പി എസ് സുരേഷ്

October 10, 2021, 5:00 am

കിട്ടുമ്മാവനും യേശുദാസനും ജനയുഗവും

Janayugom Online

”എന്തെടാ നിനക്കും കിട്ടിയോ തൊപ്പി?”

”മിനിയാന്ന് ഇതിലൊന്ന് എനിക്കും കിട്ടി.”

”തൊപ്പി വച്ചു ഉള്ളിലൊരിരുട്ട്, ഓടിച്ചെന്ന് രണ്ട് ബസിന്റെ ടയറും കുത്തിക്കീറി.”

ജനയുഗത്തിൽ പ്രത്യക്ഷപ്പെട്ട മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ പോക്കറ്റ് കാർട്ടൂണായ കിട്ടുമ്മാവന്റെ തുടക്കം ഇങ്ങനെയാണ്. വിമോചനസമരം കൊടുമ്പിരികൊണ്ട് നിൽക്കുന്ന വേളയിൽ ഈ ആക്ഷേപഹാസ്യ കാർട്ടൂണിന് വമ്പിച്ച പ്രചാരം കിട്ടി. വിമോചനസമരക്കാരുടെ സമരാഭാസത്തെ കളിയാക്കാനും രാഷ്ട്രീയമായി നേരിടാനും ഇതിൽകവിഞ്ഞ് എന്തുവേണം. അതൊരു മികച്ച തുടക്കമായിരുന്നു. പിന്നീട് അതൊരു ജൈത്രയാത്രയായി മാറി. ആറ് ദശാബ്ദക്കാലത്തെ സമകാലീന സംഭവവികാസങ്ങളുടെ നേർചിത്രം അതിലൂടെ വരച്ചുകാട്ടി. ജനയുഗത്തിൽ പ്രത്യക്ഷപ്പെട്ട ഈ കാർട്ടൂണിന്റെ തുടക്കത്തെപ്പറ്റി യേശുദാസന്റെ തന്നെ വാക്കുകൾ കേൾക്കാം.

”1959 ജൂലൈ 18ന് ബുധനാഴ്ച വെളുപ്പിന് 58-ാം വയസിൽ ജനയുഗത്തിന്റെ പുൽക്കൂട്ടിൽ കിട്ടുമ്മാവൻ ജനിച്ചു. കിട്ടുമ്മാവന്റെ യഥാർത്ഥ പിതാവ് ആരാണെന്നുള്ളത് ഇപ്പോഴും തർക്കമുള്ള വിഷയമാണ്. ഈ കടുംകൈക്ക് എനിക്ക് കൂട്ടുനിന്ന പല മാന്യന്മാരും ഇപ്പോൾ കൈമലർത്തുന്നു. എങ്കിലും എനിക്ക് പിതൃത്വം നിഷേധിക്കാനാവില്ല. ഈ കുറ്റം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു എന്നതിന്റെ കൂട്ടുത്തരവാദിത്തത്തിൽ നിന്ന് എൻ ഗോപിനാഥൻനായർ, ആർ ഗോപിനാഥൻനായർ, തെങ്ങമം ബാലകൃഷ്ണൻ, കാമ്പിശ്ശേരി കരുണാകരൻ എന്നീ മഹാരഥന്മാർക്ക് ഒഴിഞ്ഞുമാറാൻ കഴിയുമെന്ന് തോന്നുന്നില്ല” (ജനയുഗം റോട്ടറി ഉദ്ഘാടന സപ്ലിമെന്റ്).

 


ഇതുകൂടി വായിക്കൂ: ചിരിവരയുടെ തമ്പുരാന് പ്രണാമം


 

എന്നും 58 വയസുള്ള കിട്ടുമ്മാവൻ ജനിച്ചിട്ട് ഇപ്പോൾ 62 വർഷം കഴിഞ്ഞു. പക്ഷേ അമ്മാവന് അന്നും ഇന്നും 58 വയസേയുള്ളു. അദ്ദേഹത്തിന്റെ വയസിനും അഭിപ്രായങ്ങൾക്കും മാറ്റമുണ്ടായിട്ടില്ല. സൂര്യന് കീഴിലുള്ള എന്തിനെപറ്റിയും കിട്ടുമ്മാവൻ പ്രതികരിക്കും. യേശുദാസിന്റെ ഭാഷയിൽ പറഞ്ഞാൽ കുരുകുരുത്ത ആ നാക്കുകൊണ്ട് വേണ്ടാതീനമേ പറയാറുള്ളു. അത് ദിവസവും പറയും. 2021 സെപ്റ്റംബർ വരെ അതിന് മാറ്റമുണ്ടായില്ല. മന്നമോ മാഞ്ഞൂരനോ ആർ സുഗതനോ ആർ ശങ്കറോ നമ്പൂതിരിപ്പാടോ ലീലാദാമോദരമേനോനോ പമ്പള്ളിയോ ഇന്ദിരയോ മാവോയോ കരുണാകരനോ രാജീവ് ഗാന്ധിയോ മൻമോഹൻസിംഗോ സോണിയാഗാന്ധിയോ നരേന്ദ്രമോദിയോ ട്രമ്പോ ആരുമാകട്ടെ അമ്മാവൻ മുഖം നോക്കാതെ പറയാനുള്ളത് പറയും.

