11 May 2024, Saturday

Related news

May 8, 2024
April 17, 2024
April 10, 2024
April 5, 2024
March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023

‘ഈശോ’ സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Janayugom Webdesk
കൊച്ചി
August 13, 2021 3:43 pm

നടന്‍ ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി.സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ ഹര്‍ജിയ്ക്ക് നിലനില്‍പ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന, ജയസൂര്യ നായകനാകുന്ന സിനിമയാണ് ഈശോ.ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു കൂട്ടം ആളുകള്‍ സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്തു വന്നു. ഇക്കാര്യത്തില്‍ എതിര്‍ത്തും അനുകൂലിച്ചും സിനിമാരംഗത്തും പൊതു സമൂഹത്തിലും ചര്‍ച്ചകളും ചൂടുപിടിച്ചു. പി സി ജോര്‍ജ് അടക്കമുള്ള പ്രമുഖരും ഈശോ എന്ന പേരിനെതിരെ രംഗത്തുവന്നിരുന്നു.
സിനിമയ്ക്കിട്ട ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച്‌ ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ക്രൈസ്തവരെ സംബന്ധിച്ച്‌ ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് പ്രസക്തമല്ല. സിനിമയില്‍ നല്ല കാര്യങ്ങളാണ് പറയുന്നത് എങ്കിലും ഈശോ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.

തൊട്ടു പിന്നാലെ ഈശോ സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച്‌ മാക്ട (മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍) രംഗത്തെത്തിയിരുന്നു. മലയാള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേര്‍ത്തുപിടിക്കലല്ലെന്ന് മാക്ട പ്രതികരിച്ചു.

സിനിമ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കാലാരൂപമാണ്. എല്ലാവരും ഒരുമിച്ച്‌ നിന്നുകൊണ്ട് ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരിടമാണെന്നും സമൂഹത്തിന്റെ മാനസികമായ സന്തോഷത്തിന് വേണ്ടിയാണ് സിനിമ നിലനില്‍ക്കുന്നതെന്ന് മാക്ട പ്രസ്താവിച്ചു.

Eng­lish sum­ma­ry; The High Court has reject­ed a peti­tion seek­ing a stay on the screen­ing of ‘Iso’

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.