23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

ചന്ദ്രനെ തൊടാന്‍ കടമ്പകളേറെ 

*അവസാന 15 മിനിട്ട് ‘സംഭ്രമത്തിന്റെ 15 നിമിഷങ്ങള്‍’ 
Janayugom Webdesk
ബംഗളൂരു
July 14, 2023 8:15 pm
ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകാനുള്ള പ്രതീക്ഷയിലാണ് ഇന്ത്യ. മനുഷ്യന്റെ ചാന്ദ്ര പര്യവേഷണങ്ങള്‍ക്ക് ഏറെ നാളത്തെ ചരിത്രമുണ്ട്, ഏകദേശം 50 വര്‍ഷം മുൻപാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങുന്നത്. 1969 ജൂലൈ 21ന് ചന്ദ്രനില്‍ കാല്‍കുത്തിയ ആദ്യ മനുഷ്യനെന്ന ഖ്യാതി നീൽ ആംസ്ട്രോങിനാണ്. 19 മിനിറ്റുകള്‍ക്ക് ശേഷം എഡ്വിൻ ബസും ആംസ്ട്രോങിനൊപ്പം ചന്ദ്രനിലിറങ്ങി.
ഒരു ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് ഇറക്കുന്നതിന് ഏറെ കാലം മുൻപു തന്നെ 3,84,400 കിലോമീറ്റര്‍ യാത്ര എങ്ങനെ സുരക്ഷിതമാക്കാം എന്ന ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഭൂമിയുടെ ഭ്രമണപദത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപദത്തിലേക്ക് എത്തിക്കുക എന്നതു തന്നെ വലിയ വെല്ലുവിളിയായി തുടര്‍ന്നു.
ചന്ദ്രയാൻ‑3ന് കടക്കാൻ കടമ്പകള്‍ ഏറെയാണ്. ചന്ദ്രനില്‍ ഇറങ്ങുന്ന 15 മിനിട്ടിനെ ‘സംഭ്രമത്തിന്റെ 15 നിമിഷങ്ങള്‍’ എന്നാണ് ഐഎസ്ആര്‍ഒ വിശേഷിപ്പിക്കുന്നത്. ലാൻഡിങ്ങിനായുള്ള 15 മിനിറ്റില്‍ ലാൻഡര്‍ എൻജിൻ പ്രവര്‍ത്തിപ്പിക്കുകയും ശരിയായ സമയം, ഉയരം എന്നിവ നോക്കി ആവശ്യത്തിന് മാത്രം ഇന്ധനം ഉപയോഗിച്ച് ചന്ദ്രനിലെ മലനിരകളും ഗര്‍ത്തങ്ങളും രേഖപ്പെടുത്തണമെന്നതിനാല്‍ ഈ സമയം ഏറെ നിര്‍ണായകമാണ്.
ലാൻഡിങ്ങിനുള്ള സമയത്തെ പ്രവര്‍ത്തനങ്ങള്‍ മുഴുവൻ ലാൻഡര്‍ തനിയെ ചെയ്യേണ്ടവയാണ്. ആ സമയത്ത് ഭൂമിയില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കാൻ ഐഎസ്ആര്‍ഒക്ക് ആകില്ല. ഭൂമിയുടെ അന്തരീക്ഷം ഒരു പേടകത്തിന് വേഗത നിയന്ത്രിക്കാനാകുന്നത്ര  നിബിഡമാണ്. എന്നാല്‍ ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ അത്തരത്തിലൊരു പരിസ്ഥിതി പ്രദാനം ചെയ്യുന്നില്ല. വേഗത കുറച്ചില്ലെങ്കില്‍ പേടകം തന്നെ തകര്‍ന്നേക്കും. മണിക്കൂറില്‍ 6,000 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് പൂജ്യമായി കുറച്ചാണ് സോഫ്റ്റ് ലാൻഡിങ് നടത്തുക.
പേടകം സോഫ്റ്റ് ലാൻഡിങ് നടത്തിയാലും പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ചന്ദ്രോപരിതലത്തിലെ പൊടിപടലങ്ങള്‍ പ്രശ്നമായി മാറിയേക്കാം. ലാൻഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങുന്ന സമയം പൊടിപടലങ്ങള്‍ പ്രതലത്തില്‍ നിന്ന് അതിവേഗത്തില്‍ ഉയരും. ഇത് കാമറ ലെൻസിന് ചിത്രീകരണ തടസ്സമുണ്ടാക്കുകയും തെറ്റായ ചിത്രം പതിക്കാൻ ഇടയാക്കുകയും ചെയ്യും. അപ്പോളോ 15 പോലെ തന്നെ മറ്റെല്ലാ അപ്പോളോ ദൗത്യങ്ങളിലും പൊടിപടലങ്ങള്‍ പ്രശ്നമായി മാറിയിരുന്നു. ബഹിരാകാശ യാത്രികരുടെ സ്പേസ് സ്യൂട്ടുകളില്‍ പൊടിപടലങ്ങള്‍ കയറുക മാത്രമല്ല സ്യൂട്ടിന്റെ സമ്മര്‍ദം കുറയ്ക്കുകയും ഉപകരണങ്ങള്‍ കേടുവരുത്തുകയും ചെയ്യും.
ചന്ദ്രന് ഡിജിറ്റല്‍ ഭൂപടം ഇല്ലാത്തതിനാല്‍ കൃത്യമായി ഇറങ്ങുന്നതിനുള്ള സ്ഥലം രേഖപ്പെടുത്താൻ സാധിക്കില്ല. അതുകൊണ്ടു തന്നെ വേഗത്തില്‍ ചിന്തിച്ച് തീരുമാനം കൈക്കൊള്ളാൻ പേടകത്തില്‍ ഘടിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകള്‍ക്കാകണം. അവസാന നിമിഷത്തെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തേണ്ടത് ഈ കമ്പ്യൂട്ടറുകളാണ്. ചന്ദ്രോപരിതലം കുന്നുകളും ഗര്‍ത്തങ്ങളും നിറഞ്ഞ‌ നിരപ്പല്ലാത്ത പ്രതലമാണ് എന്നതിനാലും ലാൻഡിങ് ദൗത്യത്തിന് കടുപ്പമേറും.

