23 December 2024, Monday
KSFE Galaxy Chits Banner 2

ഇത് രാഹുലില്‍ അവസാനിക്കണം

Janayugom Webdesk
March 25, 2023 5:00 am

സാധാരണവും അതേസമയം ഭയാനകവുമായ സംഭവങ്ങളാണ് ഫാസിസ്റ്റ് വാഴ്ചക്കാലത്ത് മനുഷ്യര്‍ നേരിടേണ്ടിവരുന്നത്. അവിടെ എല്ലാ നീതിപീഠങ്ങളില്‍ നിന്നും നിഷ്പക്ഷമായ വിധിന്യായങ്ങള്‍ പ്രതീക്ഷിച്ചുകൂടാ. ചില കോടതികളില്‍ പാവപ്പെട്ടവര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കുവാന്‍ തോന്നുമ്പോള്‍ മറ്റു പലയിടങ്ങളിലും അവ പക്ഷപാതപരവും വിധേയത്വമുള്ളതുമായി സ്വയം വെളിപ്പെടുത്തും. ക്രമസമാധാന പരിപാലനം ഭരണക്കാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് മാത്രമാകും. അധികാരികളെക്കുറിച്ചുള്ള സ്തുതിപാഠങ്ങള്‍ മാത്രം അഭിപ്രായസ്വാതന്ത്ര്യമെന്ന് നിര്‍വചിക്കപ്പെടും. അല്ലാത്തതെല്ലാം ദേശവിരുദ്ധവും രാജ്യദ്രോഹവും അധികാരിപുംഗവന്മാരുടെ മാനനഷ്ടത്തിന് കാരണവുമാകും. ഇതെല്ലാം ഒരുപാട് കുറ്റങ്ങളില്‍ പങ്കുള്ളതായി ആരോപിക്കപ്പെടുകയും കൈകളിലെല്ലാം ചോരക്കറയുമുള്ള ഫാസിസ്റ്റ് ഭരണാധികാരികളെ കുറിച്ചുള്ള നിര്‍വചനങ്ങളായാണ് ചരിത്രം നമ്മെ പഠിപ്പിച്ചത്. അവര്‍ക്ക് പേരുകള്‍ പലതായിരുന്നു. എന്നാല്‍ സ്വഭാവവിശേഷങ്ങളും ഭരണരീതികളും സമാനമായിരുന്നു. അതുതന്നെ ആവര്‍ത്തിക്കുകയാണ് ഇവിടെയും. അതിന്റെ ഭാഗമാണ് മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായുണ്ടായ ശിക്ഷാവിധിയും മണിക്കൂറുകള്‍ പോലും കാത്തുനില്‍ക്കാതെ രാഹുലിനെ അയോഗ്യനാക്കിയ നടപടിയും. പ്രതിഷേധങ്ങളെ നിരോധനാജ്ഞ പ്രഖ്യാപിച്ച് തടയുന്നതും അതിന്റെ ഭാഗമാണ്.


ഇതുകൂടി വായിക്കൂ: മാപ്പ് പറയാന്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറല്ല


അതിപ്രഗത്ഭരായ നിയമജ്ഞരെ പോലും അത്ഭുതപ്പെടുത്തിയ വിധിയാണ് സൂറത്ത് കോടതിയില്‍ നിന്നുണ്ടായത് എന്നിരിക്കെയാണ് തിടുക്കപ്പെട്ട് രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കി വിജ്ഞാപനമുണ്ടായിരിക്കുന്നത്. അസാധാരണമായ രീതിയിലാണ് ഈ കേസിന്റെ നാള്‍വഴികളും പാര്‍ലമെന്ററി സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനവുമുണ്ടായതെന്ന് മനസിലാക്കിയാല്‍ ഇത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബോധ്യപ്പെടും. മാത്രവുമല്ല നിലവിലുള്ള നിയമ വ്യവസ്ഥയുടെ പ്രാഥമിക തത്വങ്ങള്‍ പോലും ലംഘിച്ചാണ് ഈ കേസ് കോടതി ഫയലില്‍ സ്വീകരിച്ചത്. മാനനഷ്ടത്തിനിടയാക്കിയ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഉണ്ടായത് കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലായിരുന്നു. കുറ്റാരോപിതന്‍ വയനാട്ടില്‍ നിന്നുള്ള എംപിയാണെങ്കിലും ഡല്‍ഹിയില്‍ താമസക്കാരന്‍. പക്ഷേ കേസുണ്ടാകുന്നത് ഗുജറാത്തിലെ സൂറത്തിലും. ഹര്‍ജിക്കാരനാകട്ടെ ബിജെപി നേതാവും മുന്‍മന്ത്രിയും. ഇത്തരം സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയതിനുശേഷമേ കേസുമായി മുന്നോട്ടുപോകാവൂ എന്ന വിധിപ്രസ്താവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. രാഹുല്‍ വിമര്‍ശിച്ചത് മൂന്ന് മോഡിമാരെയാണ്. നീരവ് മോഡി, ലളിത് മോഡി എന്നീ പേരുകള്‍ക്കൊപ്പം നരേന്ദ്ര മോഡിയെ കൂടി പരാമര്‍ശിച്ച് എന്തുകൊണ്ടാണ് കള്ളന്മാര്‍ക്കെല്ലാം മോഡിയെന്ന പേരെന്ന ചോദ്യം മാനനഷ്ടത്തിനിടയാക്കിയെന്നാണ് ഹര്‍ജിയില്‍ സൂചിപ്പിച്ചത്. എന്നാല്‍ ആ മൂന്നുപേരുമല്ല ഹര്‍ജി നല്കിയത്. മറിച്ച് മോഡി എന്നത് ഒരു സമൂഹമാണെന്നും അവരെ അപമാനിച്ചുവെന്നുമാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നത്. അങ്ങനെ അസാധാരണമായ ഹര്‍ജിയാണ് സൂറത്ത് കോടതി സ്വീകരിച്ചത്.


