റഷ്യയും ഉക്രെയ്നും തമ്മിൽ 2022 ഫെബ്രുവരി 24 മുതൽ നടന്നുവരുന്ന സൈനിക ഏറ്റുമുട്ടലുകൾ സമാന്തരമായ യുഎസ് ഡോളർ — ചൈനീസ് യുവാൻ ഏറ്റുമുട്ടലിനും വഴിയൊരുക്കിയിരിക്കുകയാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ രണ്ട് ഏറ്റുമുട്ടലുകളും വേറിട്ട നിലയിൽ മാത്രമല്ല, സംയുക്ത ഭീഷണി എന്ന നിലയിലും അതിശക്തമായ വെല്ലുവിളികൾതന്നെയാണ്. സൈനികാർത്ഥത്തിലുള്ള വെല്ലുവിളി രാഷ്ട്രീയ മാനങ്ങളോടെയാണെങ്കിൽ ഡോളർ‑യുവാൻ ഏറ്റുമുട്ടൽ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കാനിടയുള്ള വെല്ലുവിളിതന്നെയാണ്. യുവാൻ ഉയർത്തിയിരിക്കുന്ന വെല്ലുവിളി ദീർഘകാലമായി ഡോളർ ആഗോളവിപണിയിൽ നിലനിർത്തിവന്നിരുന്ന ആധിപത്യം ഇനിയും നിർബാധം തുടരുക എന്നത് എളുപ്പമല്ലാതാക്കിയിരിക്കുകയാണ്. ഒരു ആഗോള കരുതൽ വിനിമയ കറൻസിയായി ഡോളറിനുണ്ടായിരുന്ന അജയ്യതയാണ് യുവാനിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
ഇന്നത്തെ നിലയിൽ ഡോളറിന്റെ അജയ്യത ഒരു പരിധിക്കപ്പുറം ചോദ്യം ചെയ്യാൻ കഴിയാത്തവിധം വളർന്നുകഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചൈനീസ് കറൻസിയായ യുവാൻ എത്രതന്നെ ആഞ്ഞുപിടിച്ചാലും ഡോളറിനെ നിഷ്കാസനം ചെയ്യുക പ്രയാസമായിരിക്കും. ഇത്തരമൊരു പശ്ചാത്തലം കണക്കിലെടുത്തു മാത്രമേ, ഇന്ത്യൻ രൂപയുടെ ആഗോള കെട്ടുപാടുകൾ ഏതുവിധേനയായിരിക്കണമെന്ന അന്തിമ തീരുമാനത്തിലെത്താൻ സാധിക്കൂ.
ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസികളായ സ്റ്റാൻഡേർഡ് ആന്റ് പുവർ, ഫിച്ച് തുടങ്ങിയവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഭാവിവളർച്ചാ സാധ്യതകളെപ്പറ്റി അമിതമായ ശുഭാപ്തി വിശ്വാസമാണ് പ്രകടമാക്കുന്നത്. എന്നാൽ, ഒരു ആഗോള ശക്തിയെന്ന പദവി നിലനിർത്തുന്നതിന് അമേരിക്കൻ ഭരണകൂടത്തിന് ശക്തിയും ഊർജവും നൽകുന്നത് ഡോളറിന് നിലനിർത്താൻ കഴിഞ്ഞിട്ടുള്ള ആഗോളതല വിശ്വാസ്യതയാണ് എന്ന വസ്തുത അംഗീകരിച്ചേ തീരു. ഈ യാഥാർത്ഥ്യം ചൈനീസ് ഭരണകൂടം തിരിച്ചറിയുന്നുമുണ്ട്. അതിനാലാണ് അമേരിക്കൻ ആധിപത്യത്തിന് തടയിടുക എന്നത് ഡോളറിനെ ബലഹീനമാക്കുകവഴി മാത്രമേ സാധ്യമാകൂ എന്ന നിഗമനത്തിൽ ബെയ്ജിങ് നേതൃത്വം എത്തിച്ചേർന്നിരിക്കുന്നതും. സമാനമായ ലക്ഷ്യം മുൻനിർത്തിത്തന്നെയാണ് ചൈന മറ്റ് രാജ്യങ്ങളുമായി കൂടുതൽ ചങ്ങാത്തം ഊട്ടിയുറപ്പിക്കാൻ വ്യഗ്രത കാട്ടുന്നതും.
