
ഭൂപടങ്ങൾ ഉണ്ടാക്കുന്ന വലിയ വഴികളെല്ലാം അധികാരം ഉണ്ടാക്കിയതാണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. അശോകന്റെയും അലക്സാണ്ടറുടെയും അക്ബറിന്റെയും അറേബ്യയുടെയും ഫ്രാൻസിന്റെയും ബ്രിട്ടന്റെയും ജർമ്മനിയുടെയും അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും ഒക്കെ അധികാരങ്ങളാണ് വൻകരകൾ കണ്ടെത്താനുള്ള വഴികളും, വൻകരകൾ തമ്മിൽത്തമ്മിൽ ബന്ധിപ്പിക്കാനുള്ള വഴികളും, നാടും കാടും ബന്ധിപ്പിക്കാനുള്ള വഴികളും, കരയിലൂടെയും കടലിലൂടെയും വായുമാർഗമായും ഒക്കെ ഉണ്ടാക്കിയത്. അധികാരം അതിനു ചെല്ലേണ്ടിടത്തേക്കെല്ലാം വഴിവെട്ടിയുണ്ടാക്കുന്നു. ഇങ്ങനെ അധികാരത്തിന് ആവശ്യമുള്ളിടത്തേക്കെല്ലാം വഴിയുണ്ടാക്കുന്ന സന്ദർഭങ്ങൾ വിശ്വസാഹിത്യത്തിലെ വിശ്രുത ഗ്രന്ഥമായ രാമായണത്തിലും വാല്മീകി എന്ന ഋഷികവി അവതരിപ്പിക്കുന്നുണ്ട്.
സാഹിത്യം ചരിത്രരചന അല്ലെന്ന് തീർച്ചയാണെങ്കിലും, ചരിത്രത്തിൽ സംഭവിച്ചതിനെ അവലംബിച്ചുകൊണ്ടുള്ള ഭാവനാപരമായ ആഖ്യാന വിലാസം അല്ലെന്ന് തീർത്തും പറയുക വയ്യ. ഭരതൻ, അച്ഛൻ ദശരഥന്റെ മരണാനന്തര ക്രിയകൾ ‑ശേഷ ക്രിയ — ചെയ്ത് പന്ത്രണ്ടാം ദിവസം പുലകുളിയും നടത്തുന്നു. ഭരതൻ പന്ത്രണ്ടിനു പുലകുളി നടത്തി എന്നത് പതിനാറിന് പുലകുളി അടിയന്തിരം നടത്തിവരുന്ന കുലാചാര വാദികൾക്ക് ആചാരലംഘനമായി തോന്നാം. പക്ഷേ പുലയടിയന്തിര സംബന്ധിയായ ഈ ആചാര ലംഘനം ഭരതൻ ചെയ്യുന്നത് വസിഷ്ഠൻ എന്ന ആചാര്യന്റെ ആശീർവാദത്തോടെയായിരുന്നു എന്നതും കാണണം. എന്തായാലും ദശരഥന്റെ ശേഷക്രിയ ചെയ്തശേഷം, പട്ടാഭിഷേകം ചെയ്ത് അധികാരമേൽക്കേണ്ട ഭരതൻ അതുചെയ്യാതെ രാമനെത്തേടി കാട്ടിലേക്ക് പുറപ്പെടുവാൻ നിശ്ചയിക്കുകയാണ്. താനും ശത്രുഘ്നനും രാമനെ തേടിപ്പോകാം എന്നല്ല ഭരതൻ നിശ്ചയിക്കുന്നത്. പിന്നെയോ, കാട്ടിൽവച്ചു ശ്രീരാമനെ രാജാവാക്കി അഭിഷേകം ചെയ്യാനുള്ള ആളുകളും ധനധാന്യാദി സംഭാരങ്ങളും പടകളും ഒക്കെക്കൊണ്ട് കാട്ടിലേക്ക് തിരിക്കാനാണ് ഭരതൻ നിശ്ചയിക്കുന്നത്. അതിനാൽ ഭരതന് ഗുരുജനങ്ങളോടും മാതാക്കളോടും സൈന്യത്തോടും കൂടെ സഞ്ചരിക്കുന്നതിനുള്ള രാജപാതയാണ് കാടകങ്ങളിൽ തത്സമയം വെട്ടിയൊരുക്കപ്പെടുന്നത്.
അന്നും വഴിവെട്ടാൻ മരങ്ങൾ മുറിച്ചു മാറ്റിയും പാറകൾ തകർത്തും കുന്നുകൾ ഇടിച്ചു നിരത്തിയും മലകൾ തുരന്നും ഒക്കെ കഠിനാധ്വാനം ചെയ്യേണ്ടിയിരുന്നു എന്നു കാണാം. ഇന്നായിരുന്നെങ്കിൽ ‘കാടിനുള്ളിൽ പാരിസ്ഥിതികാഘാതം ഉണ്ടാക്കുംവിധം കാടകത്തുവച്ച് അഭിഷേകം നടത്താൻ ഭരതൻ തീരുമാനിച്ചത് ഏതു മരാമത്ത് സൊസൈറ്റിയുടെ കയ്യിൽ നിന്ന് എത്ര രൂപ കോഴ വാങ്ങിയിട്ടാണെന്നൊക്കെ’ ചോദ്യം ഉയരുമായിരുന്നു. അന്നെന്തായാലും എതിർസ്വരമുണ്ടായില്ല. ഭരതന് സപരിവാരം സഞ്ചരിക്കാൻ കാടകത്ത് ഒരു രാജപാത തന്നെ ഒരുങ്ങി. അധികാരം സഞ്ചരിക്കുന്ന വഴികൾ എവിടെയും രാജപാതകളാണല്ലോ.
