
‘കൊല്ലും പശുവിനെ മടി കൂടാതെ
തല്ലും നല്ലൊരു സാധുജനത്തെ-
ത്തെല്ലും ഭയവും മാനുഷനില്ല
പുല്ലും പുഴുവും ഭൂമിയിലിങ്ങതു
മെല്ലെന്നങ്ങു നടന്നു തുടങ്ങും:
ചൊല്ലുന്നതിനെ കേട്ടു നടപ്പാൻ
വല്ലഭമുള്ളവരില്ലെന്നാമേ-
മൂത്തു തുടങ്ങും കപടതയിൻമേ-
ലോത്തുതുടങ്ങും ശൂദ്രാദികളും
ഓർത്തു തുടങ്ങും വിപ്രന്മാരതു
പേർത്തു തുടങ്ങും മറ്റുള്ളവരും
ചേർത്തു തുടങ്ങും വികട സരസ്വതി
കൂർത്തു തുടങ്ങും മോഹാദികളും’-
കുഞ്ചൻ നമ്പ്യാർ നളചരിതം ഓട്ടൻതുള്ളലിൽ ഈ വിധമെഴുതി.
മടികൂടാതെ പശുവിനെ കൊല്ലുന്നവർ, നല്ലൊരു സാധുജനത്തെ ഭയമില്ലാതെ തല്ലിക്കൊല്ലുന്നവർ ഇന്ന് അതിനൊപ്പം പുതിയ രാഷ്ട്രീയ കുതന്ത്രങ്ങൾ അണിയറയിലും അരങ്ങിലും അരങ്ങേറ്റുന്ന തിരക്കിലാണ്. അവർ ചൊല്ലുന്നതൊക്കെയും കേട്ടുനടക്കുവാൻ വല്ലഭമുള്ളവരാരുമില്ലെന്നാകവേ ശൂദ്രാദികളെ മൂപ്പിക്കും. അവർ, പാവങ്ങൾ ബ്രാഹ്മണ — ക്ഷത്രിയ ഹിന്ദുത്വത്തിന്റെ അതിർത്തിക്ക് പുറത്താണെങ്കിലും വിപ്രമാരെ ചെയ്യേണ്ടതെന്തെന്ന് ഓർമ്മിപ്പിച്ച് മറ്റള്ളവരെയും ചേർത്തു പിടിക്കും. വികടസരസ്വതി പറഞ്ഞു തുടങ്ങുകയും മോഹാദികൾ കൂർത്തു തുടങ്ങുകയും ചെയ്യും.
അമിത് ഷായും നരേന്ദ്ര മോഡിയും ഇന്ന് ഇരുണ്ട ജീവിത അറയ്ക്കുള്ളിൽക്കിടന്ന് വെറും വെറുതെ അഭിരമിക്കുകയാണ്. വികടസരസ്വതി അവരിൽ നിന്നും അനുസ്യൂതം തുടരുകയും, അവരുടെ അതിമോഹാദികൾ അനവരതം അലയടിക്കുകയും ചെയ്യുന്നു. അമിത് ഷാ കുരുക്ഷേത്രഭൂമിയിലെ ഭീഷ്മർക്കും അർജുനന് ഗീതോപദേശം നൽകി യുദ്ധഗതി മാറ്റിയ കൃഷ്ണനും മേലേ നിൽക്കുന്ന യുദ്ധതന്ത്രജ്ഞനാണെന്നാണ് ബിജെപിയും ഇതര സംഘഗണങ്ങളും ഉച്ചൈസ്തരം ഉദ്ഘോഷിക്കുകയും അലറിവിളിക്കുകയും ചെയ്യുന്നത്. രണ്ടാം യുപിഎ സർക്കാരിനെ താഴെയിറക്കിയതിലെ സൂത്രധാരൻ ഷാ ആണുപോലും. രണ്ടാം യുപിഎ സർക്കാരിന്റെ കൊടിയ അഴിമതിയും ജനദ്രോഹ നയങ്ങളുമാണ് ബിജെപി സഖ്യത്തെ അധികാരത്തിലെത്തിച്ചതെന്നതും ഇടതുമതനിരപേക്ഷ കക്ഷികളുടെ യോജിപ്പില്ലായ്മയും അതിനു കാരണമായെന്നുമുള്ള ചരിത്രവസ്തുത അവർ പാഴ്മുറം കൊണ്ട് മറയ്ക്കുന്നു.
