ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ വിശേഷിപ്പിക്കപ്പെടുന്നത് വെറുമൊരു സാധാരണ ജനാധിപത്യസംവിധാനമെന്ന നിലയിലല്ല. ആഗോളതലത്തില്‍ തന്നെ ഒരു അപൂര്‍വ പ്രതിഭാസമാണിതെന്ന നിലയിലാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ വാഴ്ത്തുന്ന മറ്റൊരു വിഭാഗം അവകാശപ്പെടുന്നത് നമ്മുടെ സൗരയൂഥത്തില്‍ ഒരിടത്തുപോലും ഇന്ത്യയെപ്പോലെ മറ്റൊരിടം നമുക്ക് കാണാന്‍ കഴിയില്ലെന്നുമാണ്. ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ സാമൂഹ്യകാര്യങ്ങള്‍ക്കായുള്ള പത്രാധിപര്‍ ജി സമ്പത്ത് ഒരു പടികൂടി കടന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ കൃത്യമായി വിശേഷിപ്പിക്കുന്നത്: ലോക രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വിപുലമായൊരു അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തിവരുന്ന മറ്റൊരു രാജ്യവും ഈ ഭൂമുഖത്ത് കാണാന്‍ കഴിയില്ലെന്നാണ്. ഇതുമാത്രമോ, മനുഷ്യകുലജാതരായ ഇന്ത്യയിലെ സമ്മതിദായകര്‍ ഷെല്‍ കമ്പനികള്‍ സ്പോണ്‍സെര്‍ ചെയ്തു നിര്‍മ്മിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സഹായത്തോടെയും ഇലക്ടറല്‍ ബോണ്ടുകള്‍ എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന കള്ളപ്പണ ഉപാധികള്‍ വിനിയോഗിച്ചും ഇടവിട്ട് ഇടവിട്ട് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകളിലൂടെയാണ് ഈ മഹത്തായ ജനാധിപത്യ സംരക്ഷണയത്നം ‘അമൃത്കാല്‍‘വരെ നിലനിര്‍ത്തിപ്പോരുന്നതും. മോഡി സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിനോ ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കോ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രഹസ്യാന്വേഷണ വിഭാഗം തലവനും ഉപദേഷ്ടാവുമായ അജിത് ഡോവലിനുപോലുമോ കൃത്യമായ വിവരമില്ലാത്തത്ര ഷെല്‍ ഏജന്‍സികളാണുള്ളതെന്നാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ തന്നെ ഔദ്യോഗികമായി ഒരു മന്ത്രി ഏറ്റുപറഞ്ഞിരിക്കുന്നത്.
തികച്ചും അനധികൃതമായ ഇത്തരം കമ്പനികള്‍ വഴിയാണത്രെ പ്രധാനമന്ത്രി മോഡിയുടെ ഉറ്റ തോഴനായ ഗൗതം അഡാനിയുടെ സ്ഥാപനങ്ങളില്‍ 20,000 കോടി രൂപയോളം വിദേശ കള്ളപ്പണ നിക്ഷേപം നടന്നിട്ടുള്ളതായി കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ തുടര്‍ച്ചയായി വേട്ടയാടലുകള്‍ക്ക് വിധേയനാക്കപ്പെട്ടിരിക്കുന്ന രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണമാണ് പ്രധാനമന്ത്രിയെയും സംഘ്പരിവാര്‍ വൃന്ദത്തെയും ചൊടിപ്പിച്ചിട്ടുള്ളത്. ഇത്തരം ഗുരുതരമായൊരു കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഉന്നയിച്ച ചോദ്യം പ്രധാനമന്ത്രിയെ ഫലത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ പോന്നവിധത്തില്‍ ഗുരുതരമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഗൗതം അഡാനിയുമായുള്ള ചങ്ങാത്തം ദൃഢതരമാകുന്നത്. അക്കാലത്ത് ആഗോള നിക്ഷേപകരുടെ കൂട്ടത്തില്‍ 400ന് മുകളിലായിരുന്ന അഡാനിയുടെ സ്ഥാനം നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തിലെത്തിയതിനുശേഷമുള്ള