19 April 2024, Friday

Related news

April 19, 2024
April 18, 2024
April 15, 2024
April 15, 2024
April 3, 2024
March 30, 2024
March 29, 2024
March 14, 2024
March 9, 2024
February 15, 2024

പരാതി പരിഹാരത്തില്‍ നേട്ടം കൈവരിച്ച് സര്‍ക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
March 20, 2022 10:21 pm

എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലേറിയതിനു ശേഷം ലഭിച്ച പരാതികളിൽ 95 ശതമാനവും തീർപ്പാക്കി. സമാന്തരമായി പ്രവർത്തിച്ചിരുന്ന സംവിധാനങ്ങളെ സംയോജിപ്പിച്ച് ഐടി അധിഷ്ഠിതമായ പൊതുജന പരാതി പരിഹാര സെല്ലിന് രൂപം നൽകിയതോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. പൊതുഭരണ വകുപ്പ്, പിആർഡി എന്നിവയുടെ നിയന്ത്രണത്തിലുളള സുതാര്യ കേരളം, മുഖ്യമന്ത്രിയുടെ ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന കോൾ സെന്റർ, മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ, ജില്ലാതലങ്ങളിലെ സുതാര്യ കേരളം സെല്ലുകൾ എന്നിങ്ങനെയുള്ള സംവിധാനങ്ങളെയാണ് ഏകോപിപ്പിച്ചത്.

ഇതിലൂടെ ആകെ ലഭിച്ച 4,04,912 പരാതികളിൽ 3,87,658 എണ്ണം തീർപ്പാക്കാനായി. പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച് 36 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുന്നുണ്ട്. ഇത് ഉറപ്പ് വരുത്താൻ പരാതി ലഭിച്ചാലുടൻ ബാർ കോഡ് സ്റ്റിക്കർ പതിപ്പിച്ച് രജിസ്റ്റർ ചെയ്യും. അത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന പരാതികൾ ആരുടെ കൈവശം ഇരിക്കുന്നുവെന്ന് വേഗത്തിൽ കണ്ടെത്താനാകും. പരാതികൾ തീർപ്പാക്കുന്നതിന്റെ നിലവാരം ഉറപ്പുവരുത്താനും സംവിധാനമുണ്ട്. മാർഗനിർദേശാനുസരണമാണോ പരാതികൾ തീർപ്പാക്കുന്നത് എന്ന് പരിശോധിക്കും. അല്ലാത്തവ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ റീ ഓപ്പൺ ചെയ്ത് ശരിയായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകും.

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി സ്ട്രെയിറ്റ് ഫോർവേഡ് സംവിധാനവും ആരംഭിച്ചിരുന്നു. പരാതികൾക്ക് ലഭിക്കുന്ന മറുപടിയെക്കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറായ 1076 ൽ അറിയിച്ചാൽ സത്വരനടപടി സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന പരാതികളിൽ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും നിർദേശാനുസരണമുള്ള നടപടി ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യാറുണ്ട്. പരാതി സമർപ്പിക്കുന്നതു മുതൽ ഓരോ നീക്കവും എസ്എംഎസിലൂടെയും ഓൺലൈനായും പരാതിക്കാർക്ക് അറിയാനാകും.

പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗം നിശ്ചിത ഇടവേളകളിൽ ചേരാറുണ്ട്. പരാതികളുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുളള ധനസഹായത്തിനുള്ള അപേക്ഷകളുടെയും തീർപ്പാക്കൽ പുരോഗതി അവലോകനം നടത്താറുണ്ട്. 2020ൽ കമ്പ്യൂട്ടർ സെല്ലിനും പൊതുജന പരാതി പരിഹാര സംവിധാനത്തിനും ഐഎസ്ഒ 9001: 2015 സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു.

eng­lish summary;The Gov­ern­ment has made progress in resolv­ing grievances

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.