5 November 2024, Tuesday
KSFE Galaxy Chits Banner 2

എഴുത്ത് തുടര്‍ന്നുകൊണ്ടേയിരിക്കും

പി എ വാസുദേവൻ
കാഴ്ച
August 22, 2022 5:30 am

“എഴുത്തോ, നിന്റെ കഴുത്തോ” എന്നത് പ്രസക്തമായൊരു ചോദ്യം തന്നെയാണ്. എക്കാലത്തും എഴുത്തിന് വിലയായി നല്കേണ്ടിവന്നത് കഴുത്തു തന്നെയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, ന്യൂയോര്‍ക്ക് ലക്ചര്‍ സ്റ്റേജില്‍ പ്രസംഗിക്കാനാരംഭിച്ച സല്‍മന്‍ റുഷ്ദിയുടെ കഴുത്തില്‍ ന്യൂജഴ്‍സിക്കാരനായ ഹാദി മറ്റര്‍ കത്തികൊണ്ട് മുറിവേല്പിക്കുന്നതുവരെയും ഇതായിരുന്നു സത്യം. ഈ സത്യം ഇവിടെ നില്ക്കുമായിരിക്കില്ല. ഇന്ന് അതിനെ എതിര്‍ക്കുന്നവര്‍ നാളെ മറ്റാരെങ്കിലും തങ്ങളുടെ വിശ്വാസങ്ങള്‍ക്കെതിരെ ശബ്ദിച്ചാല്‍ നേരിടുന്നത് ഇങ്ങനെതന്നെയാവാം. ഈ രംഗസംയോജനം മനുഷ്യന്റെ അസഹിഷ്ണുതയുള്ളിടത്തോളം മാറാതെ തുടരും. സല്‍മന്‍ റുഷ്ദി, ഇപ്പോഴത്തെ ഇരയാണ്. ഹാദി മറ്റര്‍ വളരെ ചെറുപ്പക്കാരനാണ്. ഒരുപക്ഷെ ഈ പ്രായത്തില്‍ത്തന്നെ തന്റെ ജീവിതദൗത്യം തിരിച്ചറിഞ്ഞതാവാം. ബാല്യത്തിലേക്കും യുവത്വത്തിലേക്കുമാണ് പ്രായമായവര്‍ തങ്ങളുടെ വിഷം പകര്‍ന്നൊഴിക്കുന്നതെന്ന് റുഷ്ദി തന്നെ എഴുതിയിരുന്നു. വാര്‍ധക്യത്തിന്റെ അസഹിഷ്ണുതകള്‍ അവരെ വിഷപ്പാത്രങ്ങളാക്കുന്നു.


