15 November 2024, Friday
KSFE Galaxy Chits Banner 2

മലയാളികളുടെ കുതിരക്കമ്പം കൂടുന്നു

Janayugom Webdesk
June 12, 2022 10:22 pm

മലയാളികളുടെ കുതിരക്കമ്പം വർധിക്കുന്നു. മുൻപ് വിരലിലെണ്ണാവുന്നവയാണ് കേരളത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ രണ്ടായിരത്തോളം കുതിരകൾ വിവിധയിടങ്ങളിലായി വളരുന്നുണ്ടെന്നാണ് കണക്ക്. ഉത്സവപ്പറമ്പുകളിലും ഉദ്ഘാടനച്ചടങ്ങുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമൊക്കെ കുതിരയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്തതായി. ‘സേവ് ദ ഡേറ്റ്’ ഫോട്ടോ ഷൂട്ടുകൾക്കും കുതിരകൾ എത്തുന്നുണ്ട്. കുതിരസവാരി പഠിപ്പിക്കുന്ന ക്ലബ്ബുകളും സംസ്ഥാനത്ത് വ്യാപകമായി. കുതിരയുമായി ബന്ധപ്പെട്ട ചാട്ടവാർ, ലാടം, സീറ്റ് തുടങ്ങിയവയൊക്കെ വിൽക്കുന്നവരുമുണ്ട്. 10,000 രൂപമുതൽ മൂന്നും നാലും ലക്ഷം രൂപവരെ വിലയുള്ള കുതിരകൾ മാർക്കറ്റിലുണ്ട്. ഉത്തരേന്ത്യയിൽനിന്നും തമിഴ്‌നാട്ടിലെ ആർക്കോണത്തെ ഫാമുകളിൽനിന്നും കുതിരകൾ ഇവിടെയെത്തുന്നുണ്ട്. മാർവാഡി, നൊക്ര, സിന്ധി, പോണി തുടങ്ങിയ ബ്രീഡുകളാണ് ഇവിടെ കൂടുതലായി എത്തുന്നത്. മാസം ചുരുങ്ങിയത് 9,000 രൂപയെങ്കിലും തീറ്റച്ചെലവായി വേണ്ടിവരും.

ഇപ്പോൾ ഉത്സവഘോഷയാത്രയ്ക്ക് കുതിരയെ പങ്കെടുപ്പിക്കുന്ന രീതി വന്നുതുടങ്ങി. സീസൺ അല്ലാത്തപ്പോൾ വരുമാനം ഉണ്ടാകില്ല. നല്ല വ്യായാമമാണ് കുതിരസവാരി. മസിലുകൾക്ക് കരുത്തുപകരും. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഹിപ്പോ തെറാപ്പിക്കും കുതിരകളെ ഉപയോഗിക്കാറുണ്ട്. ഗോതമ്പ് നുറുക്ക്, സോയ തവിട്, കടല കുതിർത്തത്, മുതിര വേവിച്ചത്, വൈക്കോൽ, പച്ചപ്പുല്ല് എന്നിങ്ങനെ പോകുന്നു കുതിരകളുടെ ഭക്ഷണക്രമം.
ഓരോ ആവശ്യങ്ങൾക്കും ഓരോതരം കുതിരകൾ പ്രത്യേകമുണ്ട്. റൈഡിങ്ങ് പഠിപ്പിക്കാനാണെങ്കിൽ ഗെൽഡിങ്ങുകളെയാണ് ആവശ്യം. ഒരു വർഷം പ്രായമായ കുതിരയെ ഇയർലിങ്ങ് എന്നാണ് പറയുന്നത്. ഒന്നര വയസ് കഴിയുമ്പോൾ ആൺകുതിരയാണെങ്കിൽ കോൾട്ട് എന്നും പെൺകുതിരയാണെങ്കിൽ ഫില്ലി എന്നും വിളിക്കും. നാല് വയസ് കഴിയുമ്പോൾ പെൺകുതിരയാണെങ്കിൽ മേർ എന്നും ആൺകുതിരയാണെങ്കിൽ സ്റ്റാലിയൻ എന്നും വിളിക്കും. ഇവയെയാണ് പ്രജനനത്തിനായി ഉപയോഗിക്കുന്നത്. ഗർഭിണിയായ കുതിരയെ ബ്രൂഡ് മേർ എന്ന് പറയും. പൂർണവളർച്ചയെത്തിയ കുതിരക്കുട്ടിക്ക് 450 കിലോ മുതൽ 500 കിലോ വരെ ഭാരം ഉണ്ടാകും. 

Eng­lish Sum­ma­ry: The horse tremors of the Malay­alees are increasing

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.