19 December 2024, Thursday
KSFE Galaxy Chits Banner 2

പത്രാധിപര്‍

Janayugom Webdesk
July 24, 2022 6:30 am

കൗമുദി വാരികയില്‍ ‘പത്രാധിപരോട് ചോദിക്കാ‘മെന്ന ചോദ്യോത്തര പംക്തിയില്‍ ‘താങ്കളാണോ മികച്ച പത്രാധിപര്‍?’ എന്ന ചോദ്യത്തിന് കെ ബാലകൃഷ്ണന്‍ നല്‍കിയ മറുപടി ഇങ്ങനെ; ‘അല്ലേ അല്ല, കേരളത്തില്‍ ഒരു പത്രാധിപര്‍ മാത്രമേയുള്ളു. അയാള്‍ ഏകലങ്ങനായി (കാമ്പിശേരിയുടെ ഒരു ശ്വാസകോശം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു) കൊല്ലത്ത് ജനയുഗത്തിന്റെ ഓഫീസില്‍ ഇരിപ്പുണ്ട്. ബ്ലിട്‌സിന്റെ പത്രാധിപര്‍ ആര്‍ കെ കരഞ്ജിയയ്ക്ക് ഇവന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയില്ല’ എന്നായിരുന്നു. കെ ബാലകൃഷ്ണന്റെ വാക്കുകളില്‍ അതിശയോക്തി ഉണ്ടോ ഇല്ലയോ എന്നറിയില്ല. പക്ഷേ കാമ്പിശേരിയെന്ന ബഹുമുഖ വ്യക്തിത്വത്തെ അപഗ്രഥിക്കുന്ന ഒരാള്‍ക്ക് അത് ശരിയായ വിലയിരുത്തലാണെന്ന് പറയാം.
തിരുവനന്തപുരം തമ്പാനൂരില്‍ സി പി സത്രത്തിന് മുന്നിലെ സര്‍ സി പി പ്രതിമ അടിച്ച് തകര്‍ത്ത് ചാക്കില്‍കെട്ടി വച്ചിരിക്കുന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് പത്രപ്രവര്‍ത്തകനെന്ന നിലയില്‍ കാമ്പിശ്ശേരിയുടെ അരങ്ങേറ്റം. തിരുവിതാംകൂര്‍ അടക്കിവാണ സര്‍ സി പിയെ ബാധിക്കുന്ന ഒരു വാര്‍ത്ത കൊടുക്കണമെങ്കില്‍ അതും ഒരു തുടക്കക്കാരന് അസാമാന്യമായ ചങ്കൂറ്റം വേണം. വാര്‍ത്ത വന്നതോടെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ ചെല്ലപ്പന്‍പിള്ളയുടെ ഉടമസ്ഥതതയിലുള്ള ‘യുവകേരളം’ പത്രം അടച്ചുപൂട്ടി. പത്രാധിപന്മാര്‍ ഒളിവിലുമായി. മൂക്ക് മുറിഞ്ഞ് സര്‍ സിപി നാണം കെട്ട് തിരുവിതാംകൂര്‍ വിട്ടശേഷം മാത്രമാണ് ആ പത്രം പിന്നെ തുടങ്ങാന്‍ കഴിഞ്ഞത്.


ഇതുകൂടി വായിക്കൂ:   എന്റെ എഡിറ്റര്‍മാര്‍


കാമ്പിശ്ശേരി പിന്നീട് ‘രാജ്യാഭിമാനി’, ‘വിശ്വകേരളം’, ‘പൗരധ്വനി’, ‘കേരളം’ തുടങ്ങി ആദ്യകാല പത്രങ്ങളില്‍ ലേഖകനായി ജോലി ചെയ്തു. 1954ല്‍ ആണ് ജനയുഗത്തില്‍ ചേര്‍ന്നത്. അപ്പോഴേയ്ക്ക് ‘ജനയുഗം’ രാഷ്ട്രീയ വാരിയില്‍ നിന്ന് ദിനപ്പത്രത്തിലേയ്ക്ക് മാറിക്കഴിഞ്ഞു. 58ല്‍ ‘ജനയുഗം’ വാരിക ആരംഭിച്ചു. അതിന്റെ ആദ്യ പത്രാധിപര്‍ വൈക്കം ചന്ദ്രശേഖരന്‍നായരായിരുന്നു. 63ല്‍ വൈക്കം സ്ഥാനമൊഴിഞ്ഞപ്പോള്‍ കാമ്പിശേരി ആ സ്ഥാനം ഏറ്റെടുത്തു. പിന്നീടുള്ള 14 വര്‍ഷം കൊണ്ട് (1963–77) ജനയുഗത്തിന്റെ കുതിച്ചുചാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.