2019ൽ ബിജെപിക്ക് മൂന്നിൽ രണ്ട് ഭുരിപക്ഷം നേടിക്കൊടുത്തതിലെ അഗ്രഗണ്യനും ഷാ ആണുപോലും. ഗുജറാത്തിൽ തുടർഭരണം ഉറപ്പാക്കുന്നതും ഉത്തർപ്രദേശ് മുലായം സിങ് യാദവിൽ നിന്ന് പിടിച്ചെടുത്തതും മഹാരാഷ്ട്രയിലും ഗോവയിലും അരുണാചൽപ്രദേശിലും മധ്യപ്രദേശിലും മണിപ്പൂരിലും ആർഎസ്എസ് ദാസന്മാരായ ഗവർണർമാരായ പാവകളെ മുൻനിർത്തി സർക്കാരുകളെ അർധരാത്രികളിൽ അട്ടിമറിച്ചതും കുശാഗ്രബുദ്ധിക്കാരനായ അമിത് ഷാ ആണെന്ന് സംഘകുടുംബാംഗങ്ങൾ വാഴ്ത്തുന്നു. ഒഴുക്കിയ പണക്കോടികൾക്ക് കണക്കില്ല.
പഞ്ചാബും ബംഗാളും പിടിച്ചടക്കുമെന്നും 2024ൽ ലോക്‌സഭയിൽ 400 സീറ്റിനുമേലുള്ള വജ്രകിരീടം ബിജെപിയുടെ ശിരസിൽ ചൂടിക്കുമെന്നുമുള്ള ഗീർവാണം നനഞ്ഞ പടക്കമായി മാറി. കാലുമാറ്റ, കൂറുമാറ്റ, ആയാറാം ഗയാറാം ആചാര്യന്മാരായ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചേ നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും ഇപ്പോൾ ശ്വാസം വിടാനാവൂ.
‘രാഷ്ട്രീയ ചാണക്യൻ’ ഈയിടെ കേരളത്തിൽ വന്നു. വാടകയ്ക്കെടുത്ത വണ്ടികളിൽ വാടകക്കാരായ പ്രവർത്തകർ പൊതുസമ്മേളനത്തിനെത്തി. അമിത് ഷാ ഘോരഘോരം പ്രസംഗിച്ചു. സദസാകെ നിശബ്ദത തളംകെട്ടി നിന്നു. മോഡിയെപ്പോലെ ശബ്ദമുയർത്തി ആക്രോശിച്ചു. ക്യാ ഫലം? ഒടുവിൽ അവസാന അടവ് പുറത്തെടുത്തു; പൂഴിക്കടകൻ. ഇവിടത്തെ മുഖ്യമന്ത്രി ഇപ്പോൾ അമേരിക്കയിലാണ്. ആ അമേരിക്കയിൽ ഉച്ചത്തിൽ കേൾക്കുംവിധം ആർത്തു വിളിക്കുക. ഇവിടെ തിരുവനന്തപുരത്ത്, കേരളത്തിൽ ബിജെപിയുടെ യോഗം നടക്കുന്നുവെന്ന്. നിങ്ങൾ കൈകൾ കൂട്ടിച്ചേർത്തടിക്കുക, വമ്പൻ ആരവങ്ങൾ മുഴക്കുക, മുദ്രാവാക്യം വിളിക്കുക. അമേരിക്കയിലിരിക്കുന്ന മുഖ്യമന്ത്രി വിജയൻ സാബിന്റെ കാതിൽ അത് ചെന്നു പതിക്കട്ടെ.
