18 December 2024, Wednesday
KSFE Galaxy Chits Banner 2

നവമി സംഘര്‍ഷങ്ങളിലെ ജനാധിപത്യ വെല്ലുവിളി

യെസ്‌കെ
April 2, 2023 5:30 am

രാഷ്ട്രീയ നേതൃത്വം മതത്തെ ദുരുപയോഗപ്പെടുത്തുന്നത് അവസാനിപ്പിച്ചാൽ വിദ്വേഷ പ്രസംഗങ്ങൾ അവസാനിക്കുമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം വന്ന് മണിക്കൂറുകൾ തികയും മുമ്പ് രാജ്യത്ത് വ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ പൊലീസിന്റെ വെടിയേറ്റ് ഒരു മരണവും സംഭവിച്ചിരിക്കുന്നു. ബിഹാറില്‍ കലാപാന്തരീക്ഷത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരിപാടി പോലും റദ്ദാക്കേണ്ടി വന്നിരിക്കുന്നു.

രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്ക് നേരെയുള്ള തുറന്ന വെല്ലുവിളിയാണ് കഴിഞ്ഞ ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ നടന്ന അക്രമസംഭവങ്ങൾ. രണ്ടു മതവിഭാഗങ്ങൾ തെരുവിൽ ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. ഭരണകൂടവും നിയമപാലകരും നോക്കുകുത്തികളായി മാറുകയും ആൾക്കൂട്ടം വർഗീയ ആക്രോശങ്ങളുമായി തെരുവുകൾ കീഴടക്കുകയും ചെയ്യുന്ന കാഴ്ച ഭയാനകമാണ്. ആരാണിതിന് ഉത്തരം പറയേണ്ടത്, ആരാണിത് നിയന്ത്രിക്കേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സുപ്രീം കോടതി പറഞ്ഞുവച്ചത്. സംഘ്പരിവാര്‍ നയിക്കുന്ന മോഡി ഭരണത്തിനു കീഴില്‍ രാജ്യം സമാധാനപൂര്‍ണമായ മതേതര സമൂഹമായി തിരിച്ചെത്തുമോ എന്നത് വലിയ ആശങ്കയായി നില്‍ക്കുന്നു.


ഇതുകൂടി വായിക്കൂ:  കാവിയിട്ടവര്‍ക്ക് പീഡിപ്പിക്കാം, എന്തുമാകാം പക്ഷെ സിനിമയില്‍ പ്രകാശ് രാജ്


തെരഞ്ഞെടുപ്പ് വിജയങ്ങളെ ലക്ഷ്യമിട്ട് കലാപകാരികൾക്കെതിരെയുള്ള ശക്തമായ നടപടികളിൽ നിന്ന് ഭരണകൂടങ്ങൾ പിൻവാങ്ങുന്ന കാഴ്ച സമകാലിക ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. തെരുവുകളിൽ നടന്ന സായുധ പ്രകടനങ്ങളിലും വിദ്വേഷ മുദ്രാവാക്യങ്ങളിലും അക്രമസംഭവങ്ങളിലും ദേശീയ ഭരണകൂടത്തിന്റെ മൗനം ഗൗരവമുള്ളതാണ്. അവരുടെ പിന്തുണയോടെയാണ് സംഘര്‍ഷങ്ങളെന്ന ആരോപണം കേവലം ഉപരിപ്ലവമല്ലെന്ന് തെളിവുമുണ്ട്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഭാഗങ്ങളിലായി നടന്ന ശോഭായാത്രകളാണ് വര്‍ഗീയ സംഘട്ടനങ്ങള്‍ക്കിടയാക്കിയത്. മുസ്ലിം ആരാധനാലയങ്ങൾക്ക് മുമ്പില്‍ വിദ്വേഷ മുദ്രാവാക്യങ്ങളോ, പ്രകോപനങ്ങളോ ഉണ്ടാക്കിയതാണ് പരസ്പരം ഏറ്റുമുട്ടലിലെത്തിയത്. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും കല്ലേറും തീവയ്പും വർഗീയ സംഘർഷങ്ങളുമുണ്ടായത്.