ഭരതനും പരിവാരത്തിനും സഞ്ചരിക്കാൻ അയോധ്യയുടെ പൊതുമരാമത്ത് പണിക്കാർ തച്ചുശാസ്ത്ര വിദഗ്ധരോടുകൂടി കാടകത്തുണ്ടാക്കിയ രാജപാതയുടെ നിർമ്മാണ വിവരണം സാമാന്യം വലിപ്പത്തിൽത്തന്നെ വാല്മീകി വിവരിക്കുന്നുണ്ട്. രാമനും വനനരപ്പടയും(വാനരപ്പട) ചേർന്ന് ലങ്കയിലേക്ക് കടൽപ്പാലം(സേതുബന്ധനം) നിർമ്മിക്കാൻ ചെയ്ത പരിശ്രമങ്ങൾ വിവരിക്കാൻ നടത്തുന്നതിന് തത്തുല്യമായ പ്രാധാന്യം തന്നെ വാല്മീകി, ഭരതന്റെ കാനനപാതാനിർമ്മാണ വിവരണത്തിനും നൽകുന്നുണ്ട്. ‘ഭൂമിയെപ്പറ്റി അറിവുള്ളവർ, അളവെടുപ്പു വിദഗ്ധർ, സ്വകർമ്മ നിഷ്ഠരായ ശൂരന്മാർ, നിലം തുരക്കുന്നവർ, പണിയായുധങ്ങൾ ഉണ്ടാക്കുന്നവർ, കൂലിപ്പണിക്കാർ, മേലാളുകൾ, യന്ത്രവിദഗ്ധർ, തച്ചന്മാർ, വഴിയൊരുക്കുന്നവർ, മരംവെട്ടികൾ, കിണറുകുത്തുന്നവർ, കുമ്മായപ്പണിക്കാർ, മുളകൊണ്ട് തട്ടിയും പനമ്പും മറ്റും ഉണ്ടാക്കുന്നവർ, സമർത്ഥരായ വഴികാട്ടികൾ’ ഇവരൊക്കെച്ചേർന്ന് മുന്നേ നടന്ന് ഒരുക്കിയെടുത്ത വലിയ കാനനപാതയിലൂടെയാണ് ഭരതനും സംഘവും രാമനെത്തിരഞ്ഞ് യാത്ര തിരിച്ചത് (അയോധ്യാ കാണ്ഡം: സർഗം 80–81 ).
ഈ യാത്രയിൽ ഭരതനും പരിവാരങ്ങൾക്കും കുടിക്കാനും കുളിക്കാനും ശൗചവൃത്തികൾ ചെയ്യാനും വേണ്ട ജലത്തിന് മുട്ടുവരാതിരിക്കാൻ കാനനച്ചോലകളെ തടയണകെട്ടി തടഞ്ഞ്, തടാകങ്ങൾ വരെ ഉണ്ടാക്കിയതായി വിവരണങ്ങൾ കാണാം (സർഗം80; ശ്ലോകം11). ഇത്തരം തടാകങ്ങളെ വാല്മീകി വിശേഷിപ്പിച്ചിരിക്കുന്നത് ‘സാഗര പ്രതിമാൻ’ എന്ന വാക്കുകൊണ്ടാണ്. കടലിന്റെ പ്രതിമ നിർമ്മിച്ചതു പോലെയാണ് തടയണത്തടാകങ്ങൾ കാണപ്പെട്ടതെന്നർത്ഥം. എത്ര മനോഹരവും ഭാവനാനിർഭരവും അർത്ഥപൂർണവുമാണ് ‘സാഗരപ്രതിമാൻ’ എന്ന വാക്കുകൊണ്ട് വിവക്ഷിച്ചതിലുള്ളതെന്ന് ചിന്തിക്കും തോറും കൂടുതൽ കൂടുതൽ ബോധ്യമാവും. എത്ര വലുതായ സൈന്യ പരിവാരത്തോടെയാണ് ഭരതൻ രാമനെ തെരഞ്ഞ് കാട്ടിലേക്ക് പുറപ്പെട്ടതെന്ന് മനസിലാക്കാൻ സഹായകമായ ഒരു വിവരണം അയോധ്യാകാണ്ഡത്തിലെ 84-ാം സർഗത്തിലുണ്ട്. ഗുഹൻ ഭരതസൈന്യം തമ്പടിച്ചതുകണ്ടിട്ട് ബന്ധുക്കളോടു പറയുന്നത് ഇങ്ങനെയാണ്; ”മഹതീയമിതഃ സേനാ സാഗരാഭാ പ്രദൃശ്യതേ/നാസ്യാന്തമവഗച്ഛാമി മനസാപി വിചിന്തയൻ” — കടലുപോലെ വലുതായി കാണുന്ന ഈ സൈന്യത്തിന്റെ അറ്റം മനസുകൊണ്ടുപോലും ഭാവന ചെയ്തെത്താൻ പറ്റാത്തതാണ്. ഇത്രയും വലിയ സൈന്യത്തോടെ വരുന്ന ഭരതനെക്കണ്ട്, തന്നെയും ചേട്ടനെയും കൊന്ന് അധികാരം എന്നന്നേക്കുമായി തനിക്കുറപ്പിക്കാനാണോ ഭരതൻ കാട്ടിലേക്ക് വരുന്നതെന്ന് ലക്ഷ്മണന് തോന്നിയതിൽ ഒറ്റനോട്ടത്തിൽ തെറ്റുപറയാനാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.