4 May 2024, Saturday

എന്നും ജനങ്ങൾക്കൊപ്പം എന്നതാണ് ഗ്യാരന്റി

ബിനോയ് വിശ്വം
April 24, 2024 4:15 am

ന്ത്യയുടെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഏപ്രിൽ 26ന് സംസ്ഥാനത്തുള്‍പ്പെടെ നടക്കാനിരിക്കുന്നത്. ജനാധിപത്യവും മതേതരത്വവും പൗരാവകാശങ്ങളും പാർലമെന്ററി വ്യവസ്ഥയുമെല്ലാം നിലനില്‍ക്കണമോ മരിക്കണമോ എന്ന ചോദ്യത്തിന് ഉത്തരം പറയാനാണ് നാം പോളിങ് ബൂത്തുകളിലേക്ക് പോവുന്നത്. സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത ഒരു വിചാരധാര ഇന്ന് സ്വാതന്ത്ര്യസമരത്തിന്റെ എല്ലാ മഹത്തായ പാരമ്പര്യങ്ങളെയും കുഴിച്ചുമൂടാൻ ശ്രമിക്കുകയാണ്. കപട വാഗ്ദാനങ്ങളും അസത്യപ്രചാര വേലകളുമായി അധികാരത്തിലിരുന്നുകൊണ്ട്, അവർ ജനതയുടെ പാതയിൽ ഇരുട്ട് നിറയ്ക്കുന്നു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നം വിശപ്പും ദാരിദ്ര്യവുമാണ്, തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്. മതസ്പർധ ആളിക്കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുമാണ് രാജ്യം ഭരിക്കുന്ന ദുഷ്ടശക്തികൾ ശ്രമിക്കുന്നത്. അവരുടെ നീക്കങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടേ ഇന്ത്യക്ക് മുന്നോട്ട് പോകാനാവൂ. 

നിലവിലുള്ള കേന്ദ്ര ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഒരു ഭരണം ഉറപ്പാക്കുക എന്നതാണ് എൽഡിഎഫിന്റെ ലക്ഷ്യം. കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവച്ച മാനിഫെസ്റ്റോ ആ രാഷ്ട്രീയ ദൗത്യത്തിന്റെ ഗ്യാരന്റിയാണ്. മതേതരത്വം, സോഷ്യലിസം, ജനാധിപത്യം എന്നീ മൂല്യങ്ങള്‍ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായുള്ള നയരേഖയാണ് പ്രകടന പത്രിക. കമ്മ്യൂണിസ്റ്റ് പാർട്ടി നയിച്ച നിരവധി സമരങ്ങളും ഭരണത്തിന് സാരഥ്യം വഹിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുമാണ് ”കേരള മോഡൽ” എന്ന ലോകമെമ്പാടും പ്രശംസിക്കപ്പെടുന്ന വികസന മാതൃകയ്ക്ക് വഴി തെളിയിച്ചത്. ഇന്ത്യയുടെ ധനകാര്യ ഫെഡറലിസത്തിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥയും സംസ്ഥാനങ്ങളെ സമ്മർദത്തിലാക്കുന്ന ധനനയങ്ങളും കൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിനു ലഭിക്കേണ്ട തുകകൾ മനഃപൂർവം വൈകിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾ രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ചുകൊണ്ട് അവകാശങ്ങൾ ചോദിച്ചുവാങ്ങാനായി ഒരുമിച്ച് നിൽക്കുമ്പോൾ കേരളത്തിലെ യുഡിഎഫും ബിജെപിയും തികച്ചും രാഷ്ട്രീയ ശത്രുതയോടെയാണ് വികസനത്തെയും സംസ്ഥാന താല്പര്യങ്ങളെയും വീക്ഷിക്കുന്നത്. 