യുവാനുമായി വ്യാപാര ഇടപാടുകൾ ബന്ധിപ്പിക്കാൻ ചൈനീസ് നേതൃത്വം ഇന്ത്യയെയും കൂടെക്കൂട്ടാനുള്ള ശ്രമം നടത്തുകതന്നെ ചെയ്യും. ഒരു പുതിയ ആഗോള നാണയവ്യവസ്ഥ, ഡോളറിന് ബദലായി രൂപപ്പെടുത്തുക വഴിയല്ലാതെ ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്കും അതിവേഗം മുന്നേറുക അസാധ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുമായി സൗഹൃദം പാലിക്കുന്നതിന് മുഖ്യ പ്രതിബന്ധം ഇരു രാജ്യങ്ങൾക്കുമിടയിൽ തുടരുന്ന അതിർത്തി തർക്കമാണ്. ഈ തർക്കം കോവിഡ്കാലഘട്ടത്തിൽ ഒരു സൈനിക ഏറ്റുമുട്ടലിന്റെ വക്കത്തുവരെ എത്തിനിൽക്കുകയും ചെയ്തിരുന്നു. സമീപകാലം വരെ ചൈനീസ് ഭരണകൂടത്തിന്റെ ഇന്ത്യാ വിരുദ്ധ നിലപാടിൽ യാതൊരു മാറ്റവുമുണ്ടായിട്ടുമില്ല. എങ്കിലും ഈ നയസമീപനത്തിൽ നിന്നും ഇന്ത്യൻ ഭരണകൂടം അല്പം വ്യതിചലിച്ചതായിട്ടാണ് കാണാൻ കഴിയുന്നത്. യഥാർത്ഥത്തിൽ ഈ മാറ്റം സർക്കാരിന്റെ ഭൗമ‑സാമ്പത്തിക–നയതന്ത്രമേഖലാ കാഴ്ചപ്പാടിലെ ഹ്രസ്വദൃഷ്ടിയെയാണ് പ്രതിഫലിപ്പിക്കുന്നത്.
ചൈനീസ് കറൻസിയായ യുവാനുമായി ഇന്ത്യൻ ദേശീയ കറൻസിയെ കൂടുതൽ ബന്ധിപ്പിക്കാൻ അവസരമൊരുക്കുക വഴി ബിജെപി സർക്കാർ യഥാർത്ഥത്തിൽ ദേശീയതാല്പര്യങ്ങളാണ് ബലികഴിച്ചിരിക്കുന്നത്. മുൻകാല കോൺഗ്രസ് യുപിഎ സർക്കാരുകളും ബിജെപിയുടെ വാജ്പേയ് സർക്കാരും പിൻതുടർന്നുവന്നിരുന്ന ചേരിചേരാ വിദേശനയത്തിൽ നിന്ന് മാത്രമല്ല, മറ്റൊരു സ്വതന്ത്ര രാജ്യത്തിന്റെ രാഷ്ട്രീയ പരമാധികാരം ലംഘിക്കുന്നവിധത്തിൽ സൈനിക ഇടപെടലുകൾ നടത്തരുതെന്ന അനാക്രമണ നയത്തിൽ നിന്നും വ്യതിചലിക്കുന്നവിധം മോഡി ഭരണകൂടം സമീപകാലത്ത് വിദേശ നയത്തിൽ ഒരു ‘ട്വിസ്റ്റ്’ വരുത്തുകയുണ്ടായി. ഉക്രെയ്നെതിരായി യാതൊരുവിധ പ്രകോപനവുമില്ലാതെ റഷ്യയിലെ പുടിൻ ഭരണകൂടം നടത്തിയ സൈനിക ആക്രമണത്തെ തുടർന്ന് റഷ്യക്കെതിരായി സാമ്പത്തിക വ്യാപാര നിരോധനങ്ങൾ നാറ്റോ ശക്തികളുൾപ്പെടെ രാജ്യങ്ങൾ ഏർപ്പെടുത്തിയപ്പോൾ അതിനെതിരായ നിലപാടെടുത്ത സമീപനവും മോഡി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഈ തീരുമാനത്തിന് പിന്നിൽ സാമ്പത്തിക താല്പര്യം മാത്രമാണ് ഇന്ത്യ പരിഗണിച്ചതെന്ന് വ്യക്തമാവുകയും ചെയ്തു.
കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നും അസംസ്കൃത എണ്ണയുടെ ഇറക്കുമതി സുഗമമാക്കുക എന്നതായിരുന്നു ലക്ഷ്യം. ആഭ്യന്തരാവശ്യത്തിനുള്ള അസംസ്കൃത എണ്ണയുടെ 80 ശതമാനത്തോളമാണ് ഇറക്കുമതി ചെയ്തുവരുന്നതും. കുറഞ്ഞവിലയ്ക്ക് പെട്രോളും ഡീസലും വാതകവും ലഭ്യമാക്കാനും പണപ്പെരുപ്പം ഒരു പരിധിവരെയെങ്കിലും നിയന്ത്രിച്ചു നിർത്താനും കഴിയുമെന്ന ധാരണയാണ് ജനങ്ങളിൽ സ്വാഭാവികമായും ഉണ്ടായത്. യുദ്ധം തുടങ്ങിയശേഷമുള്ള കാലയളവിൽ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തത് 15 ഇരട്ടിയിലധികം പെട്രോളിയമാണ്. മൊത്തം 4400 കോടി ഡോളർ വിലയ്ക്കുള്ള പെട്രോളിയം. ഇതിലൂടെ റഷ്യക്ക് ഇന്ത്യയിൽ നിന്നും കിട്ടുന്നത് വലിയൊരു തുകയാണെന്നും അതെല്ലാം യുദ്ധത്തിനായി വിനിയോഗിക്കപ്പെടുമെന്നും സാധാരണക്കാരായ ഇന്ത്യക്കാർ അറിയുന്നുണ്ടായിരുന്നുമില്ല.
ഇതിനൊരു മറുവശമുണ്ട്. ഇറക്കുമതി ചെയ്യുന്ന പെട്രോളിയത്തിനുപകരം ഇന്ത്യ റഷ്യക്കു നൽകേണ്ടത് യുഎസ് ഡോളറായിരിക്കുമല്ലോ. ഏറെക്കുറെ മുഴുവൻ ഇറക്കുമതികൾക്കും ഇതായിരിക്കും സംവിധാനം. എന്നാൽ റഷ്യക്ക് ഈ രീതിയോട് യോജിക്കാൻ കഴിയുമായിരുന്നില്ല. കാരണം ഉക്രെയ്ൻ യുദ്ധാന്തരീക്ഷത്തിൽ റഷ്യക്കെതിരെ യുഎസ് ഏർപ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധം തന്നെ. മറ്റൊരു മാർഗം റൂബിൾ നിരക്കുകളിൽ പണം നല്‍കുന്നതിന് സാധ്യതകൾ വിരളമായിരുന്നു. കാരണം കറൻസി കൈമാറ്റ ഇടപാടുകൾ യുദ്ധത്തിന്റെ അന്തരീക്ഷത്തിൽ നടക്കുക പ്രയാസമായിരുന്നു. ഈ പ്രതിസന്ധിക്കുള്ള ഒരു പരിഹാരമാർഗം രൂപയും റൂബിളും തമ്മിലുള്ള കൈമാറ്റത്തിനനുഗണമായ വിധത്തിൽ ഒരു ഉഭയകക്ഷി ധാരണയിലെത്തുക എന്നതായിരുന്നു. എന്നാൽ, ഈ സംവിധാനത്തിനും പ്രായോഗിക പ്രതിബന്ധങ്ങളുണ്ട്. ഉദാരവൽക്കരണ നയം മൂലം ബഹുകക്ഷി അടിസ്ഥാന വ്യാപാരമാണ് നിലനിൽക്കുന്നത്.
ഇന്ത്യൻ രൂപവഴിയുള്ള വിനിമയമാകട്ടെ റഷ്യക്ക് സ്വീകാര്യമാകില്ല. മോഡി സർക്കാരും ധനമന്ത്രി നിർമ്മലാ സീതാരാമനും എന്തെല്ലാം അവകാശവാദമുന്നയിച്ചാലും ഇന്ത്യൻ രൂപ സാർവദേശീയ അംഗീകാരമുള്ള ഒരു കൈമാറ്റ മാധ്യമമേയല്ല. രൂപയുടെ പ്രാമുഖ്യത്തിൽ കനത്ത ഇടിവിന് വഴിയൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ പ്രഖ്യാപിച്ച ഡിമോണറ്റൈസേഷൻ ആയിരുന്നു എന്നതും അനിഷേധ്യമായൊരു വസ്തുതയാണ്. റഷ്യൻ എണ്ണ ഇറക്കുമതി ഇടപാടുകൾക്കായി യുവാൻ വിനിമയ മാധ്യമമായി വിനിയോഗിക്കാമെന്നിരിക്കെ ഇന്ത്യ–ചൈന വ്യാപാര ഇടപാടുകൾക്കും സമാനമായൊരു മാർഗം എന്തുകൊണ്ട് വിനിയോഗിച്ചുകൂടാ എന്നതും ചിന്തനീയമാണ്.