കാമ്പിശ്ശേരി എന്ന പത്രാധിപരെ പറ്റി കാമ്പിശ്ശേരി കൃതികളുടെ ആമുഖത്തില്‍ സി അച്യുതമേനോന്‍ എഴുതിയ വാക്കുകള്‍ ശ്രദ്ധേയമാണ്. ‘ഒരു പത്രം നടത്തുക, അതും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയതുപോലെയുള്ള ഒരു പത്രം എന്നുവച്ചാല്‍ വേണ്ടത്ര മൂലധനവും സജ്ജീകരണവുമില്ലാതെയും തൊട്ടതിനൊക്കെ വിലക്കും നിയന്ത്രണവുമായി നടത്തുക എന്ന് പറയുന്നത് ഏറെ ബദ്ധപ്പാടുള്ള കാര്യമാണെന്ന് അതുമായി ഏതെങ്കിലും തരത്തില്‍ ഇടപെടേണ്ടിവന്നിട്ടുള്ളവര്‍ക്കൊക്കെയറിയും. പുറമെ നില്‍ക്കുന്നവര്‍ക്കും കുറച്ചൊക്കെ ഊഹിക്കാം. ഈ ബദ്ധപ്പാടിനിടയിലാണ് കാമ്പിശ്ശേരി തന്റെ മിക്ക ലേഖനങ്ങളും എഴുതിയിട്ടുള്ളതെന്ന് നാം മറക്കരുത്’.
പ്രശസ്ത യുക്തിവാദിയും എഴുത്തുകാരനുമായ ഇടമറുക് പറഞ്ഞതിങ്ങനെ- ‘കേരളം കണ്ടിട്ടുള്ള അതുല്യരായ പത്രപ്രവര്‍ത്തകരിലൊരാളാണ് കാമ്പിശ്ശേരി. നൂറ് കണക്കിന് വാരികകളും മാസികകളും ഉള്ള കേരളത്തില്‍ തനതായ ശൈലിയില്‍ ഒരു വാരിക വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വായനക്കാരുടെ നാഡിമിടിപ്പ് ഇതുപോലെയറിയാവുന്ന മറ്റൊരാളെ കാണാന്‍ പ്രയാസമാണ്. ജനയുഗം വാരികയിലെ ഓരോ ലേഖനത്തിലും കുറിപ്പിലും ആ കണ്ണ് ചെന്നിട്ടുണ്ടാവും.

പ്രശസ്ത നിരൂപകനായ കെ പി അപ്പന്‍ പറഞ്ഞത്- ‘കുന്നിന്റെ മുകളില്‍ പണിത ഗോപുരമാണ് കാമ്പിശ്ശേരിയെന്നാണ്’.
പത്രപ്രവര്‍ത്തനത്തെപ്പറ്റി കാമ്പിശ്ശേരിയുടെ തത്വശാസ്ത്രം ‘പത്രത്തിലെ നുണകള്‍’ എന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘വായനക്കാരന്റെ വാസനയ്ക്കൊത്ത് പത്രം നടത്തുകയാണോ, പത്രത്തിന്റെ വീക്ഷണത്തിനൊത്ത് വായനക്കാരനെ വളര്‍ത്തുകയാണോ വേണ്ടതെന്നുള്ളത് ഭൂമുഖത്ത് പത്രമാരംഭിച്ചകാലം മുതല്‍ ഉള്ള ചര്‍ച്ചാവിഷയമാണ്. രണ്ട് തലയ്ക്കുനിന്നും പിടിച്ചിട്ട് കാര്യമില്ല, ഒരു ഒത്തുതീര്‍പ്പില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുകയാണ് ബുദ്ധിപൂര്‍വകമായ പ്രവൃത്തി’.
