9 December 2025, Tuesday

ലീ സീ ബീന്റെ ആത്മഹത്യയും മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷണറും

കെ ദിലീപ്
നമുക്ക് ചുറ്റും
August 15, 2025 4:59 am

ബിജെപി സ്ഥാനാർത്ഥി ബംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ മഹാദേവപുരയിൽ മാത്രമാണ് ലീഡ് ചെയ്തത്. ആ ലീഡുകൊണ്ടാണ് അവസാനഘട്ടത്തില്‍ വിജയിച്ചത്. ആ മണ്ഡലത്തിലെ കള്ളവോട്ടുകളാണ് രാഹുൽ ഗാന്ധി രേഖകൾ സഹിതം പുറത്തുവിട്ടിരിക്കുന്നത്. മഹാദേവപുരയിൽ ആകെ ആറരലക്ഷം വോട്ടുകൾ ഉള്ളതിൽ ഒരാളുടെ പേരിൽ പല ബൂത്തുകളിലായി ഒന്നിലധികം വോട്ടുള്ള 11,965 പേർ, വ്യാജവിലാസങ്ങളിൽ 40, 009 പേർ, ഒറ്റമുറി വീടുകളിൽ 80 പേർ വരെയുള്ള 10, 452 പേർ, ഫോട്ടോ ഇല്ലാത്ത, തെറ്റായ ഫോട്ടോയുള്ള 4,132 പേർ, ആദ്യമായി വോട്ടുചെയ്യുന്ന 80 മുതൽ 90 വയസുള്ള വയോവൃദ്ധർ 33,692 ഇങ്ങനെ മൊത്തം ഒരു ലക്ഷത്തിലധികം പേർ. ഇത് ഒരു ലോക്‌സഭാ മണ്ഡലത്തിലെ ഒരു നിയമസഭ മണ്ഡലത്തിലെ മാത്രം കാര്യമാണ്. അങ്ങനെയെങ്കിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ച ഇന്ത്യയിലാകെയുള്ള 240 മണ്ഡലങ്ങളിൽ എത്രയെണ്ണത്തിൽ ഈ തിരിമറികൾ നടന്നിരിക്കും എന്നത് പൂർണമായും അന്വേഷിക്കപ്പെടണം. രാജ്യദ്രോഹികളെ കണ്ടെത്തി വിചാരണ ചെയ്യണം.
ഡിജിറ്റൽ വോട്ടർ പട്ടിക ഇലക്ഷൻ കമ്മിഷന്റെ കയ്യിലിരിക്കെ ഇന്ത്യയിലെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും ഏഴടി ഉയരത്തിലുള്ള കടലാസ് രേഖകളാണ് നൽകിയത്. എന്തുകൊണ്ട് ആവശ്യപ്പെട്ടിട്ടും ഡിജിറ്റൽ വോട്ടര്‍‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയില്ല? ബിഹാറിലെ വോട്ടർ പട്ടിക ശുദ്ധീകരണം 30 ദിവസത്തിനകമാണ് നടത്തുന്നത്. തേജസ്വി യാദവ് ബിഹാർ വോട്ടർ പട്ടികയിലെ തിരിമറിയെക്കുറിച്ച് വാർത്താസമ്മേളനം നടത്തിക്കഴിഞ്ഞു. ഇപ്പോൾ അജിത് അൻജുമൻ എന്ന മാധ്യമപ്രവർത്തകൻ ബിഹാറിലെ മുസാഫിർപുർ മണ്ഡലത്തിലെ ഭഗവാൻപുർ എന്ന സ്ഥലത്ത് ഒരൊറ്റ വീട്ടുനമ്പറിൽ (വീട്ടുനമ്പർ 27) 250 വോട്ടർമാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരെല്ലാം ഒരു കുടുംബക്കാരല്ല, വിവിധ ജാതിമതസ്ഥരാണ്. 2019ലെ തെരഞ്ഞെടുപ്പിൽ മൊത്തം വോട്ട് ചെയ്തവരെക്കാളധികം വോട്ടുകൾ വിവി പാറ്റ് യന്ത്രത്തിൽ രേഖപ്പെടുത്തിയ അനേകം ഉദാഹരണങ്ങൾ എടുത്തുകാണിക്കുന്നുണ്ട്.
രാഹുൽ ചൂണ്ടിക്കാട്ടിയ മഹാദേവപുരയിൽ 80 വോട്ടർമാർ താമസിക്കുന്ന ഒറ്റ മുറിയിൽ എത്തിയ മാധ്യമപ്രവർത്തകർ കണ്ടത് രണ്ട് മാസമായി അവിടെ താമസിക്കുന്ന ഒരു അന്യദേശ തൊഴിലാളിയെയും ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും മാത്രമാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ നാല് ദിവസങ്ങൾക്കിപ്പുറം പറയുന്നത് വോട്ടർ പട്ടികയിൽ രണ്ട് വോട്ടുണ്ടായിരുന്ന ശകുൽ റാണിയോട് ചോദിച്ചപ്പോൾ അവർ ഒരു വോട്ടേ ചെയ്തിട്ടുള്ളു എന്ന് പറഞ്ഞുവെന്നാണ്. ആരോപണത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവിന് നോട്ടീസ് കൊടുത്തിരിക്കുകയുമാണ്. എത്ര പരിഹാസ്യമായ നിലപാട്. 