ഏഴുവര്‍ഷക്കാലയളവിലാണ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നത്. ബിബിസിയുടെ വക ഹിന്‍ഡന്‍ ബെര്‍ഗ് വെളിപ്പെടുത്തലുകള്‍ക്കുശേഷം ഈ റാങ്ക് ഒരിക്കല്‍കൂടി താഴോട്ടു കുതിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. ഈ കുതിച്ചുചാട്ടത്തിന്റെയും തകര്‍ച്ചയുടെയും രഹസ്യം സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാവുന്നതേയുള്ളു. മാത്രമല്ല, അഡാനി സാമ്രാജ്യത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് എല്‍ഐസിയുടെ 70,000 കോടി രൂപയിലേറെ നിക്ഷേപവും ഒഴുകി എത്തിയിട്ടുണ്ട്. എസ്ബിഐ വക നിക്ഷേപം എത്രയാണെന്ന് കൃത്യമായി അറിവായിട്ടില്ല. ഇതിനെല്ലാം പുറമെയാണ് അഡാനിയുടെ വക രാജ്യരക്ഷാ മേഖലയിലുള്ള നിക്ഷേപസംരംഭങ്ങളില്‍ ഒരു ചൈനീസ് നിക്ഷേപകന്റെ പങ്കാളിത്തമുണ്ടെന്ന ആരോപണം കൂടി ഉയരുന്നത്.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് വലഞ്ഞിരുന്ന ശ്രീലങ്കയില്‍ പോലും അവിടത്തെ ഭരണാധികാരികളുടെ നിസഹായാവസ്ഥ മുതലെടുത്ത് അഡാനിക്ക് കടന്നു ചെല്ലാന്‍ അവസരമൊരുക്കിയതിലും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇടപെടലുണ്ടായതായി പറയപ്പെടുന്നു. നമ്മുടെ മറ്റൊരു അയല്‍ രാജ്യമായ ബംഗ്ലാദേശിലും അഡാനിയുടെ സാന്നിധ്യം ഉണ്ടത്രെ! ഇതിനെല്ലാം കളമൊരുക്കിയതില്‍ പ്രധാനമന്ത്രി മോഡിയുടെ സ്വാധീനം ഉണ്ടെന്ന ആരോപണം ഉയര്‍ത്തിയതാണ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമാക്കി സംഘടിത നീക്കങ്ങള്‍ നടത്താന്‍ മോഡിയെയും സംഘ്പരിവാറിനെയും നിര്‍ബന്ധിതരാക്കിയത്. അതുകൊണ്ടാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യക്ഷമായും രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് ഒന്നിച്ചു നീങ്ങാന്‍ സന്നദ്ധമായത്. ഇന്ത്യയില്‍ അടിയന്തരാവസ്ഥ നിലവിലിരുന്ന ഒരു ഹ്രസ്വകാല ഘട്ടത്തിലൊഴികെ നമ്മുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് അതിന്റെ സൗന്ദര്യം കോട്ടംകൂടാതെ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നിസംശയം പറയാം. ഒരു ഹിറ്റ്ലറുടെയോ മുസോളിനിയുടെയോ നേതൃത്വത്തിലുള്ള ഭരണകൂടങ്ങള്‍ നിലവിലിരിക്കുമ്പോള്‍ അവയ്ക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ അവിടങ്ങളിലെ ജനതയ്ക്ക് കഴിയുമായിരുന്നോ? മറിച്ചെന്തെങ്കിലുമാണ് നടക്കുന്നതെങ്കില്‍ എന്തായിരിക്കും അവരുടെ ഗതി എന്ന് ആലോചിക്കാവുന്നതല്ലേയുള്ളു? ജനാധിപത്യം എന്ന പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായൊരു ഭരണകൂടത്തില്‍ ഒഴികെയുള്ള ഒന്നില്‍പോലും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ യാതൊരു സാധ്യതകളും ഉണ്ടാവില്ല. അതേ അവസരത്തില്‍ തന്നെ ഇസ്രയേലില്‍ നെതന്യാഹുവിന്റെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ സിവില്‍ സമൂഹം നടത്തുന്ന ചെറുത്തുനില്പൊന്നു പരിശോധിച്ചു നോക്കു. അവിടത്തെ സിവില്‍ സമൂഹത്തോടൊപ്പം പൊതു സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന പ്രതിരോധ സമരം ഇസ്രയേലി സര്‍ക്കാരിനെ തീര്‍ത്തും മരവിപ്പിച്ചിരിക്കുകയാണ്.
