16 June 2024, Sunday

വര്‍ഷംപ്രതി ആവര്‍ത്തിക്കുന്ന പെരിയാര്‍ രാസമാലിന്യ ദുരന്തം

Janayugom Webdesk
May 23, 2024 5:00 am

പെരിയാറിലെ പാതാളം ഷട്ടറിന് സമീപം പതിവുപോലെ ഇക്കൊല്ലവും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി. പുഴയിലെ മത്സ്യങ്ങൾക്കുപുറമെ ചേരാനെല്ലൂർ ഉൾപ്പെടെ കൂടുകളില്‍ മത്സ്യക്കൃഷി തൊഴിലായി സ്വീകരിച്ച കർഷകർക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ദുരന്തം വരുത്തിവച്ചത്. ഏലൂർ, ഇടയാർ മേഖലയിലെ വ്യവസായശാലകളിൽ നിന്നും പുറന്തള്ളിയ രാസമാലിന്യങ്ങളാണ് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയ ദുരന്തത്തിന് കാരണമെന്നാണ് കർഷകരും പരിസ്ഥിതി പ്രവർത്തകരും വിശ്വസിക്കുന്നത്. വിഷയത്തെപ്പറ്റി മതിയായ അന്വേഷണവും പരിശോധനകളും കൂടാതെ ഉപ്പുവെള്ളം കലർന്ന ജലത്തിൽ ജീവവായുവിന്റെ അളവ് പെട്ടെന്ന് കുറഞ്ഞതാണ് ദുരന്തകാരണമെന്ന ന്യായീകരണവുമായി രംഗത്തുവന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിലപാട് മുഖവിലയ്ക്കെടുക്കാൻ കർഷകരും പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും തയ്യാറല്ല. മഴക്കാലമാകുമ്പോൾ ഒരു വാർഷിക പ്രതിഭാസംപോലെ നിരവധി വർഷങ്ങളായി ആവർത്തിക്കുന്ന ഒന്നായി മാറിയിരിക്കുന്നു പെരിയാറിലെ രാസമാലിന്യ ദുരന്തം. ദുരന്തം ആവർത്തിക്കുമ്പോഴെല്ലാം ഉപ്പുവെള്ളം കലർന്നുണ്ടായ ജീവവായുവിന്റെ ശോഷണം എന്നപോലെ പൊതുജനങ്ങളുടെയും അധികൃതരുടെയും കണ്ണിൽ പൊടിയിടുന്ന ന്യായീകരണങ്ങളുമായി പ്രത്യക്ഷപ്പെടുക എന്നത് മലിനീകരണ ദുരന്തംപോലെ മലിനീകരണ നിയന്ത്രണ ബോര്‍ഡും പതിവ് പരിപാടിയാക്കി മാറ്റിയിരിക്കുന്നു. ഏതാണ്ട് ഒരു ദശകത്തിനുമപ്പുറം പെരിയാറിൽ ജലം പ്രത്യേക കാരണമൊന്നും കൂടാതെ കലങ്ങിമറിഞ്ഞ് ഒഴുകിയത് പുഴയുടെ അടിത്തട്ടിലുണ്ടായ ഭൂചലനംമൂലമാണെന്ന് നിയമസഭാ പരിസ്ഥിതി സമിതിക്കുമുമ്പാകെ സ്ഥാപിക്കാൻപോലും ബോര്‍ഡ് ഉദ്യോഗസ്ഥർ ശ്രമിക്കുകയുണ്ടായി. അത്തരത്തിൽ ഒരു ഭൂചലനവും ആ സമയത്ത് 600 ചതുരശ്ര കിലോമീറ്ററിനുള്ളിൽ ഉണ്ടായിട്ടില്ലെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. മലിനീകരണം നിയന്ത്രിക്കാനായി ചുമതലപ്പെട്ടവർ അതിന് കാരണക്കാരായവരുടെ സംരക്ഷകരായി മാറുന്നുവെന്ന പരക്കെയുള്ള സംശയത്തെ സാധൂകരിക്കുന്നതാണ് ഇപ്പോഴും മതിയായ തെളിവുകൾ കൂടാതെ ബോര്‍ഡ് നടത്തിയ ന്യായീകരണം.
ഏലൂർ, ഇടയാർ മേഖലയിലെ രാസവ്യവസായങ്ങളടക്കം വ്യവസായ സ്ഥാപനങ്ങൾ വ്യാവസായിക മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ നിർമ്മാര്‍ജനം ചെയ്യുന്നതിന് പകരം അവ ശേഖരിച്ച് സൂക്ഷിച്ച്, വർഷകാലത്ത് ജലവിതാനം ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്യുമ്പോൾ പുഴയിലേക്ക് ഒഴുക്കിവിടുന്നത് പതിവാണെന്ന് പരിസരവാസികളും പരിസ്ഥിതി പ്രവർത്തരും പറയുന്നു. 