2018ൽ മഹാപ്രളയമുണ്ടായപ്പോഴും, കോവിഡ് മഹാമാരിയുടെ വ്യാപനമുണ്ടായപ്പോഴും കേരളം ഒറ്റക്കെട്ടായി നിന്നുകൊണ്ട് അവയെ അതിജീവിച്ചു. ഇടതുപക്ഷ സർക്കാരാണ് കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ലോകത്തിനുതന്നെ മാതൃകയായ രീതിയിൽ ഏറ്റവും ഫലപ്രദമായി ജനങ്ങൾക്ക് സഹായമെത്തിച്ചത്. കേന്ദ്രസർക്കാർ രാജ്യം മുഴുവൻ അടച്ചുപൂട്ടി വെറുതെയിരുന്നപ്പോൾ കേരളത്തിലെ ഓരോ വീട്ടിലും എൽഡിഎഫ് സർക്കാർ നിത്യോപയോഗ സാധനങ്ങളെത്തിച്ചു. പൊതുഅടുക്കളകൾ തുറന്നു. തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണമെത്തിച്ചു. കോവിഡ് ബാധിച്ച ഓരോരുത്തർക്കും ആശുപത്രി ചികിത്സ ലഭ്യമാക്കി. ഇതെല്ലാം സാധിച്ചത് പൊതുആരോഗ്യരംഗത്ത് ഇടതുപക്ഷ സർക്കാരുകൾ നടത്തിയ വലിയ ഇടപെടലിലൂടെയാണ്. സമഗ്രവും ഫലപ്രദവുമായ സാമൂഹ്യസുരക്ഷാ പെൻഷൻ സംവിധാനത്തിലൂടെയും കേരളം ഇന്ത്യക്ക് ഒരു മാതൃക സൃഷ്ടിച്ചു. പെൻഷനുവേണ്ടി കേരളം അംഗീകരിച്ച ഗുണഭോക്താക്കൾ 63,14,199 ആണ്. എന്നാൽ കേന്ദ്രം 5,90,103 പേർക്ക് മാത്രമാണ് പെൻഷൻ നൽകുന്നത്. സംസ്ഥാനം പ്രതിമാസം നൽകുന്നത് 1600 രൂപയാണ്. 5085 ലക്ഷം പേർക്ക് കേന്ദ്രം നൽകുന്നതാകട്ടെ വെറും 200 രൂപയും. വർധിച്ചുവരുന്ന ജീവിതച്ചെലവിന് അനുസൃതമായി പെൻഷൻ തുക എൽഡിഎഫ് സര്‍ക്കാര്‍ കാലാകാലങ്ങളായി പരിഷ്കരിച്ചു വരുന്നു.
കേരളം മുന്നോട്ടുവയ്ക്കുന്ന, മാനവ വികസനത്തിലൂന്നിയ സാമ്പത്തിക വികസനം എന്ന ലക്ഷ്യത്തിന് വിഘാതമായി മാറുകയാണ് കേന്ദ്ര സർക്കാരിന്റെ സമീപനം. സംസ്ഥാനത്തിന്റെ കടമെടുക്കൽ വലിയ അപരാധമായി ചിത്രീകരിക്കുകയാണവർ ചെയ്യുന്നത്. വ്യക്തികളുടെ കടമെടുക്കൽ പോലെയല്ല സംസ്ഥാനങ്ങളുടെ കടമെടുക്കൽ. ആധുനിക കാലത്ത് സര്‍ക്കാരുകൾക്ക് ഭരണപരമായ ആവശ്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും കടമെടുക്കേണ്ടതായിവരും. സാമൂഹ്യക്ഷേമ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന കേരളത്തെ അർഹമായ കടമെടുക്കലിന്റെ പരിധിയിൽ പോലും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രം. വികസനം അളക്കുന്നതിനുള്ള ജിഡിപി എന്ന അളവുകോൽ സാമ്പത്തിക നേട്ടത്തില്‍ മാത്രം കേന്ദ്രീകരിക്കുകയും കാലാവസ്ഥാ വ്യതിയാനം, വരുമാന അസമത്വം തുടങ്ങിയ ഘടകങ്ങളെ പൂർണമായും അവഗണിക്കുകയും ചെയ്യുന്നു. ആധുനിക സമ്പദ്‌വ്യവസ്ഥയിൽ ജനങ്ങളുടെ ക്ഷേമമാണ് വികസനത്തിന്റെ യഥാർത്ഥ പ്രതിഫലനമായി പരിഗണിക്കപ്പെടേണ്ടത്.
