23 December 2024, Monday
KSFE Galaxy Chits Banner 2

മോഡി ഭരണത്തിലെ ‘സത്യം’ മറച്ചുവച്ച ബജറ്റ്

പ്രഭാത് പട്നായിക്
February 11, 2024 4:15 am

പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നതാണ് സത്യമെന്ന് ബിജെപി സർക്കാർ വിശ്വസിക്കുന്നു. തെളിവുകൾ മറിച്ചാണെങ്കിലും തെറ്റാണെങ്കിലും അത് തമസ്കരിക്കുന്നു. തന്റെ സർക്കാരിന്റെ ദശാബ്ദക്കാലത്തെപ്പോലെ ഇന്ത്യക്ക് മികച്ച നേട്ടം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് മോഡി. എന്നാൽ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ അവകാശവാദത്തിന് വിരുദ്ധമായതിനാൽ, അവ തെറ്റാണെന്നും സംവിധാനം മാറ്റണമെന്നും ആവശ്യപ്പെടുന്നു. വളരെ ശ്രമകരമായും ശ്രദ്ധയോടെയും നിർമ്മിച്ച ഗ്ലോബൽ സൗത്തിലെ ഏറ്റവും മികച്ച സ്ഥിതിവിവര സംവിധാനങ്ങളെയാണ് മാേഡി സർക്കാർ തകർക്കുന്നത്. പി സി മഹലനോബിസ് രൂപീകരിച്ച ദേശീയ സാമ്പിൾ സർവേ (എൻഎസ്എസ്), ഉപഭോക്തൃ ചെലവ് ഡാറ്റ ശേഖരിക്കുന്നത് ഉപേക്ഷിച്ചു. കാരണം 2011–12നെ അപേക്ഷിച്ച് എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും പ്രതിശീർഷ ഉപഭോഗം ഗ്രാമീണ മേഖലയിൽ വിനാശകരമായ ഇടിവിലാണെന്ന് 2017–18 സർവേ കാണിക്കുന്നു. അതുപോലെ, സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് മുതല്‍ ദശാബ്ദങ്ങളായി നടന്നിരുന്ന സെൻസസ്, മോഡിയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാതിരിക്കാൻ ഉപേക്ഷിച്ചിരിക്കുന്നു. ശമ്പളമില്ലാത്ത ജോലി തൊഴിലായി കണക്കാക്കരുത് എന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) അടിസ്ഥാന നിർവചനം നിലവിലെ തൊഴിലില്ലായ്മ പ്രതിസന്ധിയെ മറച്ചുവയ്ക്കാനുള്ള ശ്രമത്തിൽ ഉപേക്ഷിക്കപ്പെട്ടു. വാസ്തവത്തിൽ, കൂലിയില്ലാത്ത ജോലി മാത്രമല്ല, കൂലിവേലയും തൊഴിലായി കണക്കാക്കാന്‍ പാടില്ല. 1930കളിലെ മഹാമാന്ദ്യത്തിന്റെ കാലത്ത്, ബ്രിട്ടനില്‍ നിരവധി തൊഴില്‍രഹിതര്‍ റോഡരികിൽ ഷൂ പോളിഷ് ചെയ്യുന്നവരായി. അവർ പണം വാങ്ങാതെ ഉപഭോക്താക്കളുടെ ഷൂസ് തിളക്കുന്നുണ്ടായിരുന്നില്ല. അവരെ ജോലിക്കാരായി കണക്കാക്കിയാൽ, അഭൂതപൂർവമായ പ്രതിസന്ധിയുടെ കാലഘട്ടത്തിലും തൊഴിലില്ലായ്മയുടെ വ്യാപ്തി വളരെ കുറവായിരിക്കും. അത്തരം സാഹചര്യങ്ങളെ കണക്കിലെടുത്താണ് “വേഷം മാറിയ തൊഴിലില്ലായ്മ” എന്ന പദം രൂപപ്പെടുത്തിയത്.
സമകാലിക ഇന്ത്യയിൽ, മോഡിയുടെ സ്വയം പ്രകീർത്തിക്കുന്ന പ്രഖ്യാപനങ്ങൾ സത്യമായി കണക്കാക്കിക്കൊണ്ടുള്ള കേന്ദ്ര ബജറ്റ് മുൻകാലങ്ങളിൽ നടന്ന കാര്യങ്ങൾ ആവർത്തിക്കാനുള്ള വൃഥാവ്യായാമമായി മാറുന്നതിൽ അതിശയിക്കാനില്ല. ഇത് യഥാർത്ഥത്തിൽ തൊഴിലില്ലായ്മയും അധ്വാനിക്കുന്ന ജനങ്ങളുടെ ദുരിതവും വർധിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. രാജ്യത്ത് നിലനിൽക്കുന്ന അസമത്വവും വർധിക്കും എന്ന വസ്തുത സർക്കാരും അതിന്റെ മാധ്യമങ്ങളിലെ ‘ചിയർ ലീഡർ’മാരും അംഗീകരിക്കാനിടയില്ല. ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഇത് സ്ഥിരീകരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, രാജ്യത്തെ ശരാശരി വരുമാനം 50 ശതമാനം വർധിച്ചുവെന്ന വിചിത്രമായ പ്രഖ്യാപനം അവർ നടത്തി. എന്നാൽ ഇത് പ്രതിശീർഷ വരുമാനത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്, ജനസംഖ്യയുടെ ഭൂരിഭാഗത്തിന്റെ വരുമാനത്തെയല്ല. ദേശീയ സാമ്പത്തിക ക്ഷേമത്തിന്റെ തെളിവായി ഇത് ഉദ്ധരിക്കുന്നത് സത്യസന്ധതയില്ലായ്മയാണ്.

