22 January 2026, Thursday

Related news

January 18, 2026
December 23, 2025
November 1, 2025
September 22, 2025
July 21, 2025
July 19, 2025
July 8, 2025
May 28, 2025
May 27, 2025
May 22, 2025

മുംബൈ ഭീകരാക്രമണക്കേസ് ; തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറും

Janayugom Webdesk
ന്യൂഡല്‍ഹി
January 25, 2025 11:08 am

മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹവൂര്‍ ഹൂസൈന്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കി യുഎസ് സുപ്രീംകോടതി. കീഴ്ക്കോടതി ഉത്തരവിനെതിരെ താഹവൂര്‍ റാണ നല്‍കിയ അപ്പീല്‍ തള്ളിയാണ് നിര്‍ണായക ഉത്തരവ്. കീഴ്ക്കോടതികളിലെ കേസുകളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ സുഎസ് സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതിഇത് തള്ളിയതോടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും റാണയെ കൈമാറ്റം ചെയ്യുക. നേരത്തെ, ഇന്ത്യക്ക് കൈമാറണമെന്ന കീഴ്ക്കോടതി വിധിക്കെതിരേയാണ് യുഎസ് സുപ്രീംകോടതിയില്‍ തഹാവുര്‍ റാണ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഒരേ കുറ്റത്തിന് ഒരാളെ രണ്ടുതവണ വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാനുള്ള റാണയുടെ അവസാന നിയമാവസരമായിരുന്നു ഈ ഹര്‍ജി.

തഹാവുര്‍ റാണയെ കൈമാറണമെന്ന് വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപ്പെട്ടുവരുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരേ റാണ കീഴ്ക്കോടതികളില്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. എന്നാല്‍, റാണയുടെ റിട്ട് ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് യു.എസ്. സര്‍ക്കാര്‍തന്നെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കു കൈമാറുന്നതില്‍നിന്ന് ഇളവ് ലഭിക്കാന്‍ റാണയ്ക്ക് അര്‍ഹതയില്ലെന്നാണ് യു.എസ്. സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്.

2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് തഹാവുര്‍ ഹുസൈന്‍ റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യുഎസ് പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയ്ക്ക് സഹായം നല്‍കിയ കേസില്‍ 2011‑ല്‍ യുഎസ് കോടതി ഇയാളെ ശിക്ഷിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.