ഇതുകൂടി വായിക്കൂ: എഴുത്തുകാർ ചെയ്യേണ്ടത്


സല്‍മന്‍ ചെയ്ത മഹാപരാധം ‘ദ് സെയ്റ്റനിക് വേഴ്‌സസ്’ എന്നൊരു നോവലെഴുതി എന്നതാണ്. നോവലിന്റെ പ്രമേയവും പ്രതിപാദനവും ശെെലിയുമൊക്കെ വലിയൊരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തിയിട്ടുണ്ടാവും. അഗാധമായൊരു വിശ്വാസവും വ്രണപ്പെടാന്‍ പാകത്തിലുള്ളതല്ല എന്നു നാമറിയണം. എതിര്‍പ്പ് ഏതുകാലത്തും വിശ്വാസത്തിന്റെയും പ്രവാചകത്വത്തിന്റെയും കൂടെ സഞ്ചരിച്ചിരുന്നു. മുഹമ്മദിനും യേശുവിനും ഗാന്ധിജിക്കും പിന്നെ ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള എഴുത്തുകാര്‍ക്കും ഇതായിരുന്നു അനുഭവം. മഹത്വവും പ്രവാചകത്വവും ഏതുകാലത്തും ഭീഷണിയും ഉപദ്രവവും ഹത്യ തന്നെയും നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷെ എതിര്‍പ്പുകളെയും എതിര്‍പ്പുകാരെയും കാലം വകഞ്ഞുമാറ്റി, മഹത്വത്തെ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. പിന്‍പറ്റാനായില്ലെങ്കിലും നാമിന്നും പഠിക്കുന്നതും പരിപാലിക്കാന്‍ ശ്രമിക്കുന്നതും അവരുടെ വചനങ്ങളാണ്. ഒരുപാട് പേര്‍ കടന്നുപോയ മുന്‍വഴികളില്‍ അവരുടെ പാദമുദ്രകള്‍ മാത്രമാണ് തെളിഞ്ഞുകാണുന്നതും.
സല്‍മന്‍ റുഷ്ദി തന്നെ എഴുതുന്നു “ആത്മപ്രകാശന സ്വാതന്ത്ര്യം എന്നാല്‍ എന്താണ്. എതിര്‍ക്കാനുള്ള അവകാശമില്ലെങ്കില്‍, സ്വാതന്ത്ര്യം ഇല്ലാതാവുന്നു”. ആ വിശ്വാസമാണ് റുഷ്ദിയുടെ നോവലിലൂടെ വെളിയീടാക്കാന്‍ ശ്രമിച്ചത്. നേരത്തെ പറഞ്ഞപോലെ റുഷ്ദി ഇതൊക്കെ സാര്‍ത്ഥകമാക്കിയ ഏകമനുഷ്യനല്ല. അദ്ദേഹത്തെക്കാള്‍ തീക്ഷ‌്ണമായി അതു ചെയ്ത എഴുത്തുകാരുണ്ട്. നിലവിലുള്ള വ്യവസ്ഥയെയും വിശ്വാസങ്ങളെയും വകഞ്ഞുമാറ്റിക്കൊണ്ടുതന്നെയാണ് അവരത് ചെയ്തത്. അന്നും അസഹിഷ്ണുക്കളുണ്ടായിരുന്നു. അവരുടെ പീഡനം സര്‍ഗാത്മകത ഏറ്റുവാങ്ങേണ്ടിവന്നിട്ടുമുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ വംശജനായ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി എന്നു മാത്രം.


ഇതുകൂടി വായിക്കൂ: വിരലറുത്താലും കൊന്നൊടുക്കിയാലും ജനങ്ങളെല്ലാം അറിയും


1988ല്‍ ഇറങ്ങിയ ‘സെയ്റ്റനിക് വേഴ്സസ്’ എന്ന റുഷ്ദി പുസ്തകം വിപണിയിലൂടെ കത്തിപ്പടര്‍ന്ന്, വ്യാപകമായ കലാപത്തിന്റെ കേന്ദ്രബിന്ദുവായി. മതദ്രോഹം (ബ്ലാസ്‌ഫെമി) ആരോപിച്ച് വിശ്വാസികള്‍ അതിനെതിരെ രംഗത്തെത്തി. പ്രവാചകനിന്ദയായിരുന്നു ആരോപിതമായ കുറ്റം. ഇത്തരം കൃത്യങ്ങള്‍ ഏറ്റെടുത്ത് കെെകാര്യം ചെയ്യാന്‍ എല്ലാ മതങ്ങളിലെയും കാവലാളുകള്‍ എന്നും തയാറായി നില്‍ക്കുന്നുണ്ടല്ലോ. 1989ല്‍ ഇറാനിലെ മതഭരണത്തിന്റെ തലവന്‍ ആയത്തുള്ള ഖൊമേനി റുഷ്ദിക്ക് എതിരെ ഫത്‌വ ഇറക്കി. അയാളെ കൊല്ലുന്നവര്‍ക്ക് ആകര്‍ഷകമായ പുരസ്കാരവും. ഇതുകഴിഞ്ഞ് മൂന്നര പതിറ്റാണ്ടായി. റുഷ്ദി ശാരീരികമായി കരുതലിലായിരുന്നു. പുറംലോകവുമായി ബന്ധം അവസാനിപ്പിച്ചു. കുറച്ചായേയുള്ളു അദ്ദേഹം പൊതുവേദിയിലെത്തിയിട്ട്. ഇന്ത്യയിലെ ജയ്‌പുരില്‍ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിലും അദ്ദേഹം വന്നിരുന്നില്ല. 1989 ഫെബ്രുവരി 12ന് ഇസ്‌ലാമാബാദില്‍ നടന്ന കലാപത്തില്‍ ആറുപേര്‍ വെടിയേറ്റു മരിച്ചു. യുഎസില്‍ ഈ പുസ്തകവില്പനക്കെതിരെ പ്രകടനമായിരുന്നു നടന്നത്. അതേ വര്‍ഷം ഫെബ്രുവരി 24ന് മുംബെെയില്‍ നടന്ന പ്രതിഷേധത്തില്‍ പന്ത്രണ്ട് പേര്‍ വെടിയേറ്റു മരിച്ചു. കലാപം പലയിടത്തും കെടാതെ തുടര്‍ന്നു.


