2 March 2024, Saturday

Related news

March 2, 2024
February 28, 2024
February 16, 2024
February 14, 2024
February 12, 2024
January 29, 2024
January 28, 2024
January 24, 2024
January 24, 2024
January 23, 2024

പ്രതിപക്ഷ ഐക്യവും ആത്മവിശ്വാസവും പ്രകടമായ ചര്‍ച്ച

Janayugom Webdesk
August 12, 2023 5:00 am

ണിപ്പൂരിലെ വംശീയകലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കേന്ദ്ര സർക്കാരിനുമെതിരെ പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യം ലോക്‌സഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേൽ മൂന്നുദിവസങ്ങളായി നടന്ന ചർച്ച രാജ്യത്തെ നിയമവാഴ്ചയുടെയും ഭരണയന്ത്രത്തിന്റെയും സമ്പൂർണ തകർച്ച തുറന്നുകാട്ടുന്നതിൽ വിജയിച്ചു. ലോക്‌സഭയിൽ ബിജെപിക്കുള്ള ഭൂരിപക്ഷംമൂലം അവിശ്വാസ പ്രമേയം വിജയിക്കില്ലെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് പ്രതിപക്ഷ സഖ്യം അതിന് മുതിർന്നത്. മണിപ്പൂരിൽ ബിജെപി നേതൃത്വം നൽകുന്ന ഇരട്ടഎൻജിൻ ഭരണകൂടത്തിന്റെ പരാജയം ജനങ്ങളെ ബോധ്യപ്പെടുത്താനും സമാനതകളില്ലാത്ത വംശീയകലാപത്തിൽ ബിജെപി സർക്കാരുകളുടെ പങ്ക് തുറന്നുകാട്ടാനും അവിശ്വാസ പ്രമേയ ചർച്ച പ്രതിപക്ഷത്തിന് അവസരം നൽകി. ചർച്ചയ്ക്ക് മറുപടിയായി പ്രധാനമന്ത്രി നടത്തിയ രണ്ടുമണിക്കൂർ പതിമൂന്ന് മിനിറ്റ് നീണ്ട പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയ ഒരുമണിക്കൂർ നാല്പതുമിനിറ്റിനുള്ളില്‍ ഒരിക്കലെങ്കിലും മണിപ്പൂരിന്റെ പേരു പോലും പരാമർശിക്കാൻ അദ്ദേഹം തയ്യാറായില്ല. പ്രതിപക്ഷം ഇറങ്ങിപ്പോയതിനുശേഷം മാത്രമാണ് മണിപ്പൂരിനെപ്പറ്റി അല്പസമയം പരാമർശിക്കാൻ പ്രധാനമന്ത്രി തുനിഞ്ഞത്. മണിപ്പൂർ വംശീയ കലാപം ആരംഭിച്ച് നൂറുദിവസം പിന്നിടുമ്പോഴും അവിടെ സമാധാനം പുനഃസ്ഥാപിക്കാനോ സ്ത്രീകളും കുട്ടികളുമടക്കം ജനതയ്ക്ക് സുരക്ഷിതബോധം പകർന്നുനൽകാനോ ഇരട്ടഎൻജിൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. മണിപ്പൂർ പൊലീസും കേന്ദ്രസേനയായ അസം റൈഫിൾസും പരസ്പരം ഏറ്റുമുട്ടാവുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. വംശീയ കലാപത്തിൽ ഇരകളാക്കപ്പെട്ട സ്ത്രീകളെ മണിപ്പൂർ പൊലീസ് അക്രമികൾക്ക് വിട്ടുനൽകിയ സംഭവങ്ങൾപോലും റിപ്പോർട്ട് ചെയ്യപ്പെട്ടു. അവ പരാമർശിക്കാനോ അപലപിക്കാനോ പോലും മുതിരാതെ 10 വർഷത്തോളമായി പ്രതിപക്ഷത്തുള്ള കോൺഗ്രസിനു മേൽ കലാപത്തിന്റെ ഉത്തരവാദിത്തം കെട്ടിയേല്പിക്കാനാണ് മോഡി മുതിർന്നത്.


