മറ്റൊരു ജനുവരി 30 കൂടി കടന്നുപോയിരിക്കുന്നു. രാജ്യം ഇന്നലെ പതിവുപോലെ രക്തസാക്ഷിദിനം ആചരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പതിവിൻപടി മറ്റു രക്തസാക്ഷികൾക്കൊപ്പം രാഷ്ട്രപിതാവിന്റെ സ്മരണ പുതുക്കുകയും ആദരാഞ്ജലി അർപ്പിക്കുകയുമുണ്ടായി. ‘അദ്ദേഹത്തിന്റെ ആദർശങ്ങൾ വികസിത ഭാരത സൃഷ്ടിയിൽ നമുക്ക് പ്രചോദനമാകും’ എന്ന് മോഡി എക്സിൽ കുറിച്ചു. രാജ്യവും ലോകവും ആദരവോടെ അനുസ്മരിക്കുന്ന മഹാത്മാഗാന്ധിയെന്ന മഹാ മനീഷിയെ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തിൽ സന്ദർഭോചിതമായി പരാമർശിക്കുക എന്ന ചടങ്ങിലുപരി എന്തെങ്കിലും പ്രാധാന്യമോ പ്രസക്തിയോ ആ ദിനാചരണത്തിൽ ഉള്ളടങ്ങിയിരിക്കുന്നുവെന്ന യാതൊരു സൂചനയും പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ ഇല്ലെന്നത് സാമാന്യബുദ്ധിയുള്ള ആരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല. മഹാത്മാ ഗാന്ധിയെ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 77-ാം വർഷത്തിലും ആദരവോടെ അനുസ്മരിക്കുകയും രാജ്യത്തിനും ലോകത്തിനും നൽകിയ മഹത്തായ സംഭാവനകളെ വിലമതിക്കുകയും ചെയ്യുന്ന ഒരു ജനതതി ഇപ്പോഴും ഭൂമുഖത്ത് അവശേഷിക്കുന്നു എന്ന വസ്തുത അവഗണിക്കാനാവില്ലെന്ന യാഥാർത്ഥ്യത്തിനപ്പുറം പ്രധാനമന്ത്രിയുടെ സന്ദേശത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതേണ്ടതില്ല. സ്വന്തം രാഷ്ട്രീയ നിലനില്പിന് രാഷ്ട്ര ചരിത്രത്തെയും, അതിലെ മഹാത്മാവടക്കം സ്വാതന്ത്ര്യസമര പോരാളികളുടെ പങ്കിനെയും അവഗണിച്ച് മുന്നോട്ടുപോകാനാവില്ലെന്ന പ്രായോഗിക രാഷ്ട്രീയക്കാരന്റെ തിരിച്ചറിവിനപ്പുറം യാതൊന്നും ആ നടപടിയിൽ ഇല്ല. ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെയും സ്വാതന്ത്ര്യാനന്തര ജനാധിപത്യ റിപ്പബ്ലിക്കിന്റെയും അടിസ്ഥാന മൂല്യങ്ങൾ ഇത്രയേറെ വെല്ലുവിളിക്കപ്പെട്ട മറ്റൊരു കാലം രാഷ്ട്രചരിത്രത്തിൽ ഇല്ലെന്നത് മേല്പറഞ്ഞ രാഷ്ട്രീയ കാപട്യങ്ങളുടെ സാക്ഷ്യപത്രമാണ്. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹിക നീതി, സമാധാനപൂർണമായ പൗരജീവിതാന്തരീക്ഷം തുടങ്ങി രാഷ്ട്രീയ സ്വാതന്ത്ര്യവും ഭരണഘടനയും ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന സമസ്ത മൂല്യങ്ങളും വെല്ലുവിളിക്കപ്പെട്ട, തുടർന്നും വെല്ലുവിളിക്കപ്പെടുന്ന ഒരു ദശകമാണ് മോഡി ഭരണത്തിൽ കടന്നുപോയത്.