ഇതുകൂടി വായിക്കൂ: നടുക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍


ലണ്ടനിലെ, ഈ പുസ്തകത്തിന്റെ പ്രസാധകന്റെ ബുക്ക്ഷോപ്പുകള്‍ക്കു മുന്നില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. 1991ല്‍ ഇതിന്റെ ഇറ്റാലിയന്‍ പരിഭാഷകനായിരുന്ന എറ്റോളോ കാപ്രിയോളയെ, ഇറാനിയന്‍ പൗരനെന്ന് അവകാശപ്പെട്ട ഒരാള്‍ അദ്ദേഹത്തിന്റെ മിലനിലെ ഫ്ലാറ്റില്‍ കയറി കത്തികൊണ്ട് മുറിവേല്പിച്ചു. ജാപ്പനീസ് പരിഭാഷകനായ ഹിതോഷി ഇഗറഷി ടോക്യോവില്‍ കുത്തേറ്റ് മരിച്ചു. അക്രമിയെ കണ്ടെത്താനായില്ല. ഇതിനിടയില്‍ ഈ പുസ്തകം പല ഭാഷകളിലുമായി ജനങ്ങളിലെത്തി. മതത്തെക്കുറിച്ചാവുമ്പോള്‍ മുറിവുകള്‍ ഉണങ്ങുന്നില്ല എന്ന് രാജ്യങ്ങള്‍ക്കും അറിയാം. ഇന്ത്യയടക്കമുള്ള ഒരുപാട് രാജ്യങ്ങള്‍ ഈ പുസ്തകം നിരോധിച്ചു. പുസ്തകം വായിക്കാതെയും ഇതിനെ എതിര്‍ത്തു. ഒരാചാരമെന്ന നിലയ്ക്ക് ഇറാന്‍, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, സുഡാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, കെനിയ, തായ്‌ലന്‍ഡ്, താന്‍സാനിയ, ഇന്തോനേഷ്യ, സിംഗപ്പുര്‍, വെനസ്വേല, സൗത്ത് ആഫ്രിക്ക തുടങ്ങി എണ്ണമറ്റ രാജ്യങ്ങള്‍ റുഷ്ദിയുടെ പുസ്തകം നിരോധിച്ചു. ഇന്ത്യയില്‍ പ്രതിപക്ഷംപോലും ഈ നിരോധനത്തിനെതിരെ ഒന്നും പറഞ്ഞില്ല. ജയ്‌പുരിലെ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ചില മുസ്‌ലിം ഗ്രൂപ്പുകളുടെ എതിര്‍പ്പു കാരണം, റുഷ്ദിക്ക് സാധിച്ചില്ല. അദ്ദേഹത്തിന് ബ്രിട്ടീഷ് രാജ്ഞി ‘നെെറ്റ്ഹുഡ്’ അവാര്‍ഡ് നല്‍കിയതിനെതിരെയും വ്യാപക, ആഗോള പ്രതിഷേധങ്ങളുണ്ടായി.
ഒരിക്കല്‍ ഒരു പ്രസംഗത്തില്‍ അദ്ദേഹം ചില കാര്യങ്ങള്‍ പറഞ്ഞു. ‘ഒരു പുസ്തകവും എനിക്കുനേരെ വിരലാട്ട‍ി ഞാനെന്തു ചിന്തിക്കണമെന്നു പറയുന്നത് എനിക്കിഷ്ടമല്ല. ഒരു നോവലിനും പ്രസംഗങ്ങള്‍ ഇഷ്ടമല്ല. ഒരു ഇടം സൃഷ്ടിക്കുന്നതാണെനിക്കിഷ്ടം. ആ ഇടത്തില്‍ വായനക്കാരനുണ്ടാവണം. നിങ്ങള്‍ വായനക്കാരനെ എന്‍ഗേജ് ചെയ്യണം. അടുത്തെന്തു സംഭവിക്കുമെന്നതാണ് സാഹിത്യത്തിലെ ഏറ്റവും വലിയ ചാലകശക്തി.’