വ്യവസായങ്ങൾ പുറന്തള്ളുന്ന മാലിന്യങ്ങളിൽ നിന്നും മാരകമായവ നീക്കംചെയ്ത് നിർമ്മാര്‍ജനം ചെയ്യുകയെന്നത് തങ്ങളുടെ ലാഭത്തിൽ ഇടിവുണ്ടാക്കുമെന്നതിനാൽ അത്തരം സുരക്ഷിതവും ശാസ്ത്രീയവുമായ രീതികൾ അവലംബിക്കാൻ വ്യവസായങ്ങൾ വിമുഖത കാട്ടുക സ്വാഭാവികം മാത്രം. എന്നാൽ, വ്യവസായങ്ങളെ മാത്രം ആശ്രയിച്ചല്ല സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പും സാമ്പത്തിക പുരോഗതിയും എന്നത് ആരും വിസ്മരിച്ചുകൂടാ. വ്യാവസായിക സമ്പദ്ഘടനയ്ക്ക് പുറത്താണ് സമൂഹത്തിലെ മഹാഭൂരിപക്ഷത്തിന്റെയും നിലനില്പ്. മത്സ്യമുള്‍പ്പെടെ കൃഷിയെയും ഇതര തൊഴിലുകളെയും ആശ്രയിച്ചാണ് സമൂഹത്തിലെ ഗണ്യമായ ഒരുവിഭാഗത്തിന്റെ ജീവിതായോധനം. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ആരോഗ്യകരമായ പൊതു നിലനില്പിനു വിധേയമായിരിക്കണം വ്യവസായമുൾപ്പെടെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും. അത് ഉറപ്പുവരുത്തുകയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡടക്കം ഔദ്യോഗിക സംവിധാനങ്ങളുടെ ഉത്തരവാദിത്തം. ദുരന്തങ്ങളുണ്ടാവുമ്പോൾ മനുഷ്യ നിയന്ത്രണങ്ങൾക്ക് അതീതമായ പ്രകൃതി പ്രതിഭാസങ്ങളുടെമേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് നിരുത്തരവാദപരവും സമൂഹത്തിനെതിരായ കുറ്റകൃത്യവുമാണ്. ഇപ്പോഴത്തെ ദുരന്തത്തെ തുടർന്ന് ജില്ലാ കളക്ടർ നിയോഗിച്ചിട്ടുള്ള കമ്മിറ്റി, അതിന് ഉത്തരവാദികളായവരെയും ജനങ്ങളെയും പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുപകരം കുറ്റവാളികൾക്ക് ഒത്താശ ചെയ്യുന്നവരെയും കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ തയ്യാറാവണം.
മത്സ്യക്കൃഷിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനപ്പുറം രാസമാലിന്യങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെയും ജീവനെയും എങ്ങനെ ബാധിക്കുന്നുവെന്നതും പഠനവിധേയമാക്കേണ്ടതുണ്ട്. ദുരന്തബാധിത മേഖലയിലെ പെരിയാറാണ് ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവജല സ്രോതസ്. അതിനെ മലിനീകരിക്കുകയെന്നാൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി വേണം കണക്കാക്കാൻ. വർഷംതോറും ആവർത്തിക്കുന്ന ഈ ദുരന്തത്തിന് വിരാമമിടാൻ സംസ്ഥാന സർക്കാർ തന്നെ മുൻകയ്യെടുക്കണം. ദുരന്തംമൂലം നഷ്ടം സഹിക്കേണ്ടിവന്ന കർഷകരെ സഹായിക്കാനും നഷ്ടംനികത്തി തൊഴിലിൽ അവരെ പുനരധിവസിപ്പിക്കാനും സർക്കാരിന് ബാധ്യതയുണ്ട്. ദുരന്തത്തിന് കാരണക്കാരായവർ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക മാത്രമല്ല, നഷ്ടപരിഹാരത്തിന് മതിയായ പിഴ അവരിൽനിന്നും ഈടാക്കുമെന്ന് വന്നാൽ മാത്രമേ വര്‍ഷങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിന്റെ വിഷമവൃത്തത്തിൽ നിന്നും പുറത്തുകടക്കാനാവൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.