1 May 2024, Wednesday

Related news

May 1, 2024
April 27, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024

ബഫര്‍സോണ്‍ സംരക്ഷിക്കണമെന്ന മുന്‍ ഉത്തരവ് അപ്രായോഗികത ശരിവച്ച് സുപ്രീം കോടതി

റെജി കുര്യന്‍
ന്യൂഡല്‍ഹി
December 1, 2022 11:03 pm

സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശമായി കണ്ട് ബഫര്‍ സോണായി സംരക്ഷിക്കണമെന്ന മുന്‍ ഉത്തരവ് നടപ്പിലാക്കുന്നതിലെ അപ്രായോഗികത ശരിവച്ച് സുപ്രീം കോടതി. സ്ഥലത്തിന്റെ യഥാര്‍ത്ഥ സാഹചര്യംകൂടി പരിഗണിച്ചുവേണം ഉത്തരവ് നടപ്പാക്കാനെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. 

പരിസ്ഥിതി ലോല മേഖലയുടെ പേരില്‍ വികസനം വഴിമുട്ടരുതെന്നും അതിന് സുപ്രീം കോടതി ഉത്തരവ് ഇടയാക്കരുതെന്നുമുള്ള നിലപാടാണ് സുപ്രീം കോടതി കൈക്കൊണ്ടിരിക്കുന്നതെന്നതും ശ്രദ്ധേയം. ഉത്തരവില്‍ ഇളവു നല്‍കേണ്ടി വരുമെന്ന സുപ്രീം കോടതിയുടെ നിലപാട് മാറ്റം കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള‑കേന്ദ്ര സര്‍ക്കാരുകള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ഭൂമി പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിലക്കിയ ജൂണ്‍ മൂന്നിലെ സുപ്രീം കോടതിയുടെ ഉത്തരവ് മൂംബൈ നഗര മേഖലയിലെ തുംഗരേശ്വര്‍ വന്യജീവി സങ്കേതത്തിനു ബാധകമല്ലെന്നാണ് ജസ്റ്റിസ് ബി ആര്‍ ഗവായ്, വിക്രം നാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധി പ്രസ്താവിച്ചത്. ടി എന്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

സഞ്ജയ്ഗാന്ധി ദേശീയ പാര്‍ക്കിനും താനെ ക്രീക്ക് ഫ്‌ളെമിങ്ങോ വന്യജീവി സങ്കേതത്തിനും ഇളവു നല്‍കിയിരുന്നു. സെപ്റ്റംബര്‍ 23 ലെ ഈ ഉത്തരവു ഉദ്ധരിച്ചാണ് തുംഗരേശ്വറിനും ഇളവ് അനുവദിച്ചത്. ജയ്പൂര്‍ നഗരത്തില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ സംരക്ഷിത വനമേഖലയുണ്ട്. ഇവിടെ ഉത്തരവ് കൃത്യമായി പാലിച്ചാല്‍ റോഡ് മുഴുവനും പൊളിച്ചു നീക്കി വനമേഖലയായി സംരക്ഷിക്കേണ്ടി വരും. ഇതോടെ വിമാനത്താവളവും നഗരവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ബഫര്‍സോണ്‍ ഉത്തരവ് ഏകപക്ഷീയമായി നടപ്പാക്കാനാകില്ല. ആകാശത്തേക്ക് ഉത്തരവു പുറപ്പെടുവിച്ചതുകൊണ്ട് കാര്യമില്ല. നിലവിലെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍കൂടി ഉത്തരവ് നടപ്പാക്കുമ്പോള്‍ വിലയിരുത്തേണ്ടതുണ്ട്. എല്ലായിടത്തും വിധി ഒരേപോലെ നടപ്പാക്കാനാകില്ല. മെട്രോ മേഖലയിലുള്ള സംരക്ഷിത മേഖലയില്‍ ബഫര്‍സോണ്‍ നടപ്പാക്കുന്നതിലെ അപ്രായോഗികതയും ബെഞ്ച് വ്യക്തമാക്കി.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ബഫര്‍സോണ്‍ വിജ്ഞാപനത്തില്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് കേസിലെ അമികസ് ക്യൂറിയായ കെ പരമേശ്വരനുമായി ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇന്ത്യന്‍ റയില്‍വേയും വിജ്ഞാപനത്തില്‍ ഇളവുകള്‍ തേടി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് ബഫര്‍ സോണില്‍ അടിപ്പാതയുടെയും മേല്‍പ്പാതയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടരുതെന്ന് ഈ വിഷയത്തില്‍ ജസ്റ്റിസ് ഗവായ് വ്യക്തമാക്കി. 

Eng­lish Summary:The Supreme Court has upheld the inap­plic­a­bil­i­ty of the ear­li­er order to pre­serve the buffer zone
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.