ഈ പ്രത്യക്ഷ സമരപരമ്പരക്കിടയാക്കിയിരിക്കുന്നതോ? ഏകാധിപത്യ സര്‍ക്കാര്‍ അവിടത്തെ സുപ്രീ കോടതിയുടെ സ്വയംഭരണാവകാശത്തെ തകര്‍ക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയതിന്റെ പേരിലും. എക്സിക്യൂട്ടീവ്-ഭരണനിര്‍വഹണ സംവിധാനം അതിന്റെ കടമകള്‍ ജനദ്രോഹപരമായിട്ടാണ് നിര്‍വഹിക്കുന്നതെങ്കില്‍ അതിനെ ചെറുത്തുതോല്പിക്കേണ്ടത് ജുഡീഷ്യറിയും നിയമസംവിധാനങ്ങളുമാണ്. ഇവയ്ക്കെതിരെ കടന്നുകയറ്റം നടത്താന്‍ ഭരണ നിര്‍വഹണ ചുമതലയുള്ളവര്‍ മുന്നോട്ടു വരുമ്പോള്‍ അതിനെ ചെറുത്തുനില്പായി നേരിടാന്‍ നീങ്ങേണ്ടത് സിവില്‍ സൊസൈറ്റിയാണ്; ജനസമൂഹമാണ്. ഈ ജനസമൂഹമാണ് ഇസ്രയേലിലെ തെരുവുകളില്‍ നെതന്യാഹു ഭരണകൂടത്തിനെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കി കൂട്ടം കൂട്ടമായി ഇറങ്ങിയിരിക്കുന്നത്. തലസ്ഥാനനഗരമായ ടെല്‍ അവീവ് കഴിഞ്ഞ നാളുകളില്‍ സാക്ഷ്യം വഹിക്കുന്നത് ഇത്തരം രംഗങ്ങള്‍ക്കാണ്. ഇന്ത്യന്‍ സുപ്രീ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ഭാവെ, ഇന്ത്യയിലെ സിവില്‍ സമൂഹം ഇസ്രയേലിലേതിനു സമാനമായി, നിലവില്‍ ഭരണകൂടത്തിന്റെ ‘മെജോറിറ്റേറിയന്‍’ (ഏകാധിപത്യ) സമീപനത്തിനെതിരായി രംഗത്തുവരാത്തതില്‍ തനിക്കുള്ള ശക്തമായ എതിര്‍പ്പ് ഒരു പ്രസംഗത്തിനിടെ തുറന്നു പറയുകയുണ്ടായി. ഇന്ത്യയിലെ മോഡി സര്‍ക്കാര്‍ സമീപകാലത്ത് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ പോലും ഇടപെടല്‍ നടത്താന്‍ രംഗത്തുവന്നപ്പോള്‍ തന്നെയും പ്രതിപക്ഷ പ്രതിഷേധം വെറും പ്രസ്താവനകളില്‍ ഒതുങ്ങിപ്പോവുകയായിരുന്നു.
