24 December 2024, Tuesday
KSFE Galaxy Chits Banner 2

സിലിക്കണ്‍വാലി ബാങ്കിന്റെ തകര്‍ച്ചയും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ — വ്യവസ്ഥയും

പ്രൊഫ. കെ അരവിന്ദാക്ഷൻ
March 29, 2023 6:30 am

മേരിക്കയിലെ സിലിക്കണ്‍വാലി ബാങ്ക് ആഗോള ബാങ്കിങ് സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ അസാധാരണമായി നിരവധി ഗുണവിശേഷങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന ധനകാര്യ സ്ഥാപനമാണ്. ഒന്നാമത് ഈ ബാങ്ക് അതിന്റെ മുഖ്യ ഇടപാടുകാരായ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുമായി അങ്ങേയറ്റം സൗഹൃദം പുലര്‍ത്തിവന്നിട്ടുള്ള ഒരു സ്ഥാപനമാണ്. രണ്ട്, ഈ സ്റ്റാര്‍ട്ടപ്പുകളെല്ലാം അത്യന്താധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തനം നടത്തിവന്നിട്ടുള്ള പാരമ്പര്യത്തിന്റെ അവകാശികളുമാണ്. മൂന്ന്, ഒട്ടേറെ നഷ്ടസാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന മൂലധന നിക്ഷേപത്തിന് സന്നദ്ധരായ ധനകാര്യ സ്ഥാപനമാണ്. ഈ പശ്ചാത്തലത്തിലുള്ള ബാങ്കിങ് സ്ഥാപനം മറ്റേതൊരു സാധാരണ ബാങ്കിന്റേതുപോലൊരു കാരണത്താല്‍ തകര്‍ച്ച നേരിടേണ്ടിവന്നിരിക്കുന്നു എന്നത് തീര്‍ത്തും അപ്രതീക്ഷിതമാണ്.
ഒരു ദശകം മുമ്പ് വാഷിങ്ടണ്‍ മ്യൂച്വല്‍ എന്നൊരു വമ്പന്‍ ധനകാര്യ സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്കുശേഷം നടന്നിട്ടുള്ളതാണ് എസ്‌വിബിയുടേത്. ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് സിലിക്കണ്‍വാലി ബാങ്കിനെ എങ്ങനെ എത്തിച്ചു എന്നാണ് പരിശോധിക്കേണ്ടത്.
ആധുനിക കാലഘട്ടത്തിന്റെ അധികാരത്തിലിരിക്കുന്ന ഏതൊരു ഭരണകൂടവും സ്വന്തം നയപരമായ വീഴ്ചകളുടെ ഫലമായുണ്ടാകുന്ന പ്രതിസന്ധികളില്‍ നിന്നും തലയൂരുന്നതിന് അവയെ ഒറ്റപ്പെട്ട സംഭവങ്ങളെന്നു വിശേഷിപ്പിക്കുക പതിവാണ്. എന്നാല്‍, യുഎസ് സര്‍ക്കാര്‍ എസ്‌വിബിയുടെ തകര്‍ച്ച സംഭവിച്ച ഉടന്‍തന്നെ 2008ലേതു പോലൊരു തകര്‍ച്ചാ പരമ്പരയിലേക്ക് വഴുതിവീഴാതിരിക്കാന്‍ ശക്തമായ ഇടപെടലുകളുമായി രംഗത്തെത്തുകയാണുണ്ടായത്. പ്രസിഡന്റ് ജോ ബൈ ഡന്‍, ഫെഡറല്‍ റിസര്‍വിന്റെ സഹായത്തോടെ നിക്ഷേപകരുടെ താല്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പുമായി രംഗത്ത് വന്നു. യുഎസ് ഭരണകൂടവും കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വും യുഎസ് ട്രഷറി വകുപ്പും ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും സംയുക്തമായി രംഗത്തെത്തിയതോടെ ന്യൂയോര്‍ക്ക് ആസ്ഥാനമായ സിഗ്നേച്ചര്‍ ബാങ്കിന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ ബാങ്കിങ് വ്യവസ്ഥ ഏറെക്കുറെ സ്ഥിരത കൈവരിക്കുകയും ചെയ്തു. എസ്‌വിബിയുടെ പ്രധാന ഇടപാടുകാര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരായിരുന്നെങ്കില്‍ സിഗ്നേച്ചര്‍ ബാങ്കിന്റേത് ക്രിപ്റ്റോ കറന്‍സി ഇടപാടുകാരും ഡിജിറ്റല്‍ അസെറ്റ്സ് മേഖലയിലുള്ളവരുമായിരുന്നു. ഈ രണ്ടു വിഭാഗക്കാരോടുമായി ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ അറിയിച്ചത്- ‘നിങ്ങളുടെ നിക്ഷേപങ്ങള്‍, നിങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ ഉറപ്പായും ലഭ്യമാക്കും’ എന്നായിരുന്നു. നികുതിദായകര്‍ക്കും ആത്മവിശ്വാസം നല്കാന്‍ യുഎസ് പ്ര സിഡന്റ് മടിച്ചില്ല. സര്‍ക്കാരിന്റെ തെറ്റായ നടപടികളെ തുടര്‍ന്നുണ്ടാകുന്ന നഷ്ടങ്ങള്‍ക്കുള്ള ബാധ്യത നികുതിദായകര്‍ക്കുണ്ടാവില്ലെന്നും അതെല്ലാം ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഏറ്റെടുക്കുമെന്നും ഉറപ്പ് നല്കി.


