23 December 2024, Monday
KSFE Galaxy Chits Banner 2

കോവിഡിനെ കൊള്ളയാക്കുന്ന റയില്‍വേ

Janayugom Webdesk
December 18, 2021 5:00 am

രാജ്യത്തെ ഏറ്റവും വലിയ പൊതു യാത്രാസംവിധാനമായ ഇന്ത്യന്‍ റയില്‍വേ കോവിഡ് എന്ന മഹാമാരിയെ കൊള്ളയ്ക്കുള്ള ഉപാധിയാക്കുകയാണ്. രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കപ്പെട്ട 2020 മാര്‍ച്ച് 20 ന് നിര്‍ത്തിവച്ച സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാതെയും സ്ഥാപിച്ചവയില്‍ അമിത നിരക്ക് ഈടാക്കാവുന്ന വിധത്തില്‍ മാറ്റം വരുത്തിയും അര്‍ഹതപ്പെട്ടവര്‍ക്കുള്ള ഇളവുകള്‍ നിര്‍ത്തലാക്കിയുമാണ് കോവിഡിന്റെ മറവില്‍ റയില്‍വേ അതിന്റെ ചൂഷണം തുടരുന്നത്. കോവിഡിന്റെ ഒന്നാം തരംഗത്തിനുശഷം രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ജനജീവിതം സാധാരണ നിലയിലേക്ക് മാറിയിരുന്നപ്പോഴും തീവണ്ടികള്‍ പുനഃസ്ഥാപിക്കാതെയും ഓടിക്കൊണ്ടിരുന്നവയെ പ്രത്യേക തീവണ്ടികള്‍ എന്ന ഗണത്തില്‍പ്പെടുത്തി അമിത നിരക്ക് ഈടാക്കിയുമാണ് റയില്‍വേ ലാഭം കൊയ്തത്. പിന്നീട് രണ്ടാം തരംഗം വന്നതു കാരണമാക്കി ഈ കൊള്ള തുടരുകയും ചെയ്തു. എന്നാല്‍ രാജ്യം മാത്രമല്ല ലോകം തന്നെ കോവിഡ് വൈറസിനൊപ്പം ജീവിക്കുകയെന്ന പൊതു തത്വം അംഗീകരിക്കുകയും അതിനനുസരിച്ച് ജീവിതം സാധാരണ നിലയിലാകുകയും ചെയ്തിട്ടും മനുഷ്യത്വപൂര്‍ണമായ സമീപനം സ്വീകരിക്കുവാന്‍ റയില്‍വേ സന്നദ്ധമാകുന്നില്ല. പ്രത്യേക തീവണ്ടികള്‍ എന്ന പേരില്‍ അധിക നിരക്ക് ഈടാക്കിയും വിവിധ വിഭാഗങ്ങള്‍ക്ക് നല്കി വന്നിരുന്ന ഇളവുകള്‍ റദ്ദാക്കിയും 2100 കോടിയോളം രൂപയാണ് കോവിഡ് കാലത്ത് റയില്‍വേ അധിക വരുമാനമുണ്ടാക്കിയതെന്ന് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ആകെ ഓടിച്ചിരുന്ന തീവണ്ടികളുടെ പകുതിപോലും സര്‍വീസ് നടത്താതെയായിരുന്നു ഈ ലാഭമുണ്ടാക്കല്‍ എന്നുകൂടി ഓര്‍ക്കണം. എല്ലാ മേഖലകളിലും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും റയില്‍വേ അതിന്റെ അധിക നിരക്കുകളും ഇളവുകളില്ലായ്മയും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. മുതിർന്ന പൗരൻമാർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പൊലീസ്‌ മെഡൽ ജേതാക്കൾ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയ വിഭാഗത്തിനുള്ള ഇളവുകളാണ് നിര്‍ത്തലാക്കിയത്. ലോക്‌സഭയില്‍ നല്കിയ മറുപടി അനുസരിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ ഉള്‍പ്പെടെ നിര്‍ത്തലാക്കുമെന്ന സൂചനകളുമുണ്ട്. വിവിധ കോണുകളില്‍ നിന്നുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്നതും പുതിയതായി ആരംഭിക്കുന്നതുമായ സര്‍വീസുകളെ സാധാരണ എന്ന വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പാസഞ്ചര്‍, മെമു പോലെ ചുരുങ്ങിയ നിരക്കുകളിലുള്ള തീവണ്ടികള്‍ പുനഃസ്ഥാപിക്കുന്നതിന് തയാറായില്ല.


