
മലയാള സിനിമ ശൈശവദശ പിന്നിട്ടു തുടങ്ങുന്ന അമ്പതുകളുടെ തുടക്കം. പി ഭാസ്കരനും രാമു കാര്യാട്ടും ‘നീലക്കുയിൽ’ എന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ്. കഥാകൃത്ത് ഉറൂബും കാമറാമാൻ എ വിൻസന്റുമൊക്കെയുണ്ട് ആലോചനകളിൽ. നായിക മിസ് കുമാരിയുടെ മകനായി അഭിനയിക്കാൻ അവർക്കൊരു പയ്യനെ വേണം. തൃശൂരിൽ പൊലീസ് സൂപ്രണ്ട് ഓഫിസിൽ ഉദ്യോഗസ്ഥനായ രാമൻ കുട്ടിമേനോന്റെ മകനെയൊന്ന് കണ്ടാലോ എന്ന് ഇതിനിടെയൊരാൾ ഭാസ്കരൻ മാഷോട് പറയുന്നു. കൊടുങ്ങല്ലൂരുകാരനായ മാഷിനും മേനോനെ അറിയാമായിരുന്നു. കണ്ണുകളിൽ കവിതയും കാമറയുമായി കവി വീട്ടുമുറ്റത്തെത്തിയപ്പോൾ വള്ളിനിക്കറിട്ട് മുറ്റത്ത് ഓടിക്കളിക്കുകയായിരുന്നു പയ്യൻ. പേര് വിപിൻ. ഈ വികൃതിക്കുട്ടനെ സിനിമയിലേക്കു തരുമോ എന്നായിരുന്നു ചോദ്യം. ആദ്യം മടിച്ചെങ്കിലും അമ്മ അമ്മിണി സമ്മതിച്ചു. നീലക്കുയിലിലേക്ക് നാലു വയസുകാരന്‍ അങ്ങനെ ചിറകടിച്ചുയര്‍ന്നു. ഒരു വര്‍ഷം കഴിഞ്ഞ് നീലക്കുയിലിന് രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ കിട്ടിയപ്പോള്‍ മലയാള സിനിമയ്ക്ക് ആദ്യമായി ദേശീയ തലത്തില്‍ അംഗീകാരമായി. അമ്മയുടെയും മകന്റെയും ആഹ്ളാദത്തിൽ അയല്‍വാസികളും നാട്ടുകാരും പങ്കുചേര്‍ന്നു. ഗ്രാമം ഉത്സവലഹരിയിലായി. ആ ബാലനടനാണ് വിപിന്‍മോഹന്‍.
1954ല്‍ ചിത്രം പ്രേക്ഷകരെ വശീകരിച്ചപ്പോള്‍ ബാലന് വയസ് നാല് മാത്രം. പരിമിതമായ സാങ്കേതിക സംവിധാനങ്ങളിൽ ഒരുക്കിയ ചലച്ചിത്രകാവ്യമായ ‘നീലക്കുയില്‍’ പിന്നീട് മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി. ‘എങ്ങനെ നീ മറക്കും കുയിലേ’ എന്ന് കാലം ചോദിച്ചു കൊണ്ടേയിരുന്നു. മലയാളികള്‍ ഇന്നും ‘നീലക്കുയിലിലെ’ പാട്ടുകള്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്നു. പൂനെയിലെ ദേശീയ ഫിലിം ആര്‍ക്കൈവ്‌സ് രൂപപ്പെടുത്തിയ ‘നീലിക്കുയിലി‘ന്റെ ഡിജിറ്റല്‍ പ്രിന്റ് അടുത്തിടെ കൊച്ചിയിൽ പ്രദർശിപ്പിച്ചപ്പോൾ ആസ്വാദകർ തിങ്ങിനിറഞ്ഞു. കൂട്ടത്തിൽ പഴയ ബാലതാരം മാസ്റ്റർ വിപിനുമെത്തി. നീലക്കുയിലിൽ അഭിനയം നിർത്തിയ വിപിൻ പിന്നീട് കാമറാമാൻ വിപിൻ മോഹനായി വളർന്നു. ഇപ്പോൾ പ്രായം 75. നടി വിധുബാലയുടെ സഹോദരൻ മധു അമ്പാട്ടിന്റെ ശിഷ്യനായാണ് കാമറാ രംഗത്ത് ചുവടുവച്ചത്. “ഈ ചിത്രം ഇന്ന് കാണുമ്പോള്‍ ആരും വിസ്മയിച്ചു പോകും. മികച്ച കലാസൃഷ്ടി. ആ സിനിമയില്‍ അഭിനയിച്ചവരും അണിയറ ശില്പികളുമെല്ലാം കഥാവശേഷരായി. ഇനി അവശേഷിക്കുന്നത് ഞാന്‍, ഞാന്‍ മാത്രം.” വിപിന്‍മോഹന്‍ വികാരാധീനനായി പറയുന്നു. നീലക്കുയിലിലെ നായകന്‍ സത്യൻ, നായിക മിസ്‌കുമാരി, നിര്‍മ്മാതാവ് ടി കെ പരീക്കുട്ടി, സംവിധായകന്‍മാരായ പി ഭാസ്‌കരൻ, രാമുകാര്യാട്ട്, കാമറാമാന്‍ എ വിന്‍സെന്റ്, കഥാകൃത്ത് ഉറൂബ്, സംഗീത സംവിധായകന്‍ കെ രാഘവൻ തുടങ്ങിയവരെല്ലാം ഓർമ്മകളുടെ വെള്ളിത്തിരയിലേക്കു മറഞ്ഞു.
ബാലചന്ദ്രമേനോന്റെ ‘പ്രേമഗീതങ്ങള്‍’ എന്ന ചിത്രത്തിനാണ് വിപിൻ മോഹൻ ആദ്യമായി കാമറ ചലിപ്പിച്ചത്. പിന്നീട് നിരവധി സിനിമകൾ. ഏതാനും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. അപ്രതീക്ഷിതമായി പി ഭാസ്‌കരന്റെ കണ്ണിൽ പെട്ടതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായതെന്ന് വിപിൻ ഇന്നും പറയും. നാല് വയസുകാരനായ പയ്യന് സിനിമ എന്താണെന്നു പോലും അറിയില്ലായിരുന്നു. ഭാസ്കരൻ മാഷിനു മുന്നിൽ അമ്മ മിഴിച്ചിരുന്നപ്പോള്‍ മാഷ് വാത്സല്യത്തോടെ എന്നോട് പറഞ്ഞു, ”മോന്‍ വന്നാല്‍ മതി, എല്ലാം ഞങ്ങൾ പഠിപ്പിക്കാം.” മദ്രാസ് വാഹിനി സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ്. സ്റ്റുഡിയോ ജോലിക്കാര്‍ കൂടുതലും തമിഴന്മാര്‍ ആയിരുന്നു. ഒരു പിടിയുമില്ലാത്ത ഭാഷ. പല തരത്തിലുള്ള മിഠായികളും മധുരപലഹാരങ്ങളും ഭാസ്‌കരന്‍ മാഷ് തന്ന ഓർമ്മ വിപിന്റെ മനസിലുണ്ട്. പോരാത്തതിന് പുതിയ ട്രൗസറും ഷര്‍ട്ടും. ഷൂട്ടിങ് കൂടുതലും സ്റ്റുഡിയോയിലായിരുന്നു. പേരിന് മാത്രം പുറത്ത്. സത്യനും മിസ്‌കുമാരിയും പാട്ടുപാടുന്ന രംഗങ്ങളും ‘കായലരികത്തിന്റെ’ ഈണങ്ങളും ചായക്കടയും ഗ്രാമീണനൃത്തവും നേരിയ ഓര്‍മ്മയിലുണ്ട്. റിഹേഴ്‌സൽ ചിട്ടപ്പെടുത്തിയത് പി ഭാസ്‌കരന്‍ ആയിരുന്നു. ഒരു സീനില്‍ എങ്ങനെ നില്‍ക്കണം, മുഖത്ത് എന്തെല്ലാം ഭാവങ്ങള്‍ വേണം, ഡയലോഗുകള്‍ എങ്ങനെ പറയണം ഇതൊക്കെ വളരെ വിശദമായി മാഷ് ആ കുട്ടിക്ക് പറഞ്ഞു കൊടുത്തു. സംഭാഷണങ്ങള്‍ ടേപ്പ് റെക്കാഡറില്‍ റെക്കോഡ് ചെയ്തു കേൾപ്പിച്ചതും പിന്നീടത് ഹൃദിസ്ഥമായതും വൈകാരിക അനുഭൂതിയോടെയാണ് വിപിൻ ഓർത്തെടുക്കുന്നത്.