ഇതുകൂടി വായിക്കൂ: പാവാട പരതുന്ന മോഡി പൊലീസ്!


2019 ഏപ്രില്‍ 16ന് സൂറത്ത് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ 2021 ജൂണ്‍ 24ന് ഹാജരായി രാഹുല്‍ ഗാന്ധി വിശദീകരണം നല്കിയിട്ടുണ്ട്. ആ സമയം എ എന്‍ ദാവെയായിരുന്നു ജഡ്ജി. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാഹുലിനെ വീണ്ടും വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ പൂര്‍ണേഷ് മോഡി കോടതിയെ സമീപിച്ചു. അപ്പോഴത്തെ ജഡ്ജി ജസ്റ്റിസ് വിപുല്‍ എം പഞ്ചോലി ആവശ്യം നിരാകരിച്ചു. അതോടെ ഹൈക്കോടതിയെ സമീപിച്ച് ഹര്‍ജിക്കാരന്‍ തന്നെ കേസിന്റെ തുടര്‍നടപടിക്ക് സ്റ്റേ വാങ്ങുകയെന്ന അപൂര്‍വ നടപടി സ്വീകരിക്കുന്നു. ഒരുവര്‍ഷത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ ഹര്‍ജിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, അത് നേടുന്നു. അപ്പോഴേയ്ക്കും ഇപ്പോള്‍ വിധി പ്രസ്താവം നടത്തിയ എച്ച് എച്ച് വര്‍മ്മ സൂറത്ത് കോടതിയില്‍ ജഡ്ജിയായി ചുമതലയേറ്റിരുന്നു. അഡാനിക്കെതിരായ ആഗോള റിപ്പോര്‍ട്ടുകള്‍, അഡാനി-മോഡി അവിശുദ്ധബന്ധം കൂടുതല്‍ തുറന്നുകാട്ടപ്പെട്ടത്, ജനകീയ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായത്, ഇവയെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമാവുകയും കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫെബ്രുവരിയില്‍ കേസിന് ജീവന്‍ വയ്പിക്കുന്നതും വ്യാഴാഴ്ച അപൂര്‍വവും അസാധാരണവുമായ വിധിയുണ്ടാകുന്നതും. തൊട്ടുപിറകേ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയുള്ള വിജ്ഞാപനവുമുണ്ടായി.


ഇതുകൂടി വായിക്കൂ: കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് മോഡി


പ്രധാനമന്ത്രിയെന്നല്ല അതിനെക്കാള്‍ ഉയര്‍ന്ന വ്യക്തിയാണെങ്കിലും തെറ്റു ചെയ്താല്‍ വിമര്‍ശിക്കുക എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വവും മനോഹാരിതയും. അത് തകര്‍ക്കപ്പെട്ടുവെന്ന് മാത്രമല്ല ഏകാധിപത്യപ്രവണത ശക്തിപ്പെടുകയും ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഫാസിസ്റ്റ് ഭരണത്തിന്റെ നടപടികളും കുതന്ത്രങ്ങളും തന്നെയാണ് തുറന്നുകാട്ടുന്നത്. അതുപക്ഷേ ബിജെപിയും സഖ്യവും എത്രമേല്‍ ഭയപ്പാടിലാണെന്ന് കൂടി വെളിപ്പെടുത്തുന്നുണ്ട്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേടാനായത് തിളക്കമാര്‍ന്ന വിജയങ്ങളായിരുന്നില്ല. ജയിച്ചവര്‍ നേടിയതിനെക്കാള്‍ വോട്ടുകള്‍ തോറ്റവരെല്ലാവരും ചേര്‍ന്ന് സമാഹരിച്ചിരുന്നു. ആ സാഹചര്യത്തില്‍ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ ശ്രമങ്ങള്‍ പലതലങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത് അവരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഇത് രാഹുലില്‍ അവസാനിക്കണം. അതിന് വലിയ ജാഗ്രതയും ചെറുത്തുനില്പും ഐക്യപ്പെടലും ഉണ്ടാകുന്നില്ലെങ്കില്‍ ഇന്ത്യയെ തന്നെ നഷ്ടപ്പെട്ടെന്നിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.