ബംഗാളിലെ ഹൗറയിലും ശിബ്പൂരിലുമാണ് കലാപങ്ങൾ അരങ്ങേറിയത്. ഹൗറയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സ്വാമി വിവേകാനന്ദ സേവാസംഘ് പ്രവർത്തകരുടെ നേതൃത്വത്തിലെ റാലിയിൽ വാളുകളും ഹോക്കി സ്റ്റിക്കുകളുമായാണ് ആൾക്കൂട്ടം തെരുവിലിറങ്ങിയത്. വിഷയത്തിൽ പരസ്പര വിമർശനവുമായി കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങള്‍ രംഗത്തുവന്നു. രാമന്റെ ഭക്തർ ആക്രമിക്കപ്പെടുമ്പോൾ മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി എന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞത്. വിഷയത്തിൽ എൻഐഎ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും രംഗത്തെത്തി. അതേസമയം സംഘർഷത്തിന് പിന്നിൽ ബിജെപിയും വലതുപക്ഷ ഗ്രൂപ്പുകളുമാണെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാദം. ‘ബിജെപി, ബജ്റംഗ്‍ദൾ തുടങ്ങിയ വലതുപക്ഷ ഗ്രൂപ്പുകളാണ് സംഘർഷത്തിന് പിന്നിൽ ഹിന്ദുക്കളോ മുസ്ലിങ്ങളോ അല്ല’ എന്നും മമത പറഞ്ഞു.

മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ രാമക്ഷേത്രത്തെച്ചൊല്ലി കഴിഞ്ഞ ബുധനാഴ്ചയുണ്ടായ തർക്കവും അക്രമാസക്തമായ ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. അക്രമികൾ പൊലീസ് സംഘത്തെ ആക്രമിക്കുകയും അവരുടെ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. കർണാടകയിലെ ഹാസനിലും നവമി ഘോഷയാത്ര സംഘർഷത്തിനിടയാക്കി. ബിഹാറിലെ മുൻഗറിലാണ് കലാപമുണ്ടായത്. അവിടെ സസാരം പ്രദേശത്ത് സംഘർഷത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കാനിരുന്ന പരിപാടി ഒഴിവാക്കിയിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ:  അടിവസ്ത്രത്തില്‍ വര്‍ഗീയത തിരയുന്ന മാനസിക ജീര്‍ണത


ഹരിയാനയിലും രാജസ്ഥാനിലും സായുധധാരികളായാണ് ആളുകൾ ശോഭായാത്രയില്‍ പങ്കെടുത്തത്. പ്രകോപനപരമായ വിദ്വേഷ മുദ്രാവാക്യങ്ങളും കല്ലേറും ആക്രമണങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. ആദിത്യനാഥിന്റെ യുപിയിലെ ലഖ്നൗവിൽ പൊലീസിന്റെ അനുമതിയില്ലാതെ നടന്ന ശോഭായാത്രയ്ക്കിടെയും കല്ലേറും സംഘർഷവും ഉണ്ടായി. സംഘർഷത്തിൽ പന്ത്രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം വർഗീയ കലാപത്തിന് സാക്ഷ്യം വഹിച്ച വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ പൊലീസ് വിലക്ക് ലംഘിച്ചാണ് രാമനവമി ഘോഷയാത്ര നടന്നത്. അനുമതി നിഷേധിച്ചിട്ടും, ആയിരത്തോളം പേരാണ് കാവി പതാകയുമേന്തി റാലി നടത്തിയത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പാർക്കിൽ വിഗ്രഹം സ്ഥാപിക്കുകയും പൂജ നടത്തുകയും ചെയ്തെങ്കിലും അമിത് ഷായുടെ ഡല്‍ഹി പൊലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പാെലീസ് അനുമതി നിഷേധിച്ചിരുന്നു.