കോളനിവാഴ്ചയുടെ കിരാതത്വത്തിൽ ചവിട്ടിമെതിക്കപ്പെട്ട ഒരു ജനതയുടെ വിമോചനമായിരുന്നു ഗാന്ധിജിയടക്കം സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നംകണ്ട സ്വതന്ത്ര ഇന്ത്യ. ലോകത്ത് മറ്റെവിടെയും കാണാനാവാത്തവിധം മതം, ജാതി, ഭാഷ, വർണം, വംശം, സംസ്കാരം എന്നിവയുടെ വൈവിധ്യവും വൈരുധ്യവും നിറഞ്ഞ ഒരു ജനതതിയെ സ്വാതന്ത്ര്യമെന്ന ഒറ്റ രാഷ്ട്രീയ ലക്ഷ്യത്തിൽ കോർത്തിണക്കുന്നതിൽ ഗാന്ധിജിയും സഖാക്കളും കൈവരിച്ച വിജയമാണ് ഇന്ത്യ എന്ന ആശയത്തിന്റെയും രാഷ്ട്രീയ അസ്തിത്വത്തിന്റെയും അടിത്തറ. സമാനതകളില്ലാത്ത ആദർശ ദാർഢ്യത്തിന്റെയും ത്യാഗോജ്വലമായ സഹനത്തിന്റെയും പതിനായിരങ്ങളുടെ ആത്മത്യാഗത്തിന്റെയും ബലിഷ്ഠമായ അടിത്തറയിലാണ് ഇന്ത്യൻ റിപ്പബ്ലിക് ലോകഭൂപടത്തിൽ സ്ഥാപിതമായത്. സാർവത്രിക മാനവിക തുല്യതയിൽ അധിഷ്ഠിതമായ ജനാധിപത്യം, സമ്പൂർണ മതനിരപേക്ഷത, പ്രായപൂർത്തി വോട്ടവകാശം, നിരങ്കുശമായ അഭിപ്രായസ്വാതന്ത്ര്യം എന്നീ മൂല്യങ്ങളിലാണ് അത് ചുവടുറപ്പിച്ചിട്ടുള്ളത്. അവയാണ് ഇന്ന് വെല്ലുവിളിക്കപ്പെടുന്നത്. 1948 ജനുവരി 30ന് രാഷ്ട്രപിതാവിന്റെ ജീവൻ കവർന്ന ഫാസിസ്റ്റ് തിരനോട്ടത്തിലാണ് ആ വെല്ലുവിളി അതിന്റെ എല്ലാ രൗദ്രതയോടെയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ശൈശവദശയിൽ അതിന്റെമേൽ നിഴൽവിരിച്ചത്. ഒരുപക്ഷെ, അത് ചരിത്രത്തിലെ യാദൃച്ഛികതയാവാം. അന്നേക്ക് കൃത്യം 16 വർഷങ്ങൾക്ക് മുമ്പ്, 1932ൽ അന്നത്തെ ജർമ്മൻ പ്രസിഡന്റ് പോൾ വോൺ ഹിൻഡൻബർഗ് ഇതേ ദിവസമായിരുന്നു അഡോൾഫ് ഹിറ്റ്ലറെ ചാൻസലറായി അവരോധിച്ചത്. ശേഷം ചരിത്രമാണ്. ജർമ്മൻ ജനത അഭിമുഖീകരിക്കേണ്ടിവന്ന സാമ്പത്തികത്തകർച്ചയും ഒന്നാം ലോകയുദ്ധത്തിലെ അപമാനകരമായ പരാജയവും തുടർന്ന് ആ രാജ്യം ഒപ്പുവയ്ക്കാൻ നിർബന്ധിതമായ നിർദയ വെർസെൽസ് കരാർ വ്യവസ്ഥകളും ലോകംകണ്ട ഏറ്റവും പൈശാചികമായ ഏകാധിപത്യത്തിലേക്ക് നയിക്കുകയായിരുന്നു. തികച്ചും വ്യത്യസ്ത പശ്ചാത്തലമെങ്കിലും മറ്റൊരു ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റേതായ സാഹചര്യത്തിലൂടെയാണ് ഇന്ത്യൻ ജനതയും കടന്നുപോകാൻ നിർബന്ധിതമായിരിക്കുന്നത്.
ജർമ്മൻ ഫാസിസത്തിൽ ജൂതന്മാരും പ്രൊട്ടസ്റ്റന്റുകളും കമ്മ്യൂണിസ്റ്റുകാരും അപരന്മാരായി മുദ്രകുത്തപ്പെട്ട വേട്ടയിരകളായെങ്കിൽ മത ന്യൂനപക്ഷങ്ങളും മതേതര ജനാധിപത്യ വിശ്വാസികളും ഇവിടെ ഇരകളായി മാറുന്നു. ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്; ഒരു രാഷ്ട്രം, ഒരു നികുതി; ഒരു രാഷ്ട്രം, ഒരു നിയമം തുടങ്ങി രാജ്യത്തിന്റെയും ജനങ്ങളുടെയും സമസ്ത വൈവിധ്യങ്ങളെയും ലക്ഷ്യംവച്ചുള്ള മുദ്രാവാക്യങ്ങളും നിയമനിർമ്മാണങ്ങളുമെല്ലാം ലക്ഷ്യംവയ്ക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തെയാണ്. ചരിത്രപ്രവാഹത്തിൽ ആരോ കവർന്നെടുത്തുവെന്ന് അവർ പറയുന്ന ‘സുവർണ കാലഘട്ട’ത്തിന്റെ പുനഃസ്ഥാപനത്തെപ്പറ്റിയുള്ള വാചാടോപംകൊണ്ട് അവർ മതത്തിന്റെയും ധർമ്മത്തിന്റെയും പേരിൽ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു. ഈ ഫാസിസ്റ്റ് ആഖ്യാനം ലക്ഷ്യംവയ്ക്കുന്നത് മൂലധനശക്തികളുടെ സമഗ്രാധിപത്യമാണെന്ന് അനുദിനമെന്നോണം പുറത്തുവരുന്ന സ്ഥിതിവിവരക്കണക്കുകളും മഹാഭൂരിപക്ഷത്തിന്റെ ദുരിതപൂർണമായ ജീവിതയാഥാർത്ഥ്യങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു. രക്തസാക്ഷി ദിനാചരണം ഒരു ഓർമ്മപ്പെടുത്തലാണ്. 77 വർഷങ്ങൾക്കുമുമ്പ് രാഷ്ട്ര തലസ്ഥാനത്തെ ബിർളാ മന്ദിറിൽ ഫാസിസം തിരനോട്ടം നടത്തിയത് രാഷ്ട്രപിതാവിന്റെ ജീവനുമേൽ ആയിരുന്നെങ്കിൽ ഇന്ന് അതിന്റെ ലക്ഷ്യം രാഷ്ട്രം തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.