26 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

April 6, 2024
November 11, 2023
March 11, 2023
November 26, 2022
November 23, 2022
October 11, 2022
August 22, 2022
August 8, 2022
August 1, 2022
July 31, 2022

മോഡി ഭരണകൂടത്തെ മുട്ടുകുത്തിച്ച കര്‍ഷക മഹാവിജയം

Janayugom Webdesk
January 1, 2022 4:22 pm

ഭരണകൂടത്തിന്റെ കോര്‍പറേറ്റ് ദാസ്യ നിലപാടിനെ കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യം അടിയറവ് പറയിച്ച വര്‍ഷമെന്നായിരിക്കും 2021 നെ ഇന്ത്യയുടെ ചരിത്രം രേഖപ്പെടുത്തുക. കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകളെയും കുതന്ത്രങ്ങളെയും നേരിട്ട് ഒടുവില്‍ കര്‍ഷകരുടെ സഹനസമരം വിജയമെന്ന പരിസമാപ്തിയിലെത്തുകയായിരുന്നു. വിവാദമായ മൂന്ന് കര്‍ഷക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും നിരുപാധികം അംഗീകരിച്ചു. ഈ വിജയം ലോകത്തെ സമരചരിത്രങ്ങളില്‍ എന്നും ഓര്‍മ്മിക്കപ്പെടും. ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ ഉത്തര്‍ പ്രദേശിലെ ഗാസിപുരും ഹരിയാനയിലെ സിംഘു, ടിക്രി എന്നിവിടങ്ങളുമാണ് ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷക പ്രക്ഷോഭത്തിന്റെ സമരവേദികളായത്. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്താതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസും ബിജെപി നിയന്ത്രണത്തിലുള്ള ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളും ഏറെ ശ്രമം നടത്തിയിരുന്നു. തള്ളിയും താഴിട്ടും കിടങ്ങു തീര്‍ത്തും ബാരിക്കേഡ് ഉയര്‍ത്തിയും വഴികളില്‍ കണ്ടെയ്നറുകളും ട്രക്കുകളും നിരത്തിയും കമ്പിവേലി തീര്‍ത്തും ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചും കര്‍ഷകര്‍ക്കെതിരെ ഉപരോധം തീര്‍ത്തെങ്കിലും ഇതെല്ലാം അവഗണിച്ചായിരുന്നു കര്‍ഷകരുടെ പ്രക്ഷോഭം എല്ലാ വെല്ലുവിളികളെയും തരണം ചെയ്ത് മുന്നേറിയത്. പൊലീസ് കരുത്തിനു മുന്നില്‍ വെറും കൈയോടെ പോരാടി നിന്ന കര്‍ഷകര്‍ക്കായി രാജ്യമെങ്ങും ഐക്യദാര്‍ഢ്യം ഉയര്‍ന്നു. 2020 നവംബർ 26 നാണ് ഡൽഹി അതിർത്തികളിൽ സമരം ആരംഭിച്ചത്. നിരവധി തവണ കര്‍ഷക നേതാക്കളും കേന്ദ്ര സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന വാശിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചുനിന്നു. കര്‍ഷക സമരം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറായത്.

 