ഇതുകൂടി വായിക്കൂ: ഹരിയാന മറ്റൊരു മണിപ്പൂര്‍ ആകരുത്


മൈതാനപ്രസംഗത്തിനു സമാനമായ രണ്ടുമണിക്കൂറിലേറെ നീണ്ട മറുപടിയിൽ ഉടനീളം ആത്മപ്രശംസയിലാണ് മോഡി വ്യാപരിച്ചത്. 2014ൽ അധികാരത്തിൽ വന്നതിനുശേഷം ശൂന്യതയിൽനിന്നും രാജ്യത്തെ പടുത്തുയർത്തിയ മാന്ത്രിക പ്രതിഭാസമാണ് താനെന്ന് വരുത്തിത്തീർക്കാനുള്ള പാഴ്ശ്രമമാണ് മോഡി നടത്തിയത്. മൂന്നാം തവണയും താൻ അധികാരത്തിൽ വരുമെന്നും വരാൻപോകുന്ന 1000 കൊല്ലത്തെപ്പറ്റിയും വാചാലനായ മോഡി താൻ അധികാരത്തിൽ വരുംമുമ്പ് രാജ്യം കൈവരിച്ച നേട്ടങ്ങളെ പതിവുപോലെ തമസ്കരിക്കാനാണ് ശ്രമിച്ചത്. തന്റെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യ വാഴ്ചയ്ക്കു നേരെ പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യം ഉയർത്തുന്ന വെല്ലുവിളി തിരിച്ചറിഞ്ഞുകൊണ്ടുള്ള കടന്നാക്രമണത്തിനാണ് മോഡി തന്റെ പ്രസംഗത്തിൽ ഏറെയും തുനിഞ്ഞത്. അതുകൊണ്ടുതന്നെ അവിശ്വാസ പ്രമേയത്തിന്റെ കാതൽവിഷയത്തിലേക്ക് കടക്കാതെ കോൺഗ്രസിനും പ്രതിപക്ഷ സഖ്യത്തിനുമെതിരായ ആരോപണങ്ങളിൽ മുഴുകുകയായിരുന്നു മോഡി. വരാൻപോകുന്ന തെരഞ്ഞെടുപ്പിൽ തനിക്കും തന്റെ സര്‍ക്കാരിനും ബിജെപിക്കും ഏതുവിധേനയും വിജയം ഉറപ്പിക്കാൻ ഭരണഘടനയ്ക്കും ജനാധിപത്യമര്യാദകൾക്കും പരമോന്നത നീതിപീഠത്തിന്റെ വിധികൾക്കും തെല്ലും വിലകല്പിക്കാതെ നടത്തുന്ന കുത്സിത നടപടികളുമായി ചേർത്തുവേണം മോഡിയുടെ മൈതാനപ്രസംഗം വിശകലനത്തിനും വിലയിരുത്തലിനും വിധേയമാക്കാൻ. പ്രതിപക്ഷ നേതാക്കളെയും അംഗങ്ങളെയും സഭയിൽനിന്ന് പുറത്താക്കുന്നത്, മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം സംബന്ധിച്ച 1990ലെ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിഷന്റെ ശുപാർശയും സുപ്രീം കോടതിയുടെ സമീപകാല ഉത്തരവും അപ്പാടെ അവഗണിച്ചുകൊണ്ടുള്ള നിയമനിർമ്മാണം എന്നിവയെല്ലാം ഇന്ത്യൻ ജനാധിപത്യത്തിനും സ്വതന്ത്രവും നീതിപൂർവവും സമാധാനപരവുമായ തെരഞ്ഞെടുപ്പിനും നേരെ മോഡി ഉയർത്തുന്ന ഭീഷണികളിലേക്കാണ് വിരൽചൂണ്ടുന്നത്.


ഇതുകൂടി വായിക്കൂ: വീണ്ടും മണിപ്പൂരിനെക്കുറിച്ച് തന്നെ


മോഡിസർക്കാരിനെതിരായ അവിശ്വാസ ചർച്ച ശ്രദ്ധേയമാകുന്നത് പുതുതായി രൂപംകൊണ്ട പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തിൽ ഇതിനകം വളർത്തിയെടുക്കാൻ കഴിഞ്ഞ യോജിപ്പിന്റെ രാഷ്ട്രീയ അന്തരീക്ഷമാണ്. വ്യത്യസ്തവും വിഭിന്നങ്ങളുമായ ആശയങ്ങളും പ്രവർത്തനശൈലിയുമുള്ള രാഷ്ട്രീയപാർട്ടികൾക്ക് ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും നിയമവാഴ്ചയുടെയും സമാധാനപരമായ ദേശീയ ജീവിതത്തിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കാൻ ഒരുമിച്ചുനിൽക്കാനും പ്രവർത്തിക്കാനും ആവുമെന്ന പ്രതീക്ഷ ജനങ്ങൾക്ക് അവിശ്വാസ പ്രമേയ ചർച്ച നൽകുന്നു. ആ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മുഖ്യപ്രതിബന്ധം ബിജെപി ഭരണവും അവർ ഉയർത്തിപ്പിടിക്കുന്ന ഫാസിസ്റ്റ് ആശയങ്ങളും രാഷ്ട്രീയവുമാണെന്ന് സ്വയം ബോധ്യപ്പെടാനും ജനങ്ങളെ ബോധ്യപ്പെടുത്താനും ഇന്ത്യ സഖ്യത്തിന് വലിയൊരളവ് ഇതിനകം കഴിഞ്ഞിട്ടുണ്ട്. അവിശ്വാസ പ്രമേയ ചർച്ചയിലൂടെ കൈവരിച്ച ഐക്യവും ആത്മവിശ്വാസവും പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തിന്റെ നിർദിഷ്ട മുംബൈ സമ്മേളനത്തോടെ കൂടുതൽ ദൃഢതരമാവും എന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.