19 September 2024, Thursday
KSFE Galaxy Chits Banner 2

ഇനി ടാറിംഗിന് പിന്നാലെ പൈപ്പിടാൻ റോഡ് കുത്തിപ്പൊളിക്കില്ല

Janayugom Webdesk
തിരുവനന്തപുരം
March 3, 2022 8:12 pm

ഇനി മുതല്‍ റോഡുകൾ ടാറ് ചെയ്തതിനു പിന്നാലെ കുടിവെള്ള പൈപ്പ് ഇടാനായി കുത്തിപ്പൊളിക്കില്ല. ഇതിനായി പ്രവൃത്തികളുടെ കലണ്ടർ തയാറാക്കാൻ ജലവിഭവ ‑പൊതുമരാമത്ത് വകുപ്പുകള്‍ തയ്യാറെടുക്കുകയാണ്.

ഇരുവകുപ്പുകളും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രൂപീകരിച്ച നിരീക്ഷണ സമിതിയാണ് പുതിയ നിർദേശങ്ങൾ മുന്നോട്ടു വച്ചത്. പുതിയതായി ടാറ് ചെയ്തു പണി പൂർത്തീകരിച്ച റോഡുകൾ ഒരു വർഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാൻ അനുവദിക്കാവൂ എന്നാണ് നിർദേശം.

ചോർച്ചയെ തുടർന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികൾ, വലിയ പദ്ധതികൾ, ഉയർന്ന മുൻഗണനയുള്ള പദ്ധതികൾ എന്നിവയ്ക്കു മാത്രം ഇളവ് നൽകും. റോഡുകളിൽ നടക്കാൻ പോകുന്ന ജോലിയുടെ കലണ്ടർ ജലഅതോറിട്ടിയും പിഡബ്യുഡിയും റോ പോർട്ടലിൽ ഉൾപ്പെടുത്തുകയും കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.

അത്യാവശ്യമായി ചോർച്ച പരിഹരിക്കുന്നതിനായുള്ള അനുവാദത്തിനും ഇതേ പോർട്ടലിലൂടെ തന്നെ ജലഅതോറിറ്റി അപേക്ഷിച്ചാൽ മതി. അറ്റക്കുറ്റപ്പണി ഉത്തരവാദിത്വ കാലാവധി കഴിഞ്ഞ റോഡുകളിലെ ചോർച്ച അടയ്ക്കുന്നതിന് മുൻകൂറായി തുക കെട്ടിവയ്ക്കേണ്ട ആവശ്യവുമില്ല. പൊതുമരാമത്ത് വകുപ്പിനെ വിവരം ധരിപ്പിച്ച ശേഷം അറ്റകുറ്റപ്പണി തുടങ്ങാം.

അടിയന്തര ജോലികൾക്കായി അനുമതി നൽകാൻ റോ പോർട്ടലിൽ പ്രത്യേക സംവിധാനം ഒരുക്കും. പുതിയ പൈപ്പ് കണക്ഷനായി റോഡ് കുഴിക്കുന്നത് മുതൽ മുൻ നിലവാരത്തിൽ പുനർനിർമിക്കുന്നത് വരെയുള്ള ഉത്തരവാദിത്വം ജലഅതോറിറ്റിക്ക് ആയിരിക്കും. കുഴിക്കുന്നതിന് മുൻപുള്ള അതേ നിലവാരത്തിൽ പുനർനിർമിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ട ചുമതലയും ഇവര്‍ക്കാണ്. ചോർച്ചയ്ക്കും അറ്റകുറ്റപ്പണിക്കായും കുഴിക്കേണ്ട റോഡും പുനർനിർമിക്കേണ്ടത് ഇനി മുതൽ ജലഅതോറിറ്റി തന്നെയാകും.

അറ്റകുറ്റപ്പണികൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണെന്ന് ഉറപ്പു വരുത്താനുള്ള ചുമതല പൊതുമരാമത്ത് എഞ്ചിനിയർമാർക്കാണ്. ഇരുവകുപ്പുകളിലെയും എക്സിക്യൂട്ടീവ് എഞ്ചിനീയർ തലത്തിൽ സംയുക്ത പരിശോധന നടത്തുന്നതിനും നിർദേശമുണ്ട്. ഡിഫക്ട് ലയബിലിറ്റി പീരിയഡിലുള്ള (ഡിഎൽപി) റോഡുകൾ കുഴിക്കും മുൻപ് പുനർനിർമാണത്തിനുള്ള തുകയുടെ 10 ശതമാനം പൊതുമരാമത്ത് വകുപ്പിന് ജല അതോറിട്ടി കെട്ടിവയ്ക്കണമെന്നും നിർദേശമുണ്ട്.

പൈപ്പ് ഇടുന്നതിന് കുഴിക്കുന്ന റോഡുകൾ നിശ്ചിത കാലയളവിനുള്ളിൽ ജോലി പൂർത്തിയാക്കണമെന്നും നിർദേശത്തിൽ പറയുന്നു. അനുമതി പത്രത്തിൽ ഇതു കൃത്യമായി രേഖപ്പെടുത്തും. വൈകിയാൽ ഡെപ്പോസിറ്റ് തുകയിൽ ആനുപാതികമായ തുക ഈടാക്കാനും നിർദേശമുണ്ട്.

ജലഅതോറിറ്റി ചെയ്ത ജോലികളുടെ വിശദമായ ബോർഡും സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. ജനുവരിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ ചേർന്ന മന്ത്രിതല യോഗത്തിന്റെ തുടർച്ചയായാണ് പുതിയ തീരുമാനങ്ങൾ.

റോഡുകൾ ടാറിംഗ് പൂർത്തിയാക്കിയതിനു പിന്നാലെ നിർമ്മാണ പ്രവർത്തനത്തിനായി കുത്തിപൊളിക്കുന്നത് പതിവായതിനെ തുടർന്നാണ് മന്ത്രിമാർ വിഷയത്തിൽ ഇടപെട്ടത്.

eng­lish sum­ma­ry; The road will no longer be destroyed to pipe after tarring

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.