കർഷക സമരം അടിച്ചൊതുക്കാനുള്ള ബിജെപി മുഖ്യമന്ത്രിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും ആഹ്വാനങ്ങളിലൂടെ അവരുടെ ഹിംസാത്മകമായ മനോഭാവം പലകുറി പുറത്തുവന്നു. സമരം ചെയ്യുന്നവര്‍ ഖലിസ്ഥാനികളാണെന്നും മാവോയിസ്റ്റുകളാണെന്നും രാജ്യദ്രോഹികളാണെന്നും ഇവര്‍ പലകുറി ആവര്‍ത്തിച്ചിരുന്നു. പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താന്‍ പോലും ശ്രമിച്ചു. സുപ്രീം കോടതി നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തിട്ട് പോലും പിന്മാറാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും തയാറായില്ല. നവംബര്‍ 19 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കര്‍ഷകരോട് മാപ്പപേക്ഷിച്ചുകൊണ്ട് നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചത്‌. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ പാസാക്കുകയും ചെയ്തു. ഇതിനുശേഷമാണ് കര്‍ഷകര്‍ സമരം പൂര്‍ണമായി അവസാനിപ്പിച്ചത്. കാര്‍ഷിക നിയമത്തിനെതിരായ വിജയം പ്രതിപക്ഷ കക്ഷികളുടെ കൂടി വിജയമായി വിലയിരുത്തപ്പെടുന്നു. ചര്‍ച്ചകളില്ലാതെ ശബ്ദവോട്ടിനിട്ട് പാസാക്കിയതു മുതല്‍ പ്രതിപക്ഷ കക്ഷികളെല്ലാം കര്‍ഷക നിയമത്തിനെതിരെ ശക്തമായ പ്രതിരോധമായിരുന്നു ഉയര്‍ത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവും പാര്‍ലമെന്റിനു അകത്തും പുറത്തും നടത്തിയ സംയുക്ത നീക്കങ്ങളും കര്‍ഷക സമരത്തിന്റെ വിജയത്തില്‍ നിര്‍ണായക ഘടകങ്ങളായി മാറി. ബഹുജന മുന്നേറ്റങ്ങളെ തടയാന്‍ ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടിക്ക് ആകില്ലെന്ന ഇടതുപക്ഷ ചിന്തയുടെ വിജയക്കൊടി കൂടിയായിരുന്നു ഒടുവില്‍ സമരകേന്ദ്രങ്ങളില്‍ ഉയര്‍ന്നുപാറിയത്.

അതിജീവനസമരത്തിന് ആഗോളപിന്തുണ

കർഷകരുടെ അതിജീവന പ്രതിരോധത്തിന് അന്താരാഷട്ര തലത്തില്‍ ലഭിച്ചത് വലിയ പിന്തുണയായിരുന്നു. സമരത്തെ ഒറ്റപ്പെടുത്താനുള്ള ഭരണകൂട നീക്കങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയായി മാറി.
പോപ് ​ഗായിക റിഹാനയാണ് കര്‍ഷക സമരത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത്. ഏറെ ആരാധകരുള്ള റിഹാന ഫെബ്രുവരി രണ്ടിനാണ് കർഷക സമരം സംബന്ധിച്ച് ആദ്യ ‌ട്വീറ്റി‌ടുന്നത്. കർഷക സമരം സംബന്ധിച്ചുള്ള വാർത്തയ്ക്കൊപ്പം എന്തു കൊണ്ട് നമ്മൾ ഇതേപറ്റി സംസാരിക്കുന്നില്ലെന്ന ചോദ്യം ഉള്‍പ്പെട്ട ട്വീറ്റ് വലിയ രീതിയിൽ ചർച്ചയായി. മൂന്ന് ലക്ഷത്തിലേറെ റീ ‌‌ട്വീറ്റാണ് റിഹാനയുടെ ഒറ്റ വരിയിലുണ്ടായത്.

