മരണത്തെ മുഖാമുഖം കണ്ടുകൊണ്ട്ജന്മിത്വത്തിനും നാടുവാഴിത്തത്തിനും എതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം സഖാക്കൾ നടത്തിയ പോരാട്ടത്തിന് ഇന്ന് ഏഴര പതിറ്റാണ്ട് പൂർത്തിയാവുകയാണ്.
1948 കാലഘട്ടം
ഈ കാലത്ത് വള്ളികുന്നത്തെ പാർട്ടി സഖാക്കൾ നിരന്തരമായി ജന്മിമാരുടെയും പോലീസിന്റെയും അക്രമങ്ങൾക്ക് വിധേയരായിരുന്നു.വള്ളികുന്നത്ത് രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയും , ജനാധിപത്യ യുവജന സംഘവും , കർഷക തൊഴിലാളി സംഘടനയുമൊക്കെ ഇതിരെയുള്ള പോരാട്ടത്തിന് തുടക്കം കുറിച്ച കാലം.പരസ്പരമുള്ള ഏറ്റുമുട്ടലുകൾ ആരംഭിച്ചതോടെ സഖാക്കൾ നിരവധി കേസുകളിൽ ഉൾപ്പെട്ടു. ഇങ്ങനെ വള്ളികുന്നത്ത് പോലീസ് ക്യാമ്പ് ആരംഭിച്ചു. കേസിൽ ഉൾപ്പെട്ട സഖാക്കൾക്കു വേണ്ടി വീടുകൾ കയറിയിറങ്ങി പോലീസ് തിരച്ചിൽ ആരംഭിച്ചതോടെ സഖാക്കൾക്ക് വള്ളികുന്നത്ത് നിൽക്കാൻ കഴിയാത്ത സാഹചര്യമായി. പകൽ സമയങ്ങളിൽ സഖാക്കൾ പരമാവധി വള്ളികുന്നത്തുനിന്നും മാറിനിൽക്കാൻ തുടങ്ങി.തൊട്ടടുത്ത മേഖലകളിലേക്ക് മാറിനിൽക്കുവാനാണ് തീരുമാനം. ശൂരനാട്, ആദിനാട്, തഴവ തുടങ്ങിയ തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് സഖാക്കൾ മാറി തുടങ്ങി. ഒളിവിൽ നിൽക്കാൻ പറ്റിയ ഭൂപ്രകൃതി ആയിരുന്നു ശൂരനാട്ട് ഉണ്ടായിരുന്നത്. കുന്നുകളും വയലുകളും , ചീനിക്കാടുകളും നിറഞ്ഞ ഇവിടേക്ക് കൂടുതൽ സഖാക്കൾ ഒളിവിൽ പാർക്കാനായി എത്തി. സഖാക്കൾ പുതുപ്പള്ളി രാഘവൻ , പേരൂർ മാധവൻ പിള്ള,തോപ്പിൽ ഭാസി , ചേലക്കോട്ടേത്ത് കുഞ്ഞിരാമൻ തുടങ്ങിയവരൊക്കെയും ശൂരനാട് എത്തിയിരുന്നു.