ഏറ്റവും വിചിത്രമായ കാര്യം വിദേശ വിനിമയ മാധ്യമവുമായി ബന്ധപ്പെട്ട നയവ്യതിയാനങ്ങളിൽ സാധാരണ ഇന്ത്യക്കാരന് യാതൊരുവിധ നേട്ടവും ഉണ്ടാകുന്നില്ലെന്നതാണ്. പെട്രോളിന്റെയോ ഡീസലിന്റെയോ പാചകവാതകത്തിന്റെയോ വിലനിലവാരം ഉയർന്നുതന്നെ തുടരുകയാണ്. അതൊന്നും താഴാനുള്ള പ്രവണതയും ദൃശ്യമല്ല. നിത്യോപയോഗ വസ്തുക്കളുടെ കടത്തുകൂലി വർധന മാറ്റമില്ലാതെ തുടരുകയോ ഉയരുകയോ ചെയ്തുവരുന്ന സാഹചര്യം നിലവിലിരിക്കെ വിലക്കയറ്റവും ജീവിത ചെലവും അനുനിമിഷം ശരാശരി 5–10 ശതമാനം വരെയങ്കിലും വർധിക്കുന്നതായിട്ടാണ് അനുഭവം. ഇത്തരമൊരു പ്രവണതയ്ക്ക് കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് പ്രീണനനയം തന്നെയാണ് വഴിയൊരുക്കുന്നത്.
കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഇന്ത്യൻ പെട്രോളിയം പകുതിയോളവും ലഭ്യമാകുന്നത് സ്വകാര്യ സംസ്കരണ ശാലകളായ റിലയൻസിനും നയറാ എനർജിക്കുമാണ്. കൂടാതെ ഇന്ത്യ ആഭ്യന്തരമായി സ്വരൂപിക്കുന്ന അസംസ്കൃത പെട്രോളിയത്തിന്റെ ഒരു ഭാഗവും ഈ കമ്പനികൾക്ക് ലഭിക്കുന്നുമുണ്ട്. ഈ കമ്പനികളാണെങ്കിൽ സംസ്കരിച്ച പെട്രോളിയം ഉല്പന്നങ്ങൾ വിദേശ വിപണികളിലേക്കുതന്നെ കയറ്റിയയക്കുകയും കൊള്ളലാഭം കൊയ്തെടുക്കുകയുമാണ് ചെയ്തുവരുന്നത്. ഇതൊന്നും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലെന്ന് നടിക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നത്.
ചൈനയുമായുള്ള വ്യാപാരബന്ധത്തെ പറ്റി പരാമർശിക്കുമ്പോളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യാ — ചൈനാ അതിർത്തിയിലും ഇന്ത്യാ-പാക് അതിർത്തിയിലും നടക്കുന്ന സുരക്ഷാ ഭീഷണി വിവരിക്കുകയാണ് ചെയ്യുന്നത്. ഒരുതരം ശ്രദ്ധതിരിച്ചുവിടൽ തന്ത്രം. പുതിയ വിനിമയത്തിലൂടെ ഇന്ത്യയിലെ രണ്ട് സ്വകാര്യ കുത്തക കോർപറേറ്റുകൾക്ക് ലഭിക്കുന്ന ലാഭത്തെപ്പറ്റി തീർത്തും നിശബ്ദത പാലിക്കുകയാണ് മോഡി. ഉക്രെയ്ൻ യുദ്ധമാണ് ഇതിന് കളമൊരുക്കിയിട്ടുള്ളതെന്ന വസ്തുതയും തമസ്കരിക്കപ്പെടുന്നു. കാരണം അങ്ങനെ വന്നാൽ അത് റഷ്യാവിരുദ്ധ നിലപാടായി വ്യാഖ്യാനിക്കപ്പെടുമല്ലോ.