ആഗോളതലത്തിൽ കോവിഡ് കാലഘട്ടത്തിൽ പോലും സഹസ്രകോടീശ്വരന്മാരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ് ചെയ്തത്. വികസിത‑വികസ്വര രാജ്യങ്ങളിൽ ഒരുപോലെ അസമത്വത്തിന്റെ തോത് വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജിഡിപി എന്ന സൂചിക സാമ്പത്തിക വളർച്ചയുടെ യഥാർത്ഥ അളവുകോലാണോയെന്ന ചോദ്യം വീണ്ടുംവീണ്ടും ഉന്നയിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാരുടെ കയ്യിലെത്തിക്കാനായി ബോധപൂർവം നടത്തുന്ന ഇടപെടലുകൾ വലിയ സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ്. 

ആസൂത്രിതമായ കലാപങ്ങൾ സൃഷ്ടിച്ച് ആപൽക്കരമായ വർഗീയ ധ്രുവീകരണത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം കയ്യേറാനുള്ള ശ്രമങ്ങൾ നടക്കുന്നു. കർഷകവിരുദ്ധ, തൊഴിലാളിവിരുദ്ധ നിയമങ്ങൾ അടിച്ചേല്പിക്കപ്പെടുന്നു. ഇതിനെതിരെ സാധാരണക്കാരുടെയും, തൊഴിലാളികളുടെയും ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെയും, സ്ത്രീകളുടെയും കുട്ടികളുടെയുമെല്ലാം ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്തുകയും അന്തസും അഭിമാനവും സംരക്ഷിക്കുകയും ചെയ്യുക എന്നതിലൂന്നിയാണ് സിപിഐയും എല്‍ഡിഎഫും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ആരോഗ്യമേഖലയ്ക്ക് ദേശീയ വരുമാനത്തിന്റെ ആറ് ശതമാനവും, വിദ്യാഭ്യാസത്തിന് 10 ശതമാനവും ചെലവഴിക്കുമെന്ന് പാര്‍ട്ടിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. സാർവത്രികവും സൗജന്യവുമായ റേഷൻ സംവിധാനം, തൊഴിലുറപ്പ് കൂലി 700 രൂപ, കർഷകർക്ക് താങ്ങുവില, മരുന്നുവില നിയന്ത്രണം എന്നിവയെല്ലാം പാർട്ടി ഉറപ്പു നൽകുന്നു. പൗരത്വ ഭേദഗതി നിയമം, യുഎപിഎ തുടങ്ങിയ കരിനിയമങ്ങൾ റദ്ദാക്കും, കേന്ദ്ര അന്വേഷണ ഏജൻസികളെ പാർലമെന്റിന്റെ നിരീക്ഷണത്തിലാക്കും, സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കും, കർഷകരുടെ കൃഷിഭൂമിയിലുള്ള അവകാശം ഇല്ലാതാക്കുന്ന കരാ­ർ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നിയമം പിൻവലിക്കും, രാജ്യത്തെ തൊഴിൽ നിയമങ്ങളെയാകെ കേവലം നാല് ലേ­ബ­ർ കോഡുകളിലൊ­­തുക്കിക്കൊണ്ട് തൊഴിലാളികളുടെ മിനിമം വേതനവും തൊഴിലിടങ്ങളിലെ സുരക്ഷയും ഇല്ലാതെയാക്കുന്ന ഇന്നത്തെ നിയമം പിൻവലിക്കും തുടങ്ങിയവയും ഉറപ്പ് നല്‍കുന്നു.