ശൂരനാട് ആക്കാലത്ത് രൂപീകരിക്കപ്പെട്ട ജനാധിപത്യ യുവജന സംഘടനയുടെ പ്രവർത്തകരാണ് ഇവർക്ക് ഒളിവിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തിരുന്നത്. വളരെയധികം സാമൂഹിക അസമത്വങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു ഈ കാലഘട്ടത്തിൽ ശൂരനാട്ടുകാർ അനുഭവിച്ചിരുന്നത്. കർഷകത്തൊഴിലാളികൾ അടിമതുല്യമായ ജീവിതം നയിച്ചുവന്നു. ശൂരനാട്ടെ തെന്നല ഗോപാലപിള്ളയും സഹായികളും ചേർന്ന് നാടിൻറെ മുഴുവൻ സ്വത്തുക്കളും കൃഷിയിടങ്ങളും കയ്യടക്കി വെച്ചിരുന്ന കാലം. ഒരിറ്റ് കഞ്ഞി വെള്ളത്തിനായി തമ്പ്രാന്റെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ഗതികേട് അവർക്കുണ്ടായി.പകലന്തിയോളം പണിയെടുക്കുന്നവർക്ക് ആർക്കും കൂലിയില്ല.കാളയ്ക്ക് പകരം മനുഷ്യനെ നുകത്തിൽ കെട്ടി നിലം ഉഴുത് ആത്മനിർവതി അടഞ്ഞ ജൻമികൾ ആയിരുന്നു അവർ. കോടതിയും, പോലീസുമെല്ലാം അവർ തന്നെ ആയിരുന്നു. സ്വാതന്ത്യത്തിനു ശേഷവും സാമൂഹിക അനീതി തുടരുകയും കൃഷിയിടങ്ങൾ തങ്ങൾക്ക് അന്യമാക്കുകയും ചെയ്ത തോടെ സംഘടിക്കുക, പൊരുതുക എന്ന വഴിയല്ലാതെ ഒന്നും മുന്നിലില്ലെന്ന് ആ യുവാക്കൾ തിരിച്ചറിഞ്ഞു.ശൂരനാട്ടും ചെറിയ പ്രതിഷേധങ്ങൾ ഉയർന്നു വന്നു. കാലഘട്ടം 1949 ൽ ശൂരനാട് കേന്ദ്രീകരിച്ച് പാർട്ടി സെൽ രൂപീകരിച്ചു. വള്ളികുന്നം ലോക്കൽ കമ്മിറ്റിക്ക് കീഴിലായിരുന്നു ശൂരനാട്ടെ പാർട്ടി സെൽ. സഖാക്കൾ നടയിൽ വടക്കതിൽ പരമുനായർ സെക്രട്ടറിയായി പി കെ പി പോറ്റി, കളക്കാട്ട് തറ പരമേശ്വരൻ നായർ , പോണാൽ തങ്കപ്പകുറുപ്പ്, അയണിവിള കുഞ്ഞുപിള്ള , എന്നിവർ അംഗങ്ങളായും ആയിരുന്നു കമ്മിറ്റി. നാട്ടിലെ സാധാരണ മനുഷ്യർ നേരിടുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധിക്കാൻ തീരുമാനിച്ചതോടെ സംഘർഷത്തിന്റെ ദിനങ്ങൾക്കായിരുന്നു ശൂരനാട് സാക്ഷ്യം വഹിച്ചത്.
1949 ഡിസംബർ 31ന് കിഴകിട ഏലായിലെ ഉള്ളന്നൂർ കുളത്തിലെ മീൻപിടുത്തവുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമായ സംഘർഷത്തിലേക്ക് വഴിമാറി. അടൂർ സ്റ്റേഷനിൽ നിന്നും പോലീസിനെ ജന്മിമാർ വിളിച്ചുവരുത്തി.പോലീസും ജന്മി ഗുണ്ടകളും ചേർന്ന് സഖാക്കളുടെ വീടുകൾ കയറിയിറങ്ങി പ്രതിഷേധക്കാർക്കായി തിരച്ചിൽ തുടങ്ങി. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും അവർ ഉപദ്രവിച്ചു. വീടുകളിൽ നിന്നും നിലവിളികൾ ഉയർന്നു കേട്ടു. ഇതോടെ ഏലായുടെ മറുഭാഗത്ത് തമ്പടിച്ചിരുന്ന സഖാക്കൾ നേരിട്ട് ഇറങ്ങി പ്രതിരോധിച്ചു. അടൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോൺ ഉൾപ്പെടെ 4 പോലീസുകാർ കൊല്ലപ്പെട്ടു. പിന്നീടങ്ങോട്ട് രൂക്ഷമായ ഏറ്റുമുട്ടലുകളുടെ നാളുകളായിരുന്നു. 1950 ജനുവരിയിലെ പ്രഭാതം ഉണർന്നപ്പോൾ “ശൂരനാടെന്നൊരു നാടിനി വേണ്ട ” എന്ന തിരുവിതാംകൂർ മുഖ്യമന്ത്രി പരവൂർ റ്റി കെ നാരായണപിള്ളയുടെ ഇടിവെട്ടുന്ന വാക്കുകൾ ശൂരനാട്ട് ഇടിമുഴക്കം പോലെ ഉയർന്നു കേട്ടു.ഇതോടെ പോലീസും ഗുണ്ടകളും നാട്ടിൽ ആകെ അഴിഞ്ഞാടി. കണ്ണിൽ കണ്ടവരെ എല്ലാം ക്രൂരമായി ഉപദ്രവിച്ചു. വീടുകൾ തല്ലി തകർത്തു. കുട്ടികളെയും സ്ത്രീകളെയും പോലും വെറുതെ വിട്ടില്ല. രക്ഷയില്ലാതെ സഖാക്കൾ ഒളിവിൽ പോയി .
