22 November 2024, Friday
KSFE Galaxy Chits Banner 2

Related news

July 23, 2024
July 23, 2024
July 23, 2024
July 13, 2024
June 18, 2023
May 28, 2023
February 2, 2023
January 29, 2023
November 10, 2022
September 13, 2022

വിറ്റഴിക്കല്‍; കേന്ദ്ര ബജറ്റ് ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് കനത്ത ആഘാതം

റെജി കുര്യന്‍
ന്യൂഡല്‍ഹി
February 1, 2022 10:38 pm

രാജ്യത്തെ കര്‍ഷകര്‍, തൊഴിലാളികള്‍, സാധാരണക്കാര്‍, പട്ടിണിപ്പാവങ്ങള്‍, തൊഴില്‍ രഹിതര്‍ എന്നിവരടക്കം മഹാഭൂരിപക്ഷത്തെയും അവഗണിക്കുകയും കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് മുന്നില്‍ രാജ്യത്തിന്റെ സമ്പത്ത് അടിയറ വയ്ക്കുകയും ചെയ്യുന്ന കേന്ദ്ര ബജറ്റ് ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് കനത്ത ആഘാതം. പട്ടിണി അകറ്റാനും തൊഴിലില്ലായ്മ പരിഹരിക്കുവാനും മഹാമാരിക്കാലത്ത് ആരോഗ്യ പരിരക്ഷയ്ക്കും തകര്‍ന്ന വിദ്യാഭ്യാസ രംഗത്തെ പുനരുദ്ധരിക്കുവാനും മതിയായ വിഹിതം ബജറ്റ് നിഷേധിക്കുന്നു.

പൊതുമേഖലയെ തകര്‍ക്കുവാന്‍ ലക്ഷ്യം വച്ചുള്ള ബജറ്റ് രാജ്യത്തിന്റെ അടിസ്ഥാന വികസന പദ്ധതികളെല്ലാം സ്വകാര്യ മൂലധന ശക്തികളുടെ ലാഭക്കൊയ്ത്തിനുള്ള സംരംഭങ്ങളാക്കി മാറ്റുന്നു. വന്‍മൂലധന നിക്ഷേപ പദ്ധതികളെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം സൂചിപ്പിക്കുന്നു. അവ നിക്ഷേപം, വികസനം, തൊഴില്‍, വരുമാനം എന്നിവയെ പറ്റിയുള്ള ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്റ്റാര്‍ട്ടപ്പിനപ്പുറം പുതിയ നിര്‍ദേശങ്ങളില്ല. പാവപ്പെട്ടവനും ഇടത്തരക്കാരനും ബജറ്റില്‍ സഹതാപം മാത്രമാണെന്ന് കോവിഡ് മൂലം സാമ്പത്തികമായും ആരോഗ്യ പരമായും ദുരിതം നേരിട്ടവരോട് സഹാനുഭൂതി പ്രകടിപ്പിച്ച് അവസാനിപ്പിക്കുന്ന ബജറ്റ് പ്രസംഗം അടിവരയിടുന്നു.

മഹാമാരിയില്‍ ജീവിതം വഴിമുട്ടിയ ജനങ്ങളുടെ അവസാന ആശ്രയമായിരുന്നു ദേശീയ തൊഴിലുറപ്പു പദ്ധതി. എന്‍ആര്‍ഇജിഎക്ക് വകയിരുത്തിയത് 73,000 കോടി മാത്രം. കഴിഞ്ഞ തവണ പുതുക്കിയ ബജറ്റില്‍ 98,000 കോടി രൂപ ചെലവഴിച്ച സ്ഥാനത്താണിത്. പുതിയ പ്രഖ്യാപനങ്ങള്‍ ഒന്നും ബജറ്റിലില്ല. നാമമാത്രമായി നടത്തിയ പ്രഖ്യാപനങ്ങള്‍ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലും. രാജ്യത്തെ സാമ്പത്തിക രംഗം വളര്‍ച്ചയുടെ പാതയിലെന്ന് അവകാശപ്പെടുന്ന ധനമന്ത്രി പക്ഷെ കാര്‍ഷിക മേഖലയ്ക്കുള്ള വിഹിതത്തില്‍ ഒരുലക്ഷം കോടി രൂപയുടെ കുറവാണ് വരുത്തിയത്.

എന്നിട്ടും അമൃത് കാല്‍ എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന വരുന്ന 25 വര്‍ഷം കൊണ്ട് പാലും തേനും ഒഴുകുന്ന ദേശമായി ഇന്ത്യ മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ തുടരുന്നതെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഉപയോഗം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ബജറ്റ് 5 ജി സേവനം അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ തുടരുമെന്നും പറയുന്നു. കേബിള്‍ ശൃംഖല ഇതിനായി വ്യാപിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

പദ്ധതികള്‍ക്ക് പുതിയ പേരുകള്‍

ഉച്ചക്കഞ്ഞി പോലുള്ള പദ്ധതികള്‍ക്ക് പേരുമാറ്റി പുതിയ പേരു നല്‍കിയും പദ്ധതി വിഹിതങ്ങളില്‍ വെട്ടിക്കുറവു നടത്തിയും എല്ലാം ശുഭമെന്ന തോന്നല്‍ സൃഷ്ടിക്കുക മാത്രമാണ് സര്‍ക്കാര്‍ ബജറ്റില്‍ നടത്തിയിരിക്കുന്നത്.

കടം കുറയ്ക്കാന്‍ നിര്‍ദേശങ്ങളില്ല

കടം കുറയ്ക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങളൊന്നുമില്ല. പൊതു കടത്തിന്റെ പലിശയിനത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം നല്‍കേണ്ടത് 9,40,651 കോടി രൂപയാണ്. എന്നാല്‍ മുതല്‍ തിരിച്ചടയ്ക്കുന്ന കാര്യത്തില്‍ ബജറ്റില്‍ മൗനം മാത്രം. സാമ്പത്തിക രംഗം പൂര്‍ണമായി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് നീങ്ങുമെന്ന് ബജറ്റില്‍ ആവര്‍ത്തിക്കുന്നു. ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം തന്നെ റിസര്‍വ് ബാങ്ക് പുറത്തിറക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ആദായ നികുതി ഘടനയില്‍ മാറ്റങ്ങളില്ല

ഇടത്തരക്കാര്‍ നികുതി ഘടനയില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന ശക്തമായ പ്രതീക്ഷയാണ് വച്ചു പുലര്‍ത്തിയത്. എന്നാല്‍ ഇക്കൂട്ടരെയും സഹതാപത്തിന്റെ കണക്കില്‍ തളച്ച് ആദായ നികുതി സ്ലാബുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയില്ല.

ENGLISH SUMMARY: The cen­tral bud­get has a huge impact on the people
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.