6 May 2024, Monday

Related news

May 6, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 4, 2024
May 4, 2024
May 3, 2024
May 3, 2024
May 3, 2024

സമരത്തിന് യുവാക്കളില്ല; കോൺഗ്രസിൽ അങ്കലാപ്പ്

ബേബി ആലുവ
കൊച്ചി
October 17, 2023 9:39 pm

കെപിസിസിയുടെ ആഹ്വാനപ്രകാരമുള്ള സമരങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം കുറയുന്നത് നേതൃത്വത്തെ ആശങ്കയിലാക്കുന്നു. സമരത്തിന്റെ പേരിലുണ്ടാകുന്ന കേസുകൾ നടത്താൻ വീട്ടുകാരെ ആശ്രയിക്കേണ്ടതായി വരുന്നതാണ് സമരരംഗത്തു നിന്ന് യുവാക്കളെ അകറ്റുന്നതെന്നാന്ന് യൂത്ത് കോൺഗ്രസ്-കെഎസ്‌യു വിഭാഗങ്ങളുടെ പരാതി. 

സമരത്തിനിടയിൽ ആവേശം മൂത്ത് അക്രമങ്ങള്‍ നടത്തും. പിന്നീട് കേസും പ്രശ്നങ്ങളുമാകുമ്പോൾ നേതാക്കളുടെ പൊടി പോലുമുണ്ടാകില്ല. സമാധാനപരമായി നടക്കുന്ന സമരങ്ങളെത്തുടർന്ന് കേസുമുണ്ടായാല്‍പ്പോലും കേസ് നടത്താൻ പണം കണ്ടെത്തേണ്ട ബാധ്യത പ്രവർത്തകർക്കാണ്. ഈ പരാതി നാളുകളായി പാർട്ടിയിലെ യുവാക്കൾക്കിടയിൽ ശക്തമായിരുന്നു. 

കെ സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റപ്പോൾ യൂത്ത് കോൺ, കെഎസ്‌യു നേതൃത്വം പരാതി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്, രാഷ്ട്രീയക്കേസുകൾ നടത്താൻ സംവിധാനങ്ങൾ ഏർപ്പെടുത്താമെന്ന ഉറപ്പ് നല്‍കി. പാർട്ടിക്കാരായ ചില അഭിഭാഷകരെ ഇത്തരം കേസുകൾ ഏറ്റെടുത്ത് നടത്താൻ ചുമതലയേല്പിക്കുകയും ചെയ്തു. എന്നാല്‍ കേസും കൂട്ടവും പതിവായപ്പോൾ പാർട്ടി അഭിഭാഷക സംഘടനയുടെ നേതാക്കളെയൊന്നും ചിത്രത്തിൽ കാണാനുണ്ടായിരുന്നില്ല എന്ന് യുവജന നേതാക്കൾ പറയുന്നു. ജില്ലാ നേതാക്കളും കൈമലർത്തുന്നത് പതിവായി. ഇതോടെ, നിരാശരായ യുവജനങ്ങളിൽ പാർട്ടി ആഹ്വാനം ചെയ്യുന്ന സമരങ്ങളോട് പൊതുവെ ഒരകൽച്ച പ്രകടമായതോടെയാണ് പ്രശ്നം നേതൃത്വത്തിൽ ചർച്ചയാവുന്നത്.

സമര രംഗത്ത് യുവാക്കളുടെ പങ്കാളിത്തം കുറയുന്നത് അടുത്ത തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഭയമുണ്ടായതോടെ, രാഷ്ട്രീയക്കേസുകൾ പാർട്ടി ഏറ്റെടുത്ത് നടത്തുമെന്ന് ആവർത്തിച്ച് കെപിസിസി എല്ലാ ഘടകങ്ങൾക്കും സർക്കുലർ അയയ്ക്കാൻ നിർബന്ധിതമായിരിക്കുകയാണ്. പോഷക സംഘടനകളുടെയും ബൂത്തുതലം മുതൽ ജില്ലാതലം വരെയുള്ളതുമായ മുഴുവൻ കേസുകളും പാർട്ടി നടത്തുമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. ഇത്, സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമാക്കുമെന്ന് പറയുന്ന സമരത്തിൽ ആളെക്കൂട്ടാനുള്ള പഴയ ഉറപ്പിന്റെ പുതിയ പതിപ്പാണോ എന്ന ചർച്ചയാണ് അണികളിൽ സജീവമായിട്ടുള്ളത്. 

Eng­lish Sum­ma­ry: There is no youth for the strug­gle; Dis­ap­point­ment in Congress

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.