22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്; അജയ് മാക്കന്‍ രാജിവെച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 16, 2022 4:58 pm

കോണ്‍ഗ്രസിന്റെ മുതിര്‍ന്നനേതാവ് അജയ് മാക്കന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതല രാജിവച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്പരമുള്ള ഗ്രൂപ്പ് പോരില്‍ മനംനൊന്താണ് അജയ് മാക്കന്‍ രാജി വെച്ചത്.മുഖ്യമന്ത്രി അശോക് ഗലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വേളയില്‍ സ്വീകരിച്ച ചില നിലപാടുകള്‍ വിവാദമായിരുന്നു.

ഗെലോട്ടിന്റെ നിലപാടുകളോടുള്ള അമര്‍ഷം അന്നേ മാക്കന്‍ പരസ്യമായി തന്നെ പറഞ്ഞിരുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിക്കാന്‍ കുൂട്ടുനിന്ന ഗലോട്ടിനെതിരെയോ, അദ്ദേഹത്തിന്റെ അനുയായികള്‍ക്കെതിരെയോ ഇതുവരെയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അച്ചടക്ക നടപടി എടുത്തില്ല. ഇതാണ് അജയ് മാക്കന്റെ രാജിക്ക് കാരണമായി പറയുന്നത്. രാജസ്ഥാനില്‍ ഗലോട്ടിന്‍റെയും, സച്ചിന്‍പൈലറ്റിന്‍റെയും നേതൃത്വത്തില്‍ ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനം നടക്കുന്ന സംസ്ഥാനമാണ്.

സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ നിന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്.പാര്‍ട്ടിയുടെ ജനപ്രതിനികളെല്ലാം ബിജെപിയില്‍ ചേക്കേറുകയാണ്. അധികാരവും, സമ്പത്തും നല്‍കി ബിജെപി കോണ്‍ഗ്രസ് നേതാക്കളേയും, ജനപ്രതിനിധികളേയും ചാക്കിട്ടുപിടിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. എന്നാല്‍ ഇവടുത്തെ ഗ്രൂപ്പ് പോര് പാര്‍ട്ടിക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

രാജസ്ഥാനിലെ വിവാദങ്ങളില്‍ പരിഹാരം കാണുക എന്ന ദൗത്യം കൂടിയുണ്ടായിരുന്നു അജയ് മാക്കന്. പക്ഷേ, അദ്ദേഹം ഇപ്പോള്‍ രാജസ്ഥാന്റെ ചുമതല രാജിവച്ചിരിക്കുകയാണ്. സോണിയ കുടുംബത്തിന്‍റെയും ഹൈക്കമാന്‍ഡിലെ ചിലരുടേയും വിശ്വസ്തനാണ് അശോക് ഗലോട്ട്, അതുപോലെ രാഹുല്‍-പ്രിയങ്കയുമായി അടുപ്പമുള്ള ആളാണ് പൈലറ്റും. രണ്ടുപേരുടേയും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നേതൃത്വം കണ്ടില്ലെന്നു നടിക്കുകയാണ്.

ഗലോട്ടിനെ പാര്‍ട്ടി പ്രസിഡന്‍റാക്കുവാനാണ് സോണിയകുടുംബഭക്തര്‍ക്ക് ഏറെ താല്‍പര്യം ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അശോക് ഗലോട്ട് സ്വീകരിച്ച നിലപാടില്‍ അതൃപ്തനായിരുന്നു അജയ് മാക്കന്‍. ഒരാള്‍ രണ്ടു പദവി വഹിക്കരുത് എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതുപ്രകാരം ദേശീയ അധ്യക്ഷ പദവിയിലേക്ക് മല്‍സരിക്കുന്ന വ്യക്തി രാജസ്ഥാന്‍ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഗലോട്ട് വിസമ്മതിക്കുകയായിരുന്നു. ഇതാണ് അജയ് മാക്കനെ അമ്പരപ്പിച്ചത്. മുഖ്യമന്ത്രി പദവിയും ദേശീയ അധ്യക്ഷ പദവിയും ഒരേ സമയം വഹിക്കാനുള്ള തന്ത്രമാണ് അദ്ദേഹം സ്വീകരിച്ചത്.

വിഷയം ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്ന് ഗലോട്ടിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. മാത്രമല്ല, എംഎല്‍എമാര്‍ സമ്മര്‍ദ്ദ ശക്തികളെ പോലെ പെരുമാറുകയായിരുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയായിരുന്നു എംഎല്‍എമാര്‍ഗലോട്ടിനെ പിന്തുണയ്ക്കുന്ന 90 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പകരം ഇവര്‍ സ്പീക്കറെ കാണുകയായിരുന്നു. ഗെഹ്ലോട്ടിനെ മാറ്റിയാല്‍ രാജി പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച എംഎല്‍എമാര്‍ക്കെതിരെ നേതൃത്വം നടപടിയെടുക്കുമെന്നാണ് അജയ് മാക്കന്‍ കരുതിയത്. അതുണ്ടായില്ല. ഇങ്ങനെയാണെങ്കില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ തുടരേണ്ടതില്ല എന്ന് അജയ് മാക്കന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് രാജി പ്രഖ്യാപനത്തിന് കാരണമായി പറയപ്പെടുന്നത്. 

സെപ്തംബറിലെ വിവാദ സംഭവത്തിന് ശേഷം മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് അജയ് മാക്കന്‍ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഹേഷ് ജോഷി, ധര്‍മേന്ദ്ര റാത്തോഡ്, ശാന്തി ധരിവാള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. ഇവര്‍ അശോക് ഗലോട്ടിന് അനുകലമായി പ്രത്യേക യോഗം വിളിക്കുകയായിരുന്നു. മുഖ്യമന്ത്രിയായി അദ്ദേഹം മാത്രം മതിയെന്നും ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

Eng­lish Sum­ma­ry: The posi­tion of the Con­gress lead­er­ship; Ajay Mak­en resigned as Rajasthan Chief

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.