ഭരണകൂടത്തിന്റെ മൂന്ന് തൂണുകളായ നിയമനിർമ്മാണ സഭയും എക്സിക്യൂട്ടീവും, നീതിന്യായ സംവിധാനവും പരസ്പരം സ്വാധീനിക്കപ്പെടാതെയും ഒരു വിഭാഗത്തിന്മേൽ മറ്റൊന്ന് ആധിപത്യം പുലർത്താതെയും പ്രവർത്തിക്കണമെന്ന അധികാര വിഭജന സങ്കല്പനമാണ് ജനാധിപത്യ ഭരണസംവിധാനത്തിന്റെ അടിസ്ഥാനആശയം. മതനിരപേക്ഷത, ന്യൂനപക്ഷ‑ദളിത് സംവരണം, ആദിവാസി സ്വയംഭരണാവകാശം, സ്ത്രീശാക്തീകരണം, സമത്വം, മൗലികാവകാശ സംരക്ഷണം, ഫെഡറൽ സംവിധാനം, ദാരിദ്ര്യ നിർമ്മാർജനം ശാസ്ത്രീയ ചിന്തയുടെയും ശാസ്ത്രത്തിന്റെയും പുരോഗതി തുടങ്ങിയ ജീവസുറ്റ വിഷയങ്ങളെ ജനാധിപത്യ മൂല്യങ്ങൾക്കനുസൃതമായി ഉൾക്കൊള്ളുമ്പോഴാണ് പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുന്നത്. എന്നാൽ പാർലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ കടയ്ക്കൽ കത്തിവച്ചുകൊണ്ട് കേന്ദ്ര ഭരണകൂടം നിരന്തരം അമിതാധികാര പ്രയോഗം നടത്തുന്ന കാഴ്ചയ്ക്കാണ് ഇന്നത്തെ ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്.
ജനങ്ങൾക്ക് ഭരണഘടന നൽകിയിട്ടുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഫാസിസ്റ്റ് ശക്തികൾ രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും തകർക്കുന്നതിനെതിരെ നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. ജനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ സംരക്ഷിക്കുന്ന, കുത്തകവൽക്കരണം അവസാനിപ്പിക്കുന്ന അഴിമതിരഹിതമായ ഒരു സര്‍ക്കാര്‍ കേന്ദ്രത്തിൽ അധികാരത്തിൽ വരണം. ഇടതുപക്ഷത്തിന് നിർണായകമായ സ്വാധീനമുള്ള ഒരു കേന്ദ്രസർക്കാരിനു മാത്രമേ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും, ദളിത്, ന്യൂനപക്ഷങ്ങളുടെയും, സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനാവുകയുള്ളു. 

ജനാധിപത്യവും, മതനിരപേക്ഷതയും, സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു ബദൽ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുക എന്നത് രാജ്യത്തിന്റെ ഭാവി ഭാഗധേയം നിർണയിക്കുന്നതിൽ പരമപ്രധാനമാണ്. ജനാധിപത്യത്തിന്റെ അടിത്തറ ജനങ്ങളാണ്. ജനങ്ങളെ പിന്നിലേക്ക് തള്ളിമാറ്റി ആ സ്ഥാനത്ത് പണത്തെ അവരോധിക്കാനുള്ള നീക്കം രാജ്യമാകെ ശക്തിപ്പെടുകയാണ്. ജനാധിപത്യം ധനാധിപത്യത്തിന് കീഴ്പ്പെട്ടാൽ മതേതരത്വവും പൗരാവകാശങ്ങളും ക്ഷേമരാഷ്ട്ര സങ്കല്പങ്ങളും സോഷ്യലിസ്റ്റ് സ്വപ്നങ്ങളുമെല്ലാം കുഴിച്ചുമൂടപ്പെടും.