ഇതുകൂടി വായിക്കൂ: ഇന്ത്യയെ കാത്തിരിക്കുന്നത് പണപ്പെരുപ്പം


സിലിക്കണ്‍വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്കിടയാക്കിയതിന് പ്രധാന കാരണം ടെക്നോളജി ഓഹരി നിക്ഷേപകരിലുണ്ടായ തിരിച്ചടികളും പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ഫെഡറല്‍ റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ തുടര്‍ച്ചയായി വരുത്തിയ വര്‍ധനവുമായിരുന്നു. ഇടപാടുകാരുടെ നിക്ഷേപം വിനിയോഗിച്ച് കോടിക്കണക്കിന് ഡോളര്‍ മുടക്കിയാണ് ബോണ്ടുകളില്‍ നിക്ഷേപം നടത്തിയത്. ഇത്തരം നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ബോണ്ട് നിക്ഷേപ പലിശനിരക്ക് താണനിലവാരത്തിലായിരുന്നപ്പോള്‍ തന്നെ പണപ്പെരുപ്പ പ്രതിരോധാര്‍ത്ഥം ഫെഡറല്‍ റിസര്‍വ് ഏര്‍പ്പെടുത്തിയ പലിശനിരക്കുകള്‍ അങ്ങേയറ്റം ഉയര്‍ന്ന നിലവാരത്തിലായി എന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. മാത്രമല്ല, എസ്‌വിബിയിലെ നിക്ഷേപകര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരായിരുന്നതുകൊണ്ട് അവര്‍ക്ക് പണമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നുമില്ല. അവര്‍ മുതല്‍മുടക്കിയിരുന്നത് ഉടനടി പ്രതിഫലം ഉറപ്പാക്കാനാവാത്ത സംരംഭങ്ങളിലുമായിരുന്നു. ആദ്യഘട്ടത്തില്‍ വായ്പയായി കിട്ടിയിരുന്ന വെന്‍ചര്‍ മൂലധനം തീര്‍ത്തും വിനിയോഗിക്കപ്പെട്ടിരുന്ന സാഹചര്യത്തില്‍ സംരംഭങ്ങളുമായി മുന്നോട്ടുപോകാന്‍ ബാങ്കിനെ ആശ്രയിക്കുകയല്ലാതെ മറ്റൊരു പഴുതും അവര്‍ക്കുമുന്നില്‍ അവശേഷിച്ചിരുന്നില്ല. അപ്പോഴേക്ക് എസ്‌വിബിയും പ്രതിസന്ധിയുടെ ആഘാതത്തില്‍ അകപ്പെട്ടുപോവുകയും ചെയ്തു എന്നതാണ് വസ്തുത. ഇതിനിടെ മറ്റു വഴികളിലൂടെ പണം കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയിക്കുകയുണ്ടായില്ല.
സിലിക്കണ്‍വാലി ബാങ്കിനെ സംബന്ധിച്ചിടത്തോളം രണ്ടു വലിയ പ്രശ്നങ്ങളാണ് ഇനിയും അവശേഷിക്കുന്നത്. ഇവയ്ക്കു പരിഹാരം താമസിയാതെ കണ്ടെത്തിയില്ലെങ്കില്‍ 2008 ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ ആദ്യത്തേത് 2,50,000 ഡോളര്‍ വരുന്ന നിക്ഷേപങ്ങള്‍ ഉടനടി ഇന്‍ഷ്വര്‍ ചെയ്യുകയാണ്. കാലതാമസമുണ്ടായാല്‍ ബാങ്കിങ് പ്രതിസന്ധി കൂടുതല്‍ ഗുരുതരവും വ്യാപകവുമായി മാറുകതന്നെ ചെയ്യും.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ – ഭാവി എന്ത് ?


