5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 1, 2024
October 30, 2024
October 29, 2024
October 28, 2024
October 27, 2024
October 23, 2024
October 21, 2024
October 19, 2024
October 18, 2024
October 14, 2024

നാശത്തിലാഴുന്ന ജനാധിപത്യം

Janayugom Webdesk
July 9, 2023 5:00 am

‘പണത്തിന് മാതൃരാജ്യമില്ല; ധനവിനിയോഗ വിദഗ്ധരിൽ നിന്നോ രാജ്യസ്നേഹവും മാന്യതയും കരുതേണ്ടതുമില്ല. ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം. ധനമൂലധനത്തിന്റെ വിശ്വാസപ്രമാണം ഇതാണ്’, നെപ്പോളിയനാണ് ഇങ്ങനെ പറഞ്ഞത്. വ്യാവസായിക, ബാങ്കിങ് മൂലധന ലയനം എന്ന മുതലാളിത്തത്തിന്റെ കടുംപിടിത്തത്തിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണ്. ജൂൺ എട്ടിന് ആർബിഐ പുറത്തിറക്കിയ വിജ്ഞാപനത്തിൽ തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടായിട്ടും വായ്പകളിൽ ബോധപൂർവം കുടിശിക വരുത്തിയവരുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്താൻ വാണിജ്യ ബാങ്കുകൾക്ക് അനുമതി നൽകി. അഞ്ച് വർഷങ്ങൾക്ക് ശേഷം ഇവരെ പുതിയ വായ്പകൾക്ക് യോഗ്യരുമാക്കി. ധനമൂലധനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രയോഗമിങ്ങനെയാണ്- ‘സമ്പത്ത് മികച്ച സേവകനാണ്, എന്നാൽ ക്രൂരനായ യജമാനനും’. ആഗോളവൽക്കരണ പ്രക്രിയ അസമത്വവും വ്യാപകവും ആഴമേറിയതുമായ വിള്ളലുകൾ പെരുകുന്നതും പ്രോത്സാഹിപ്പിക്കുന്നു. ധനമൂലധനം തീർക്കുന്ന ഭിന്നതകൾ ഫെഡറലിസത്തിൽ മാത്രമൊതുങ്ങുന്നില്ല. മതേതരവും ജനാധിപത്യവും സോഷ്യലിസവുമായി ബന്ധപ്പെട്ട എല്ലാറ്റിനും മതമൗലിക ഭീകരത വളർത്തുന്നു. രാജ്യത്തെ ജനാധിപത്യത്തിന്റെ അടിത്തറയെ അപകീർത്തിപ്പെടുത്താൻ, ഭരണഘടനയുടെ ശരിയായ വ്യാഖ്യാനങ്ങളെ നിഷേധിക്കുന്നു. രാജ്യത്തിന്റെ ഏകീകൃതവും സംയുക്തവുമായ സ്വഭാവത്തെ പ്രതിനിധീകരിക്കുന്ന ഫെഡറൽ ഘടനയും ദുർബലമാക്കുന്നു. ഏതെങ്കിലും പ്രാദേശിക സംരംഭമോ വേറിട്ട പദ്ധതികളോ പോലും അനുവദിക്കാൻ പാടില്ല എന്ന ചിന്തയിലാണ് കേന്ദ്രം. വിവിധ ചരക്കുകളുടെ ജിഎസ‌്ടി നിരക്ക് നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായി നൽകിയിരുന്നുവെങ്കിലും പിന്നീട് കേന്ദ്രം തട്ടിയെടുത്തു.

സംസ്ഥാന പ്രതിനിധികളെ ഉള്‍പ്പെടുത്തി ജിഎസ്‌ടി കൗൺസിൽ രൂപീകരിച്ചെങ്കിലും കേന്ദ്രം തീരുമാനിക്കുന്ന തുക സംസ്ഥാനങ്ങൾ അംഗീകരിക്കണം. ഇത് കേന്ദ്രത്തെ കൂടുതൽ ആശ്രയിക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിതരാക്കുന്നു. ക്രമേണ ഫെഡറലിസം ഇല്ലാതാകുകയും ചെറുകിട, ഇടത്തരം വ്യാപാരികളും വ്യവസായികളും ദുരിതങ്ങളിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും കേന്ദ്രം നിഷേധിക്കുകയാണ്. പാർലമെന്റ് പാസാക്കിയ നാല് ലേബർ കോഡുകളും ഇപ്പോൾ റദ്ദാക്കപ്പെട്ട മൂന്ന് കാർഷിക നിയമങ്ങളും വ്യക്തമായ തെളിവുകളാണ്. നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മുഴുവൻ തൊഴിൽ നിയമങ്ങളും ഇല്ലാതാക്കപ്പെട്ടു. പകരം 29 തൊഴിൽ നിയമങ്ങൾ ഉൾക്കൊള്ളുന്ന നാല് ലേബർ കോഡുകൾ നിലവിൽ വന്നു. സംസ്ഥാനത്തിനും കേന്ദ്രത്തിനും ഭരണഘടന നൽകുന്ന നിയമനിർമ്മാണത്തിനുള്ള അവകാശങ്ങളുള്ള കൺകറന്റ് ലിസ്റ്റിലാണ് തൊഴിലാളി. എന്നാൽ കേന്ദ്രം കോർപറേറ്റ് മേഖലയ്ക്കായി നിലകൊള്ളുകയും തൊഴിലാളിയെ നിയമിക്കാനുള്ള അവകാശം, ജോലി തീർക്കാനുള്ള അവകാശം, നിശ്ചിത കാലാവധി തൊഴിൽ, ജോലി സമയം വർധിപ്പിക്കൽ, മിനിമം വേതന മാനദണ്ഡങ്ങൾ ലഘുവാക്കൽ എന്നിവ കുത്തക താല്പര്യങ്ങൾക്ക് അനുസൃതമായി അവതരിപ്പിച്ചു. ഈ കോഡുകൾ നടപ്പിലാക്കുന്നതിനായി അവയ്ക്ക് കീഴിലുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾ നിർബന്ധിതരായി. സംസ്ഥാന ലിസ്റ്റിന് കീഴിലുള്ള മൂന്ന് കാർഷിക നിയമങ്ങൾ കർഷകരുടെ കടുത്ത സമ്മർദം മൂലം മാത്രമാണ് റദ്ദാക്കപ്പെട്ടത്.


