3 May 2024, Friday

ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; വ്യാപക അക്രമം

Janayugom Webdesk
ന്യൂഡല്‍ഹി
April 19, 2024 7:45 pm

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം. മണിപ്പൂരില്‍ മെയ്തി സംഘടനയായ ആരംഭായ് തെങ്കോലിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പോളിങ് ബൂത്തുകള്‍ പിടിച്ചെടുത്തു. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ പിന്തുണയ്ക്കുന്ന മെയ്തി ഭൂരിപക്ഷ മേഖലയായ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലാണ് വ്യാപക അക്രമം ഉണ്ടായിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലാണ് പോളിങ് ബൂത്തുകള്‍ പിടിച്ചെടുത്തതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിമോല്‍ അകോയ്ജം ആരോപിച്ചു. ബിഷ്ണുപൂര്‍ ജില്ലയിലെ തമ്നപൊക്പിയില്‍ സായുധ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് വെടിയേറ്റു. ഇംഫാല്‍ ഈസ്റ്റിലെ ഖോങ്മാന്നില്‍ പോളിങ് സ്റ്റേഷനിലേക്ക് ആയുധധാരികളായ സംഘം അതിക്രമിച്ച് കയറി സംഘ‍ർഷം ഉണ്ടാക്കുകയായിരുന്നു. ഇവിടെ ഇവിഎം, വിവി പാറ്റ് യന്ത്രങ്ങൾ അടിച്ചു തകർത്തു. നിരവധി കുക്കി സംഘടനകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയോര ജില്ലകളായ ചുരാചന്ദ്പൂർ, കാങ്‌പോക്പി എന്നിവിടങ്ങളില്‍ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്. കാങ്‌പോക്‌പി ജില്ലയിലെ മിക്ക പോളിങ് സ്റ്റേഷനുകളും ആളൊഴിഞ്ഞ നിലയിലായിരുന്നുവെന്ന് ഇംഫാൽ ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്തു.

പശ്ചിമ ബംഗാളിലും അരുണാചല്‍ പ്രദേശിലും വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ബംഗാളില്‍ കൂച്ച് ബിഹാറിലും അലിപൂർദ്വാറിലും ബിജെപി-ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി. കൂച്ച് ബിഹാര്‍ മേഖലയില്‍ മാത്രം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെഗാകത്തയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയതായി ടിഎംസി ആരോപിച്ചു. ബറോകോദാലിയിലെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന് തീയിട്ടു. അക്രമത്തിന് നേതൃത്വം നല്‍കിയത് ബിജെപി എംപി നിശീത് പ്രമാണിക്കാണെന്ന് തൃണമൂല്‍ ആരോപിച്ചു.
കിഴക്കന്‍ അരുണാചലില്‍ ലോങ്ഡിങ് ജില്ലയിലെ പുമാവോ അസംബ്ലി മണ്ഡലത്തിലുണ്ടായ വെടിവയ്പില്‍ 20 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിനിടെ രണ്ട് പേര്‍ കുഴഞ്ഞുവീണു മരിച്ചു.

അരുണാചല്‍ 69, സിക്കിം 70

അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. അരുണാചലിലെ 50 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പില്‍ 69.44 ശതമാനം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 32 സീറ്റുള്ള സിക്കിമില്‍ 70.12 ശതമാനം പോളിങ് നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലെ ബിജാപൂരില്‍ ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന്‍ മരിച്ചു.  പോളിങ് ഡ്യൂട്ടിക്കിടെയാണ് സിആര്‍പിഎഫിന്റെ 196-ാം ബറ്റാലിയനിലെ ജവാന് പരിക്കേറ്റത്. സുരക്ഷാ സേനയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഉസൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗല്‍ഗാം ഗ്രാമത്തിന് സമീപമുള്ള ഒരു പോളിങ് ബൂത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Summary:The first phase of the elec­tion is over; Wide­spread violence
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.