2022–23ൽ 2021–22നെ അപേക്ഷിച്ച് റഷ്യയിൽ നിന്നുള്ള പെട്രോളിയം ഇറക്കുമതി 13 ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയത്. അതായത് 250 കോടി ഡോളറിൽ നിന്ന് 3100 കോടി ഡോളറിലേക്ക്. ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവയെ പിന്തള്ളി, റഷ്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇപ്പോൾ റഷ്യ, ഇന്ത്യക്കനുവദിച്ചിരുന്ന ഡിസ്കൗണ്ടിൽ കുറവ് വരുത്തിയിരിക്കുന്നു. കാരണം, ചൈനയിൽ നിന്നുള്ള ഡിമാൻഡിൽ വർധനവുണ്ടായിരിക്കുന്നു എന്നതുതന്നെ. ഈ പ്രതിസന്ധിക്ക് പരിഹാരമായി രൂപ‑ഡോളർ വിനിമയത്തിലേക്ക് മാറാൻ മോഡി സർക്കാർ നടത്തിയ പരിശ്രമങ്ങൾ വിജയം കണ്ടെത്തിയിട്ടില്ലെന്നതാണ് വസ്തുത. ഡോളറിന് പകരം രൂപ എന്ന സംവിധാനത്തിലേക്ക് തിരികെ പോകാൻ പുടിൻ ഭരണകൂടം സന്നദ്ധമാകുമെന്ന് കരുതാനും നിർവാഹമില്ലാതായിരിക്കുന്നു.
ഇതിന് ഒന്നിലേറെ കാരണങ്ങളുണ്ട്. ഒന്ന്, രൂപ- റൂബിൾ വിനിമയത്തില്‍ അനിശ്ചിതത്വം നിലവിലുണ്ട്. റൂബിളിൽ മൂല്യനിർണയം നടക്കുക വിപണിശക്തികളുടെ ഇടപെടലിലൂടെയല്ല, മൂലധന നിയന്ത്രണങ്ങൾ വഴിയാണ്. റിസർവ് ചെയ്യപ്പെട്ട കറൻസികളുടെ മൂല്യനിർണയശൈലിയിൽ നിന്നും വ്യത്യസ്തമായ ഒന്നാണിത്. രണ്ട്, റഷ്യയുടെ കണക്കുകൂട്ടലനുസരിച്ച് രൂപയുടെ മൂല്യത്തിൽ സ്ഥിരതയില്ല എന്നതാണ്. അത്തരമൊരു കറൻസിയുമായി കൈമാറ്റനിരക്ക് നിർണയം നടത്തുക എന്നത് ആശാസ്യവുമല്ല. മൂന്നാമത്തെ കാരണം വ്യാപാരക്കമ്മിയിൽ ഉണ്ടായിരിക്കുന്ന കുത്തനെയുള്ള വർധനവാണ്. 2022–23ൽ ഈ വിടവ് 4300 കോടി ഡോളർവരെയായിരുന്നു. നടപ്പ് ധനകാര്യവർഷാവസാനത്തോടെ 4935 കോടി ഡോളർ വരെയാകുമ്പോൾ കയറ്റുമതിയുടേത് വെറും 314 കോടി ഡോളറിൽ ഒതുങ്ങിപ്പോവുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ഇന്ത്യൻ രൂപ റഷ്യൻ ബാങ്കുകളിൽ കുന്നുകൂടുന്നു എന്നതിൽ കവിഞ്ഞ്, അവര്‍ക്ക് അത് യുദ്ധാവശ്യങ്ങൾക്കായി വിനിയോഗിക്കാൻ കഴിയുകയില്ല. സ്വാഭാവികമായും ഇത്തരമൊരു സ്ഥിതിയില്‍ ‘ഡീഡോളറൈസേഷൻ’ പ്രക്രിയയിലേക്ക്-യുഎസ് ഡോളറിന് പകരം മറ്റേതെങ്കിലും കറൻസി വിനിമയ മാധ്യമമായി രൂപാന്തരപ്പെടുക‑കടക്കുകയായിരിക്കും റഷ്യക്ക് ഗുണകരമായിത്തീരുക. ഇതെല്ലാം കണക്കിലെടുത്തുവേണം ഇന്ത്യയുടെ ഭാവിവ്യാപാര വികസന സാധ്യതകൾ വിലയിരുത്തപ്പെടാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.