ജനയുഗം വാരിക 1,27,000 കോപ്പി വരെ അച്ചടിച്ച ലക്കങ്ങളുണ്ടായിരുന്നു. കൂടുതല്‍ പ്രിന്റ് ഓര്‍ഡര്‍ സ്വീകരിക്കാനുള്ള ശേഷി അന്ന് ജനയുഗം പ്രസ്സിനില്ലായിരുന്നു. ജനയുഗം ഓഫീസിന്റെ തിണ്ണയില്‍ വിതരണത്തിനായി കെട്ടിവച്ചിരുന്ന കെട്ടുകള്‍ ഗേറ്റിന് വെളിയില്‍ നിന്ന് അസൂയയോടെ കണ്ടുപോകുന്ന ആളുകളുണ്ടായിരുന്നു. അതിന്റെ പിന്നില്‍ കാമ്പിശ്ശേരിയുടെ മാജിക് എന്താണെന്നറിയാന്‍ അന്നത്തെ പ്രസാധകര്‍ക്ക് കൗതുകമായിരുന്നു. വാരികയിലെ ഉള്ളടക്കമാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ എന്നത് നിസ്തര്‍ക്കമാണ്. ജനയുഗത്തില്‍ വന്നുകൊണ്ടിരുന്ന ‘ചോദ്യോത്തര പംക്തി’ പലപ്പോഴും എഴുതി തയ്യാറാക്കിയത് കാമ്പിശേരി തന്നെയായിരുന്നു. ‘ഡോക്ടറോട് ചോദിക്കാം’, ‘വത്സല ചേച്ചി’ എന്നിവയിലെല്ലാം കാമ്പിശേരിയുടെ പൊടിക്കൈകള്‍ ഏറെയുണ്ടായിരുന്നു. ‘വത്സലചേച്ചി‘യെ കാണാന്‍ കടല്‍കടന്നെത്തിയ ദമ്പതികളെ കാമ്പിശ്ശേരി കൈകാര്യം ചെയ്ത രീതിയോര്‍ത്ത് പഴയ തലമുറയിലെ പലരും രസിക്കുന്നുണ്ടാവും. ജനങ്ങളുടെ മനസില്‍ ആ പംക്തികള്‍ എത്രമാത്രം ആഴത്തിലിറങ്ങിച്ചെന്നുവെന്നുവേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍. ‘‍ഡോക്ടറോട് ചോദിക്കാം’ എന്ന പംക്തി തന്നെ തുടങ്ങിവച്ചത് പ്രശസ്തനായ ഡോക്ടര്‍ രാമകൃഷ്ണന്‍ തമ്പിയായിരുന്നു.
പ്രേംനസീറിന്റെ പേരില്‍ പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് ചരിത്രം സൃഷ്ടിക്കുകതന്നെ ചെയ്തു. ഒന്നാംതരം റഫറന്‍സ് ഗ്രന്ഥമായിരുന്ന ഈ പതിപ്പ് പ്രേംനസീര്‍ മുന്നൂറ് സിനിമകളില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് പ്രസിദ്ധീകരിച്ചത്. അത് മുഴുവന്‍ വിറ്റുതീര്‍ന്നപ്പോള്‍ രണ്ടാമതും പതിപ്പ് അച്ചടിക്കേണ്ടിവന്നു. അതും അക്കാലത്ത് പുതുമയായിരുന്നു.
വാരിക അണിയിച്ചൊരുക്കുന്നതില്‍ ആര്‍ട്ടിസ്റ്റ് ഗോപാലന്റെ പങ്ക്എടുത്തുപറയേണ്ടതാണ്. ഗോപാലന്റെ വരകള്‍ സൗകുമാര്യവും സൗന്ദര്യവും നിറഞ്ഞു തുളുമ്പുന്നവയായിരുന്നു. ജനയുഗത്തെ ആകര്‍ഷകമാക്കുന്നതില്‍ ഈ വരകള്‍ ചില്ലറയൊന്നുമല്ല സഹായിച്ചത്. ഒരു പക്ഷേ കാമ്പിശ്ശേരിയുടെ മനസ്സ് ഗോപാലനെപ്പോലെ ഇത്രയധികം വായിച്ചറിഞ്ഞ മറ്റധികംപേരുണ്ടാകില്ലെന്നു തോന്നുന്നു. കാമ്പിശ്ശേരിയുടെ ജീവിതാന്ത്യം വരെ ഗോപാലന്‍ ജനയുഗത്തില്‍ തുടര്‍ന്നു.

