25 December 2024, Wednesday
KSFE Galaxy Chits Banner 2

കവിതയുടെ കുടമുല്ലപ്പൂക്കൾ

ഡോ. ഷീബ രജികുമാർ
October 8, 2023 2:26 pm

ഒരു കൈക്കുടന്ന നിറയെ വെള്ള പൂക്കൾ പെറുക്കിയെടുത്ത്, ഒരു മൂന്നു വയസുകാരി പരിചിതമല്ലാത്ത ഒരു വനഗ്രാമത്തിലെ വാടക വീടിന്റെ മുറ്റത്തുനിന്ന് ബാലവാടിയിൽ പഠിച്ചൊരു കുഞ്ഞിക്കവിതയെ സ്വാംശീകരിച്ചു പുഞ്ചിരിച്ചു കൊണ്ടുപാടുകയാണ്… ’
”കുഞ്ഞിനീ പുഞ്ചിരിയാരു തന്നു,
കുഞ്ഞിക്കുടമുല്ല പൂവ് തന്നു…”

കുഞ്ഞിക്കയ്യിലെ വെള്ളപ്പൂക്കളിൽ നിന്നുയർന്നു കവിതയുടെ ഒരു ചുഴലി, പൂക്കളുടെ ഉത്സവം തീർക്കുന്നതു പോലെ തോന്നി. ഒരു നിമിഷം, ഒരു പക്ഷേ അപൂർവമായൊരുനിമിഷം, കവിത അതിന്റെ നിയോഗം തേടുന്നതറിഞ്ഞു. മനസുകൊണ്ട് അതെഴുതിയ മഹാപ്രതിഭയെ നമസ്കരിച്ചു. അദ്ദേഹമെഴുതിയ വിപ്ലവകവിതകളുടെ ഇടി മുഴക്കമുള്ള വരികളെയെല്ലാം നിഷ് പ്രഭമാക്കിക്കൊണ്ട്, ഏറ്റം അവധാനതയോടെ ഒരു പിഞ്ചുഹൃദയത്തിൽ കവിത തന്റെ വേരു തിരയുന്ന അത്ഭുതത്തെ അഗാധ സ്നേഹത്തോടെ വീക്ഷിച്ചു.
തൂലിക എങ്ങനെയാണ് ജനകീയമാക്കപ്പെടുന്നത്? സാഹിത്യസ്വാധീനമില്ലാത്ത നിഷ്കളങ്കമനസുകളിൽ അത് താനറിയാതുണർത്തുന്ന കവിതയുടെ വിസ്മയ സ്പർശത്താലാവാം!ഒരു വിധത്തിലും ഭാഷയെ അതിന്റെ സങ്കീർണതകളിലൂടെ അറിഞ്ഞിട്ടില്ലാത്ത, അക്ഷരം പതിയാത്ത കടലാസ് പോലെ നിർമലമായ ആത്മാക്കളിൽ അതിറ്റു വീഴ്ത്തുന്ന ഭാവനയുടെ ചാരുതയാർന്ന നിറക്കൂട്ടുകളാലാകാം… കുഞ്ഞിനു പോലും തൊട്ടറിയാൻ കഴിയുംവിധം മൃദുലതയോടെ, വാക്കുകളുടെ കുഞ്ഞിക്കുടമുല്ലപ്പൂക്കൾ വിരിക്കുന്ന മാന്ത്രികതയിലൂടെയാവാം!
ഒരു കാലത്ത് രമണൻ എന്ന കൃതി അക്ഷരാഭ്യാസമില്ലാത്ത ഒരു തലമുറ മുഴുവൻ ഏറ്റുപാടിയത് അവരിൽ അത് സൃഷ്ടിച്ച അടിസ്ഥാനവർഗ വ്യഥകളുടെ സമാനഹൃദയത്വം കൊണ്ടാണ്. അഷ്ടമുടിക്കായലിന്റെ പരപ്പുകളിൽ തോണി തുഴഞ്ഞു വരുന്ന റാണി മലയാളി മനസിൽ ചിരപ്രതിഷ്ഠ നേടിയതും, പതിപ്പുകളിൽ നിന്ന് പതിപ്പുകളിലേക്ക് ഈ പുസ്തകം തലമുറകൾക്കൊപ്പം യാത്ര തുടർന്നതും മായികമായ പ്രേമത്തിന്റെ, തീവ്രമായ ദുഖത്തിന്റെ, ഏറ്റവും സാധാരണവും ജനകീയവുമായ ഭാഷ അതിന്റെ മുഖമുദ്രയായതു കൊണ്ടു തന്നെ!
തിരുനല്ലൂർ കവിതകളിലെ പ്രണയങ്ങൾ അതിന്റെ പരിണിതഫലങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമുള്ളവയാണ്. എന്നിട്ടും അസാമാന്യമായ ചങ്കുറപ്പോടെ പ്രണയിക്കുന്ന ഹൃദയം പാടുന്നു
‘സ്വന്തമായിത്തിരി മണ്ണു വാങ്ങിച്ചതിൽ
കൊച്ചൊരു കൂരയും കെട്ടി
മാനമായ് നിന്നെ ഞാൻ കൊണ്ടുപോകില്ലയോ
താലിയും മാലയും കെട്ടി’. 

