3 December 2024, Tuesday
KSFE Galaxy Chits Banner 2

സഹകരണ മേഖലയുടെ ശക്തി

പി എച്ച് സാബു
November 14, 2024 4:40 am

ലോകമാനം മൂന്ന് ദശലക്ഷം സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണക്കാക്കപ്പെടുന്നു. 120 കോടി ജനങ്ങൾ സഹകരണ സംഘങ്ങളിൽ അംഗങ്ങളാണെന്ന് പറയുമ്പോൾത്തന്നെ സഹകരണത്തിന്റെ സാർവദേശീയ പ്രസക്തി വ്യക്തമാണ്. 28 കോടി ജനങ്ങൾക്ക് സഹകരണ മേഖല തൊഴിൽ പ്രദാനം ചെയ്യുന്നുണ്ട്. ആഗോളതലത്തില്‍ ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന് പ്രധാന സ്ഥാനമുണ്ട്. ഇന്ത്യയിൽ വ്യത്യസ്ത മേഖലകളിലായി 8.5 ലക്ഷം സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നതായി സഹകരണ സ്ഥിതി വിവര കണക്കുകൾ പറയുന്നു. ലോകത്തിലെ ആകെ സഹകരണ സ്ഥാപനങ്ങളുടെ 27 ശതമാനം ഇന്ത്യയിലാണ്. ഇവിടെയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയും സാധ്യതയും നമ്മൾ പരിശോധിക്കേണ്ടത്.
വൈവിധ്യപൂര്‍ണമായ ഇന്ത്യൻ സഹകരണ മേഖലയിൽ സഹകരണത്തിന്റെ കേരള മാതൃകയ്ക്ക് ഏറെ പ്രസക്തിയുണ്ട്. സംസ്ഥാന സഹകരണ രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിൽ 12,241 പ്രാഥമിക സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നു. 3,000ത്തിലധികം ക്ഷീര സഹകരണ സംഘങ്ങളും 600ലധികം മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളും ഇതിന്റെ ഭാഗമാണ്. ആരോഗ്യ മേഖലയിലും വനിതാ മേഖലയിലും വ്യവസായ മേഖലയിലും ഉള്‍പ്പെടെ പ്രവർത്തിക്കുന്ന സഹകരണ മേഖല കേരളത്തിലെ സാമൂഹ്യ ജീവിതത്തിന്റെ പ്രതിനിധിയാണ്.
സംസ്ഥാന സഹകരണ മേഖലയുടെ നേതൃത്വം വായ്പാ സഹകരണ സംഘങ്ങൾക്കാണ്. സംസ്ഥാന സഹകരണ ബാങ്കും പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും (സർവീസ് സഹകരണ ബാങ്കുകൾ) ആണ് പ്രധാനം. 60 ഓളം അർബൻ ബാങ്കുകൾ നിക്ഷേപ വായ്പാ ബാങ്കിങ്ങിൽ സജീവമാണ്. പ്രാഥമിക സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രയാസങ്ങളും അത് ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും ചർച്ചചെയ്യുന്നത് അഭികാമ്യമായിരിക്കും.
2019ൽ സംസ്ഥാനത്തെ ജില്ലാ ബാങ്കുകൾ ലയിപ്പിക്കപ്പെടുകയും സംസ്ഥാന സഹകരണ ബാങ്ക് “കേരള ബാങ്ക്” എന്ന പേരിൽ രൂപപ്പെടുകയും ചെയ്തു. രണ്ടര ലക്ഷം കോടി നിക്ഷേപവും 1.80 ലക്ഷം കോടി വായ്പാ ബാക്കിയുമുള്ള കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയിൽ സുശക്തമായ സംവിധാനമായി കേരള ബാങ്ക് മാറിക്കഴിഞ്ഞു. 69,222 കോടി നിക്ഷേപവും 48,603 കോടി വായ്പാ ബാക്കിയുമുള്ള കേരള ബാങ്ക് നിഷ്ക്രിയ ആസ്തി കുറച്ച് സഞ്ചിത നഷ്ടം ഓരോ വർഷവും കുറച്ചുകൊണ്ട് വരുന്നതായി കാണാൻ കഴിയും. കേരള ബാങ്കിന്റെ നിക്ഷേപത്തിന്റെ സിംഹഭാഗവും സഹകരണ സംഘങ്ങളുടേതാണ്. അതുകൊണ്ടുതന്നെ പ്രാഥമിക സഹകരണ മേഖലയിൽ രൂപപ്പെടുന്ന പ്രതിസന്ധികൾ കേരള ബാങ്കിനെയും ബാധിക്കും. 