വാരികയ്ക്ക് പിന്നാലെയാണ് ചലച്ചിത്ര മേഖലയ്ക്ക് ഗണ്യമായ സംഭാവന ചെയ്ത ‘സിനിരമ’യുടെ പ്രസിദ്ധീകരണം ആരംഭിച്ചത്. മലയാള സിനിമാരംഗത്ത് പില്‍ക്കാലത്ത് പ്രമുഖരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി, ബിച്ചു തിരുമല, വയലാര്‍, തോപ്പില്‍ഭാസി, പി പത്മരാജന്‍, ഭരണിക്കാവ് ശിവകുമാര്‍ തുടങ്ങി എത്രയോ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ സിനിരമ കാര്യമായ സംഭാവന ചെയ്തു. ഇതര ഭാഷാ സിനിമകളെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിലും സിനിരമ വഹിച്ച പങ്ക് വലുതാണ്. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥിരമായി വരുത്തിയിരുന്ന ഏക മലയാളം ചലച്ചിത്ര പ്രസിദ്ധീകരണം ‘സിനിരമ’യായിരുന്നുവെന്ന് പ്രഫ. ജോണ്‍ ശങ്കരമംഗലം ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.
തുടര്‍ന്നാണ് കുട്ടികളുടെ മാസികയായ ‘ബാലയുഗ’ത്തിന്റെ തുടക്കം. ഇതിനായി ഡല്‍ഹിയില്‍ ശങ്കേഴ്സ് വീക്കിലിയില്‍ വരച്ചുകൊണ്ടിരുന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ ജനയുഗത്തിലേയ്ക്ക് തിരിച്ചുവിളിച്ച് ചുമതല ഏല്‍പ്പിച്ചു. നേരത്തെ യേശുദാസന്‍ ജനയുഗത്തിന്റെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്നു. മലയാളത്തില്‍ ആദ്യമായി ‘പോക്കറ്റ് കാര്‍ട്ടൂണ്‍’ തുടങ്ങിയത് ജനയുഗമായിരുന്നു. ‘കിട്ടുമ്മാവന്‍’ എന്ന കാര്‍ട്ടൂണ്‍ പരമ്പര എത്ര വേഗമാണ് ജനപ്രീതിയാര്‍ജ്ജിച്ചത്. മലയാളത്തിലെ ഒരു ദിനപത്രത്തില്‍ ഒരു സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റിന് സ്ഥിരനിയമനം നല്‍കിയതും ജനയുഗമായിരുന്നു. ആ പരമ്പരയുടെ ആശയം സംഭാവന ചെയ്യുന്നതിലും കാമ്പിശേരിക്ക് പങ്കുണ്ടായിരുന്നു. പിന്നീട് യേശുദാസന്‍ ‘ശങ്കേഴ്സ് വീക്കിലി‘യിലേയ്ക്ക് ജോലി കിട്ടി പോകുകയായിരുന്നു.

 


ജനയുഗം നോവല്‍ പതിപ്പ് എന്ന ആശയവും കാമ്പിശ്ശേരിയുടേതായിരുന്നു. പത്രം ഓഫീസില്‍ പ്രസിദ്ധീകരണത്തിന് ലഭിക്കുന്ന നോവലുകളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഒരു പ്രോത്സാഹനം എന്ന നിലയില്‍ നോവല്‍ പതിപ്പ് തുടങ്ങുകയായിരുന്നു. ഒരു രൂപ വിലയ്ക്ക് ഒരു നോവല്‍ എന്നനിലയില്‍ അതിന് ഏറെ പ്രചാരവും ലഭിച്ചു. ‘ജനയുഗം ബുക്സ്’ എന്ന വിഭാഗവും പിന്നീട് തുടങ്ങി.
