23 February 2024, Friday

അത്തര്‍ മണക്കുന്ന ഖത്തറിനൊപ്പം ഭൂലോകവും: പന്ന്യന്‍ എഴുതുന്നു…

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
October 24, 2022 2:36 pm

ത്തർമണക്കുന്ന ഖത്തറി­ൽ കാൽപന്ത് ക­ളിക്കാരുടെ ആവേശാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇരുപത്തിയൊൻപത് ദിവസം മാത്രമാണുള്ളത്. ഫുട്ബോൾ ആവേശത്തിന് കേളികേട്ട കേരളവും ഖത്തർ ആവേശത്തിന്റെ കാത്തിരിപ്പിലാണ്. കേരളീയർക്ക് ആവേശക്കോട്ടകെട്ടാൻ ഇന്ത്യൻ ടീം ഖത്തറിൽ കളിക്കുന്നില്ല. ഏതെങ്കിലും ഒരിന്ത്യക്കാരൻ കളിക്കുന്നില്ല. എന്നിട്ടും കേരളത്തിൽ എല്ലായിടത്തും കളിയുടെ ആവേശത്തിന്റെ തിരത്തള്ളൽ തുടങ്ങിയിരിക്കയാണ്. ഖത്തറിൽ മലയാളികളായ ജനലക്ഷങ്ങൾ ജീവിക്കുന്ന രാജ്യവും കൂടിയാണ്. അത്തറിന്റെയും അറബിപ്പൊന്നിന്റെയും പ്രസിദ്ധിയുള്ള നാട്ടിൽ നിന്നു വരുന്നവർ പകർത്തിത്തന്ന ഖത്തർ സൗന്ദര്യം ആസ്വദിക്കുന്നവരും കേരളത്തിലുണ്ട്. പ്രവചനങ്ങളുടെ ചാറ്റൽമഴയാണ് ഇപ്പോൾ തുടങ്ങിയത്. പെരുമഴക്കാലം വരുന്നേയുളളു. ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പലരും രംഗത്ത് വരുന്നത്. 