തൃശൂരിലെ മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷന്‍ ഓര്‍മ്മയുണ്ട്. “ഒരു ട്രെയിന്‍ ചൂളം വിളിച്ചു വരുന്നു. അത്രമാത്രം. ബാക്കി ഭാഗങ്ങള്‍ സ്റ്റുഡിയോയില്‍ സെറ്റ് ചെയ്തിരുന്നു. പിന്നീട് കാണുന്നത് നായിക മിസ്‌കുമാരിയുടെ മൃതദേഹമാണ്. അത് റെയില്‍പ്പാളത്തിന് സമീപം. ഒരു ചോരകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനെ സ്ഥലത്തെ പോസ്റ്റ്മാന്‍ (പി ഭാസ്‌കരനാണ് ഈ റോള്‍ അഭിനയിച്ചത്). വാരിയെടുത്തു. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ അദ്ദേഹം രോഷത്തോടെ സംസാരിക്കുന്നത് കേള്‍ക്കാം, ഈ കുഞ്ഞിനെ ഞാന്‍ വളര്‍ത്തും. ആ കുഞ്ഞ് വളര്‍ന്നു. ആ ഭാഗമാണ് ഞാന്‍ അഭിനയിച്ചത്.” തുടര്‍ന്നുള്ള രംഗങ്ങളില്‍ സത്യനായിരുന്നു ചിത്രത്തില്‍ ഉടനീളം. നടി ശോഭനയുടെ അമ്മ പ്രേമയായിരുന്നു സത്യന്റെ ഭാര്യയായി അഭിനയിച്ചിരുന്നത്. ആദ്യ സിനിമയുടെ പ്രതിഫലം മാതാപിതാക്കൾക്ക് കൊടുത്തു കാണുമെന്നു പറയുന്ന വിപിൻ പിന്നീടും അക്കാര്യം തിരക്കിയിട്ടില്ല. തൃശൂര്‍ ജോസ് തിയേറ്ററിലാണ് സിനിമ കണ്ടത്. മാതാപിതാക്കള്‍ കോരിത്തരിപ്പോടെ ചിത്രം കണ്ടു. അമ്മയ്ക്കായിരുന്നു വലിയ സന്തോഷം. കാരണം ചിത്രത്തില്‍ സത്യനോടൊപ്പമായിരുന്നല്ലോ മകന്റെ അഭിനയം.
സത്യനെയും മിസ്‌കുമാരിയെയും മാത്രമല്ല, നീലക്കുയിലുമായി ബന്ധപ്പെട്ട ആരെയും വിപിൻ മോഹന് പിന്നീട് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒറ്റ ചിത്രം കൊണ്ട് അഭിനയം നിർത്തിയെങ്കിലും അരനൂറ്റാണ്ടോളം സിനിമയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇക്കാലത്ത് ലോക സിനിമകൾ മനസിൽ പതിഞ്ഞു. ഫിലിം ആര്‍ക്കൈവ്‌സ് നീലക്കുയിലിന്റെ ഡിജിറ്റല്‍ പ്രിന്റ് രൂപപ്പെടുത്തിയത് ചലച്ചിത്ര രംഗത്തെ ഒരു നാഴിക്കല്ലാണെന്നാണ് വിപിൻ മോഹൻ വിശേഷിപ്പിക്കുന്നത്. പൂനെയിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ മലയാളം അറിയാത്ത മറാത്തികള്‍ പോലും ചിത്രം ആസ്വദിച്ചു. നീലക്കുയിലിന് മഹത്തായ സാമൂഹിക പ്രസക്തിയുണ്ടെന്ന് ഫിലിം ആര്‍ക്കൈവ്‌സ് സാക്ഷ്യപ്പെടുത്തുന്നു.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.