കേന്ദ്ര സർക്കാരിന്റെ സംസ്ഥാന സഹകരണ മേഖലയോടുള്ള എതിർപ്പും ചിറ്റമ്മ നയവും മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കടന്നുവരവും പ്രാഥമിക സഹകരണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുകയുണ്ടായി. ഒറ്റപ്പെട്ട സഹകരണ ക്രമക്കേടുകൾ മേഖലയിൽ കരിനിഴൽ വീഴ്ത്തി. സഹകാരികളെ സഹകരണ പ്രസ്ഥാനത്തിൽ നിന്നും അകറ്റുന്നതിന് കൊണ്ടുപിടിച്ച മാധ്യമ ശ്രമവുമുണ്ടായി. സംസ്ഥാനത്തെ സഹകരണ മേഖലയിലെ ചില ഒറ്റപ്പെട്ട പോരായ്മകൾ മാധ്യമങ്ങൾ പർവതീകരിക്കുകയാണ്. എന്നാൽ സമൂർത്തമായ നടപടികളാണ് സംസ്ഥാന സഹകരണ വകുപ്പ് സ്വീകരിച്ചതെന്ന് കാണാം. 1969ലെ സഹകരണ നിയമത്തിൽ സമഗ്രമായ ഭേദഗതികളാണ് കൊണ്ടുവന്നത്. സഹകരണ ചട്ട ഭേദഗതിയും ഒരുങ്ങിക്കഴിഞ്ഞു. “ക്രമക്കേടുകളോട് വിട്ടുവീഴ്ചയില്ല” എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് ഈ നിയമവ്യവസ്ഥകളുടെ അന്തഃസത്ത. ടീം ഓഡിറ്റും ടീം ഇൻസ്പെക്ഷനും സഹകരണ മേഖലയിൽ സജീവമായി കഴിഞ്ഞു. ഇതിനിടെ സംസ്ഥാനത്തെ ചില മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ തകർച്ച നേരിട്ടു. അതിന്റെ പ്രത്യാഘാതവും ഫലത്തിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ബാധിച്ചു എന്നതാണ് യാഥാർത്ഥ്യം.
സംസ്ഥാന സഹകരണ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി വായ്പാ സഹകരണ മേഖലയിൽ വർധിച്ചുവരുന്ന കുടിശികയാണ്. സുദീർഘമായ കാലയളവിൽ സഹകരണ മേഖലയിൽ ജപ്തി നടപടികൾ നിലച്ച സ്ഥിതിയിലായിരുന്നു. മാരക രോഗങ്ങളുടെ വരവും വെള്ളപ്പൊക്കവും സഹകാരികളെ പ്രതിസന്ധിയിലാക്കി. തിരിച്ചടവ് മുടങ്ങുന്നതിന് ഇതും കാരണമായി. സംസ്ഥാനത്ത് അടുത്തിടെ വന്ന “ജപ്തി വിരുദ്ധ നിയമം” ഇനി ജപ്തി ഇല്ല എന്ന തെറ്റായ വിശ്വാസത്തിലേക്ക് വായ്പാ കുടിശികക്കാരെ തള്ളിയിട്ടിട്ടുമുണ്ട്. കുടിശിക വർധിച്ചതും തിരിച്ചടവ് മുടങ്ങിയതും സഹകരണ വകുപ്പ് ഇപ്പോൾ ഗൗരവമായി എടുത്തിരിക്കുന്നു എന്നത് ആശ്വാസകരമാണ്. സംസ്ഥാനത്തെ ചുരുക്കം ചില സ്ഥാപനങ്ങളിൽ രൂപപ്പെട്ട നിക്ഷേപ പ്രതിസന്ധിയാണ് “നടപടിയിൽ വിട്ടു വീഴ്ചയില്ല” എന്ന നിലപാടിലേക്ക് സഹകരണ വകുപ്പിനെ എത്തിച്ചത്.