ഇവിടെയാണ് ഇസ്രയേലുമായി ഇന്ത്യയെ തുലനം ചെയ്യുന്നതിന്റെ പ്രസക്തി വ്യക്തമാകുന്നത്. ഇന്ത്യയിലേതുപോലൊരു ലിഖിത ഭരണഘടനപോലുമില്ലാത്ത ചെറിയൊരു രാജ്യത്തെ നന്നേ ചെറിയൊരു സിവില്‍ സമൂഹമാണ് ശക്തമായൊരു ഭരണകൂടത്തിനെതിരെ തെരുവുകളില്‍ ഇറങ്ങിയിരിക്കുന്നതെന്നോര്‍ക്കുക. പട്ടാള നിയന്ത്രണത്തിലുള്ള വലിയൊരു ഭൂപ്രദേശമൊഴിച്ചു നിര്‍ത്തിയാല്‍ ഒരു ഇടുങ്ങിയ ഇടം മാത്രമാണ് പ്രസ്തുത രാജ്യത്തെ ജനാധിപത്യ ശക്തികള്‍ക്ക് പ്രതിഷേധം നടത്താന്‍ ലഭ്യമാകുന്നുള്ളു എന്നതും വിസ്മരിക്കരുത്. ഇന്ത്യയിലാണെങ്കില്‍ പ്രത്യയശാസ്ത്ര, രാഷ്ട്രീയ ഭിന്നതകള്‍ താല്‍ക്കാലികമായെങ്കിലും മറന്ന് ഒറ്റക്കെട്ടായി നിന്നാല്‍ ഭരണകൂട ഭീകരതയെയും അടിച്ചമര്‍ത്തല്‍ സമീപനത്തെയും ചെറുത്തു തോല്പിക്കാന്‍ പ്രയാസപ്പെടേണ്ടതായിവരില്ല. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം പിന്നിട്ട ഏഴു പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സ്വയം വിലയിരുത്തലിന് തയ്യാറാകുന്ന പക്ഷം നമുക്കു ബോധ്യമാവുക ഉത്തരവാദിത്തബോധമുള്ളൊരു മുഖ്യപ്രതിപക്ഷം ഇന്ത്യയില്‍ ഇല്ലെന്നതാണ്. ഇക്കാരണത്താല്‍ തന്നെയാണ് ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ വിദ്യാസമ്പന്നരായ ഇടത്തരം വര്‍ഗത്തില്‍പ്പെടുന്ന നല്ലൊരു ശതമാനം പേര്‍ അധിവസിക്കുന്നുണ്ടെങ്കിലും അവിടങ്ങളില്‍ നിയമവാഴ്ചയോ സാമൂഹ്യനീതിയോ തുല്യതയോ നടപ്പാക്കപ്പെടാത്തത്.
നേരെമറിച്ച് ‘ബുള്‍ഡോസര്‍’ നീതിയും ‘ലൗജിഹാദും’ മറ്റുമാണ് നടക്കുന്നത്. ഭയം എന്ന വിചാരമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത്. ഇതോടൊപ്പം ഭീരുത്വവുമുണ്ട്, ഒരു അധികമാനമെന്ന നിലയില്‍ പൊലീസ് ഏറ്റുമുട്ടല്‍ കൊലകളും സദാചാര കൊലകളും ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനാ ശില്പിയായി ആദരിക്കപ്പെടുന്ന ഡോ. ബി ആര്‍ അംബേദ്കര്‍, ഒരു ലിബറല്‍ മത നിരപേക്ഷ കാഴ്ചപ്പാടുള്ള സിവില്‍ സമൂഹവും നിയമവാഴ്ചയിലും സാമൂഹ്യനീതി നിര്‍വഹണത്തിലും വിശ്വാസമര്‍പ്പിക്കുന്നൊരു ഭരണകൂടവും ജനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന് അനിവാര്യമാണെന്ന് ആണയിട്ടു പറഞ്ഞിട്ടുള്ളതുമല്ലേ? സ്വാതന്ത്ര്യത്തിന്റെ “അമൃത്കാല്‍” ആഘോഷിക്കുമ്പോഴെങ്കിലും മോഡി സര്‍ക്കാര്‍ ഇതേപ്പറ്റി ചിന്തിക്കുമെന്ന് ഒരു പ്രതീക്ഷയും വച്ചുപുലര്‍ത്തേണ്ടതുമില്ല. അതുകൊണ്ട് ശക്തമായ ചെറുത്തുനില്‍പ്പ് തന്നെയാണ് രാജ്യത്തുണ്ടാകേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.