ഇതുകൂടി വായിക്കാം; കൂവാതെ പായുമോ തീവണ്ടികള്‍


സ്ഥിരം യാത്രക്കാര്‍ക്കുള്ള സീസണ്‍ ടിക്കറ്റുകള്‍ എല്ലാ തീവണ്ടികള്‍ക്കും അനുവദിക്കുന്നതിനോ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം ആവശ്യത്തിനനുസരിച്ച് വര്‍ധിപ്പിക്കുന്നതിനോ സന്നദ്ധമാകുന്നുമില്ല. അതുകൊണ്ടുതന്നെ സ്ഥിരം യാത്രക്കാര്‍ പല തീവണ്ടികളിലും ഭീമമായ നിരക്കു നല്കി യാത്ര ചെയ്യേണ്ട സ്ഥിതിയിലുമാണ്. 250 രൂപ പ്രതിമാസം ചെലവഴിക്കേണ്ടി വന്നിരുന്ന സ്ഥിരം യാത്രക്കാര്‍ ഈ തീരുമാനം കാരണം പത്തും പതിനഞ്ചും ഇരട്ടിവരെ യാത്രക്കായി നീക്കിവയ്ക്കേണ്ട സ്ഥിതിയാണ്. പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ നിരക്ക് പത്തില്‍ നിന്ന് അമ്പതു രൂപയായി ഉയര്‍ത്തി കൊള്ളയടിക്കുന്ന തീരുമാനവും റയില്‍വേ സ്വീകരിച്ചു. തിരക്കു കുറയ്ക്കുവാനെന്ന പേരില്‍ കോവിഡ് നിയന്ത്രണത്തിലുള്ള ഇളവുകളെല്ലാം നിലവില്‍ വന്ന ശേഷവും ഈ നിരക്കുതന്നെ ഈടാക്കി. ശബരിമല സീസണ്‍ ഉള്‍പ്പെടെ വന്നതിനാലും നിലവിലുള്ളവ പുനഃസ്ഥാപിക്കാത്തതിനാലും വന്‍തോതിലുള്ള തിരക്കും യാത്രാ പ്രതിസന്ധിയുമാണ് യാത്രക്കാര്‍ നേരിടുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെടുന്ന വിധത്തിലാണ് വണ്ടികളില്‍ തിരക്ക് അനുഭവപ്പെടുന്നത്. കൂടുതല്‍ തീവണ്ടികള്‍ അനുവദിച്ചും നിര്‍ത്തലാക്കിയവ പുനഃസ്ഥാപിച്ചും മാത്രമേ ഇതിന് പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളൂ. എല്ലാ തീവണ്ടികളെയും പ്രത്യേക തീവണ്ടികളെന്ന ഗണത്തില്‍പ്പെടുത്തിയാണ് ആദ്യഘട്ടത്തില്‍ കൊള്ള നടത്തിയതെങ്കില്‍ മെമു, പാസഞ്ചര്‍ തീവണ്ടികളെ എക്സ്പ്രസ് വിഭാഗത്തിലാക്കി കൊള്ള തുടരുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് 60ലധികം പാസ‍ഞ്ചര്‍, മെമു സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കേയാണ് ഇവയെ എക്സ്പ്രസുകളാക്കുമെന്ന വാര്‍ത്ത എത്തിയിട്ടുള്ളത്. ചുരുങ്ങിയ ചെലവില്‍ നടന്നിരുന്ന യാത്രയ്ക്ക് പകരം ഭീമമായ തുക വിനിയോഗിക്കേണ്ട സ്ഥിതിയാണ് ഇത് സൃഷ്ടിക്കുക. ഹ്രസ്വദൂര യാത്രയ്ക്കുപോലും ഭീമമായ നിരക്ക് നല്കേണ്ടിവരും. 20 രൂപയ്ക്ക് യാത്ര ചെയ്യാവുന്ന ദൂരത്തിന് ജനറല്‍ കമ്പാര്‍ട്ട്മെന്റിലാണെങ്കില്‍ 40 രൂപ ചെലവാകുന്ന അവസ്ഥയാണുണ്ടാവുക. അതുകൊണ്ടുതന്നെ കോവിഡ് എന്ന മഹാമാരി ഈ വിധത്തില്‍ കൊള്ളയ്ക്കുപയോഗിക്കുന്ന റയില്‍വേയുടെ നടപടി കൂടുതലായും ബാധിക്കുന്നത് സാധാരണക്കാരെയും ഇടത്തരക്കാരെയുമാണ്. യാത്രക്കാരെ കൊള്ളയടിക്കുന്ന റയില്‍വേയുടെ ഇത്തരം നടപടിക്കെതിരെ വന്‍ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.