2 October 2024, Wednesday
KSFE Galaxy Chits Banner 2

നന്മമരങ്ങൾ പൂത്ത സിനിമാക്കാലം

ടി കെ അനിൽകുമാർ
August 29, 2024 4:15 am

താരത്തിളക്കത്തിലും വിനയം കൈവിടാത്ത സൂപ്പർ താരങ്ങൾ. ബോക്സോഫിസ് ഹിറ്റുകളിൽ നിറഞ്ഞുനിന്ന സത്യനും പ്രേംനസീറും മധുവും ഉൾപ്പെടെയുള്ള നായകന്മാർ. ജയഭാരതി, ഷീല തുടങ്ങിയ നായികമാരും സിനിമ അടക്കിവാഴുന്ന കാലം. എന്നാൽ ജൂനിയർ ആർട്ടിസ്റ്റുകൾ മുതൽ സിനിമാ സെറ്റിലെ ലൈറ്റ് ബോയ് ഉൾപ്പെടെയുള്ളവരുമായി അതിരുകളില്ലാത്ത സൗഹൃദമായിരുന്നു അവർക്കെല്ലാം. താരപദവിയിൽ അഹങ്കരിക്കാതെയും ഒപ്പമുള്ള ആരെയും ഉപദ്രവിക്കാതെയും അഭിനയം മാത്രം തൊഴിലാക്കിയ അവരെല്ലാം സിനിമ എന്ന പ്രസ്ഥാനം നിലനിൽക്കാനും സഹപ്രവർത്തകർക്ക് അന്തസുള്ള ജീവിതം ലഭിക്കുവാനും ആത്മാർത്ഥതയോടെ പ്രവൃത്തിച്ചു. ബാല്യദശ പിന്നിട്ട് മലയാള സിനിമ യൗവനത്തിലൂടെ കടന്നുപോയ അറുപതുകളിലും എഴുപതുകളിലും ഇതായിരുന്നു സിനിമാലോകം. നന്മ മരങ്ങൾ പൂത്ത ആ സിനിമാക്കാലത്തെക്കുറിച്ച് അക്കാലത്ത് സിനിമാരംഗത്ത് പ്രവൃത്തിച്ചവർക്കെല്ലാം നല്ലതേ പറയാനുള്ളൂ. മലയാള സിനിമയുടെ യൗവന കാലത്ത് അഭിനേതാക്കളും അണിയറ പ്രവർത്തകരും തമ്മിൽ സൗഹൃദം മാത്രമല്ല പരസ്പര സഹായവും കൈമാറിയത് ചരിത്രം. മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമയിൽ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ പ്രേംനസീറും മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സത്യനും മധുവുമെല്ലാം സഹപ്രവർത്തകർക്കും ഏറെ കൈത്താങ്ങായിരുന്നു. അവരുടെ സെറ്റുകളിൽ എത്തുന്ന ജൂനിയർ ആർട്ടിസ്റ്റുകൾക്കുൾപ്പെടെ കുടുംബാന്തരീക്ഷമാണ് എന്നും അനുഭവപ്പെട്ടിരുന്നത്. പുലർച്ചെ ആരംഭിക്കുന്ന ഷൂട്ടിങ് പലപ്പോഴും പാതിരാത്രിയാണ് അവസാനിക്കുക. കെ ആർ വിജയ, റാണി പത്മിനി, വിജയശ്രീ എന്നിങ്ങനെ ഒട്ടേറെ നായികമാർ അക്കാലത്ത് സത്യന്റെയും നസീറിന്റെയും സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഭൂരിഭാഗവും ഉദയായുടെ ചിത്രങ്ങൾ. കെ എസ് സേതുമാധവൻ, രാമുകാര്യാട്ട്, എ വിൻസെന്റ്, ബേബി തുടങ്ങിയവരുടെ ഹിറ്റ് ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് നായകനടന്മാർ അവരവരുടെ സ്വന്തം കാറുകളിലാണ് പല നടിമാരെയും അവരുടെ താമസസ്ഥലമായ വീടുകളിലും ഹോട്ടലുകളിലും കൊണ്ടുചെന്ന് വിട്ടിരുന്നത്.


സിനിമയിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് പവർഗ്രൂപ്പ് 


ചെന്നൈയിലെ വടപളനിയിലെ എ വി എം, പ്രസാദ്, ഭരണി തുടങ്ങിയ സ്റ്റുഡിയോകളിലായിരുന്നു അക്കാലത്ത് മലയാള സിനിമകളുടെ ചിത്രീകരണങ്ങൾ ഏറെയും. ഒപ്പമുള്ള ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ളവരെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ എത്തിച്ച ശേഷമേ രാത്രി എത്ര വൈകിയാലും പ്രേംനസീർ തന്റെ മഹാലിംഗപുരത്തെ വീട്ടിലേക്ക് പോകുമായിരുന്നുള്ളൂ. ഇതേ സുരക്ഷിതത്വബോധം തന്നെയാണ് സത്യനൊപ്പം അഭിനയിച്ച നായികമാർക്കും പങ്കുവയ്ക്കാനുള്ളത്. പ്രേം നസീറിനെ നായകനാക്കി മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്ത ആലപ്പി അഷ്റഫിന്റെ മനസിൽ ഇന്നുമുണ്ട് സ്നേഹം വിളമ്പിയ ആ സൂപ്പർ താരം. തന്റെ വരുമാനത്തിന്റെ അറുപത് ശതമാനം തുകയും സഹപ്രവർത്തകരെയും മറ്റുള്ളവരെയും സഹായിക്കാനായി മാറ്റിവച്ച ആ നന്മ മരം പോലെ മറ്റൊരാൾ പിന്നീടുണ്ടായിട്ടില്ല. കാമുക സങ്കല്പങ്ങളുടെ ആൾരൂപമായിരുന്ന നസീർ അന്നും ഇന്നും നിത്യഹരിത നായകൻ തന്നെയെന്ന് അഷ്റഫ് ഉറപ്പിച്ചു പറയുന്നു. കാലം 1983, മലയാള സിനിമയുടെ സ്വപ്‍ന ലോകമായ തമിഴ്‌നാട്ടിലെ കോടമ്പാക്കത്തിന് സമീപമുള്ള വള്ളുവർക്കോടം ഗ്രാമം ഏറെ പ്രസിദ്ധമായിരുന്നു. അവിടെ സ്ഥിതിചെയ്യുന്ന ബ്ലൂ സ്റ്റാർ ബിൽഡിങ് വാങ്ങുവാൻ നസീർ തീരുമാനിച്ചു. തമിഴ്‌നാട് സ്വദേശിയുമായി ആറ് മാസത്തെ കരാർ എഴുതി അഡ്വാൻസും നൽകി. ഇതിനിടയിൽ ഭൂമിവില കുതിച്ചുയർന്നതോടെ സ്ഥലമുടമ കാലുമാറി. തുടർന്ന് നസീർ നിയമനടപടി ആരംഭിച്ചു. ജില്ലാ കോടതി മുതൽ ഹൈക്കോടതി വരെ നീണ്ട കോടതി വ്യവഹാരങ്ങൾക്ക് ഒടുവിൽ നസീറിന് അനുകൂലമായി വിധി വന്നു. ഇതറിഞ്ഞ സ്ഥലമുടമയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെ കാണാൻ എത്തിയ നസീറിന് മുന്നിൽ പൊട്ടിക്കരഞ്ഞ അദ്ദേഹം മൂന്ന് പെൺമക്കളുള്ള തന്നെ രക്ഷിക്കണമെന്ന് കരഞ്ഞുകൊണ്ട് അഭ്യർത്ഥിച്ചു. കോടികൾ വിലവരുന്ന കെട്ടിടമായിട്ടും രണ്ടാമതൊന്ന് ആലോചിക്കാതെ നസീർ ആ കെട്ടിടം തിരിച്ചുനൽകി.

ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ സൈനികനായും പിന്നീട് തിരുവിതാംകൂർ സ്റ്റേറ്റ് പൊലീസിലെ ഓഫിസറുമായിരുന്ന സത്യനേശൻ സിനിമയ്ക്കായി ജോലി ഉപേക്ഷിച്ച് സത്യനായി. സൂപ്പർ താരമായി നിലകൊള്ളുമ്പോഴും ചെറിയ കഥാപാത്രങ്ങളെ നൽകിയാൽ പോലും അത് ഉൾക്കൊണ്ട് അഭിനയിച്ച സത്യൻ വലിയ മാതൃകയാണ് വരച്ചുകാട്ടിയതെന്ന് ഗാനരചയിതാവ് മധു ആലപ്പുഴ അനുസ്മരിച്ചു. വിദ്യാസമ്പന്നൻ ആയിരുന്നെങ്കിലും സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുത്താൻ അഭിപ്രായം പറയുന്നതല്ലാതെ അദ്ദേഹം അതിനായി ശാഠ്യം പിടിച്ചിരുന്നില്ല. വളരെ ശ്രദ്ധയോടെ സ്ക്രിപ്റ്റ് മുഴുവൻ വായിച്ചിരുന്ന അദ്ദേഹം തിരക്കുകൾക്കിടയിലും അതിനായി സമയം നീക്കിവച്ചിരുന്നു. കച്ചവട താല്പര്യം ലവലേശം ഇല്ലാതിരുന്ന അദ്ദേഹം ചെറിയ നിർമ്മാതാക്കളുമായി പോലും സഹകരിച്ചു. സിനിമ ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം ആഹാരം കഴിച്ചിരുന്ന സത്യൻ പലപ്പോഴും ഷൂട്ടിങ്ങിന് ഇടയിൽ അവിടെത്തന്നെ ബെഞ്ചിൽ കിടന്നാണ് ഉറങ്ങിയിരുന്നത്.


മലയാള സിനിമ മുന്നോട്ട് തന്നെ


മലയാള സിനിമയുടെ ശൈശവകാലം മുതൽ ഒപ്പമുണ്ടായിരുന്ന മധു 400 ഓളം ചിത്രങ്ങളിൽ അഭിനയിക്കുകയും 12 എണ്ണം സംവിധാനം ചെയ്യുകയും 15 എണ്ണം നിർമ്മിക്കുകയും ചെയ്തു. വ്യവസായത്തിന്റെ വളർച്ചക്കൊപ്പം സഹപ്രവർത്തകരെ സഹായിക്കുവാനും അദ്ദേഹം ഒട്ടേറെ കാര്യങ്ങൾ ചെയ്തു. കാലം മാറുന്നതിനൊപ്പം സിനിമയിലെ വേഷം മാറാൻ അദ്ദേഹം മടികാണിച്ചില്ല. മലയാള സിനിമ ചെന്നെയിൽ നിന്ന് കേരളത്തിലേക്ക് പറിച്ചുനടുന്ന കാലത്ത് തിരുവനന്തപുരം വള്ളക്കടവിൽ അദ്ദേഹം ഉമ സ്റ്റുഡിയോ സ്ഥാപിച്ചത് സഹപ്രവർത്തകർക്ക് ഏറെ ഗുണംചെയ്തു. ഇന്നത്തെ മലയാള സിനിമയിൽ നിന്ന് വ്യത്യസ്തമായി അന്ന് മത്സരബുദ്ധിയില്ലാതെ താരങ്ങൾ തമ്മിൽ ഹൃദയബന്ധം സൂക്ഷിച്ചു. മറ്റ് താല്പര്യങ്ങളെല്ലാം മാറ്റിവച്ച് സിനിമയെന്ന വ്യവസായത്തിന്റെ വളർച്ച മാത്രമായിരുന്നു പഴയകാല സിനിമ പ്രവർത്തകരുടെ ലക്ഷ്യം. എന്നാൽ കൂവലിനും കയ്യടിക്കുമൊപ്പം വിവാദങ്ങളും ഇന്ന് മലയാള സിനിമയെ കീഴടക്കുമ്പോൾ നിരാശരാകുന്നത് സിനിമാ പ്രേമികളാണ്. മികച്ച സിനിമകൾ ഉണ്ടാകുമ്പോഴും അവസരത്തിനായി നടികളോട് വിലപേശുന്ന പുതിയ സംസ്കാരം മലയാള സിനിമയുടെ യശസിന് പോറലേൽപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.