1950 ജനുവരി 18ന് അടൂർ ലോക്കപ്പിൽ വച്ച് ശൂരനാട് സമര നായകൻ സഖാവ് തണ്ടാശേരി രാഘവൻ മരണപ്പെട്ടു. ഇതിനിടയിൽ കേസിലെ പ്രതികളുടെ വീടുകൾ എല്ലാം പൂർണമായും ഇടിച്ചു നിരത്തിയിരുന്നു. കാർഷിക വിളകളും, വീട്ടുപകരണങ്ങളും നശിപ്പിച്ചു. ഒളിവിലുള്ള സഖാക്കളെ കിട്ടുന്നതിനായി സഹോദരങ്ങളെയും അച്ഛനമ്മമാരെയും ക്രൂരമായി ഉപദ്രവിച്ചു.കേസിൽ പ്രതിചേർത്തവർ മാത്രമല്ല നാട്ടുകാർക്കു തന്നെ അവിടെ നിൽക്കാൻ കഴിയാത്ത നിലയിൽ നാടുവിട്ടുപോകേണ്ട സാഹചര്യം സംജാതമായി. പൊയ്ക മൈതാനിയിൽ ആയിരുന്നു പോലീസ് ക്യാമ്പ് .കയ്യിൽ കിട്ടിയവരെ എല്ലാം അവിടെ എത്തിച്ചു ക്രൂരമായി മർദ്ദനത്തിനിരയാക്കി. കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകൾ ആയിരുന്നു ഇവരിൽ ഭൂരിഭാഗവും. ഒരു നാട് തന്നെ പൂർണമായി തകർക്കപ്പെട്ട നിലയിലേക്ക് സംഭവം എത്തപ്പെട്ടു.സംഭവത്തിൽ പ്രതിചേർക്കപ്പെട്ട മിക്കവരും മൂന്നുനാലു മാസത്തിനുള്ളിൽ പോലീസ് കസ്റ്റഡിയിലായി. കസ്റ്റഡിയിൽ ആയവരെ എല്ലാം സബ് ഇൻസ്പെക്ടർ ഭാസ്കര പണിക്കരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ എന്ന പേരിൽ ക്രൂരമായ മർദ്ദനത്തിനിരയാക്കി എന്നതായിരുന്നു സത്യം.
1950 ജനുവരി 18 ന് ധീരനായ സമര നായകൻ സഖാവ് തണ്ടാശ്ശേരി രാഘവൻ അടൂർ പോലീസ് ലോക്കപ്പിൽ വച്ച് രക്തസാക്ഷിയായി. തുടർന്ന് സഖാക്കളെ കൊല്ലം കസബസ്റ്റേഷനിലേക്ക് മാറ്റി. കാറ്റും വെളിച്ചവും കടക്കാത്ത, മലമൂത്രങ്ങളുടെ ഗന്ധം തളംകെട്ടി നിൽക്കുന്ന, രക്തക്കറ പുരണ്ട ചുവരുകളുള്ള, മൂട്ടയും കൂറയും അരിക്കുന്ന ഒരു കുട്ടി നരകം ആയിരുന്നു കസബ സ്റ്റേഷൻ.മാസങ്ങളോളം നീണ്ട അതിക്രൂരമായ പീഡനങ്ങൾ . ഇതിന്റെ ഫലമായി നാല് സഖാക്കൾ കൂടി രക്തസാക്ഷിയായി. സഖാക്കൾ കളയ്ക്കാട്ടുതറ പരമേശ്വരൻ നായർ ‚മഠത്തിൽ ഭാസ്കരൻ നായർ എന്നിവർ നാഗർകോവിൽ ക്ഷയരോഗാശുപത്രിയിൽ വച്ച് മരണപ്പെട്ടു. സഖാവ് ഗോപാലപിള്ള കൊല്ലം ജില്ലാ ആശുപത്രിയിൽ വച്ചും , കാഞ്ഞിരപ്പള്ളി വടക്ക് പുരുഷോത്തമ കുറുപ്പ് കസബ സ്റ്റേഷനിൽ വച്ച് മരണം വരിച്ചു.