ആഴ്ചകളോളം റിഹാന ഇന്ത്യയിൽ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വംശീയ ആക്രമണത്തിന് ഇരയാവുകയും ചെയ്തു, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ​​ഗ്രെറ്റ തുൻബർ​ഗിനെതിരെ കർഷക സമരത്തെ പിന്തുണച്ചതിന്റെ പേരിൽ ഡൽഹിയിൽ കേസെടുത്തു. കര്‍ഷക സമരത്തിന് ഏതുവിധത്തില്‍ പിന്തുണ നല്‍കണമെന്ന് വിശദമാക്കുന്ന ഒരു ടൂള്‍ കിറ്റ് ഗ്രേറ്റ പങ്കുവെച്ചതാണ് വിവാദത്തിന് കാരണമായത്. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖലിസ്ഥാന്‍ വാദ അനുകൂല സംഘടനയാണ് ഈ ടൂള്‍ കിറ്റ് നിര്‍മ്മിച്ചതെന്നും അന്താരാഷ്ട്ര ഗൂഢാലോചനയുടെ തെളിവാണ് ടൂള്‍ കിറ്റെന്നായിരുന്നു ആരോപണം. ടൂള്‍കിറ്റ് നിര്‍മ്മിച്ചതിന്റെ പേരില്‍ ദിശ രവിയടക്കം മൂന്നുപേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ ​വിവാദത്തിലും ഗ്രെറ്റ കർഷക സമരത്തിനൊപ്പം നിന്നു. മുൻ പോൺ താരമായ മിയ ഖലീഫയും കർഷക സമരത്തിന് തുടർച്ചയായി പിന്തുണയറിയിച്ചിരുന്നു. കമല ഹാരിസിന്റെ സഹോദരി പുത്രിയും അഭിഭാഷകയുമായ മീന ഹാരിസ്, ബ്രിട്ടീഷ് നടി ജമീല ജമീല്‍, യൂട്യൂബർ ലില്ലി സിങ്, കൊമേഡിയൻ ഹസൻ മിൻഹാജ് തുടങ്ങിയവരും കർഷക സമരത്തെ പിന്തുണച്ചിരുന്നു.

 

രക്തസാക്ഷികള്‍ 750; ലഖിംപുരിലെ കൂട്ടക്കുരുതി

 

ഒരു വർഷം നീണ്ട യുദ്ധം ചരിത്രവിജയത്തിലെത്തിയപ്പോള്‍ ഹോമിക്കപ്പെട്ടത് 750 ലേറെ ജീവനുകള്‍. കോവിഡ് മഹാമാരിയും കൊടുംതണുപ്പും അന്തരീക്ഷ മലിനീകരണവും അടക്കമുള്ള പ്രതികൂലാവസ്ഥകളെ കര്‍ഷകര്‍ക്ക് അതിജീവിക്കേണ്ടിവന്നു. കര്‍ഷകസമര ചരിത്രത്തില്‍ ചോരയിലെഴുതപ്പെട്ട പേരായി ലഖിംപുര്‍ ഖേരി മാറി. സിംഘുവിലും ടിക്രിയിലും ഗാസിപുരിലും കടുത്ത ശൈത്യത്തെ അവഗണിച്ചായിരുന്നു കര്‍ഷകരുടെ സമരജീവിതം. സമരസ്ഥലത്ത് ഭക്ഷണം പാകംചെയ്തും ഉണ്ടും ഉറങ്ങിയും പ്രതിഷേധം ആസൂത്രണം ചെയ്തും അവര്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയായിരുന്നു. സമരത്തിനിടയില്‍ ജീവന്‍ പൊലിഞ്ഞവരില്‍ ഭൂരിഭാഗവും ചെറുകിട കൃഷിക്കാരും കര്‍ഷക തൊഴിലാളികളുമാണ്. സമവായവും പ്രലോഭനങ്ങളും ഭീഷണിയും കൊണ്ട് സമരം പൊളിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും മോഡി സര്‍ക്കാര്‍ പരാജയപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് കര്‍ഷക രോഷം ആളിക്കത്തിച്ചുകൊണ്ട് ലഖിംപുരില്‍ കര്‍ഷക കൂട്ടക്കൊല അരങ്ങേറിയത്.

lakhimpur

ഒക്ടോബര്‍ മൂന്നിന് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്യുകയായിരുന്ന ഒരു സംഘം കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തില്‍ നാല് കര്‍ഷകര്‍ അടക്കം എട്ടുപേരാണ് മരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവുമാണ് കൂട്ടക്കൊല നടത്തിയത്. കേന്ദ്രമന്ത്രിയും ബിജെപിയും സംഭവത്തെ പ്രതിരോധിക്കാന്‍ നോക്കിയെങ്കിലും സുപ്രീംകോടതി ഇടപെടലിന് പിന്നാലെ ആശിഷ് മിശ്ര അറസ്റ്റിലായി. ഒരു വര്‍ഷത്തോളമായി ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തിവന്നിരുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കും അവരുടെ സഹനങ്ങള്‍ക്കും മുകളിലേക്കാണ് മന്ത്രിപുത്രന്റെ വാഹനം ഇടിച്ചുകയറിയത്. അതുണ്ടാക്കിയ മുറിവ് അത്രവേഗം ഉണങ്ങില്ലെന്ന തിരിച്ചറിവും ബിജെപിയുടെ അടിയറവിലേക്ക് നയിച്ചു.