സൂര്യപ്രകാശവും നിര്‍ണായകം

സോഫ്റ്റ് ലാന്‍ഡിങ്ങിനായി പിഴവടച്ച സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്ന് ഐഎസ്ആര്‍ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. സൂര്യപ്രകാശത്തിന്റെ ലഭ്യത അനുസരിച്ചാണ് സോഫ്റ്റ് ലാൻഡിങ് തീരുമാനിച്ചത്. ലാൻഡറില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ സൂര്യപ്രകാശം നിര്‍ണായകമാണ്. ഏങ്ങനെ ലാൻഡ് ചെയ്താലും സോളാര്‍ പാനല്‍ ലാൻഡറിന് ഊര്‍ജം പകരാൻ സഹായകമാകും. ചന്ദ്രനില്‍ സൂര്യ രശ്മികളേല്‍ക്കുന്ന ദിവസമെന്ന കണക്കുകൂട്ടലിലാണ് ആ ദിനം ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അത് ഏതെങ്കിലും കാരണത്താല്‍ നീണ്ടു പോയാല്‍ ലാൻഡിങ്ങിനായി സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടിവരും.
2019 സെപ്റ്റംബറിലെ ചന്ദ്രയാൻ‑2 ദൗത്യ പരാജയത്തില്‍ നിന്ന് നിരവധി പാഠങ്ങള്‍ ഉള്‍കൊണ്ടാണ് ഐഎസ്ആര്‍ഒ ചന്ദ്രയാൻ‑3 വികസിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ഇന്ധനവും സുരക്ഷാ സംവിധാനവും കുറച്ചുകൂടി വിശാലമായ ലാൻഡിങ് വിസ്തീര്‍ണവുമാണ് ചന്ദ്രയാൻ‑3 നായി തയ്യാറാക്കിയിട്ടുള്ളത്. സെൻസര്‍, എൻജിൻ എന്നിവയുടെ തകരാറും കണക്കുകൂട്ടലിലുണ്ടായേക്കാവുന്ന പിഴവുകളും പരിശോധിച്ചതായും അവ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയതായും സോമനാഥ് പറഞ്ഞു.

സോഫ്റ്റ് ലാന്‍ഡിങ്

2019ലെ ചന്ദ്രയാൻ‑2ന്റെ വിക്ഷേപണമാണ് ഇതിന് മുമ്പ് ഐഎസ്ആര്‍ഒ നടത്തിയ ചാന്ദ്ര ദൗത്യം. എന്നാല്‍ ലാൻഡര്‍ വിക്രം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതോടെ ദൗത്യം പരാജയപ്പെടുകയായിരുന്നു. അതേ വര്‍ഷം തന്നെ മറ്റു രാജ്യങ്ങളിലെയും ചാന്ദ്ര ദൗത്യങ്ങള്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇസ്രയേല്‍ നേതൃത്വം നല്‍കിയ ബേരേശീട്ട് ദൗത്യം 2019 തുടക്കത്തില്‍ തന്നെ പരാജയപ്പെട്ടിരുന്നു. പേടകത്തിന്റെ പ്രൊപ്പല്‍ഷൻ സംവിധാനത്തിലെ തകരാറ് മൂലം നാസ ഒരു ചാന്ദ്ര ദൗത്യം മാറ്റി വച്ചിരുന്നു.
2023 ഏപ്രിലില്‍ ജപ്പാന്റെ ഹകുട്ടോ-ആര്‍ ദൗത്യവും സോഫ്റ്റ് ലാൻഡിങ് നടത്താനാകാതെ പരാജയപ്പെട്ടു. ചന്ദ്രോപരിതലത്തിലിറങ്ങാൻ ശ്രമിച്ച് പരാജയപ്പെടുന്ന ദൗത്യങ്ങളില്‍ ചിലത് മാത്രമാണ് ഇവ. 1960കളില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും ബഹിരാകാശ പേടകങ്ങള്‍ പല തവണ ഇടിച്ചിറക്കിയ ശേഷമാണ് ദൗത്യം വിജയിപ്പിക്കുന്നത്. ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് നടത്തിയ മറ്റൊരു രാജ്യം ചൈനയാണ്. 2013ല്‍ ചാങ്‘ഇ‑5 എന്ന ദൗത്യത്തിലൂടെ ആദ്യ ശ്രമത്തില്‍ തന്നെ ചൈന വിജയം കണ്ടെത്തി.

eng­lish summary;There are many hur­dles to touch the moon

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.