നിക്ഷേപം സ്വീകരിക്കുകയും അതുപയോഗിച്ച് വായ്പ നൽകുകയും ചെയ്യുന്ന വായ്പാ സഹകരണ സംഘങ്ങളെ സംബന്ധിച്ചിടത്തോളം നിക്ഷേപ സുരക്ഷ ഉറപ്പിക്കാൻ കൃത്യമായ വ്യവസ്ഥ പാലിക്കാൻ ബാധ്യസ്ഥമാണ്. എന്നാൽ ചില സംഘങ്ങൾ ഇതിൽ വീഴ്ച വരുത്തുകയുണ്ടായി. ഇക്കാര്യത്തിൽ കൂടുതൽ അവധാനത ഉണ്ടാകാൻ സഹകരണ രജിസ്ട്രാർ അടുത്തിടെ സർക്കുലർ പുറപ്പെടുവിച്ചു. സഹകരണ ഗ്യാരന്റി സ്കീമിൽ അംഗമാകുകയും കൃത്യമായി ഓരോ വർഷവും വിഹിതം അടയ്ക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം. എങ്കിൽ മാത്രമേ സംഘങ്ങളുടെ നിക്ഷേപ സുരക്ഷ സംരക്ഷിക്കപ്പെടുകയുള്ളൂ.
ഒരു സഹകരണ വായ്പാ സംഘത്തിന്റെ പ്രവർത്തന മൂലധനത്തിന്റെ 90 ശതമാനത്തിലധികം സാധാരണ നിലയിൽ നിക്ഷേപമാണ്. 10 ശതമാനത്തിൽ താഴെ മാത്രമേ അംഗങ്ങളുടെ ഓഹരി മൂലധനമുള്ളു. വായ്പ നൽകാൻ ഉപയോഗിക്കുന്നത് ഇടപാടുകാരിൽ നിന്നും സ്വീകരിച്ച നിക്ഷേപമാണെന്ന ധാരണയോടെ വേണം ഓരോ സഹകരണ സ്ഥാപനവും വായ്പാ നയം രൂപീകരിക്കാൻ. തിരിച്ചടവ് ശേഷിയില്ലാത്തവർക്ക് വായ്പ നൽകിയാൽ വായ്പാ കുടിശിക വർധിക്കുകയും സംഘത്തെ നിക്ഷേപ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യും.
വായ്പയെടുക്കുന്ന ആവശ്യത്തിനാണോ വിനിയോഗിക്കുന്നത് എന്ന പരിശോധനയുടെ കാര്യത്തിലും സഹകരണ മേഖല കൂടുതൽ ജാഗരൂകമാകേണ്ടതുണ്ട്. ഒരു സാമൂഹ്യ സേവന മേഖല കൂടിയാണിത്. സാധാരണക്കാരന്റെ സാമൂഹിക ആവശ്യങ്ങൾ സാങ്കേതിക നൂലാമാലകൾ പരമാവധി കുറച്ച് നിർവഹിക്കുന്ന സ്ഥാപനങ്ങളാണിവ. ഒരു സമൂഹത്തെ കടക്കെണിയിൽ നിന്നും സംരക്ഷിക്കാനുള്ള ബാധ്യത കൂടി സഹകരണ പ്രസ്ഥാനത്തിനുണ്ട്. ആവശ്യമുള്ളതിനെക്കാൾ കൂടുതൽ തുക വായ്പയെടുക്കുന്ന ഒരു സമീപനം സഹകരണ മേഖലയിലെ വായ്പക്കാരിൽ പലപ്പോഴും കാണാറുണ്ട്. അംഗങ്ങൾക്ക് നേരിട്ടുബന്ധമുള്ള ഭരണസമിതിയുടെ ലിബറൽ സമീപനം ഇത്തരം വായ്പക്കാർക്ക് സഹായമാവുകയും ചെയ്യും.
