18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 4, 2024
August 15, 2024
July 22, 2024
July 16, 2024
June 17, 2024
May 27, 2024
May 18, 2024
April 15, 2024
April 14, 2024

ഉക്രെയ്ൻ ധാന്യവുമായി ആദ്യ കപ്പൽ പുറപ്പെട്ടു

Janayugom Webdesk
കീവ്
August 1, 2022 10:57 pm

ഭക്ഷ്യ സുരക്ഷാ കരാര്‍ പ്രകാരം ഉക്രെയ‍്‍നിയന്‍ ധാന്യങ്ങളുമായി ആദ്യ കപ്പല്‍ ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെട്ടു. സിയറ ലിയോണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റസോണി എന്ന ചരക്കുകപ്പലാണ് 26,000 ടണ്‍ ചോളവുമായി കരിങ്കടലിലെ പ്രത്യേകം തയാറാക്കിയ ഇടനാഴിയിലൂടെ യാത്ര ആരംഭിച്ചത്. വടക്കന്‍ ലബനനിലെ ട്രിപ്പോളിയിലേക്കുള്ള ചരക്കാണിത്. ഓഗസ്റ്റ് രണ്ടിന് ഇസ്താംബൂളിലെത്തുന്ന കപ്പല്‍ ഉക്രെയ്‍ന്‍, റഷ്യ, തുര്‍ക്കി, യുഎന്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജോയിന്റ് കോര്‍ഡിനേഷന്‍ സെന്ററിലെ ഉദ്യോഗസ്ഥരുടെ പരിശേ­ാധനയ്ക്ക് ശേഷം യാത്ര തുടരുമെന്ന് തുര്‍ക്കിയ വിദേശകാര്യ മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. സുരക്ഷാ വ്യൂഹം കപ്പലിനെ പിന്തുടരുമെന്നും അറിയിച്ചു. 

റഷ്യന്‍ സെെന്യം കടലില്‍ നിന്ന് ഒഡേസയിലേക്ക് മുന്നേറുന്നത് തടയാന്‍ കരിങ്കടലില്‍ ഉക്രെയ്‍ന്‍ സെെന്യം സ്ഥാപിച്ച മെെനുകള്‍ ഉള്ളതിനാല്‍ സാവധാനമാണ് കപ്പലിന്റെ സഞ്ചാരം. ഇനി 16 കപ്പലുകളാണ് തുറമുഖത്ത് നിന്ന് പുറപ്പെടാനുള്ളത്. കഴിഞ്ഞ മാസം ധാരണയായ ധാന്യ കയറ്റുമതി ഇടപാടുകള്‍ക്ക് 120 ദിവസത്തേക്ക് സാധുതയുണ്ട്. സംഘര്‍ഷം അവസാനിച്ചില്ലെങ്കിലും കരാറുകള്‍ സ്വയമേവ പുതുക്കപ്പെടും. ഒഡേസയെ കൂടാതെ ചെര്‍ണോമേ­ാര്‍സ്ക്, യുഷ്നി തുറമുഖങ്ങളില്‍ നിന്നും കയറ്റുമതി പുനരാരംഭിക്കും.
അടുത്ത ആഴ്ചയോടെ കയറ്റുമതി പൂര്‍ണ തോതില്‍ ആരംഭിക്കുമെന്ന് ഉക്രെയ്ന്‍ അടിസ്ഥാന സൗകര്യ വികസന മന്ത്രി ഒലെക്സാണ്ടാര്‍ കുബ്രാക്കോവ് പറഞ്ഞു. 

കയറ്റുമതി പുനരാരംഭിച്ചത് ലോകത്തിനുള്ള ആശ്വാസമാണെന്ന് ഉക്രെയ്‍ന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ പറഞ്ഞു. ഇസ്താംബൂളില്‍ നടന്ന ചര്‍ച്ചകളില്‍ ധാരണയായ വ്യവസ്ഥകളുടെ ഫലപ്രാപ്തി പരിശേ­ാധിക്കാനുള്ള അവസരമാണിതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. ധാന്യക്കയറ്റുമതി പുനരാരംഭിച്ചതോടെ ദുര്‍ബലമായ ആ­ഗോള ഭക്ഷ്യ മേഖലയ്ക്ക് സ്ഥിരതയും ആശ്വാസവും കെെവരുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ധാന്യകയറ്റുമതി രാജ്യങ്ങളാണ് ഉക്രെയ്‍നും റഷ്യയും. സെെനിക നടപടി ആരംഭിച്ചതിനു ശേഷം കരിങ്കടല്‍ ചരക്ക് ഗതാഗതത്തിന് റഷ്യ ഉപരോധമേര്‍പ്പെടുത്തിയതോടെ ഉക്രെയ്‍ന്റെ കയറ്റുമതി ആറിലൊന്നായി കുറയുകയും തല്‍ഫലമായി ആഗോള തലത്തില്‍ ധാന്യ വില കുതിച്ചുയരുകയും ചെയ്തു. യുഎന്നിന്റെ കണക്കുകള്‍ അനുസരിച്ച് 47 ദശലക്ഷം ആളുകളെയാണ് ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. കഴിഞ്ഞ മാസമാണ് യുഎന്നിന്റെ പിന്തുണയോടെ തുര്‍ക്കിയയയുടെ മധ്യസ്ഥതയില്‍ ഉക്രെയ്‍നും റഷ്യയും ഭക്ഷ്യ സുരക്ഷാ കരാറില്‍ ഒപ്പുവച്ചത്. കരാറിന് ശേഷവും റഷ്യ ഒഡേസ തുറമുഖത്ത് മിസെെലാക്രമണം നടത്തിയിരുന്നു.

Eng­lish Summary:The first ship left with Ukraine grain
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.