രാമനവമി ആഘോഷവേളകളെ സംഘ്പരിവാർ വർഗീയ അതിക്രമങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന ദൃശ്യം കഴിഞ്ഞ വർഷങ്ങളിലും രാജ്യത്തുണ്ടായി. നിരന്തരം അരങ്ങേറുന്ന വർഗീയ സംഘർഷങ്ങൾ സമൂഹത്തില്‍ ഇരയെയും വേട്ടക്കാരനെയും ക്രമപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു എന്നാണ് സത്യം. ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികൾക്കിടയിൽ മുസ്ലിം എന്നൊരു പൊതുശത്രുവിനെ പ്രതിഷ്ഠിക്കാൻ സംഘ്പരിവാറിന് കഴിഞ്ഞിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ ഈ ആക്രമണങ്ങൾക്ക് പിന്നിലെ ആസൂത്രണ സാധ്യതയും തള്ളിക്കളയാനാവില്ല. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നിന്നും, ജനകീയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കം കൂടി ഈ വർഗീയ ധ്രുവീകരണത്തിന്റെ പ്രായോജകര്‍ നടത്തുന്നുണ്ടാകണം. കുറുക്കുവഴികളിലൂടെ പ്രധാന മാധ്യമ സ്ഥാപനങ്ങള്‍ സംഘ്പരിവാറിന്റെ കൈപ്പിടിയിലോ അനുചരവൃന്ദത്തിന്റെ കെെകളിലോ ആയതിനാല്‍ എരിതീയിൽ എണ്ണയൊഴിക്കുന്നതാകുന്നു മിക്കവാറും മാധ്യമ റിപ്പോർട്ടുകള്‍. അസത്യങ്ങൾ വാർത്തയായി മാറിത്തുടങ്ങിയതിന്റെ ഉദാഹരണമായി മോഡിയുടെ നൊബേല്‍ നോമിനേഷന്‍ പ്രചരണം രാജ്യം കണ്ടതാണ്. പച്ചക്കള്ളം പൊളിഞ്ഞിട്ടും ഒരു ഖേദ പ്രകടനം പോലും ഉണ്ടായതുമില്ല.


ഇതുകൂടി വായിക്കൂ:  വര്‍ഗീയ ആയുധമാക്കുന്ന വസ്ത്രധാരണം


രാമനവമിയുടെ ഭാഗമായുണ്ടായ അക്രമസംഭവങ്ങൾ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ട്രെയിലർ മാത്രമാണെന്ന മുൻ രാജ്യസഭാ എംപി കപിൽ സിബലിന്റെ ട്വീറ്റ് തള്ളിക്കളയാനാകില്ല. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാളുകളായതിനാല്‍ അതിനുള്ള സാധ്യത വളരെക്കൂടുതലാണ്. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനം എന്നതു മാത്രമല്ല, വര്‍ഗീയ കലാപങ്ങളുടെ കാര്യത്തിലും യുപിയോട് സാമ്യമുള്ളതാണ് കര്‍ണാടകയുടെ സാമൂഹിക ചരിത്രം. അതിലും ഗൗരവതരമായ കാര്യവും ഭയാശങ്കകളായി നമ്മുടെ മുന്നിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സംഘർഷം അരങ്ങേറിയത് കേവലം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമായിരുന്നില്ല. മമതാ ബാനർജി ഭരിക്കുന്ന ബംഗാളിലും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും നിതീഷ് കുമാർ ഭരിക്കുന്ന ബിഹാറിലും അക്രമങ്ങളുണ്ടായി.

സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന വർഗീയ കലാപങ്ങള്‍ ഓരോ വർഷങ്ങളിലും കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. മുമ്പ് വര്‍ഗീയ സംഘര്‍ഷങ്ങളില്ലാതിരുന്ന സംസ്ഥാനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും കലാപത്തിന്റെ ചോരപ്പാടുകൾ പടരുകയാണ്.

മനുഷ്യര്‍ക്കിടയിലെ മതസൗഹാർദവും സമാധാന അന്തരീക്ഷവും നിലനിർത്തുന്നതിൽ സംഘ്പരിവാർ ഇതര ഭരണകൂടങ്ങളും പരാജയപ്പെടുകയോ അമാന്തിക്കുകയോ ആണെന്ന് വേണം കരുതാന്‍. അങ്ങനെയെങ്കില്‍ രാജ്യം എത്തി നിൽക്കുന്നത് ഏറ്റവും അപകടകരവും തിരിച്ചുപോക്ക് അസാധ്യവുമായ സാഹചര്യത്തിലാണെന്ന് വിശ്വസിക്കേണ്ടിവരും. അങ്ങനെയല്ലാതിരിക്കട്ടെ, ജനാധിപത്യവും മതേതരത്വവും തിരിച്ചു വരട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.