23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

മുതിര്‍ന്ന നേതാക്കളുടെ ജീവിതശൈലയില്‍ മാറ്റം സംഭവിച്ചിരിക്കുന്നു: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പി പി മുകുന്ദന്‍

Janayugom Webdesk
November 1, 2021 12:43 pm

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷമായ വിമര്‍ശവുമായി മുതിര്‍ന്ന നേതാവും, ആര്‍എസ്എസ് പ്രചാരകനുമായ പി. പി മുകുന്ദന്‍ . ഒരു സ്വകാര്യ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് പി പി മുകുനന്ദന്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ കോന്നി, മഞ്ചേശ്വരം എന്നീ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള തീരുമാനം അദ്ദേഹത്തിന്‍റെ മാത്രമായിരുന്നില്ല, ആ നിര്‍ദ്ദേശം മുകളില്‍ നിന്നു വന്നതാണെന്നും അദേഹം പറയുന്നു. അവര്‍ക്ക് വന്ന അപാകതയാണ് അയാളെ വലച്ചത്. ഹെലികോപ്ടറിൽ രണ്ടിടത്തും നടക്കുമ്പോൾ രണ്ടു മണ്ഡലങ്ങളിലെയും വോട്ടർമാർ എന്തു വിചാരിക്കും. മറ്റൊരിടത്ത് ജയിച്ചാല്‍ ഇവിടുത്തെ വോട്ട് വെറുതെയാകുമെന്ന് അവര്‍ കരുതും. അതാണ് സംഭവിച്ചതെന്നും മുകുന്ദന്‍ പറയുന്നു.

 


ഇതുകൂടി വായിക്കൂ: കൊടകര കുഴൽപ്പണം: ബിജെപിയുടെ തന്ത്രം പൊളിഞ്ഞു


 

തന്റെ കാലത്ത് വളര്‍ന്ന് വന്ന ഇപ്പോഴത്തെ മുന്‍ നിര നേതാക്കളില്‍ പലരുടേയും ജീവിത ശൈലിയില്‍ വലിയ മാറ്റം വന്നതായും അദ്ദേഹം ആരോപിക്കുന്നു. നേരത്തെ ദിവസവും ചെലവഴിക്കുന്ന പണത്തിന്റെ കണക്ക് അക്കൗണ്ട് ബുക്കില്‍ എഴുതി വെക്കുകയും അത് പാര്‍ട്ടിയെ ബോധ്യപ്പെടുത്തുകയും ചെയ്യണമായിരുന്നു. കാപ്പിക്കും ചായക്കും വേണ്ടി ചിലവഴിച്ച കണക്ക് വരെ എഴുതിവെക്കണം. പാര്‍ട്ടിക്ക് ഒരോ വര്‍ഷവും ബജറ്റിങ്ങ് ഉണ്ടായിരുന്നു. അതിനുള്ളില്‍ എല്ലാ ചിലവുകളും ഒതുങ്ങണമായിരുന്നു. ആഹാരം കഴിയുന്നതും വീടുകളിൽനിന്നു മാത്രമാക്കണം. അങ്ങനെ ഒരു കൂട്ടായ്മയാണ് ഉണ്ടായിരുന്നത്.സുരേന്ദ്രന്‍ പ്രസിഡന്റായി ചുമതലേയറ്റെടുത്തപ്പോള്‍ എന്നെ വിളിച്ചിരുന്നു. ആവേശം കൊണ്ട് മാത്രം സംഘടനയെ വളര്‍ത്താന്‍ കഴിയില്ലെന്ന കാര്യമായിരുന്നു ഞാന്‍ അദ്ദേഹത്തോട് പ്രധാനമായും പറഞ്ഞത്. പികെ കൃഷ്ണദാസാണ് കെ സുരേന്ദ്രനെ പാര്‍ട്ടിയിലേക്ക് കൊണ്ട് വരുന്നത്. ദാസ് മുഖേനയാണ് സുരേന്ദ്രൻ എന്റെ അടുക്കൽ എത്തുന്നത്. മോന്തായം വളഞ്ഞാൽ സർവതും വളയും എന്നേ ഇപ്പോൾ പറയാനുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇപ്പോഴത്തെ നേതാക്കള്‍ക്കെല്ലാം മുന്‍പില്ലാത്ത സൗകര്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേതുടര്‍ന്നുണ്ടാകുന്ന മൂല്യച്യുതിയാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. പണ്ടത്തെ സ്ഥിതി ഇങ്ങനെ ആയിരുന്നില്ല.

 


ഇതുകൂടി വായിക്കൂ: ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് രാകേഷ് ടികായത്ത്


 