സമര സഖാക്കൾ മിക്കവരും ചെറുപ്പക്കാരായിരുന്നു. പോലീസ് മർദ്ദനത്തിന്റെ ക്രൂരമായ ചിത്രങ്ങൾ തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകളിൽ വരച്ചുകാട്ടുന്നുണ്ട് ഇതിൽ ഏറ്റവും ഹൃദയസ്പർശിയായി അദ്ദേഹം പറയുന്നത് സംഭവത്തിനുശേഷം പായിക്കാലിൽ വീട്ടിൽ നടന്ന പോലീസ് അതിക്രമമായിരുന്നു. ഒരു പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ ഒരു സംഘം പോലീസുകാർ പായ്ക്കാലിൽ വീട്ടിലെത്തി. ഈ വീട്ടിലെ ഗോപാലപിള്ളയും പരമേശ്വരൻ നായരും ഒളിവിലാണ്. ഗോപാല പിള്ളയുടെ ഭാര്യ തങ്കമ്മയമ്മയും രണ്ടു കുട്ടികളും പ്രായമായ അമ്മയും മാത്രമാണ് വീട്ടിൽ ഉള്ളത് ഗോപാലപിള്ളയെ തിരക്കിയ ശേഷം കാണാത്ത കലിയിൽ രണ്ടു വയസ്സുള്ള ഗോപാലയുടെ മകളെ കാലിൽ തൂക്കിയെടുത്ത് ആ പോലീസ് ഓഫീസർ നേരെ അടുത്തുള്ള കുളത്തിലേക്ക് നടന്നു.ഗോപാല പിള്ളയുടെ ഭാര്യ മാറത്തടിച്ച് നിലവിളിച്ചുകൊണ്ട് പിന്നാലെ പാഞ്ഞു. ഒളിവിൽ പോയ സഖാക്കൾ എവിടെയുണ്ടെന്ന് പറഞ്ഞു കൊടുക്കണം ആ പാവങ്ങൾക്ക് അത് അറിവുണ്ടായിരുന്നില്ല.തുടരെത്തുടരെ ഈ ചോദ്യം ഉന്നയിച്ചുകൊണ്ട് ആ പിഞ്ചു കുഞ്ഞിനെ വെള്ളത്തിൽ മുക്കി പിടിച്ചു. പ്രാണവേദനയോടെ ആ കുഞ്ഞു വെള്ളത്തിനടിയിൽ ഇരുന്നു പിടയുമ്പോൾ അയാൾ പൊക്കിയെടുക്കും. ഒടുവിൽ കുഞ്ഞിനെ ഉപേക്ഷിച്ച് പോയി.തങ്കമ്മയും കുഞ്ഞുങ്ങളെയും പോലീസ് പിന്തുടർന്നുകൊണ്ടേയിരുന്നു വീട്ടുപകരണങ്ങളും കൃഷിയും എല്ലാം നശിപ്പിച്ചു.ഗോപാലപിള്ള പോലീസ് പിടിയിലായതോടുകൂടി അവർ നാടുവിട്ടുപോയി. പിന്നെ വർഷങ്ങൾക്കു ശേഷമാണ് ഇവർ നാട്ടിലെത്തിയത്.