 


ഇതുകൂടി വായിക്കൂ; വേണ്ടത് ചരിത്ര ബോധവൽക്കരണം


2011–12നും 2017–18നും ഇടയിൽ, രാജ്യത്ത്, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയിൽ പോഷകാഹാരക്കുറവ് വർധിച്ചുവെന്നത് സംശയമില്ലാത്ത കാര്യമാണ്. ഒരാൾക്ക് പ്രതിദിനം 2,200 കലോറി ലഭിക്കാത്ത ഗ്രാമീണ ജനസംഖ്യയുടെ ശതമാനം (ഗ്രാമീണ ദാരിദ്ര്യം നിർവചിക്കുന്നതിന് ആസൂത്രണ കമ്മിഷൻ നേരത്തെ ഉപയോഗിച്ചിരുന്ന മാനദണ്ഡം) 68ൽ നിന്ന് 80 ആയി ഉയർന്നു. അതിനാൽ, ഈ വർഷങ്ങളിൽ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും മെച്ചപ്പെട്ടവരായി മാറുന്നുവെന്ന് വാദിക്കാൻ കഴിയില്ല. കഴിഞ്ഞ അഞ്ച് വർഷമായി ഗ്രാമീണ വേതനം, കാർഷിക മേഖലയിലായാലും കാർഷികേതര പ്രവർത്തനങ്ങളിലായാലും, നെഗറ്റീവ് വളർച്ചയാണ് കാണിക്കുന്നത്. നഗരങ്ങളിലെ യഥാർത്ഥ വേതനത്തിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണെന്നാണ് സൂചനകൾ.
ഏറ്റവും പുതിയ ആനുകാലിക തൊഴില്‍ശക്തി സർവേ കാണിക്കുന്നത്, 2017–18നും 2022–23നും ഇടയിൽ, നഗര‑ഗ്രാമീണ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തെ പ്രതിമാസ ശരാശരി വേതനം 20 ശതമാനം വരെ കുറഞ്ഞു എന്നാണ്. 2017–18 മുതൽ യഥാർത്ഥ വേതനത്തിലുണ്ടായ ഇടിവ് മറച്ചുവയ്ക്കാനാവില്ല. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് തൊഴിലില്ലായ്മ എന്നതാണ് മറ്റൊരു തെളിവ്. സെന്റർ ഫോർ മോണിറ്ററിങ് ദി ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) കാണിക്കുന്നത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മൊത്തം തൊഴിലവസരങ്ങൾ കേവലമായ വർധനവ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ്. യഥാർത്ഥ വേതനം കുറയുകയും തൊഴിൽ സ്തംഭനാവസ്ഥയിലാകുകയും ചെയ്യുമ്പോൾ, തൊഴിലില്‍ ഏർപ്പെട്ടിരിക്കുന്ന ജനങ്ങളുടെ പ്രതിശീർഷ വരുമാനം യഥാർത്ഥത്തിൽ കുറഞ്ഞിരിക്കും.
കർഷകരുടെയും തൊഴിലാളികളുടെയും യഥാർത്ഥ പ്രതിശീർഷ വരുമാനം വിപരീത ദിശകളിലാകില്ല. കാരണം, കർഷകരുടെ വരുമാനം ഉയര്‍ന്നാല്‍ അത് തൊഴിലാളികളുടെ ആവശ്യം വർധിപ്പിക്കുകയും, കൂടുതൽ തൊഴിലവസരങ്ങളും ഉയർന്ന കൂലിയും ലഭിക്കുകയും ചെയ്യും. അതിനാൽ കാർഷിക, കാർഷികേതര തൊഴിലാളികളും കർഷകരും ചെറുകിട ഉല്പാദകരും അടങ്ങുന്ന മുഴുവൻ അധ്വാനിക്കുന്ന ജനങ്ങളുടെയും പ്രതിശീർഷ വരുമാനം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇടിഞ്ഞിരിക്കണം. രാജ്യത്തെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും അധ്വാനിക്കുന്ന വിഭാഗമായതിനാൽ, കഴിഞ്ഞ അഞ്ച് വർഷമായി അവരുടെ ജീവിതസാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണ് എന്ന നിഗമനം തള്ളിക്കളയാനാവില്ല.