ചെങ്കോട്ട ആക്രമണം: ബിജെപിയുടെ തിരക്കഥ

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ട്രാക്ടർ റാലി പൊടുന്നനെ അക്രമാസക്തമായി. നൂറുകണക്കിന് ട്രാക്ടറുകളിൽ ഇരച്ചെത്തിയ കർഷകർ പൊലീസുമായി ഏറ്റുമുട്ടി. രാജ്യത്തിന്റെ അഭിമാനമായ ചെങ്കോട്ടയ്ക്കു മുകളിൽ കയറി ദേശീയ പതാകക്കൊപ്പം സിക്ക് പതാകയും ഉയർത്തുന്നു. മണിക്കൂറുകളോളം നഗരത്തിലെ തെരുവുകൾ കർഷകരും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിൽ യുദ്ധക്കളമായി മാറി. അക്രമാസക്ത സമരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമരത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പോലും സംശയിക്കുന്ന അവസ്ഥയുണ്ടായി. സർക്കാർ അനുകൂല ചാനലുകളും മാധ്യമങ്ങളും പ്രക്ഷോഭകർക്കെതിരെ അതിശക്തമായി രംഗത്തെത്തി.

ഖലിസ്ഥാന്‍ പതാകയാണ് ഉയര്‍ത്തിയതെന്ന് പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ ഇതെല്ലാം ഒരു തിരക്കഥ പ്രകാരം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന വിവരം മണിക്കൂറുകൾക്കകം തന്നെ പുറത്തു വന്നു. റിപ്പബ്ലിക് ദിനത്തിൽ സുരക്ഷ പതിന്മടങ്ങ് ശക്തമാക്കുന്ന സാഹചര്യത്തിൽ ഈ നീക്കം മുൻകൂട്ടി അറിയാതെ പോയത് ബോധപൂർവമാണെന്ന് സംശയിക്കപ്പെട്ടു, പൊലീസിനോട് ഏറ്റുമുട്ടിയതും ചെങ്കോട്ടയിൽ പതാക ഉയർത്തിയതും ദീപ് സിദ്ദു എന്ന സംഘപരിവാര്‍ അനുഭാവിയായ പഞ്ചാബി ഗായകനായിരുന്നു. പ്രക്ഷോഭകർക്കിടയിലേക്ക് ചാരന്മാരെ കയറ്റിവിട്ട് കർഷക സമരം പൊളിക്കാൻ സർക്കാർ നേരത്തെയും ശ്രമിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാനെന്നെ പേരിൽ എത്തിയ ഹരിയാന പൊലീസ് ഉദ്യോഗസ്ഥനെ കർഷകർ പിടികൂടിയിരുന്നു. സിംഘു അതിർത്തിയിൽ ഒക്​ടോബർ 15നായിരുന്നു ദളിത്​ യുവാവിന്റെ കൊലപാതകമുണ്ടായത്. കൈയും കാലും വെട്ടിയെടുത്ത്​ പൊലീസിന്റെ ബാരിക്കേഡിൽ കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തിൽ രണ്ട്​ നിഹാംഗുകളെ പൊലീസ്​ അറസ്റ്റ് ചെയ്​തു. രണ്ടുപേർ സോനിപത്ത്​ പൊലീസിൽ കീഴടങ്ങുകയും ചെയ്​തു. കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറുമായി ബന്ധമുള്ള രണ്ടുപേരാണ് അറസ്റ്റിലായതെന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവന്നു.