മലയാളത്തിലെ പ്രമുഖരായ പല എഴുത്തുകാരും കാമ്പിശേരിയുടെ കണ്ടെത്തലായിരുന്നു. തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മ്മകള്‍’ പ്രസിദ്ധീകരിച്ചത് ജനയുഗത്തിലാണ്. ശ്രീകുമാരന്‍ തമ്പിയുടെ ആദ്യ നോവലായ ‘കാക്കതമ്പുരാട്ടി’ പ്രസിദ്ധീകരിച്ചത് ജനയുഗം ഓണം വിശേഷാല്‍പ്രതിയിലായിരുന്നു. അത് പുസ്തകമാക്കിയത് ജനയുഗം ബുക്സ് ആയിരുന്നു. ശ്രീകുമാരന്‍ തമ്പി ജോലി കിട്ടി മദ്രാസിലേയ്ക്ക് പോയപ്പോള്‍ അദ്ദേഹത്തെ സിനിരമയുടെ മദ്രാസ് ലേഖകനാക്കിയതും പ്രേംനസീറിന്റെ സഹായത്തോടെ ശിവാജിഗണേശനെ ഇന്റര്‍വ്യൂ ചെയ്തതും മറ്റും ശ്രീകുമാരന്‍ തമ്പി തന്നെ എഴുതിയിട്ടുണ്ട്. അതുപോലെ നിരവധി എഴുത്തുകാരെ വളര്‍ത്തുന്നതില്‍ ജനയുഗവും കാമ്പിശ്ശേരിയും വഹിച്ച പങ്ക് വലുതാണ്. പെരുമ്പടവം, പത്മരാജന്‍, കാക്കനാടന്‍, എംഡി രത്നമ്മ, സാറാ തോമസ് തുടങ്ങിയവരൊക്കെ അക്കൂട്ടത്തില്‍ പെടും.
ഒരു പരിഭാഷകനെന്ന നിലയില്‍ മലയാളത്തില്‍ പ്രശസ്തനായ എം എന്‍ സത്യാര്‍ത്ഥി കാമ്പിശ്ശേരിയുടെ കണ്ടെത്തലായിരുന്നു. അതേപ്പറ്റി സത്യാര്‍ത്ഥിയുടെ വാക്കുകള്‍ തന്നെ ഇവിടെ കുറിക്കാം ‘മലയാള ഭാഷയില്‍ തെറ്റുകൂടാതെ ഒരു വാചകമോ ഖണ്ഡികയോ എഴുതാന്‍ വശമില്ലാത്ത ഞാന്‍ ഏറ്റവും പുതിയ ഉറുദു കഥ വിവര്‍ത്തനം ചെയ്ത് ജനയുഗത്തിനയച്ചു. പ്രസിദ്ധീകരണയോഗ്യമല്ലാത്ത മാറ്റര്‍ ചവറ്റുകൊട്ടയിലെറിയുമെന്നും അല്ലാതെ പത്രാധിപര്‍ക്ക് എന്റെ പേരില്‍ പൊലീസ് നടപടിയെടുപ്പിക്കാന്‍ സാധിക്കുകയില്ലെന്നറിയാമായിരുന്നതുകൊണ്ടാണ് ഞാനങ്ങനെ ചെയ്തത്. എന്ത് അത്ഭുതം ഞാന്‍ അയച്ച വിവര്‍ത്തനം ജനയുഗം പ്രസിദ്ധീകരിച്ചു. അറിയാവുന്നത്ര ഭാഷകളിലെ മികച്ച പുതിയ കഥകള്‍ വിവര്‍ത്തനം ചെയ്തയയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പത്രാധിപര്‍ എനിക്കൊരു കാര്‍ഡും അയച്ചു. അതോടെ എന്റെ സാഹസം വര്‍ദ്ധിച്ചു. എന്നെ മലയാളം എഴുതാന്‍ പഠിപ്പിച്ച ഗുരു ജനയുഗമാണ്. എന്റെ വിവര്‍ത്തനം ആദ്യമായി ജനയുഗം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഞാന്‍ ഒരിക്കലും മലയാളത്തില്‍ എഴുതുമായിരുന്നില്ല’. ബംഗാളില്‍ കുറേക്കാലം താമസിച്ച സത്യാര്‍ത്ഥിക്ക് ബംഗാളി ഭാഷ നല്ല