ആ ശബ്ദം അമേരിക്കയിലെത്തില്ലെന്ന് അമിത് ഷായെ പോലുള്ള മണ്ഡൂകങ്ങൾക്കു മാത്രമേ അറിയാതുള്ളൂ. അമേരിക്ക പോകട്ടെ, യോഗം നടന്ന സെൻട്രൽ സ്റ്റേഡിയത്തിൽ പോലും ഒരു കൈയ്യും ഉയർന്നില്ല. കയ്യടിയുണ്ടായില്ല. അമിത് ഷാ യാചനാസ്വരത്തിൽ അപേക്ഷിച്ചു; ഫലം തഥൈവ. കേൾവിക്കാർക്ക് ഹിന്ദി മനസിലാകാത്തതുകൊണ്ടാണോ എന്ന ശങ്കയിൽ പരിഭാഷകതന്ത്രി മലയാളത്തിൽ ഷാ പറഞ്ഞത് പലയാവർത്തി ആവർത്തിച്ച് നിസീമമായി അപേക്ഷിച്ചിട്ടും കൈയ്യിൽ തിരുകിക്കൊടുത്ത ബിജെപി പതാകയുമേന്തിയെത്തിയവര്‍ നിഷ്ക്രിയരും നിശബ്ദരുമായി നിന്നു. അത്യന്തം നിരാശനായ അമിത് ഷായ്ക്ക് കേവലാശ്വാസമായത് ഗ്രൂപ്പ് തിരിഞ്ഞു കഴുത്തിലണിയിച്ച വമ്പൻ ഹാരവും പിച്ചിപ്പൂവിൽ തീർത്ത വാളും മുല്ലപ്പൂവിൽ ഒരുക്കിയ പരിചയും മാത്രം.
“ഇരുമ്പുകട്ടിയെത്തട്ടിമറിക്കാമെന്നു
മോഹിച്ചാൽ
ഉറുമ്പിൻ കൂട്ടത്തിനുണ്ടോ തരിമ്പും
സാധ്യമാകുന്നൂ”
എന്നും
“കൂത്തിന്റെ വിധമെല്ലാം
കുഴിയാനയ്ക്കറിയാമോ?”
എന്നും കുഞ്ചൻ നമ്പ്യാർ കുംഭകർണവധം കഥയിൽ എഴുതിയിട്ടുണ്ട്. കേരളത്തിൽ ബിജെപി ഉറുമ്പിൻ കൂട്ടമാണെന്നും കുഴിയാനക്കൂട്ടമെന്നും അമിത് ഷാ അറിയാതെ പോയതാണ് അപഹാസ്യനാകുവാൻ കാരണം.
കേരളം ഗുജറാത്തും ഉത്തർപ്രദേശുമല്ലെന്ന് പഠിക്കാൻ കാലം കുറച്ചേറെയെടുക്കും. എങ്ങനെ പഠിക്കും? പണത്തിനുമേൽ പരുന്തും പറക്കില്ല എന്നല്ലേ പഴമക്കാർ പറയുക. പണാധിപത്യ ശക്തികളാണ് ബിജെപിയുടെയും സംഘ്പരിവാറിന്റെയും ശിരസുകൾ. രാഷ്ട്രീയം തേങ്ങയാണോ മാങ്ങയാണോ എന്നറിയാത്ത, മലയാളം ശരിയാംവണ്ണം ഉച്ചരിക്കാനാത്ത ധനാകര്‍ഷണയന്ത്രമാണ് ബിജെപിയുടെ പുതിയ കേരളാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. “എനിക്ക് മുണ്ടുടുക്കുവാനുമറിയാം, മടക്കിക്കുത്തുവാനുമറിയാം മലയാളം പറയാനുമറിയാം, മലയാളത്തിൽ തെറി പറയുവാനുമറിയാം.….” അമ്പമ്പോ സിനിമാ ഡയലോഗ് തട്ടിവിട്ട് തട്ടിൻമേൽക്കയറി അപഹാസ്യനാകുന്ന രാജീവ് ചന്ദ്രശേഖർ മലയാളത്തിൽ തെറിവിളിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ.