ഇതുകൂടി വായിക്കൂ: രണ്ടു സാമ്പത്തിക കുറ്റകൃത്യങ്ങള്‍


പ്രതിസന്ധി ഘട്ടങ്ങളിൽ കേന്ദ്രം അർഹരായവരെ അംഗീകരിക്കുകയോ ധനസഹായം നൽകുകയോ ചെയ്യുന്നില്ല. ഇതിനായി അനുവദിച്ചതും അനുവദിക്കേണ്ടതുമായ ക്ഷേമനിധികൾ വൈകിപ്പിക്കുന്നു. സംസ്ഥാനങ്ങൾക്ക് അനിവാര്യമായ സാമ്പത്തിക സഹായം ഉൾപ്പെടെ നിഷേധിക്കുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിക്കുന്ന കേന്ദ്ര ഫണ്ട് ഒരിക്കലും പര്യാപ്തമല്ല. സംസ്ഥാനങ്ങളെ എല്ലായ്പ്പോഴും വലിയ കടങ്ങൾ പൊതിയുന്നു. വിദ്യാഭ്യാസ പരിപാടികൾ, പട്ടികജാതി-വർഗക്കാർക്കുള്ള സ്കോളർഷിപ്പുകൾ, മാതൃ-ശിശു പോഷകാഹാര പദ്ധതികൾ, ന്യൂനപക്ഷ വികസനം തുടങ്ങി നിരവധി പദ്ധതികൾ ഇല്ലാതാക്കുന്നു. സംസ്ഥാനങ്ങളുടെ ക്ഷേമനിധി ഇല്ലാതാകുമ്പോൾ സാമ്പത്തിക സ്ഥിതി തകരും. സംസ്ഥാനങ്ങൾ ദുർബലമാകും. കൂടുതലായി കേന്ദ്രത്തിനെ ആശ്രയിക്കേണ്ടി വരും. വർഗീയത വളർത്തി, ശിഥിലീകരണത്തിന് വഴിയൊരുക്കുന്ന തീവ്ര ഹിന്ദുത്വ ആശയങ്ങളുടെ ഇടപെടലും രാജ്യത്ത് വളരുന്നു. ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും അർത്ഥം ഇല്ലാതാകണമെന്നതാണ് ലക്ഷ്യം. യുദ്ധങ്ങളെ മഹത്വവൽക്കരിച്ച് അടിച്ചേല്പിക്കുന്ന കപട ദേശസ്നേഹ വികാരങ്ങളുമുണ്ട്. പ്രതിരോധ മേഖലയെയും ചേർന്നുള്ള ഉല്പാദനങ്ങളെയും സ്വകാര്യവൽക്കരിച്ചും വിദേശ മൂലധനം അനുവദിച്ചും അമേരിക്കയ്ക്ക് വിധേയപ്പെട്ടും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ദുർബലപ്പെടുത്താനും ഭരണകൂടം തന്നെ പരിശ്രമിക്കുന്നു.

ആർട്ടിക്കിൾ 370 ഇല്ലാതായപ്പോൾ ക്രൂരമായ വിഭജന ശ്രമങ്ങളുടെ തുടർച്ച ഓർമ്മപ്പെടുത്തി. ജനാധിപത്യ സ്ഥാപനങ്ങൾക്കെതിരെയും ഭിന്നിപ്പിന്റെ അജണ്ടയാണ് പിന്തുടരുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ ജനാധിപത്യ ഘടന തച്ചുടച്ച്, ആർഎസ്എസ് പ്രത്യയശാസ്ത്രം കൊണ്ട് തലച്ചോർ മരവിച്ചവരെ തലവന്മാരായും സുപ്രധാന തീരുമാനങ്ങളെടുക്കുന്നവരായും നിയമിച്ചു. ഗവേഷണ സ്ഥാപനങ്ങളുടെ തലവന്മാരെയും വൈസ് ചാൻസലർമാരെയും ഡയറക്ടർമാരെയും നിയമിക്കുന്ന കാര്യത്തിൽ മാത്രമല്ല, വിവിധ കമ്മിഷനുകളുടെയും കൗൺസിലുകളുടെയും അധികാരികളെയും പൊലീസ് സേനകളിലും സിബിഐ, ഇഡി തുടങ്ങിയ വിഭാഗങ്ങളെ സംബന്ധിച്ചും ഇത് ദൃശ്യമാണ്. എല്ലായിടത്തും ആശയപരമായ ആക്രമണം നടത്തുന്ന കേന്ദ്ര ഭരണകൂടം വർത്തമാനം മാത്രമല്ല, ചരിത്രത്തെയും അപഹസിച്ച് മുന്നേറുകയാണ്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.