സഹകാരികളോടുള്ള പ്രതിബദ്ധത മൂലം പലപ്പോഴും തിരിച്ചടവ് മുടങ്ങിയാലും ആർബിട്രേഷൻ എക്സിക്യൂഷൻ നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ സഹകരണ സംഘങ്ങൾക്ക് മടിയുണ്ട്. ഇത് യഥാർത്ഥത്തിൽ വായ്പക്കാരനെയും സംഘത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന സംഗതിയാണ്. പലിശയും പിഴപ്പലിശയും പെരുകി, ഈട് വസ്തു, ലേലത്തിൽ വിറ്റാലും വായ്പ തീരാത്ത തരത്തിലേക്ക് ഇത്തരം നടപടികൾ കാരണമാകാറുണ്ട്. സഹകാരികളെ ബോധവൽക്കരിക്കാനും നിരന്തരമായി അവരുമായി ബന്ധപ്പെട്ട് കുടിശികയാകാതെ വായ്പ അടപ്പിക്കാനും സഹകരണ ഭരണസമിതിക്കും ജീവനക്കാർക്കും കഴിയണം. 

മേഖലയിലെ ജീവനക്കാർക്കും ഭരണസമിതിക്കും സഹകരണ വകുപ്പുദ്യോഗസ്ഥർക്കും കൂടുതൽ പ്രൊഫഷണൽ പരിശീലനങ്ങൾ അനിവാര്യമായി മാറിയിരിക്കുന്നു. വലിയ ധനകാര്യ സ്ഥാപനങ്ങൾ എന്ന നിലയിൽ “ചട്ടപ്പടി പരിശീലനങ്ങൾ” മാത്രമായി ചുരുങ്ങുന്നത് മേഖലയ്ക്ക് ഗുണകരമല്ല. കൂടുതൽ സമൂർത്തമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കപ്പെടണം. ഓരോ സഹകരണ സ്ഥാപനവും കൂടുതൽ സുതാര്യവും ക്രിയാത്മകവുമായ കർമ്മപദ്ധതികൾക്ക് തയ്യാറാവേണ്ട കാലഘട്ടത്തിലാണ് ഈ വര്‍ഷത്തെ സഹകരണ വാരാഘോഷം സംഘടിപ്പിക്കപ്പെടുന്നത്.
സഹകരണ പ്രസ്ഥാനത്തിന്റെ സമഗ്ര സാധ്യതകൾ അനന്തമാണ്. കരുത്തുറ്റ സഹകരണ പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടന്നുവരുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളും കേരള ബാങ്കും ചേരുന്ന മോഡേൺ ബാങ്കിങ് ശൃംഖല സുസജ്ജമാകണം. പ്രാഥമിക സഹകരണ വായ്പാ സംഘങ്ങളിലൂടെ എല്ലാ സേവനങ്ങളും ഇടപാടുകാർക്ക് ലഭ്യമാക്കാൻ കഴിയണം. സഹകരണത്തിന്റെ കോട്ടങ്ങൾ കണ്ടെത്തി തിരുത്തുകയും നേട്ടങ്ങൾ കൃത്യമായി പ്രചരിക്കപ്പെടുകയും വേണം.
സുശക്തമായ സംസ്ഥാന സഹകരണ യൂണിയനും സർക്കിൾ യൂണിയനുകളും നമുക്കുണ്ട്. പ്രാദേശിക സഹകരണ ക്യാമ്പയിനുകൾക്ക് നിരന്തരം നേതൃത്വം കൊടുക്കാൻ സർക്കിൾ യൂണിയനുകൾക്ക് കഴിയും. സംസ്ഥാന സഹകരണ യൂണിയനും സംസ്ഥാന സഹകരണ വകുപ്പും കേരളത്തിലെ സഹകരണ സ്ഥാപനങ്ങളും കൈകോർത്താൽ വലിയ വിജയ ഗാഥകൾ രചിക്കാനാകും. സഹകാരികളെ വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ള ഏതൊരു നടപടികളെയും സഹകാരി സമൂഹം രണ്ടുകയ്യും നീട്ടി സ്വീകരിക്കും എന്ന കാര്യം നിസ്തർക്കമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.