ദിവാസ്വപ്നത്തിന്റെ ദിവ്യലോക കന്യകരാണ് ബിജെപിയിൽ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 35 സീറ്റിൽ ജയിക്കും, കേരളം ഭരിക്കുമെന്ന് ബിജെപിയുടെ അന്നത്തെ സംസ്ഥാന പ്രസിഡന്റും കേന്ദ്ര നേതൃത്വത്തിന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും വത്സലതോഴനുമായിരുന്ന സുരേന്ദ്രൻ ദിവ്യപ്രവചനം നടത്തി. സുരേന്ദ്രന് കേവല ഭൂരിപക്ഷത്തിനുള്ള 71 സീറ്റ് വേണ്ട. 36 കോൺഗ്രസ് സീറ്റിന് വില നിശ്ചയിച്ച് ഉറപ്പാക്കിയിരുന്നു. ഗോവയും മണിപ്പൂരും മഹാരാഷ്ട്രയും മധ്യപ്രദേശും അരുണാചൽ പ്രദേശും കേരളത്തിലും കിനാവ് കണ്ടു. ഫലം വന്നപ്പോൽ വട്ടപ്പൂജ്യം. കൈവശം ഉണ്ടായിരുന്ന നേമം മണ്ഡലവും വായുവിൽ ലയിച്ച് അലിഞ്ഞില്ലാതായി.
കയ്യടി കിട്ടാത്ത, ആരവം മുഴങ്ങാത്ത സെൻട്രൽ സ്റ്റേഡിയത്തിൽ ദന്തഗോപുരത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖർ കിനാമഴ പെയ്യിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ 25% സ്ഥാപനങ്ങളിൽ വിജയിക്കും. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തും. രണ്ട് ഹെലികോപ്റ്ററുമായി ആകാശമാർഗേ വമ്പൻ പെട്ടികളിൽ കള്ളപ്പണവുമായി കെ സുരേന്ദ്രൻ പാറിപ്പറന്നിട്ടും രണ്ട് അസംബ്ലി സീറ്റുകളിൽ മത്സരിച്ചിട്ടും ശബരിമലയെയും സ്വാമി അയ്യപ്പനെയും ദുരുപയോഗം ചെയ്തിട്ടും റോഡ് മാർഗേ കള്ളപ്പണം ഒഴുക്കിയിട്ടും വട്ടപ്പൂജ്യത്തിൽ ഒതുങ്ങിയ പാർട്ടിയുടെ ധനാഢ്യാധ്യക്ഷനാണ് കിനാവള്ളികളാൽ കെട്ടിയ ഊഞ്ഞാലിൽ ആടുന്നത്? ചേമ്പ് എന്ത്, ചേനയെന്തെന്ന് അറിഞ്ഞുകൂടാത്തവരെ കുറ്റപ്പെടുത്താൻ ആകുമോ?