ഒരു നൂറ്റാണ്ടോളം ഇന്ത്യയിലെ ജനങ്ങൾ ജീവൻ കൊടുത്തും കൊടിയ മർദനങ്ങളേറ്റുവാങ്ങിയും നടത്തിയ ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തിലൂടെ നേടിയ, ഇന്ത്യൻ റിപ്പബ്ലിക്ക് എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണം എല്ലാ ഭരണഘടനാ തത്വങ്ങളും ലംഘിച്ച്, എല്ലാ ജനാധിപത്യ മൂല്യങ്ങളും കാറ്റിൽപ്പറത്തി, വോട്ടർ പട്ടികയിൽ വലിയ തോതിൽ കൃത്രിമം നടത്തിയാണ് ഇന്ന് ഭരിക്കുന്നവർ കെെവശപ്പെടുത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് പരസ്യമായി ആരോപണമുന്നയിച്ചിരിക്കുന്നത്. ഈ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഭരണഘടനാ സ്ഥാപനം ബാധ്യസ്ഥമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അസ്തിവാരം തകർക്കുന്ന നടപടികൾ ഉണ്ടായിട്ടുണ്ടോ എന്നറിയാൻ ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട്. അതിനായി എല്ലാ രാജ്യസ്നേഹികളും ഒന്നിച്ചൊന്നായി പോരാടണം. 2006 നവംബർ 27ന് ഹിന്ദുസ്ഥാൻ ടെെംസ് എന്ന ദേശീയ ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തകൂടി ഈ അവസരത്തിൽ പരാമർശിക്കേണ്ടതാണ് എന്ന് കരുതുന്നു. കേരളത്തിലെ എംസി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട ലോക ബാങ്ക് പദ്ധതിയുടെ കരാർ ഏറ്റെടുത്ത പതിബെൽ എന്ന മലേഷ്യൻ കമ്പനിയുടെ ചീഫ് പ്രോജക്ട് ഓഫിസർ ലീ സീ ബീൻ മലേഷ്യയിൽ ആത്മഹത്യ ചെയ്ത വാർത്ത. അദ്ദേഹം മലേഷ്യയിൽ തിരിച്ചെത്തി രണ്ട് ആത്മഹത്യാക്കുറിപ്പുകൾ എഴുതിവച്ച് ആത്മഹത്യ ചെയ്തു. കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും മറ്റുള്ളവരിൽ നിന്നും നേരിട്ട തിക്താനുഭവങ്ങളാണ് ആ കുറിപ്പുകളിൽ. സംസ്ഥാന സർക്കാർ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റി. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. വിജിലൻസ് അന്വേഷണത്തിന്റെ സ്വാഭാവിക പരിണാമം എന്താണെന്നറിയില്ല. പക്ഷെ പതിബെൽ കമ്പനി നിർമ്മിച്ച എംസി റോഡ് ഇപ്പോഴും തകരാതെ നിൽക്കുന്നു. ആത്മഹത്യ ചെയ്ത ലീ സീ ബീന്നിന് നിത്യശാന്തി. യാദൃച്ഛികതയാവാം ഗ്യാനേഷ് കുമാറാണ് ഇന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ.
(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.