ഇതുകൂടി വായിക്കൂ: സാംസ്കാരികലോകം ഒന്നുറക്കെ ശബ്ദിച്ചിരുന്നെങ്കിൽ


ഇതിനിടയില്‍ ഇറാന്‍, ഈ വധശ്രമത്തിലുള്ള അവരുടെ രാജ്യത്തിന്റെ പങ്ക് നിഷേധിച്ചു. ഇതിന്റെ പിന്നിലുള്ള കാരണത്തിലും അവര്‍ കെെകഴുകി. എന്നാല്‍ ഈ ശിക്ഷ റുഷ്ദി ഇരന്നുവാങ്ങിയതാണെന്നും അര്‍ഹിക്കുന്നതാണെന്നു ഒരുപാട് പേര്‍ അഭിപ്രായപ്പെടുകയും ചെയ്തു. ആയത്തുള്ള ഖൊമേനിയുടെ പ്രതിമയ്ക്കു ചുവടെ നിന്ന് ഇറാനിലെ തലസ്ഥാനത്തെ ഒരു തെരുവിലെ ഒരാള്‍ പറഞ്ഞു ‘എനിക്കീ റുഷ്ദിയെ അറിയില്ല. പക്ഷെ അയാള്‍ ഇസ്‌ലാമിനെ അപമാനിച്ചു’. അവിടത്തെ ഒരു പത്രം ഒരു സ്ട്രെക്ചറില്‍ കിടത്തിയ റുഷ്ദിയുടെ ചിത്രത്തിനു തലക്കെട്ടായി ചേര്‍ത്തു ‘സല്‍മന്‍ നരകത്തിലേക്കുള്ള പാതയില്‍.’
സല്‍മന്റെ ഇപ്പോഴത്തെ ശാരീരികസ്ഥിതി എന്താണെന്നറിയില്ല. അതീവ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ എല്ലാ രാജ്യങ്ങളിലും ഇനിയും കാലാകാലം തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം എല്ലായിടത്തും മനുഷ്യരുണ്ട്, അവരെ അധീനപ്പെടുത്തുന്ന അസഹിഷ്ണുതകളുമുണ്ട്. അതിന് മത‑രാജ്യ വ്യത്യാസങ്ങളില്ല. ‘വീട് നഷ്ടപ്പെട്ടവര്‍’ എന്ന തസ്‌ലിമ നസ്രിന്റെ പുസ്തകം തരുന്ന അറിവും അതാണ്. പാസ്റ്റര്‍ നാക്കിന്റെ അനുഭവവും വ്യത്യസ്തമല്ല. ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവി‘ന്റെ അനുഭവം കേരളം കണ്ടു. ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി എന്നിവരുടെ ഓര്‍മ്മകളും ഇന്നു ബാക്കിതരുന്ന അസ്വാസ്ഥ്യങ്ങളുണ്ട്. ഡോ. യു ആര്‍ അനന്തമൂര്‍ത്തിക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതി വരുത്തിയത് ഹെെന്ദവ തീവ്രതയായിരുന്നു.
ഇതൊക്കെ ചെറിയ കഥകളാണ്. മനുഷ്യരുടെ പകയുടെ കഥകള്‍ തീരുന്നില്ല. ഇപ്പോഴത്തെ കഥ സല്‍മന്റേതാണെന്നു മാത്രം.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.