രാജീവ് ചന്ദ്രശേഖരൻ അധ്യക്ഷനായതോടെ ബിജെപിക്ക് രണ്ടുണ്ടായി ഗുണം. ഗ്രൂപ്പ് നേതൃത്വങ്ങളില്‍ അഭിരമിച്ചിരുന്ന പാര്‍ട്ടിയെ ഗ്രൂപ്പ് യുദ്ധത്തിലേക്ക് കൊണ്ടെത്തിക്കുവാൻ കുബേര നേതാവിന് കഴിഞ്ഞു. പി കെ കൃഷ്ണദാസിനെയും എം ടി രമേശിനെയും ശോഭാ സുരേന്ദ്രനെയും ഒതുക്കി തൊഴുത്തിൽക്കെട്ടിയ വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും വാതിൽ ചന്ദ്രശേഖറിന്റെ നേതൃയോഗത്തിലും അടഞ്ഞു കിടന്നു. അച്ചടി — ദൃശ്യമാധ്യമങ്ങൾ വഴി പാവങ്ങൾ കാര്യം അറിഞ്ഞിരിക്കുമായിരിക്കും. ഒന്നാം ജനറൽ സെക്രട്ടറിയായിരുന്ന, പലതവണ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന എം ടി രമേശ് ചാനല്‍മുതലാളിയെ വാഴ്ത്തിപ്പാടിയിട്ടും മൂന്നാമനായി, ശോഭാ സുരേന്ദ്രൻ രണ്ടാമതായി, തെരഞ്ഞെടുപ്പ് കാലത്ത് നേതാവിന്റെ പെട്ടി നിലത്തുവയ്ക്കാതെ വാലിൽത്തൂങ്ങി നിന്ന സെക്രട്ടറി മാത്രമായിരുന്ന എസ് സുരേഷ് ഒന്നാം ജനറൽ സെക്രട്ടറിയായി. സെക്രട്ടിയാവാൻ പോലും യോഗ്യതയില്ലാത്തവൻ ജനറൽ സെക്രട്ടറിയോ എന്ന് സമൂഹ മാധ്യമത്തിൽ അനുയായികൾ ആശ്ചര്യപ്പെടുന്നു. കരയോഗ കമ്മിറ്റി എന്ന് മറ്റ് ചിലർ. അമ്മയ്ക്ക് വന്ദനം എന്ന് മറ്റ് ചിലരുടെ ആക്ഷേപ ഹാസ്യം.
ഇല്ലാത്ത ‘കാവിക്കൊടി’ പിടിപ്പിച്ച ഭാരതാംബയെയും കൊണ്ടു നടക്കുന്നവർ ഇപ്പോൾ വിദ്യാർത്ഥികളെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിമാരുടെയും ആർഎസ്എസ് ശാഖാ പ്രമുഖമാരുടെയും കാൽ കഴുകി വന്ദിച്ച് പാദപൂജാ പരമ്പരകൾ സംഘടിപ്പിക്കുന്നു. ഇതെല്ലാം സനാതന ധർമ്മമാണെന്ന് ആർഎസ്എസ് കൂടാരത്തിലെ വിദൂഷക വേഷധാരി രാജേന്ദ്ര അലേർക്കർ വാഴ്ത്തുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അദ്ദേഹത്തെയും സംഘികളെയും വാഴ്ത്തുന്നു. സർവകലാശാലകളെ വർഗീയ ഫാസിസവൽക്കരിക്കുവാനും അധികാര ദുർവിനിയോഗം നടത്തുവാനും ശ്രമിക്കുന്നവർക്കെതിരെ പ്രക്ഷോഭം നയിക്കുന്നവരെ പ്രതിപക്ഷ നേതാവ് കൊടും ക്രിമിനലുകളെന്നു വിശേഷിപ്പിക്കുന്നു.
മിസോറാമിലും ഗോവയിലും ഗവർണറായി സേവനമനുഷ്ഠിച്ച് വിരമിച്ചു വന്ന പി എസ് ശ്രീധരൻ പിള്ളയുടെ ഗ്രൂപ്പ് വീണ്ടും ഉത്ഭവിക്കുന്നു. ശബരിമല വിഷയം സുവർണാവസരമാണെന്നും വജ്രായുധം ആക്കണമെന്നും പറഞ്ഞ പിള്ള ഗ്രൂപ്പ് കൂടിയായപ്പോൾ കഥ സമ്പൂർണം. തൃശൂർപൂരം കലക്കാൻ തനിക്ക് ആംബുലൻസ് ഒരുക്കിയ അനീഷ് കുമാറിനെ ജനറൽ സെക്രട്ടറിയാക്കിയാക്കാത്തതിൽ പ്രതിഷേധിച്ച് സുരേഷ് ഗോപി യോഗം ബഹിഷ്കരിച്ചു. കഥാപുരാണം ഈ വിധം പുരോഗമിക്കുമ്പോൾ ആടിക്കളിക്കുന്ന കുഞ്ഞിരാമന്മാർ ആരൊക്കെയായും?
കാത്തിരുന്നു കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.