7 May 2024, Tuesday

പ്രതിസന്ധികളെ കീഴടക്കിയ സിഷ്ണയുടെ ജീവിതം‘കൺമണി’ യിലൂടെ ഇനി ലോകമറിയും

Janayugom Webdesk
തലശ്ശേരി:
October 6, 2021 4:56 pm

ഹെലൻ കെല്ലറെ പോലെ കേൾക്കാനും, കാണാനും, സംസാരിക്കാനും കഴിയാത്തവർ അപൂർവ്വമാണ്. വിധിയെന്ന് കരുതാതെ ആ പ്രതിസന്ധികളെ ഓരോന്നായി കീഴടക്കുന്ന തലശ്ശേരി കുണ്ടുചിറ സ്വദേശി സിഷ്ണ ആനന്ദിന്റെ ജീവിതം ഇനി ലോകവും അറിയും.സിഷ്ണയും അവൾക്കൊപ്പം അച്ചനും അമ്മയും താണ്ടിയ അനുഭവങ്ങളുമായി “കൺമണി” എന്ന നോവൽ പുറത്തിറക്കിയിരുക്കുകയാണ് എഴുത്ത്കാരനായ സഞ്ജയ് അമ്പലപറമ്പത്ത്.ലോകത്തിൽ തന്നെ ഏറ്റവും ഏകാന്തതയിലേക്കായിരുന്നു സിഷ്ണ പിറന്ന് വീണത്. ജനിച്ചപ്പോൾ ഹൃദയത്തിനുണ്ടായ തകരാർ, തളർന്ന ശരീരം, തിമിരം ബാധിച്ച കണ്ണുകൾ, 27 വർഷങ്ങൾക്ക് മുൻപ് മകളുമായി മധുരയിലേക്ക് ഒരച്ചൻ നടത്തിയ ട്രയിൻ യാത്രകൾ, പരാജയപ്പെട്ട ശ്ത്രക്രിയകൾ, മുബൈയിലെ ഹെലൻ കെല്ലർ സ്ക്കൂളിലാക്കാൻ മകളുമായി ദിവസവും 120 കിലോമീറ്റർ സഞ്ചരിച്ച ഒരമ്മയുടെ അനുഭവം, വിധി അടിച്ചിരിത്തിയപ്പോളെല്ലാം മകളുമായി അച്ചനും അമ്മയും അതിന് മേലെ പറന്ന കഥയാണ് തലശ്ശേരിക്കാരനായ സഞ്ജയ് അമ്പലപറമ്പത്ത് “കൺമണി” എന്ന പുസ്തകത്തിലൂടെ പറയുന്നത്.

കൈവള്ളയിൽ അക്ഷരമെഴുതി വാക്കുകളാക്കി മകളെ മുന്നോട്ട് നയിച്ച അച്ചൻ ആനന്ദും അമ്മ പ്രീതയും വീട്ടിൽ സൗരയുഥം മുതൽ മനുഷ്യ ശരീരത്തിന്റെ ശിൽപ്പങ്ങൾ ഒരുക്കി മകളെ ലോകമെന്തെന്ന് അറിയിച്ചു. സ്വന്തമായി പൂക്കളും, പേനയും, കുടകളും, മേറ്റുകളും നിർമ്മിച്ചു. പിന്നീട് നൃത്തം അഭ്യസിച്ച് കാഴ്ചയും, കേൾവിയും സംസാര ശേഷിയും ഇല്ലാത്ത സിഷ്ണ ആനന്ദ് കോമഡി ഉത്സവത്തിന്റെ വേദിയിൽ നൃത്തം ചെയ്‌ത്‌ നമ്മെ അമ്പരപ്പിച്ചു. പിന്നീടവൾ 2019 ലെ ഫീനിക്സ് പുരസ്‌കാരം മെഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്നും ഏറ്റുവാങ്ങുന്നതും നമ്മൾ അഭിമാനപൂർവം കണ്ടു. ഭിന്നശേഷിക്കാരോട് സമൂഹവും, സർക്കാരും ചെയ്യുന്ന അവഗണനയും കൺമണി എന്ന പുസ്തകത്തിൽ ചർച്ചയാകുന്നുണ്ട്. വിപണിയിൽ 2 ലക്ഷം രൂപ വിലവരുന്ന ശ്രവണ സഹായി ഉപയോഗിച്ചാൽ സിഷ്ണക്ക് വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും കൺമണി അതിനൊരു കാരണമാകുമെന്നാണ് അച്ചന്റെ പ്രതീക്ഷ.

പലർക്കും, പ്രത്യേകിച്ച് കതിരൂരുകാർക്ക് ഇന്നവൾ സിഷ്ണയല്ല, കൺമണിയാണ്. സിഷ്ണയുടെയും അച്ഛനമ്മമാരുടെയും ജീവിതത്തെ ആധാരമാക്കി സഞ്ജയ് അമ്പലപറമ്പത്ത് എഴുതിയ ‘കൺമണി’ എന്ന ഹൃദയസ്പർശിയായ നോവലിനെ അവർ നെഞ്ചിലേറ്റിയത് അത്രത്തോളമാണ്.കതിരൂരിലെ ഒരുപാട് വീടുകളിൽ ഇന്ന് കൺമണി യുണ്ട്. കാരണം കതിരൂർ പഞ്ചായത്ത് നേരിട്ട് നേതൃത്വം നൽകുന്ന കൺമണിയുടെ വില്പന ആഴ്ചകൾക്കുള്ളിൽ തന്നെ രണ്ടായിരം കവിഞ്ഞു. സിഷ്ണയെന്ന അത്ഭുത പ്രതിഭയുടെ അതിജീവനത്തിൻറെ കഥ, പലർക്കും വലിയ ലക്ഷ്യങ്ങൾ നേടാനുള്ള പ്രചോദനം നൽകുമെന്ന തിരിച്ചറിവാണ് “കൺമണി” യെ കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കണമെന്ന തീരുമാനമെടുക്കാൻ പഞ്ചായത്തിനെ പ്രേരിപ്പിച്ചത്. കൺമണിയുടെ റോയൽറ്റി സിഷ്ണയ്ക്ക് നല്കാനാണ് എഴുത്തുകാരൻ തീരുമാനിച്ചത്. വാട്സപ്പ് വഴിയും ഏമസോൺ വഴിയും പുസ്തകം ഓർഡർ ചെയ്യാം.സുസ്ഥിര സ്ത്രീ സൗഹൃദ ഗ്രാമം ലക്ഷ്യമാക്കി കതിരൂർ പഞ്ചായത്ത് ആവിഷ്‌കരിച്ച പെൺകതിർ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ഈ പ്രോജക്ടിന്,  മുഖ്യമന്ത്രി പിണറായി വിജയന് കൺമണിയുടെ ഒരു കോപ്പി നൽകിക്കൊണ്ടാണ് തുടക്കം കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.