2011–12നും 2017–18നും ഇടയിൽ, ദേശീയ സാമ്പിള്‍ സര്‍വേ ഉപഭോക്തൃ ചെലവ് കണക്കുകൾ പ്രകാരം, ഭൂരിഭാഗം ജനങ്ങളുടെയും ചെലവിൽ ഇടിവ് ഉണ്ടായിട്ടുണ്ട്. മോഡിയുടെ ഭരണവർഷങ്ങളില്‍ മൊത്തത്തിൽ ഭൂരിഭാഗം ജനങ്ങളുടെയും ജീവിത സാഹചര്യങ്ങൾ വഷളായിരുന്നുവെന്നര്‍ത്ഥം.
ഭരണകക്ഷിയായ ബിജെപി വൻകിട മുതലാളിമാർക്ക് പ്രത്യേകിച്ച് ചങ്ങാത്ത മുതലാളിമാർക്കു വേണ്ടി അഭ്യർത്ഥന നടത്തിയിട്ടും മോഡി കാലത്ത് സ്വകാര്യനിക്ഷേപ മുരടിപ്പും ഒരു വസ്തുതയാണ്. നോട്ട് അസാധുവാക്കൽ, ജിഎസ്‌ടി (ചരക്ക് സേവന നികുതി), പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലെ ലോക്ഡൗൺ എന്നിവ ഈ മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. കുത്തകകളുടെ നികുത്യനന്തര ലാഭം കുതിച്ചുയർന്നിട്ടും കോർപറേറ്റ് നിക്ഷേപം പോലും മോഡി വർഷങ്ങളിൽ മുരടിച്ചു. കോർപറേറ്റ് നിക്ഷേപം അതിന്റെ വിനിയോഗത്തിലുള്ള ലാഭത്തെക്കാൾ വിപണിയുടെ വളർച്ചയോട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ ചങ്ങാത്ത മുതലാളിമാർ ഉൾപ്പെടെയുള്ള സ്വകാര്യ മുതലാളിമാർക്ക് ‘അടിസ്ഥാന സൗകര്യ’ മേഖലയിൽ നിക്ഷേപം നടത്തുന്നതിന് വലിയ വായ്പകൾ നൽകാനുള്ള സർക്കാരിന്റെ സാമ്പത്തിക തന്ത്രത്തിന്റെ മറ്റൊരു ധാരയായി നിന്നു.
ജനങ്ങളുടെ യഥാർത്ഥ അവസ്ഥയിൽ ഒരു കണികയെങ്കിലും ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ, സാധ്യമായ രണ്ട് വഴികളിലൂടെ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന തന്ത്രം ബജറ്റിലുണ്ടാകുമായിരുന്നു. ‘ക്രയശേഷി വർധിപ്പിച്ച്, അല്ലെങ്കിൽ സമ്പദ്‌വ്യവസ്ഥയിലെ (മിനിമം) വേതനത്തിന്റെ നിലവാരം നിയമാനുസൃതമായി ഉയർത്തിക്കൊണ്ട്’ അത് ചെയ്യാമായിരുന്നു. അത് ആഭ്യന്തര വിപണിയുടെ വിപുലീകരണത്തിലൂടെ സ്വകാര്യ നിക്ഷേപം ഉയർത്തി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അത്തരമൊരു തന്ത്രം ബജറ്റിലില്ല.
ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കുള്ള സബ്‌സിഡി നടപ്പുവർഷം 4.13 ലക്ഷം കോടി രൂപയിൽ നിന്ന് (പുതുക്കിയ എസ്റ്റിമേറ്റ്) 3.81 ലക്ഷം കോടി രൂപയായി കുറച്ചു. എംജിഎൻആർഇജിഎസ് (ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) യുടെ തുക 86,000 കോടിയായി നിലനിർത്തി. ഭരണകക്ഷിയുടെ വിശ്വസ്ത മാധ്യമങ്ങളിൽ ‘സാമ്പത്തിക വിവേക’ത്തിനുള്ള ആരോഗ്യകരമായ മുൻഗണനയെ പ്രതിനിധാനം ചെയ്യുന്ന ബജറ്റ് എന്ന് വാഴ്ത്തപ്പെട്ടതിൽ അതിശയിക്കാനില്ല. സാമ്പത്തിക വിവേകം ഉപയോഗിച്ച് ഇന്ത്യക്ക് ധാരാളം വിദേശ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ വിശദീകരണം. സാമ്പത്തിക വിവേകത്തോടുള്ള പ്രതിബദ്ധതയെന്ന വാഴ്ത്തിപ്പാടല്‍ ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ദയനീയമായി തുടരുന്നുവെന്നതും വിരോധാഭാസമാണ്.
അവലംബം: ന്യൂസ് ക്ലിക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.