23 December 2024, Monday
KSFE Galaxy Chits Banner 2

ഫാ. സ്റ്റാൻസ്വാമി ആദിവാസി സമൂഹത്തിന്റെ സ്പന്ദനം

സി ദിവാകരന്‍
May 4, 2022 7:00 am

“എനിക്ക് എന്തു സംഭവിക്കുന്നു എന്നത് പ്രധാനമല്ല. വിശാലമായ ഈ രാജ്യത്ത് ഇത്തരം സംഭവങ്ങൾ നിരന്തരം സംഭവിക്കുന്നു. എന്നതാണ് പ്രധാനം. നമ്മുടെ രാജ്യത്തെ എത്രയെത്ര ഭാവനാ സമ്പന്നരായ എഴുത്തുകാർ, കവികൾ, സാമൂഹ്യപ്രവർത്തകർ, വിദ്യാർത്ഥി നേതാക്കന്മാർ ഇന്നും ഇന്ത്യയുടെ ജയിലുകളിൽ കുറ്റവിചാരണ തടവുകാരായി കഴിയുന്നു. അവർ സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തി ഭരണാധികാരികളെ ചോദ്യം ചെയ്തു. ഇതായിരുന്നു അവർക്കെതിരെ ഭരണകൂടം ചുമത്തിയ കുറ്റകൃത്യങ്ങൾ. ഞാനീ വിഭാഗത്തിൽപ്പെടുന്ന ഒരു കുറ്റവാളിയാണ് ഈ കുറ്റകൃത്യങ്ങൾക്ക് എന്തുവിധി വന്നാലും ഞാൻ ഏറ്റുവാങ്ങും.” 2020 ഒക്ടോബർ എട്ടിന് ഫാദർ സ്റ്റാൻസ്വാമിയെ അറസ്റ്റ് ചെയ്യുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലെ വാക്കുകളാണിത്. എൺപത്തിനാലു വയസുകാരനായ ഫാദർ സ്റ്റാൻസ്വാമി ഗുരുതരമായ പാർക്കിൻസണ്‍സ് രോഗത്തിനിരയായി. എന്നിട്ടും അദ്ദേഹത്തെ ഒമ്പതുമാസക്കാലം ജാമ്യം നിഷേധിച്ച് ജയിലിലിട്ടു. ആരോഗ്യം പൂർണമായും നഷ്ടപ്പെട്ട അദ്ദേഹത്തിനറിയാമായിരുന്നു തന്റെ ജീവിതം അവസാനിക്കുകയായിരുന്നു എന്ന വസ്തുത. രോഗം കൂടുതൽ മൂർച്ഛിച്ചപ്പോൾ തന്റെ സമരവീര്യവും നഷ്ടപ്പെട്ട അവസ്ഥയിലായി. സർക്കാർ ഗത്യന്തരമില്ലാതെ ബോംബെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. 2022 ജൂലായ് അഞ്ചിന് ഫാദർ സ്റ്റാൻസ്വാമി എന്ന ആദിവാസികളുടെ വിമോചന നായകന്റെ ജീവിതം എരിഞ്ഞടങ്ങി. മരണം സംഭവിക്കുന്നതിന് ഏതാനും ദിവസം മുമ്പ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി. അദ്ദേഹത്തിനുവേണ്ടി വാദിക്കാൻ അഭിഭാഷകരെ അനുവദിച്ചില്ല. അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ചുകൊണ്ട് നഗ്നമായി മനുഷ്യാവകാശങ്ങളെല്ലാം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. അങ്ങനെ അസാധാരണ മനുഷ്യന്റെ അസാധാരണ ജീവിതം അവസാനിക്കുന്നു. സ്റ്റാൻസ്വാമി ഒരിക്കലും അരാജകവാദിയോ, നേതാവോ ആയിരുന്നില്ല. അദ്ദേഹം അടിച്ചമർത്തപ്പെട്ടു കഴിയുന്ന കടുത്ത ചൂഷണങ്ങൾക്കു വിധേയരാവുന്ന സമൂഹത്തിന്റെ പുറമ്പോക്കുകളിൽ അലയുന്ന ദളിതരുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു. വനാന്തരങ്ങളിൽ അടിമകളെപ്പോലെ കഴിയുന്ന മനുഷ്യരുടെ മോചനം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആറുദശാബ്ദകാലം അദ്ദേഹം ബിഹാർ, ഝാർഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിൽ ആദിവാസികളുടെ ഭുമിക്കുവേണ്ടി, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി അവരോടൊപ്പം സഞ്ചരിച്ചു. സ്റ്റാൻസ്വാമി മറ്റുള്ളവർക്കായി തന്റെ ജീവിതം ബലിയർപ്പിച്ച ഒരസാധാരണ മനുഷ്യനായിരുന്നു. അദ്ദേഹം ഒരിക്കലും ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചില്ല. രാജ്യദ്രോഹ പ്രസ്താവനകൾ നടത്തിയില്ല. രാഷ്ട്രീയരംഗത്ത് കടന്ന് നേതാവാകാനും ഭരണാധികാരിയാകാനും ശ്രമിച്ചില്ല. അതൊന്നും ഫാദറിന്റെ ജീവിത ലക്ഷ്യമായിരുന്നില്ല. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടാതെ പോയ ഇടങ്ങളിലെ ആദിവാസികളുടെ ഭൂമിയ്ക്കുവേണ്ടി, അവരുടെ ക്ഷേമത്തിനുവേണ്ടി മാത്രം സ്റ്റാൻസ്വാമി അന്ത്യനിമിഷം വരെ പ്രവർത്തിച്ചു. അദ്ദേഹത്തിന് ചുറ്റും ആദിവാസികളൊഴുകിയെത്തി-അവരുടെ പ്രതീക്ഷയായിരുന്നു ഫാദർ.