 

ഒരൊന്നാന്തരം നായർതറവാട്ടുകാരനാണ് കിട്ടുമ്മാവൻ. വ്യത്യസ്ത വിശ്വാസികളായ പൈലിയും ചെവിയൻ പപ്പുുവും മമ്മൂഞ്ഞും പാച്ചരൻ ഭാഗവതരും മാത്തനേഡും വേലുപ്പിള്ളയും കിണറ്റിൻകുഴിയും എല്ലാം കിട്ടുമ്മാവന്റെ സന്തത സഹചാരികൾ. ഭാര്യ കാർത്യായനിയുടെ ജനാധിപത്യവിരുദ്ധ ഭരണത്തിൻകീഴിൽ കിട്ടുമ്മാവൻ ഞെരിഞ്ഞുകഴിയുകയാണെന്നാണ് പുറമേ സംസാരം. അതിൽ സത്യമില്ലെന്നും പറയുന്നു.

 


ഇതുകൂടി വായിക്കൂ: വരകൊണ്ട് ചരിത്രം രചിച്ച യേശുദാസന്‍


 

പുരനിറഞ്ഞ് നിൽക്കുന്ന ശാന്തയെ ഏതെങ്കിലും കൊള്ളാവുന്ന വിദ്വാന്മാരുടെ കൂടെ പറഞ്ഞയക്കണമെന്നുള്ള കിട്ടുമ്മാവന്റെ ആഗ്രഹം നിറവേറിയിട്ടില്ല. ഒറ്റനോട്ടത്തിൽ തരക്കേടില്ലെന്ന് തോന്നുമെങ്കിലും കിട്ടുമ്മവാന്റെ കുടയ്ക്ക് 62 വർഷത്തെ പഴക്കമുണ്ട്. അതൊന്ന് മാറ്റിയെടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കിട്ടുമ്മാവൻ ആരുടെ പക്ഷത്തും നിൽക്കും. പ്രതിപക്ഷത്തിന്റെ പാളയത്തിൽ നുഴഞ്ഞുകയറി പറയാനുള്ളത് പറയും.

നാടിന്റെ ശ്രദ്ധ ആകർഷിക്കുന്ന സംഭവമോ വ്യക്തിയോ ആയിരിക്കും വിഷയം. അതിനെപ്പറ്റി ജനം ഇന്ന് എന്ത് ചിന്തിക്കുന്നോ അഥവാ നാളെ എന്ത് ചിന്തിക്കും എന്ന് പറയാനുള്ള മാധ്യമമായി കാർട്ടൂണിനെ അദ്ദേഹം ഉപയോഗപ്പെടുത്തി. അതിൽ ആക്ഷേപഹാസ്യമുണ്ട്, ഗൗരവമായ ചിന്തയുണ്ട്. ഇത്രയധികം കഥാപാത്രങ്ങൾ പങ്കെടുക്കുന്ന ഒരു കാർട്ടൂൺ പരമ്പര ലോകറിക്കോർഡാണ്.

 


ഇതുകൂടി വായിക്കൂ: വര കൊണ്ട് ചരിത്രം രചിച്ച യേശുദാസന്‍| Janayugom Editorial


 

കിട്ടുമ്മാവനെന്ന ഹാസ്യചിത്രപരമ്പര ആദ്യമായി ജനയുഗത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതിനെ അനുകരിച്ച് മറ്റ് പത്രങ്ങളിലും പോക്കറ്റ് കാർട്ടൂണുകൾ പ്രത്യക്ഷപ്പെട്ടു. മനോരമ (കുഞ്ചുക്കുറുപ്പ്), കേരളധ്വനി (ഉപ്പായിമാപ്പള), മാതൃഭൂമി (നാണിയമ്മയും ലോകവും), ദേശബന്ധു (വേലുച്ചാർ), തനിനിറം (ജഗദമ്മയും ഭർത്താവും) മറ്റുും അങ്ങനെ ആരംഭിച്ചതാണ്. കാലോചിതമായ മാറ്റവും കിട്ടുമ്മാവന് വന്നിട്ടുണ്ട്. ഉദാഹരണം മാത്തനേഡ്.