വശമാണെന്ന് കാമ്പിശേരി മനസ്സിലാക്കി. കാമ്പിശേരി അദ്ദേഹത്തെ ബിമല്‍ മിത്രയുടെ നോവല്‍ പരിഭാഷപ്പെടുത്താന്‍ ഏല്‍പ്പിച്ചു. മലയാളത്തിലെ വായനക്കാരെ ഏറെ ഹരംകൊള്ളിച്ച നോവലായിരുന്നു അത്. അതിലെ ദീപാങ്കുരനും ലക്ഷ്മിയേട്ടത്തിയും, സതിയും, ഘോഷാലും ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചു. തൊട്ടുപിന്നാലെ ‘ഇരുപതാം നൂറ്റാണ്ടും’ പ്രസിദ്ധീകരിച്ചു. രണ്ടര വര്‍ഷക്കാലം കൊണ്ടാണ് ‘വിലയ്ക്കുവാങ്ങാം’ എന്ന നോവലിന്റെ പ്രസിദ്ധീകരണം പൂര്‍ത്തിയായത്. രണ്ട് ഭാഗങ്ങളായി ജനയുഗം ബുക്സ് തന്നെ ‘വിലയ്ക്കുവാങ്ങാം’ പ്രസിദ്ധീകരിച്ചു. പ്രമുഖ എഴുത്തുകാരായ കിഷന്‍ ചന്ദറിനെയും യശ്പാലിനെയും മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തതും ജനയുഗം വാരികയാണ്.

ജനയുഗം ഓണം വിശേഷാല്‍പ്രതി വലിയ സംഭവമായിരുന്നു. അതിന്റെ അച്ചടിയും വിതരണവും ഉത്സവപ്രതീതി സൃഷ്ടിക്കുകയായിരുന്നു. ജനയുഗത്തിന്റെ ഏറ്റവും വിലപ്പെട്ട സംഭാവനകളിലൊന്നായിരുന്നു വിശേഷാല്‍പ്രതിയെന്നു പറയാം.
വള്ളികുന്നത്ത് തോപ്പില്‍ ഭാസിയോടും പുതുശേരി രാമചന്ദ്രനോടുമൊപ്പം തുടങ്ങിയ ‘ഭാരത തൊഴിലാളി’ എന്ന കയ്യെഴുത്ത് മാസികയുടെ പത്രാധിപര്‍ പില്‍ക്കാലത്ത് മലയാളത്തിലെ പ്രമുഖനായ പത്രാധിപരായത് ചരിത്രമാണ്. അന്ന് ആ കയ്യെഴുത്ത് മാസികയുടെ രൂപകല്പന മുതല്‍ ലേഔട്ടും പ്രൂഫും വരെയുള്ള കാര്യങ്ങള്‍ കാമ്പിശ്ശേരി ഒറ്റയ്ക്കാണ് കൈകാര്യം ചെയ്തതെന്ന് തോപ്പില്‍ ഭാസി എഴുതിയിട്ടുണ്ട്. ആ തുടക്കം ഒരിക്കലും പാഴായില്ല. തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, വയലാര്‍, ഒഎന്‍വി, തിരുനല്ലൂര്‍, തോപ്പില്‍ ഭാസി തുടങ്ങിയവരുടെ എഴുത്ത് പേജുകളെ സമൃദ്ധമാക്കി ജനയുഗം. കെ ബാലകൃഷ്ണന്‍, കൊട്ടാരക്കര ശ്രീധരന്‍നായര്‍ എന്നിവരെ കൊണ്ട് നിര്‍ബന്ധിച്ച് എഴുതിക്കുന്നതിലും കാമ്പിശ്ശേരിയുടെ പ്രത്യേക വിരുതുണ്ടായിരുന്നു. പുതിയ എഴുത്തുകാരുടെ എഴുത്തിലെ പോരായ്മകള്‍ തീര്‍ത്ത് ന്യായമായ പ്രതിഫലം നല്‍കി പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പി കെ മന്ത്രി, സോമനാഥന്‍, യേശുദാസന്‍ തുടങ്ങിയവരുടെ കാര്‍ട്ടൂണുകള്‍ ജനയുഗം വാരികയെ ഉല്‍കൃഷ്ടമാക്കി.