അന്ന് ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി പോകുമ്പോള്‍ പ്രവര്‍ത്തകരുടെ വീടുകളിലായിരുന്നു താമസം. എന്നാല്‍ ഇന്ന് വലിയ ഹോട്ടലുകളിലാണ് നേതാക്കളുടെ താമസം.നിങ്ങള്‍ക്ക് സ്വന്തം വാഹനം ഉണ്ട്. എന്നാല്‍ കൂടെയുള്ള അനുയായിക്ക് അതില്ല. അപ്പോള്‍ ടാക്സി വിളിക്കാനാണ് പറയുന്നത്. നിങ്ങളുടെ വാഹനത്തിൽ അദ്ദേഹത്തെയും കൂട്ടിപ്പോയാൽ ആ പ്രവർത്തകനൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നേതാക്കളുമായും പ്രവർത്തകരുമായും ആത്മബന്ധം സ്ഥാപിക്കുന്നതില്‍ ഇന്ന് നേതൃത്വത്തിന് വേണ്ടത്ര ശ്രദ്ധയില്ല. പാര്‍ട്ടിക്ക് ഒരു അംഗം നഷ്ടമാവുന്നത് എനിക്ക് സഹിക്കാന‍് പറ്റുന്ന കാര്യം ആയിരുന്നില്ല. അങ്ങനെ ഒരു ബന്ധം നിലനിർത്തുന്നതിലെ പോരായ്മ സാരമായി പാർട്ടിയെ ബാധിച്ചു. രാഷ്ട്രീയമായി മാത്രമല്ല, രാഷ്ട്രീയത്തിന് അതീതമായ ബന്ധം സ്ഥാപിക്കണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ പലരുമായി എനിക്ക് നല്ല ബന്ധം ഉണ്ടായിരുന്നു. അവര്‍ നമ്മുടെ ശത്രുക്കള്‍ അല്ല, പ്രതിയോഗികള്‍ മാത്രമാണ്.കേരള ബി ജെ പിയില്‍ അഭിപ്രായ ഐക്യമില്ലായ്മ ഉണ്ട്. അതിനെ ഗ്രൂപ്പ് എന്നല്ല എന്ത് വിളിച്ചാലും തരക്കേടില്ല. പല കാര്യങ്ങളിലും നേതാക്കള്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. വൈസ് പ്രസിഡന്റ് സ്ഥാനം പോരാ, ദേശീയ നിർവാഹകസമിതി അംഗത്വം നഷ്ടപ്പെടുത്തി എന്നെല്ലാം ശോഭാ സുരേന്ദ്രനു തോന്നിയില്ലെ. അങ്ങനെ തോന്നാൻ പാടില്ല എന്നത് ഒരു കാര്യം. തോന്നിക്കാൻ പാടില്ല എന്നത് മറ്റൊരു വശമാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്നും പുറത്ത് പോവുമ്പോഴും ബി ജെ പി വിട്ടു പോകുക എന്നതു പണ്ടൊന്നും സംഭവിക്കാറില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി.

 


ഇതുകൂടി വായിക്കൂ: ബിജെപിക്ക് ഫേസ്ബുക്കിന്റെ വഴിവിട്ട സഹായം


 

വളരെ അധികം പേര്‍ പാര്‍ട്ടിയെ ഉപേക്ഷിക്കുന്നു. പ്രവര്‍ത്തകരില്‍ പലരും കടുത്ത നിരാശയിലാണ്. അവരെ തിരികെ കൊണ്ട് വരുന്നതില്‍ ഉന്നത നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും വലിയ പങ്കുണ്ട്. മൂന്ന് ലക്ഷം വോട്ടുകളാണ് പാര്‍ലമെന്‍റ തിരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭയില്‍ ബിജെപിക്ക് കുറഞ്ഞത്. നാളെ കേരളം ഭരിച്ച് കളയാമെന്ന വ്യാമോഹമല്ല ബിജെപിയിലെ പ്രവര്‍ത്തകരെ കൂടെ നിര്‍ത്തുന്നത്. അവര്‍ക്കുള്ളത് ആശയപരമായ പ്രതിബദ്ധതയാണ്. 35 സീറ്റു കിട്ടിയാൽ ഭരിക്കുമെന്നും ഇ.ശ്രീധരനെ മുഖ്യമന്ത്രിയാക്കുമെന്നും പറഞ്ഞാൽ ഏതു പ്രവർത്തകനാണ് വിശ്വസിക്കുക. ഇന്നലെ മാത്രം പാര്‍ട്ടിയിലേക്ക് വന്ന അൽഫോൻസ് കണ്ണന്താനത്തിനു മന്ത്രിസ്ഥാനവും ടോം വടക്കന് പദവിയും നൽകുമ്പോൾ പ്രവർത്തകർക്ക് ദഹിക്കുമോ. അങ്ങനെയുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും വേണ്ടെന്ന് പറയുകയല്ല, കേരളവുമായി എന്ത് ബന്ധമാണ് ടോം വടക്കനുള്ളത്.

 


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ചൂടിലേക്ക്: വാഗ്ദാനപെരുമഴയുമായി കോണ്‍ഗ്രസ്; ഉദ്ഘാടന മാമാങ്കവുമായി ബിജെപി


 

ഈ രീതി പലര്‍ക്കും ദഹിക്കാന്‍ കഴിയുന്നതല്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം കിട്ടിയപ്പോൾ അബ്ദുല്ലക്കുട്ടി എന്നെ കാണാൻ വന്നിരുന്നു. സമയമായിട്ടില്ലല്ലോ’ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പണിയെടുത്തു മുന്നോട്ടു വന്നാൽ നല്ല നേതാവാകും. അബ്ദുള്ളക്കുട്ടി നേതാവായിരിക്കാം പക്ഷെ ബിജെപിയുടെ ആശയത്തെക്കുറിച്ച് അയാള്‍ക്ക് എന്താണ് അറിയുന്നത്. ആരോപണങ്ങൾ ഉയർന്നപ്പോൾ സുരേന്ദ്രൻ മാറി നിന്നിരുന്നുവെങ്കിൽ ആളുകൾക്ക് വിശ്വാസവും മതിപ്പും കൂടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.കുഴല്‍പ്പണക്കേസ് പ്രതിയോഗികള്‍ക്ക് വലിയ ആയുധമായി. എന്താണ് സത്യം എന്നത് ഇപ്പോഴും സംശയത്തില്‍ നില്‍ക്കുകയാണ്. ഒരു സംഘടനെ മുന്നോട്ട് കൊണ്ടുപോവുക എന്നുള്ളത് വലിയ വെല്ലുവിളി നിറഞ്ഞ് കാര്യമാണ്. പഴയ ആളുകളെയും പുതിയ ആളുകളെയും കൂട്ടിയിണക്കുകയായിരുന്നു സുരേന്ദ്രൻ ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും പി പി മുകുന്ദന്‍ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.