സിലിക്കണ്‍വാലി ബാങ്കിന്റെയും തൊട്ടുപിന്നാലെ നടന്ന സിഗ്നേച്ചര്‍ ബാങ്കിന്റെയും തകര്‍ച്ച ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയെയും അതിലൂടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥകളെയും ഏതു വിധേന ബാധിക്കുമെന്നതാണ് പ്രാധാന്യത്തോടെ കാണേണ്ടകാര്യം. കേന്ദ്ര വാര്‍ത്താ വിതരണ സാങ്കേതികകാര്യ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും പ്രശ്നത്തിന്റെ ആഘാതം സംബന്ധമായി അവരുമായി ആശയവിനിമയം നടത്തുകയുമുണ്ടായി. മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന ഇന്ത്യയിലെ 21 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എസ്‌വിബിയുമായി ഇടപാടുകളുണ്ടെന്നാണ്. അവയുടെ ആസ്തിമൂല്യം 20900 കോടി ഡോളറും നിക്ഷേപത്തുക 17540 കോടി ഡോളറും 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഉണ്ടായിരുന്നുവത്രെ. ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കിട്ടുന്ന നേരിയൊരു ആശ്വാസം, യുഎസ് ഭരണകൂടം നടത്തിയിരിക്കുന്ന നേരിട്ടുള്ള ഇടപെടലുകളും അതിനെത്തുടര്‍ന്ന് ലഭ്യമായിരിക്കുന്ന ഗ്യാരന്റിയുമാണ്. ഈ വസ്തുത ആധികാരികതയോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഡള്ളസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന എവറസ്റ്റ് ഗ്രൂപ്പ് സിഇഒ പീറ്റര്‍ ബെന്‍ഡര്‍-സാമുവലാണ്. അതേ അവസരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് പ്പുകള്‍ അമിതമായ ആത്മവിശ്വാസം പുലര്‍ത്തുന്നത് ആപത്തായിരിക്കുമെന്ന് ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ തോളന്‍സിന്റെ ചെയര്‍മാന്‍ അവിനാഷ് വസിഷ്ഠ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹ്രസ്വകാലയളവിലേക്കെങ്കിലും പ്രതിസന്ധിയുടെ ആഘാതം നിസാരമായിരിക്കുമെന്ന് കരുതേണ്ടതില്ലെന്നുതന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിശിഷ്യ, എസ്‌വിബിയില്‍ അക്കൗണ്ടുകളുള്ള സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപതുക 2,50,000 ഡോളറില്‍ താഴെയാണെങ്കില്‍.
എവറസ്റ്റ് ഗ്രൂപ്പ് സിഇഒ ബെല്‍ഡര്‍ സാമുവല്‍, സ്റ്റാര്‍ട്ടപ്പുകളോട് അഭ്യര്‍ത്ഥിക്കുന്നത്, സ്വന്തം ഇടപാടുകാരുടെ ആശങ്കകള്‍ പരിധിവിടാതെ ശ്രദ്ധിക്കണമെന്നു തന്നെയാണ്. എസ്‌വിബിയുടെ തകര്‍ച്ചയില്‍ നിന്നും കരകയറാനും ഫണ്ട് സ്വരൂപിക്കാനും തങ്ങള്‍ക്ക് കഴിയുമെന്നുതന്നെ വേണം സ്റ്റാര്‍ട്ടപ്പുകള്‍ ഇടപാടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടത്. അതായത്, സ്വന്തം അടിത്തറയുടെ പുനരുജ്ജീവനം മെല്ലെയാണെങ്കില്‍ തന്നെയും അത് നടക്കുമെന്നും ആ അടിത്തറ തീര്‍ത്തും തകരില്ലെന്നും ഇടപാടുകാര്‍ക്ക് ബോധ്യപ്പെടുകതന്നെ വേണം എന്നര്‍ത്ഥം.