ഇതുകൂടി വായിക്കൂ: കിട്ടുമ്മാവനും യേശുദാസനും ജനയുഗവും


സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതകഥകള്‍ ജനയുഗത്തിന്റെ താളുകളില്‍ തിളങ്ങിനിന്നു. കള്ളന്‍ മൂസിനെയും ചമ്പല്‍ക്കൊള്ളക്കാരിയായി പുത്ത്‌ലി ഭായിയെയും മറ്റും ആദ്യം അവതരിപ്പിച്ചത് ജനയുഗമാണ്.
കുട്ടികളുടെ പംക്തി (ജനയുഗം ലീഗ് ബാലേട്ടന്‍), ഫലിതബിന്ദുക്കള്‍ (ഒരു നിമിഷം ജിക്കി), മിസ്റ്റര്‍ കുഞ്ചു (പി കെ മന്ത്രി), വൃത്തശില്പ വിചാരം (കെ കെ വാധ്യാര്‍), കേരളീയ ഗ്രാമങ്ങളിലൂടെ (കാട്ടാക്കട ദിവാകരന്‍), മധ്യപ്രദേശിലെ കൊള്ളക്കാര്‍ (ടി സി ആന്റണി), രക്തസാക്ഷികള്‍ (എം എന്‍ സത്യാര്‍ത്ഥി) തുടങ്ങിയവ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. എ ടി കോവൂരിന്റെയും ഇടമറുകിന്റെയും ലേഖനങ്ങള്‍ക്ക് ജനയുഗം നല്ല പ്രധാന്യം നല്‍കിക്കൊണ്ട് അന്ധഃവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തി. ആള്‍ദൈവങ്ങള്‍ക്കെതിരെ നിരന്തരമായ പോരാട്ടമാണ് ജനയുഗം നടത്തിയത്. ഒരിക്കല്‍ സത്യസായിബാബയെ വെല്ലുവിളിച്ചുകൊണ്ട് എ ടി കോവൂര്‍ വന്നതും ആ വെല്ലുവിളിയുടെ ഭാഗമായി എം എന്‍ ഗോവിന്ദന്‍ നായര്‍ മധ്യസ്ഥനാകാമെന്ന് പറഞ്ഞതുമൊക്കെ ജനയുഗം വായനക്കാരെ ആവേശം കൊള്ളിച്ച സംഭവമാണ്. കെ വേണുവിന്റെ ജീവനും ഉത്ഭവവും, ഭഗവത്ഗീത 20-ാം നൂറ്റാണ്ടില്‍ എന്നീ ലേഖനപരമ്പരകള്‍ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ശാസ്ത്രവിഷയങ്ങളിലെ വായനക്കാരെ തൃപ്തിപ്പെടുത്താനുപകരിച്ചു.
ജനയുഗം ദനപ്പത്രത്തില്‍ കാമ്പിശ്ശേരി എഴുതിയ ‘കല്‍ക്കി’, ‘കേട്ടീലയോ കിഞ്ചന വര്‍ത്തമാനം’ തുടങ്ങിയ പംക്തികള്‍ ഏറെ ശ്രദ്ധേയമായിരുന്നു. വായനക്കാര്‍ക്ക് ഗൗരവവും അതേസമയം നര്‍മ്മവും പ്രദാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ പംക്തികള്‍. കൂടെപ്പിറപ്പായ നര്‍മ്മത്തെ ജീവിതാവസാനം വരെ കൊണ്ടുനടന്ന കാമ്പിശ്ശേരിയുടെ ഇതിഹാസപൂര്‍ണമായ ജീവിതം കേവലം 55 വര്‍ഷം മാത്രമായിരുന്നുവെന്ന് ഓര്‍ക്കുമ്പോഴാണ് നാം അത്ഭുതപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.