ഇതുകൂടി വായിക്കാം; ഭരണകൂട നീതിപീഠ അഭിമുഖീകരണം


സ്റ്റാൻസ്വാമിയുടെ അന്ത്യവും തുടർന്നുള്ള സംഭവങ്ങളും സർക്കാരിന്റെ മുന്നിൽ നിരവധി ചോദ്യങ്ങൾ ഉയര്‍ത്തുന്നു. പല രംഗങ്ങളിലും സംഭവിച്ച നിരവധി ഭരണനിർവഹണ പരാജയങ്ങളും കൂടാതെ ഗുരുതരമായ നിയമ വീഴ്ചകളും സ്റ്റാൻസ്വാമിയുടെ മരണത്തോടെ പുറത്തുവന്നു. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വീഴ്ച ഇവിടെ ശ്രദ്ധേയമാണ്. തടവുകാരനായിരിക്കെ ഫാദറിന്റെ ചലനശക്തി നഷ്ടപ്പെട്ടു. ഒരു കപ്പ് വെള്ളം കുടിക്കാൻ തന്റെ കരങ്ങളുടെ ശക്തി ചോർന്നുപോകുന്നുവെന്ന് കോടതിയോട് അപേക്ഷിച്ചിട്ടും കോടതിയിൽനിന്ന് നീതി ലഭിച്ചില്ല. രോഗബാധിതനായ ഫാദർ കോടതിയിൽ ജാമ്യത്തിനായി അഞ്ചുതവണ അപേക്ഷ നൽകിയിട്ടും എല്ലാം കോടതി തള്ളിക്കളഞ്ഞു. രാജ്യത്ത് നിലവിലുള്ള എല്ലാ കരിനിയമങ്ങളും എൻഐഎ അടക്കം ഫാദർ സ്റ്റാൻസ്വാമിയുടെ നേർക്കു ചുമത്തി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന വകുപ്പ് 20ൽ ഇപ്രകാരം പറയുന്നു. കുറ്റങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് സംരക്ഷണം ഒരു കുറ്റമായി ആരോപിക്കപ്പെടുന്ന കൃത്യം ചെയ്യുന്ന സമയത്ത് പ്രാബല്യത്തിലുണ്ടായിരുന്ന ഒരു നിയമത്തിന്റെ ലംഘനത്തിനൊഴികെ യാതൊരാളുടെ മേലും ഏതെങ്കിലും കുറ്റം സ്ഥാപിക്കുകയോ ആ കുറ്റംചെയ്ത സമയത്ത് പ്രാബല്യത്തിലുണ്ടായിരുന്ന നിയമപ്രകാരം ചുമത്താമായിരുന്നതിൽ കൂടുതലായ ശിക്ഷയ്ക്ക് ആ ആളെ വിധേയനാക്കുകയോ ചെയ്യാൻ പാടുള്ളതല്ല. വിചാരണ കുറ്റവാളികളുടെ സംരക്ഷണത്തെക്കുറിച്ച് ഭരണഘടനാവകുപ്പ് 22ൽ ഇപ്രകാരം പറയുന്നു. ചില സംഗതികളിൽ അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം, അറസ്റ്റ് ചെയ്ത യാതൊരാളെയും ആ അറസ്റ്റിനുള്ള കാരണങ്ങൾ കഴിയുന്നത്ര വേഗം അറിയിക്കാതെ തടങ്കലിൽ സൂക്ഷിക്കുകയോ, അയാൾക്കുള്ള ഒരഭിഭാഷകനുമായി ആലോചിക്കാനും അദ്ദേഹം മുഖേന പ്രതിക്ക് വാദിക്കാനുമുള്ള അവകാശം നിഷേധിക്കാനോ പാടില്ല. രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തിയെന്ന് കോടതിയിൽ തെളിയിക്കുന്നതുവരെ ഒരാളിനെ മൂന്നുമാസത്തിൽ കൂടുതൽ തടവിൽ വയ്ക്കാൻ പാടില്ല. ഭരണഘടനയിൽ വ്യക്തമാക്കുന്ന 20, 22 എന്നീവകുപ്പുകളുടെ നഗ്നമായ ലംഘനം നടത്താൻ സഹായകരമാംവിധം പാർലമെന്റിൽ ഐഎൻഎ നിയമം പാസാക്കി. ഭരണഘടനയും നീതിന്യായകോടതിയും മാപ്പുസാക്ഷികളായി നോക്കിനിന്നു. പ്രസ്തുത ഐഎൻഎ പ്രകാരം രാജ്യത്ത് ആരെയും തടവിലാക്കാം. കോടതിയും ബന്ധപ്പെട്ട സംസ്ഥാന സർക്കാരും അറിയണമെന്നില്ല. ഭരണഘടനയുടെ വകുപ്പുകളായ 20ഉം 22ഉം ബാധകമല്ല. ഈ കരിനിയമത്തിന്റെ ഫലമായി ഫാദർ സ്റ്റാൻസ്വാമിയോടൊപ്പം തടവിലാക്കപ്പെട്ട ആയിരക്കണക്കിന് വിചാരണ തടവുകാർ ഇപ്പോഴും ഇന്ത്യയുടെ ജയിലറകളിൽ കഴിയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.