ഇതുകൂടി വായിക്കൂ: സിലിക്കണ്‍വാലിയില്‍ മറ്റൊരു മിന്നുംതാരം കത്തിയമരുന്നു; തട്ടിപ്പിന്റെയും വഞ്ചനയുടെയും പേരില്‍ വിചാരണ നേരിട്ട് ഹോംസ്


എസ്‌വിബിയുടെയും സിഗ്നേചര്‍ ബാങ്കിന്റെയും തകര്‍ച്ചയില്‍ നിന്നും നാം ചില പാഠങ്ങള്‍ പഠിച്ചേതീരൂ. 2008ലെ ഗുരുതരമായ വിധത്തിലുള്ള വാള്‍സ്ട്രീറ്റ് തകര്‍ച്ച ഇനിയും ആവര്‍ത്തിക്കരുതല്ലോ. ഈ സാധ്യത ഏതായാലും ഒഴിവാക്കാനായതില്‍ നമുക്കാശ്വസിക്കുകയുമാകാം. കോണ്‍സ്റ്റെലേഷന്‍ റിസര്‍ച്ച് ഇന്‍കോര്‍പറേറ്റ് എന്ന സ്ഥാപനത്തിന്റെ സ്രഷ്ടാവും വിശകലന വിദഗ്ധനുമായ ആര്‍ റേ വാങ്ങ് അഭിപ്രായപ്പെട്ടിരിക്കുന്നത് യുഎസിലെ തന്നെ വന്‍കിട ബാങ്കുകളായ സിറ്റി ബാങ്ക്, ചേസ് ബാങ്ക്, ബാങ് ഓഫ് അമേരിക്ക വെല്‍സ് ഫാര്‍ഗൊ തുടങ്ങിയവയ്ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ ധനസഹായവുമായി രംഗത്തുവരാന്‍ കഴിയുമെന്നാണ്. ഇതിനുപുറമെ, നമുക്ക് കൂടുതല്‍ പ്രാദേശിക ബാങ്കുകളുമാകാം.
ആധുനിക സാങ്കേതിക വ്യവസായ ശൃംഖലകളുടെ ഒരു കൂട്ടായ്മ രൂപീകരിക്കപ്പെടുകയും അവയ്ക്കു കീഴില്‍ ഒരു ബോര്‍ഡിന്റെ നിയന്ത്രണത്തിന് വിധേയമായ വിധത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകൃതമാവുകയും ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ വരണം. ഇത്തരമൊരു ബോര്‍ഡിനു കീഴില്‍ ട്രഷറി മാനേജ്മെന്റ് ഫണ്ട് സ്വരൂപിക്കല്‍ പ്രക്രിയ, ലഭ്യമാകുന്ന ഫണ്ടിന്റെ കാര്യക്ഷമമായ വിനിയോഗം, ഫെഡറല്‍ റിസര്‍വുമായി കൃത്യമായ ആശയവിനിമയം തുടങ്ങിയവയ്ക്കായി പ്രത്യേകം സബ് കമ്മിറ്റികളും വേണം. മാത്രമല്ല, ഓരോ സ്റ്റാര്‍ട്ടപ്പും വേറെവേറെ പ്ലാനിങ് നടത്തുന്നതിനുപകരം ധനകാര്യ പ്ലാനിങ് ധനകാര്യ സ്ട്രാറ്റജി നിര്‍ണയം ഫണ്ട് ശേഖരണവും വിനിയോഗവും, ലഭ്യമായ ഫണ്ടുകളുടെ മുന്‍ഗണനാക്രമം നിര്‍ണയിക്കല്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത മേഖലകളില്‍ ഒരു കേന്ദ്രീകൃത സംവിധാനവും അനിവാര്യമാണ്. യുക്തിസഹവും കാര്യക്ഷമവുമായ ഫണ്ട് മാനേജ്മെന്റിനായിരിക്കണം മുന്തിയ പരിഗണന നല്‍കേണ്ടത്. ഉടനടി ഈ മേഖലയില്‍ സ്ഥിരത സ്ഥാപിതമായില്ലെങ്കില്‍ ആഗോള വിപണികളിലെല്ലാം പ്രതിസന്ധി വ്യാപിക്കുക തന്നെ ചെയ്യും. ഇന്ത്യക്കും അതില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.