ 74 ശതമാനവും കാർഷിക രംഗത്താണ്‌. 2011 സെൻസസ് പ്രകാരം മൂന്നര കോടി സ്ത്രീകള്‍ കാര്‍ഷികരംഗത്തുണ്ട്.


ഇതുകൂടി വായിക്കാം; അമൃതകാല യാത്രയും അവഗണിക്കപ്പെടുന്ന കർഷകരും


പതിമൂന്നു ശതമാനത്തിനു മാത്രമേ ഭൂവുടമാവകാശം ഉള്ളു. ഏറ്റവും പുതിയ ഇക്കണോമിക് സർവേ പ്രകാരം 23.27 കോടിയാണ് കാർഷിക രംഗത്തെ തൊഴിൽ. മുൻ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധന. ഇതിൽ 14.87 കോടി പുരുഷന്മാരാണ്. 2019–20ലെ 6.27 കോടിയിൽ നിന്നും സ്ത്രീ സാന്നിധ്യം 8.51 കോടി ആയി വര്‍ധിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിലുമധികമായിരിക്കും കൃഷിയിലെ വനിതാ സാന്നിധ്യം. സർവേകളിൽ റിപ്പോർട്ട് ചെയ്യുന്ന ഗാർഹിക ജോലികൾ എന്നതിൽ മിക്കപ്പോഴും തന്നെ സ്വന്തം പുരയിടത്തിലെയോ വയലുകളിലേയോ കൃഷിപ്പണികൾ ഉൾപ്പെടുന്നത് തികച്ചും സാധാരണമാണ്. കാര്‍ഷികോല്പാദനത്തിലും കുടുംബക്ഷേമത്തിലും പ്രധാന പങ്കു വഹിക്കുന്ന വനിതകളുടെ കാർഷിക രംഗത്തെ പ്രസക്തിയും സാന്നിധ്യവും വേണ്ടവിധത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ല, ബജറ്റിലും ഇക്കാര്യത്തിൽ പ്രത്യേക പരാമര്‍ശങ്ങളില്ല. ഏതാണ്ട് ഇതുതന്നെയാണ് കര്‍ഷകത്തൊഴിലാളികളുടെ കാര്യവും. പലപ്പോഴും ഇക്കണോമിക് സർവേയിലോ ബജറ്റ് പ്രസംഗത്തിലോ ഇടം പിടിക്കാത്തവരാണ് കര്‍ഷകത്തൊഴിലാളികൾ. കാര്‍ഷികോല്പാദനത്തിലുണ്ടായ പുരോഗതിയിൽ അഭിമാനം കൊള്ളുമ്പോഴും കർഷക ക്ഷേമം ഉറപ്പാക്കാനാവുന്നില്ല എന്ന സത്യത്തിലൂന്നിക്കൊണ്ട് ബജറ്റിനെ സമീപിക്കുമ്പോൾ വീണ്ടും ആശങ്കകൾ ഉയരുകയാണ്. തീക്ഷ്ണമായ കര്‍ഷകസമരങ്ങളുടെ ഭാഗമായി ഉന്നയിക്കപ്പെട്ട ഒന്നാണ് താങ്ങുവില. കർഷക വരുമാനം മെച്ചപ്പെടുത്താനുള്ള ഉപാധി എന്ന നിലയിൽ ഇക്കാര്യം പരിഗണിക്കപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചില്ല. മൂലധന നിക്ഷേപം, ആധുനിക സാങ്കേതിക വിദ്യ, നൂതനാശയങ്ങൾ എന്നിവയിലൂന്നിയുള്ള കാർഷിക പുരോഗതിയാണ് ഈ ബജറ്റിലും ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് കാണാം. കാർഷിക രംഗത്തെ മൂലധന നിക്ഷേപത്തിൽ പൊതുമേഖലയുടെ പങ്ക്, കഴിഞ്ഞ കുറച്ചു കാലങ്ങളായി ശരാശരി 2.5 ശതമാനം എന്ന നിലയിലാണ്. ഈ രംഗത്ത് സ്വകാര്യ മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ കൂടുതല്‍ നടന്നിട്ടുള്ളതായി കാണാം. 2020 ൽ ആരംഭിച്ച കാർഷിക പശ്ചാത്തല വികസന ഫണ്ട് (എഐഎഫ്) ഇത്തരത്തിലൊന്നായിരുന്നു. വായ്പാധിഷ്ഠിത സംവിധാനമായ എഐഎഫ് പക്ഷെ രണ്ടു വര്‍ഷത്തിന് ശേഷവും കാര്യമായ പുരോഗതി രേഖപ്പെടുത്തിയതായി കാണുന്നില്ല. ഒരു ലക്ഷം കോടി രൂപ വകയിരുത്തിയതില്‍ കേവലം 2.6 ശതമാനം‍ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. മൂലധന നിക്ഷേപത്തിൽ പൊതുമേഖലാ നിക്ഷേപം സ്വകാര്യമേഖലാ നിക്ഷേപത്തെ ഉത്തേജിപ്പിക്കുമെന്ന തത്വത്തിൽ, മൊത്തത്തിലുള്ള പൊതുമേഖലാ മൂലധന നിക്ഷേപത്തോത് വർധിപ്പിച്ചിട്ടുണ്ടെങ്കിലും കാർഷിക രംഗത്ത് ഈ സമീപനം സ്വീകരിച്ചു കാണുന്നില്ല. കാർഷിക മൂലധന നിക്ഷേപ രംഗത്തെ പൊതുമേഖലാ സാന്നിധ്യം കൂടുതൽ പ്രകടമാകേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ തീർച്ചയായും കാർഷിക രംഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നതിൽ സംശയമേതുമില്ല. എന്നാൽ, 86 ശതമാനത്തിലധികം വരുന്ന ചെറുകിട പരിമിത കർഷകരെയും കാര്‍ഷികത്തൊഴിലാളികളെയും നിഷ്കാസിതരാക്കുന്ന വിധത്തിൽ കാര്‍ഷികോല്പാദന വളർച്ച മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള സമീപനം നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിക്കു യോജിച്ചതല്ല. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ, ഡ്രോൺ മുതലായവയും അഗ്രി സ്റ്റാർട്ടപ്പുകളും പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട പരിമിത കർഷകർക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാവേണ്ടതുണ്ട്. കർഷകനും കര്‍ഷകത്തൊഴിലാളികളുമില്ലാത്ത കാര്‍ഷികോല്പാദനം ഭാരതത്തിനു അനുയോജ്യമോ എന്ന് ചിന്തികേണ്ടതാണ്. ഇന്ത്യയുടെ കാർഷിക രംഗം അതിന്റെ സാമൂഹിക‑സാമ്പത്തിക‑പാരിസ്ഥിതിക പ്രസക്തികൾ കൊണ്ടുതന്നെ സവിശേഷമാണ്. കർഷകക്ഷേമം ഉറപ്പാക്കിക്കൊണ്ടുള്ള കാർഷിക വികസനമായിരിക്കണം ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.