10 കൊല്ലം രാജ്യം ഭരിച്ച സംഘ്പരിവാർ ശക്തികൾ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള കളമൊരുക്കൽ ഏതാണ്ട് പൂർത്തിയാക്കിയിരിക്കുന്നു. അയോധ്യയിലെ ക്ഷേത്ര നിർമ്മാണം മുതൽ പൗരത്വ ഭേദഗതി നിയമം വരെയുള്ള മോഡി സർക്കാരിന്റെ ചെയ്തികൾ ഓരോന്നും ആസൂത്രിതമായ കാൽവയ്പുകളായിരുന്നു. ഇന്ത്യൻ സംസ്കാരത്തിനും പൈതൃകത്തിനും കടകവിരുദ്ധമായ ദേശീയതാ ആശയങ്ങളാണ് അവർ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത്. ഹിന്ദുത്വ എന്ന ഓമനപ്പേരിട്ട് അവർ പ്രചരിപ്പിക്കുന്ന ആശയങ്ങൾക്ക് ഹിന്ദു മതവുമായി പുലബന്ധം പോലുമില്ല. ഈ സര്‍ക്കാരിനെ നയിക്കുന്ന ആർഎസ്എസിന്റെ തത്വശാസ്ത്രം അങ്ങേയറ്റം ദേശവിരുദ്ധമാണ്. അത് ഹിറ്റ്ലറൈറ്റ് ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പാണ്. ഫാസിസത്തിന്റെ അടിസ്ഥാനശിലകൾ വംശമേധാവിത്വവും കോർപറേറ്റ് മൂലധനത്തോടുള്ള അതിരറ്റ വിധേയത്വവുമാണ്. ഇറ്റലിയിൽ മുസോളിനിയും ജർമ്മനിയിൽ ഹിറ്റ്ലറും അധികാരത്തിലേറിയത് ആ തത്വശാസ്ത്രത്തിന്റെ പേരിലാണ്. അതേ ദാർശനിക അടിത്തറയാണ് ആർഎസ്എസ് സ്വീകരിച്ചത്. അവരുടെ കിരാതവാഴ്ചയുടെ കീഴിൽ ഇന്ത്യക്ക് നഷ്ടപ്പെടുന്നത് ജനാധിപത്യവും മതേതരത്വവുമെന്ന രാജ്യത്തിന്റ ആത്മാവാണ്. അത് വീണ്ടെടുക്കുവാനും ശക്തിപ്പെടുത്തുവാനുമുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. മൂന്നാമൂഴത്തെപ്പറ്റി വീമ്പു പറയുന്ന ഫാസിസ്റ്റ് പിണിയാളരെ പരാജയപ്പെടുത്തി ഇന്ത്യ സഖ്യത്തെ അധികാരത്തിൽ കൊണ്ടുവരികയാണ് എൽഡിഎഫ് നടത്തുന്ന പോരാട്ടത്തിന്റെ ലക്ഷ്യം.
കേരളത്തിലെ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. കേന്ദ്രം അടിച്ചേല്പിച്ച ഉപരോധത്തിന്റെ ഫലമായി സാമ്പത്തിക ഞെരുക്കത്തിൽ അമർന്നപ്പോഴും ഇടതുപക്ഷം ജനങ്ങളെ കൈവിട്ടില്ല. സുപ്രീം കോടതി തീരുമാനപ്രകാരം അല്പം പണം ലഭിച്ചപ്പോൾ എൽഡിഎഫ് സര്‍ക്കാര്‍ ആദ്യം ഓർത്തത് പെൻഷനുവേണ്ടി കാത്തിരിക്കുന്ന പാവങ്ങളെയാണ്, മാവേലി സ്റ്റോറുകളെ ഉറ്റുനോക്കുന്ന സാധാരണക്കാരെയാണ്. കോർപറേറ്റുകൾ തുറന്നുവച്ച മടിശീലകളും അവരുടെ ഇലക്ടറൽ ബോണ്ടുകളും ഇടതുപക്ഷത്തിന് സ്വീകാര്യമല്ല. സാധാരണക്കാരായ ജനങ്ങളെ ആശ്രയിച്ചുകൊണ്ട് അവർക്ക് വേണ്ടിയാണ് എൽഡിഎഫ് നിലകൊള്ളുന്നത്. എന്നും ജനങ്ങൾക്കൊപ്പം എന്നതാണ് എൽഡിഎഫിന്റെ ഇളകാത്ത ഗ്യാരന്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.