 

 

പഴയ കൂമ്പൻ തൊപ്പിയും അരനിക്കറും കാലിൽ പട്ടീസും അതിൽകുത്തിവച്ചിരിക്കുന്ന പെൻസിലും ഏഡിന്റെ പ്രത്യേകതയാണ്. ഒപ്പം അൽപം തടിച്ച ശരീരവും. കാലം മാറിയതോടെ പുതിയ കിട്ടുമ്മാവൻ കോളത്തിൽ ഇറക്കമുള്ള പാന്റിലാണ് ഏഡ് പ്രത്യക്ഷപ്പെടുന്നത്. സമീപകാലത്ത് മന്ത്രിമാരും രാഷ്ട്രീയനേതാക്കളും മറ്റ് പ്രമുഖരും കിട്ടുമ്മാവനോടൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു.

 


ഇതുകൂടി വായിക്കൂ: പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ കുലപതി യേശുദാസന്‍ അന്തരിച്ചു


 

കിട്ടുമ്മാവനും കഥാപാത്രങ്ങളും ജനകീയമാതോടെ അന്നത്തെ പാർട്ടിസമ്മേളനത്തോടനുബന്ധിച്ചുള്ള ജാഥകളിൽ കിട്ടുമ്മവാന്റെയും പൈലിയുടെയുമൊക്കെ വേഷം കെട്ടി ചില ജാഥാംഗങ്ങൾ പങ്കെടുത്തിരുന്നു. അടുത്തദിവസത്തെ ജനയുഗത്തിൽ വാർത്തയുടെ കൂട്ടത്തിൽ ജാഥയിൽ കിട്ടുമ്മാവനും പൈലിയും പങ്കെടുത്തുവെന്ന കുറിപ്പും പ്രത്യക്ഷപ്പെട്ടു. കിട്ടുമ്മാവനെന്ന പോക്കറ്റ് കാർട്ടൂൺ ജനപ്രിയമാക്കുന്നതിന് യേശുദാസനെ ഏറ്റവുമധികം സഹായിച്ചത് ജനയുഗം പത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരനായിരുന്നു.

ജനയുഗത്തിലായിരുന്നപ്പോൾ എന്നും വൈകിട്ട് കാമ്പിശ്ശേരിയുമൊത്ത് യേശുദാസൻ നടക്കാനിറങ്ങുമായിരുന്നു. ആശ്രാമം ചിന്നക്കട വഴി കടപ്പാക്കട റൂട്ടിലായിരുന്നു യാത്ര. യാത്രയ്ക്കിടയിൽ വിവിധ വിഷയങ്ങൾ സംസാരിക്കും. തിരിച്ച് ഓഫീസിലെത്തുമ്പോഴേക്ക് അന്നത്തെ കിട്ടുമ്മാവനുള്ള വഹ കിട്ടിയിരിക്കും. സന്ധ്യാനേരത്താണ് കിട്ടുമ്മാവൻ വരച്ച് തീർക്കുന്നത്. ചിലപ്പോൾ പത്രാധിപസമിതി കൂടി ചർച്ച ചെയ്തും കിട്ടുമ്മാവനുള്ള വിഷയങ്ങൾ സംഘടിപ്പിച്ചിരുന്നു. ജനയുഗം വായനക്കാർ തപാൽ വഴി ആശയങ്ങൾ എത്തിച്ചുകൊടുക്കുന്ന പതിവുമുണ്ടായിരുന്നു.

 

ജനയുഗം വിട്ട് ശങ്കേഴ്സ് വീക്കിലിയിൽ പോയ കാലത്ത് യേശുദാസന്റെ അനുമതിയോടെ കാമ്പിശ്ശേരി കിട്ടുമ്മാവനുള്ള അടിക്കുറിപ്പുകൾ ചേർത്ത് പ്രസിദ്ധീകരിച്ചിരുന്നു. കാമ്പിശ്ശേരിയുടെ നിര്യാണശേഷം പത്രാധിപസമിതി അംഗങ്ങളായിരുന്നു അടിക്കുറിപ്പ് എഴുതിയത്. ഒരിടവേളയ്ക്ക് ശേഷം ജനയുഗം പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾ അധികം താമസിയാതെ യേശുദാസൻ കാലത്തിനനുസരിച്ച് ചില മാറ്റങ്ങളോടുകൂടി തിരിച്ചെത്തുകയായിരുന്നു. തന്റെ കാഴ്ചപ്പാടിലുള്ളതും പാർട്ടിനിലപാടുകൾക്കനുരോധവുമായ വിഷയങ്ങളാണ് കാർട്ടൂണിസ്റ്റ് കിട്ടുമ്മാവനിലൂടെ അവതരിപ്പിച്ചത്. ചിരിയും ചിന്തയും ഒരുപോലെ സമ്മേളിച്ച ഈ ആക്ഷേപഹാസ്യപരമ്പരയ്ക്ക് കാർട്ടൂണിസ്റ്റ് യേശുദാസിന്റെ നിര്യാണത്തോടെ തൽക്കാലം വിരാമമായി.

 

 

Eng­lish summary;

you may also like this video;

മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