സഖാവ് പോണാൽ തങ്കപ്പ കുറുപ്പാണ് ജീവിച്ചിരുന്നവരിൽ ഏറ്റവും ഒടുവിലായി മരണപ്പെടുന്ന സമര സഖാവ്.സഖാവ് നടയിൽ വടക്കതിൽ പരമു നായരുടെ സഹോദരി ഭർത്താവായിരുന്നു അദ്ദേഹം. പാർട്ടി സെല്ലിൽ അംഗമായിരുന്ന സഖാവ് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായിരുന്നു.കേസിനെ തുടർന്ന് ഒളിവിൽ പോയ സഖാവ് ഒരു ദിവസം വീട്ടിലെയും നാട്ടിലെയും വിവരങ്ങൾ അറിയുവാനുള്ള ഉദ്ഘണ്ഡയോടെ ശൂരനാട്ടെത്തി. മറ്റാരുടെയും കണ്ണിൽപ്പെടാതെ വീടിൻറെ പരിസരത്ത് എത്തിയ അദ്ദേഹം കാണുന്നത് വീടിൻറെ സ്ഥാനത്ത് തകർന്ന മൺകൂനകൾ മാത്രമായിരുന്നു. അച്ഛനും അമ്മയും സഹോദരങ്ങളും പാവുമ്പ യിലുള്ള വീട്ടിൽ ഉണ്ടെന്നറിഞ്ഞ് അവിടെയെത്തി അവിടെ എത്തിയപ്പോഴാണ് തന്നെ കിട്ടാത്തത് കൊണ്ട് തന്റെ വന്ദ്യവയോധികനായ പിതാവിനെ പോലീസ് കൊണ്ടുപോയ കാര്യം അറിയുന്നത്. അന്ന് അദ്ദേഹത്തിന്റെ പിതാവിന് പ്രായം 75 ൽ അധികമായിരുന്നു.
ആ പാതിരാത്രി തന്നെ സഖാവ് തങ്കപ്പ ക്കുറുപ്പ് അടൂർ പോലീസ് പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നടത്ത ആരംഭിച്ചു. “നിങ്ങൾ അന്വേഷിക്കുന്ന ശൂരനാട് കേസിലെ പ്രതി പോണാൽ തങ്കപ്പക്കുറുപ്പ് ഞാനാണ്. എന്നെ ലോകകപ്പിൽ അടച്ചിട്ട് എൻറെ അച്ഛനെ വെറുതെ വിടണം” എന്ന് ഉച്ചത്തിൽ പറഞ്ഞു.കരണകുറ്റിക്കാഞ്ഞടിച്ച് പോലീസ് ലോക്കപ്പിലേക്ക് എടുത്ത് ഒരേറായിരുന്നു. തുടർന്ന് അദ്ദേഹത്തെ ക്രൂരമായ മർദ്ദനത്തിനിരയാക്കി. മർദ്ദിച്ച് അവശനാക്കിയശേഷം പിതാവിനെ ഇറക്കി മുന്നിൽ നിർത്തി അദ്ദേഹത്തിൻറെ കരണക്കുറ്റിക്ക് അടിക്കാൻ ആവശ്യപ്പെട്ടു.പോലീസിനെ രൂക്ഷമായി നോക്കി നിന്ന കുറുപ്പിനെ തൊഴിച്ചുവീഴ്ത്തിയ ശേഷം ഭീകരമായ മർദ്ദനം തുടർന്നു. മർദ്ദനം കണ്ട് നിസ്സഹായനായി നോക്കിനിന്ന ആ പിതാവ് കുഴഞ്ഞുവീണു. രണ്ടുപേരെയും ചവിട്ടിയും തൊഴിച്ചും ഒരു പരുവമാക്കി.തങ്കപ്പക്കുറുപ്പിനെ ലോക്കപ്പിൽ അടച്ചു.ജീവച്ഛവമായി ബോധരഹിതനായി കിടന്ന അദ്ദേഹത്തിൻറെ പിതാവിനെ മരിച്ചെന്നു കരുതി പോലീസ് ജീപ്പിലേക്ക് എടുത്ത് എറിഞ്ഞു. തെങ്ങമത്തിന് അടുത്തുള്ള മേക്കുന്ന് മുകളിലെ ഒരു കുറ്റിക്കാട്ടിൽ അദ്ദേഹത്തെ ഉപേക്ഷിച്ച് പോലീസ് ജീപ്പ് കടന്നുപോയി. ഞരക്കം കേട്ട് അതുവഴി പോയ വഴിപോക്കർ ആരോ എടുത്ത് നോക്കുമ്പോൾ അനക്കം ഉള്ളതു പോലെ തോന്നി.തങ്കപ്പക്കുറുപ്പിനെ അറിയുന്ന ആരോ ആയിരുന്നതിനാൽ അദ്ദേഹത്തെ വീട്ടിലെത്തിച്ചു.ജീവിച്ചിരുന്ന കാലം മുഴുവനും ക്രൂര മർദ്ദനത്തിന്റെ അവശതകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