നൈമിഷികമായ, എപ്പോൾ വേണമെങ്കിലും വിട ചൊല്ലിപ്പിരിയാവുന്ന ലിവിംഗ് ടുഗദറുകളിലേക്ക് ചുരുങ്ങുന്ന, ഇന്നത്തെ പ്രണയങ്ങളിൽ ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത പക്വതയും സമർപ്പണവും ആത്മാഭിമാനവും തന്നെയാണ് അദ്ദേഹത്തിന്റെ പ്രണയ സങ്കൽപ്പത്തിന്റെ മുഖമുദ്രയെന്ന് ഇത്തരം കവിതകൾ വിളിച്ചു പറയുന്നു.
സാധാരണയായി മനുഷ്യർ വിശ്വസിക്കുന്ന ശക്തിയുടെ പ്രതീകങ്ങളല്ല തിരുനല്ലൂർ കവിതയുടെ ശക്തിബിംബങ്ങൾ. താരതമ്യേന ദുർബലരെന്ന് സാധാരണ ജനം വിലയിരുത്തുന്ന കുഞ്ഞുങ്ങൾ, സ്ത്രീകൾ… ഇവരിലുറങ്ങുന്ന കൗതുകങ്ങളെയും, പരീക്ഷണ ഘട്ടങ്ങളിലുണരുന്ന ആത്മധൈര്യത്തെയും, ആത്മാഭിമാനത്തെയുമെല്ലാം, പുരുഷനായിരുന്നു കൊണ്ടു തന്നെ പരകായപ്രവേശം നടത്തി, യാഥാർത്ഥ്യത്തിന്റെ കരുത്തുള്ള വാക്കുകളിലൂടെ വരഞ്ഞിട്ടപ്പോഴാണ് കവി, വായനക്കാരന് സധൈര്യം തന്നെത്തന്നെ പ്രതിബിംബിച്ചു കാണാവുന്ന ദർപ്പണമായി മാറിയത്. ‘ഒരു നവോഢയുടെ കത്ത്’ എന്ന കവിത ഒരു ചെറിയ ഉദാഹരണം മാത്രം. പുതുതായി വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടി, അകലെയുള്ള ഭർത്താവിന് തന്റെ ആത്മദുഖങ്ങളെക്കുറിച്ചെഴുതുന്ന ആ കത്ത് എങ്ങനെ ഒരു പുരുഷന് ഇത്രമേൽ കൃത്യതയോടെ പകർത്തിവയ്ക്കാനാകുന്നു? ആണത്തത്തിന്റെ അഹങ്കാരമോ പരമപുച്ഛമോ തീണ്ടാതെ ആ കൊച്ചു പരിഭവങ്ങളെ ബഹുമാനത്തോടെ, സ്നേഹത്തോടെ ആവിഷ്ക്കരിക്കാൻ കഴിയുന്നു?
വേനലെത്രമേൽ തീ ചൊരിഞ്ഞാലും
ഗ്ലാനിയെന്യേ തഴച്ചു നിൽക്കുന്നു
നാടുലയവേ കാറ്റടിച്ചാലും
ചോടിളകാതുറച്ചു നിൽക്കുന്നു
കാർമുകിലിൻ കനിവിനു വേണ്ടി
കാതരസ്വരം കേഴുമാറില്ല മണ്ണു
നൽകുമുറപ്പിനോടല്ലാതൊന്നിനോടും
കടപ്പെടുന്നില്ല ഇപ്രകാരമധൃഷ്യമായ് നിൽക്കും
ചെമ്പരത്തിയോടാണെനിക്കിഷ്ടം ’

എത്ര കാതലുറ്റ വൻമരങ്ങൾ, എത്ര സുഗന്ധവാഹികളായ പുഷ്പങ്ങൾ… ഇവയ്ക്കിടയിലും വേലിപ്പുറത്തു പൂക്കുന്ന കാട്ടുചെമ്പരത്തിയാകാൻ കൊതിച്ച കവി. ശക്തിക്കും സൗന്ദര്യത്തിനുമപ്പുറം, പ്രകൃതിയുടെ നൈരന്തര്യത്തെ സ്നേഹിച്ച കവി… നിസാരം എന്ന് തോന്നിപ്പിക്കുന്ന, എന്നാൽ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു തന്നെ കാരണമായ ഒരേകസ്വഭാവത്തെ, അതിജീവനത്തെ, ജീവിതത്തിന്റെ കൊടിയടയാളമായി തിരിച്ചറിഞ്ഞ കവി. ഒരു വേനലിലും കരിഞ്ഞുണങ്ങാതെ, ഓരോ മഴയിലും തളിർത്തു പൊങ്ങി, ഓരോ വസന്തത്തിലും ഭ്രാന്തമായി പൂക്കുന്ന, ഏത് ഋതുവിലും ഇതാ ഞാനിവിടെ, ഞാനിവിടെയെന്ന് ആഴത്തിലാഴത്തിൽ വേരിറക്കുന്ന, വാക്കിന്റെ ഇതൾ പൊഴിയാത്ത കാട്ടുചെമ്പരത്തിപ്പൂവായ പ്രിയ കവിക്ക് കോടിപ്രണാമം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.