ഐതിഹാസിക പോരാട്ടത്തിന്റെ നാള്‍വഴി

 

2020, ജൂൺ 5: കേന്ദ്ര സർക്കാർ മൂന്നു ഓര്‍ഡിനന്‍സുകള്‍ പ്രഖ്യാപിച്ചു.
സെപ്റ്റംബർ 14: പാർലമെന്റിൽ ബില്‍ അവതരിപ്പിച്ചു.
സെപ്റ്റംബർ 17: ലോകസഭയിൽ ബില്‍ പാസാക്കി.
സെപ്റ്റംബർ 20: രാജ്യസഭ ശബ്ദവോട്ടോടെ ബില്‍ പാസാക്കി.
സെപ്റ്റംബർ 24: പഞ്ചാബിലെ കർഷകർ മൂന്നു ദിവസത്തെ ട്രെയിന്‍ തടയൽ സമരം പ്രഖ്യാപിച്ചു.
സെപ്‌റ്റംബർ 25: സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്‌ത പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്താകെ പ്രതിഷേധം.
സെപ്റ്റംബര്‍ 27: കർഷക ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം
നവംബർ 25: ഡൽഹി ചലോ റാലിക്ക്‌ കർഷകരുടെ ആഹ്വാനം-ഡൽഹി പൊലീസ്‌ അനുമതി നിഷേധിച്ചു.
നവംബർ 26: ഹരിയാനയില്‍വച്ച് തടഞ്ഞ് ഡല്‍ഹി ചലോ റാലിയെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരുകളുടെ ശ്രമം. ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭം തുടങ്ങി.
നവംബർ 28: പ്രതിഷേധം ബുരാരിയിലെ നിയുക്ത പ്രതിഷേധ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം കര്‍ഷകര്‍ തള്ളി.
ഡിസംബർ 3: കർഷക പ്രതിനിധികളുമായി സർക്കാരിന്റെ ആദ്യഘട്ട ചർച്ച.
ഡിസംബർ 8: ഭാരത്‌ ബന്ദിന്‌ കർഷകരുടെ ആഹ്വാനം.
ഡിസംബർ 9: നിയമങ്ങൾ ഭേദഗതി ചെയ്യാമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം കർഷക നേതാക്കൾ തള്ളി.
ഡിസംബർ 11: ഭാരതീയ കിസാൻ യൂണിയൻ കർഷക നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയില്‍.
ഡിസംബർ 16: പ്രശ്‌നപരിഹാരത്തിനായി സർക്കാർ, കർഷക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി പാനൽ രൂപീകരിക്കാമെന്ന്‌ സുപ്രീം കോടതി.
ഡിസംബർ 21: എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും ഏകദിന നിരാഹാരസമരം.