എന്നാൽ കഴിഞ്ഞദിവസം വന്ന നിരീക്ഷണം ഇത്തവണത്തെ ലോകകപ്പിലെ ആകർഷക താരമായ ലയണൽ മെസിയുടെതായിരുന്നു. ലോകമാകെ ശ്രദ്ധിക്കപ്പെട്ട പ്രതികരണമായിരുന്നു അത്. അതിനൊരു കാരണമുണ്ട്. എല്ലാ കണ്ണുകളും കാണാൻ കാത്തിരിക്കുന്നത്, മെസിയുടെ ഫുട്ബോൾ മാജിക്കുകളാണ്. അതോടൊപ്പം തന്നെ അർജന്റീനയുടെ ജയം ആഘോഷിക്കാനുമാണ്. കോപ്പ അമേരിക്കയിൽ കപ്പ് നേടിയതും ‘ഫൈനലിസിമയിൽ ആധിപത്യം ഉറപ്പാക്കിയതും ആരാധകരിൽ ആവേശമാണ് സൃഷ്ടിച്ചത്. അങ്ങനെയുളള വിശ്വതാരം മെസി പറയുന്നത് ഇത്തവണ ലോകകപ്പ് നേടാൻ ഏറെ സാധ്യതയുള്ള ടീമുകൾ ബ്രസീലും ഫ്രാൻസും ആണെന്നാണ്. അതിന് കാരണവും അദ്ദേഹം പറഞ്ഞു. അവർക്ക് ശക്തമായ താരനിരയുണ്ട്. അർജന്റീന കളിക്കാരിൽ പ്രധാനികൾ പലപ്പോഴും പരിക്കിന്റെ വഴിയിലാണ്. മെസിപോലും പരിക്കിൽ ആയിരുന്നു. ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു. അദ്ദേഹം തുറന്നു പറഞ്ഞതിന്റെ ആന്തരിക അർത്ഥം അർജന്റീന തോൽക്കുമെന്നല്ല. പരിക്കിന്റെ അപകടം സൂചിപ്പിക്കുവാനും കൂടിയാണ്. വിജയത്തിന്റെ പ്രധാനഘടകം കളിക്കാർ തന്നെയാണ്. ഒപ്പം സന്ദർഭത്തെ ശരിക്കും ഉപയോഗിക്കാനുള്ള കളിക്കാരുടെ കഴിവും പ്രധാനമാവുന്നു. ക്ലബ്ബ് ടീമുകളിൽ നിരന്തരമായി കളിക്കുമ്പോൾ കളിക്കാരുടെ ഫിറ്റ്നസ് പ്രശ്നമായിവരും. കളിക്കാരുടെ നിലനില്പ് ക്ലബ്ബുകളാണ്. രാജ്യത്തിനുവേണ്ടി കളിക്കാനുള്ള മിക്ക കളിക്കാരും ഫിഫയിൽ കളിക്കേണ്ട വരാണ്. അതുകൊണ്ട് കളിക്കാർ രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങുന്നതിന് പൂർണമായും ഫിറ്റ്നസുണ്ടാവണം. യൂറോപ്യൻ മേഖലയിലെ മിക്ക ടീമുകളിലും കളിക്കുന്നത് വിവിധ രാജ്യങ്ങളിലെ കളിക്കാരാണ്. അവർ ടീമിന് വേണ്ടി വാശിയോടെ കളിച്ചു പരിക്ക് പറ്റിയാൽ രാജ്യത്തിന്റെ ടീമിൽ കളിക്കാൻ ഒക്കാതെവരും. അർജന്റീന ടീമിൽ അനിവാര്യമായ കളിക്കാരനാണ് മെസി, അദ്ദേഹത്തിന്റെ പരിക്ക് മാറി. പക്ഷെ ഏറ്റവും വിശ്വസ്ഥനായ സഹതാരം ഡി മരിയയും ഡി ബാലയും പൂർണമായും കളിക്കാറായിട്ടില്ല. ഇതൊക്കെ മെസിയുടെ വിചാരത്തിന് കാരണമായേക്കാം.

എന്തായാലും ഏറ്റവും ശക്തരും കപ്പ് നേടാൻ സാധ്യത കല്പിക്കുന്നതുമായ ടീമുകളിൽ ഒന്നാമത് അർജന്റീന തന്നെയാണ്. അതുകഴിഞ്ഞാൽ ബ്രസീൽ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയവരുമുണ്ട്. ഇപ്പോൾ അർജന്റീന പ്രഖ്യാപിച്ച 22 താരങ്ങളിൽ ഡിബാല, ഫോയ്ത്ത്, ഏയ്ഞ്ചൽ കൊറേയ, ഫലാസിഹേസ്, വോക്കിൻപെരേര എന്നിവർ ഇല്ല. എമിലിയാനോ മാർട്ടിനെസ് എന്ന ഗോൾകീപ്പർ ഉൾപ്പെടെയുള്ള പട്ടികയിൽ മെസിയും ലൗട്ടോരോ മാർട്ടിനെസും ഏയ്ഞ്ചൽ ഡി മരിയയും അൽവാരസും ചേർന്ന ശക്തമായ പടയണിയാണ് മുൻനിരയിലുള്ളത്. കോച്ച് സ്കോലാനി വിദഗ്ധനും കളിക്കാരുടെ കഴിവുകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നയാളുമാണ്. അദ്ദേഹത്തിന്റെ മനസിൽ വിജയത്തിനുള്ള വാതായനം കണ്ടു വച്ചിരിക്കാം. മെസ്സി തന്നെയാണ് പ്രധാന വിജയശിൽപ്പി. കോപ്പയിൽ നേടിയ വിജയം ഫൈനലിസമയിൽ ആവർത്തിച്ച് ഹാട്രിക് വിജയത്തോടെ വിടവാങ്ങാനും ആധുനിക ഫുട്ബാളിന്റെ പുത്തൻ പ്രതിഭാധനനായി കളിയോട് വിടപറയാനും മെസിക്ക് കഴിയുമെന്നാണ് ആരാധകസമൂഹം പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.