സംഘർഷത്തിനു ശേഷം അക്ഷരാർത്ഥത്തിൽ ശൂരനാട് ഒരു ശവപ്പറമ്പ് ആയി മാറിയിരുന്നു. കനകം വിളഞ്ഞിരുന്ന ശൂരനാടൻ വയലേലകൾ കരിഞ്ഞുണങ്ങി കിടന്നു.നൂറുമേനി വിളവുലഭിച്ച കൃഷിയിടങ്ങൾ കാടു മൂടിയ നിലയിൽ കാണപ്പെട്ടു.
വീടുകളുടെ സ്ഥാനത്ത് മൺകൂനകൾ. സാധാരണക്കാരായ മുഴുവൻ മനുഷ്യരും അടുത്ത പ്രദേശങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. മരുഭൂമിയായി കിടന്ന ശൂരനാട്ടേക്ക് പ്രത്യാശയുടെ കിരണങ്ങൾ എത്തിയത് സഖാവ് കേശവൻ പോറ്റി ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി വന്നപ്പോഴാണ്. ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ ആയിരുന്നു വള്ളികുന്നത്തെ പാർട്ടി സെക്രട്ടറി. നാട്ടിലെ പാർട്ടി പ്രവർത്തകനായിരുന്ന ചെറുതിട്ട രാമൻ നായരുമായി ചേർന്ന് ഇവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. നാടുവിട്ട സാധാരണ മനുഷ്യരെ തിരിച്ചെത്തിച്ചു.വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ചു കൊടുക്കുന്നതിനും ‚സാധാരണ മനുഷ്യർക്ക് ജീവിതം തിരിച്ചു കൊടുക്കുന്നതിനും ഇവർ നേതൃത്വം നൽകി. അങ്ങനെ ശൂരനാട് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വന്നു.
സി സി 1/1950 എന്ന കേസിൽ 26 സഖാക്കളായിരുന്നു പ്രതികൾ . ഇതിൽ അഞ്ചുപേർ രക്തസാക്ഷികളായി സഖാക്കൾ പായിക്കാലിൽ രാമൻ നായർ , ചാലിയത്തറ കുഞ്ഞച്ചൻ എന്നിവർ ഇതുവരെയും തിരിച്ചു വന്നിട്ടില്ല 5 സഖാക്കൾ എട്ടുവർഷം ഒളിവു ജീവിതം നയിച്ചു.സഖാക്കൾ തോപ്പിൽ ഭാസി , ചേല കോട്ടേത്ത് കുഞ്ഞിരാമൻ, പോണാൽ തങ്കപ്പക്കുറുപ്പ് എന്നിവരെ തെളിവില്ലാത്തതിനാൽ കോടതി വെറുതെവിട്ടു. പത്ത് സഖാക്കളെ രണ്ടു മുതൽ അഞ്ചു വരെയുള്ള ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചു.ആർ ശങ്കരനാരായണൻ തമ്പിയെ കേസിന്റെ വിചാരണ വേളയിൽ തന്നെ ഒഴിവാക്കി. 1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെൻറ് ആണ് ശൂരനാട് സമര സഖാക്കളെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. ഇങ്ങനെ ജയിലിൽ കിടന്നവരും ഒളിവിലായിരുന്നവരും ഒക്കെ തിരികെ വന്നു. തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്ര താളുകളെ ചുവപ്പണിയിച്ച് ഇന്ന് അവർ എല്ലാവരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.