2021 ജനുവരി 4: സർക്കാർ കർഷക നിയമം പിൻവലിക്കാൻ തയാറാകാത്തതിനെതുടർന്ന്‌ ഏഴാം വട്ട ചർച്ചയും അലസി.
ജനുവരി 7: കർഷക നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കുമെന്ന്‌ സുപ്രീം കോടതി.
ജനുവരി 11: കർഷക സമരത്തെ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി.
ജനുവരി 12: കർഷക നിയമങ്ങൾ നടപ്പാക്കുന്നത്‌ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. നിയമനിർമ്മാണങ്ങളിൽ ശുപാർശകൾ നൽകാൻ നാലംഗ സമിതി.
ജനുവരി 26: റിപ്പബ്ലിക്ക്‌ ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കിടെ കർഷകരും പൊലീസും ഏറ്റുമുട്ടി. സംഭവത്തിനിടെ ഒരു സമരക്കാരൻ മരിച്ചു.
ജനുവരി 28: ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ പ്രതിഷേധിച്ച കർഷകരോട്‌ രാത്രിയോടെ സ്ഥലം ഒഴിയാൻ ഭരണകൂടം ഉത്തരവിട്ടതിനെത്തുടർന്ന് ഗാസിപുർ അതിർത്തിയിൽ സംഘർഷാവസ്ഥ.
ഫെബ്രുവരി 4: സമരത്തിന്‌ അന്താരാഷ്ട്ര പിന്തുണ ലഭിച്ചതിനു പിന്നാലെ സെലിബ്രിറ്റികളടക്കമുള്ളവരുടെ അഭിപ്രായങ്ങൾ കൃത്യമോ ഉത്തരവാദിത്തമോ ഇല്ലാത്തതാണെന്ന്‌ കേന്ദ്ര സർക്കാർ.
ഫെബ്രുവരി 5: കർഷക പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ഗ്രെറ്റ തുന്‍ബര്‍ഗിന്റെ ടൂൾകിറ്റ് സൃഷ്‌ടിച്ചവർക്കെതിരെ കേസെടുത്തു.
ഫെബ്രുവരി 14: 21കാരിയായ കാലാവസ്ഥാ പ്രവർത്തക ദിശ രവി ടൂൾക്കിറ്റ്‌ കേസിൽ അറസ്റ്റിലായി.
ഫെബ്രുവരി 18: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു.
മാർച്ച്‌ 2: പഞ്ചാബ്‌ വിധാൻ സഭ ഉപരോധിക്കാൻ പോകുന്നതിനിടെ ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ്‌ ബാദലടക്കമുള്ള പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

 


മാർച്ച്‌ 5: കർഷക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ പഞ്ചാബ്‌ പ്രമേയം പാസാക്കി.
മാർച്ച്‌ 6: ഡൽഹി അതിർത്തിയിലെ സമരം 100 ദിവസം പിന്നിട്ടു
മാർച്ച്‌ 8: സിംഘുവിലെ സമര കേന്ദ്രത്തിൽ വെടിവയ്‌പ്.
മെയ്‌ 27: സമരം ആറു മാസം പിന്നിട്ടു.
ജൂൺ 26: പ്രക്ഷോഭം ഏഴ്‌ മാസം പിന്നിടുന്നതിന്റെ ഭാഗമായി ഡൽഹിയിലേക്ക്‌ മാർച്ച്.
ജൂലൈ 22: പാർലമെന്റിന്റെ കാലവർഷ സമ്മേളനം നടക്കുമ്പോൾ ജന്തർ മന്ദറിൽ കർഷക പാർലമെന്റ്. പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് മുങ്ങി.
ഓഗസ്റ്റ് 7: കർഷക പാർലമെന്റില്‍ പങ്കെടുത്ത് 14 പ്രതിപക്ഷ പാർട്ടികൾ.
ഓഗസ്റ്റ് 28: പ്രക്ഷോഭകര്‍ക്കെതിരായ ഹരിയാനയിലെ കർണാലില്‍ പൊലീസ്‌ നടപടിയില്‍ ഒരാള്‍ മരിച്ചു.
സെപ്‌റ്റംബർ 5: മുസഫർനഗറിൽ കർഷക മഹാപഞ്ചായത്ത്-ലക്ഷങ്ങള്‍ പങ്കെടുത്തു.
സെപ്‌റ്റംബർ 7–9: മിനി സെക്രട്ടേറിയറ്റ് വളഞ്ഞ് കര്‍ഷകരുടെ ഉപരോധം.
സെപ്‌റ്റംബർ 11: കർഷകരുടെ ആവശ്യങ്ങൾക്ക്‌ വഴങ്ങി ഹരിയാന സർക്കാരിന്റെ ഒത്തുതീര്‍പ്പ്.
ഒക്‌ടോബർ 3: കേന്ദ്ര മന്ത്രി അജയ്‌ മിശ്രയുടെ മകൻ ആശിഷ്‌ മിശ്ര ഓടിച്ച വാഹനം കർഷകർക്കിടയിലേക്ക്‌ ഇടിച്ച്‌ കയറ്റി നാലു പേരെ കൊന്നു.
നവംബർ 19: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

TOP NEWS

November 26, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.