തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജാതി അടിസ്ഥാനത്തില്‍ വേതനം നല്‍കണമെന്നുള്ള വിവാദ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. മാര്‍ച്ച് രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ ജാതി അടിസ്ഥാനത്തില്‍ വേതനം നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഭാഗത്തു നിന്നും വ്യാപക പരാതികള്‍ ഉയര്‍ന്നതോടെയാണ് കേന്ദ്രം ഉത്തരവ് പിന്‍വലിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം അനുവദിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റുള്ളവര്‍ എന്നിങ്ങനെ മൂന്ന് പ്രത്യേക ഫണ്ട് ട്രാൻസ്ഫർ ഓർഡറുകൾ രൂപീകരിക്കണമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഗ്രാമ വികസന മന്ത്രാലയത്തിന് നല്‍കിയ നിര്‍ദ്ദേശം. ഈ വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് ആയിരിക്കും കേന്ദ്രം തുക അനുവദിക്കുക.
10ലധികം സംസ്ഥാനങ്ങള്‍ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കാന്‍ തുടങ്ങിയതോടെ ഗ്രാമങ്ങളില്‍ ജാതീയ സംഘര്‍ഷങ്ങളും ഉടലെടുത്തു. ചില വിഭാഗങ്ങള്‍ക്കു മാത്രം നേരത്തെ വേതനം ലഭിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നു. തുടര്‍ന്ന് വേതനം നല്‍കലില്‍ പഴയ രീതി തന്നെ അവലംബിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയത് 73,000 കോടി രൂപയാണ്. ഇത് 2020–21 വര്‍ഷത്തില്‍ വകയിരുത്തിയ 1.11 ലക്ഷം കോടിയേക്കാള്‍ 35 ശതമാനം കുറവാണ്. കഴിഞ്ഞ വര്‍ഷത്തില്‍ ആദ്യം അനുവദിച്ചത് 61,500 കോടിയായിരുന്നെങ്കിലും പിന്നീടിത് 1.11 ലക്ഷം കോടിയായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.
english summary;The Central Government withdrew the controversial order on Salary in caste basis
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.